Wednesday 18 January 2017

'നാഗദൈവങ്ങൾ'

അമ്മയുടെ നിർബന്ധമാണ്‌ ഇത്തവണയെങ്കിലും സർപ്പം പാട്ടിന് എത്തണമെന്ന്.. ഓരോ തവണയും നാട്ടിലേയ്ക്ക് പോരാൻ തയ്യാറെടുക്കുമ്പോൾ എന്തെങ്കിലുമൊക്കെ തടസ്സങ്ങൾ ഉണ്ടാകാറുണ്ട്..ഒരിക്കലും സർപ്പം പാട്ടിന് എനിക്ക് പങ്ങെടുക്കാൻ പറ്റാത്തത് എൻറെ സമയ ദോഷത്തിന്റെ ആണ് എന്നാണ് അമ്മ പറയുന്നത് ... പാവം, അമ്മയ്ക്ക് അറിയില്ലല്ലോ വിദേശ കമ്പനികളുടെ നൂലാമാലകൾ ...
ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും നാട്ടിലേയ്ക്ക് പോകാൻ സമയമാകുമ്പോൾ ഒരുതരം ഉണർവാണ് മനസ്സിനും ശരീരത്തിനും ... , ഒരുപാട് നല്ല ഓർമ്മകൾ മുന്നിലൂടെ മിന്നി മറയുന്നു..
തറവാട്ടിലെ പഴമയുടെ മണവും , കാവും, കുളവും, കൂട്ടുകാരുമായി കളിപറഞ്ഞു നടന്ന നാട്ടു വഴികളും തൊടിയിലെ അമ്മച്ചി പ്ലാവും, നാട്ടു മാവും എല്ലാമെല്ലാം ഇന്നലെയുടെ വസന്തമായി മനസ്സിൽ പൂത്തുനില്ക്കുന്നു...
ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു നാട്ടിൽ പോകാൻ .. തറവാട്ടിൽ വളരെ നാളുകൾക്ക് ശേഷം നടത്തുന്ന സർപ്പം പാട്ടാണ് ബന്ധുക്കളെല്ലാവരും പങ്കെടുക്കണം എന്നാണു പ്രശ്നവിധിയിൽ തെളിഞ്ഞത് ...അതുകൊണ്ട് എല്ലാവരും തന്നെ എത്തിയിട്ടുണ്ടാവും ...
പണ്ട് എന്ത് രസമായിരുന്നു... സർപ്പം പാട്ട് നടക്കുമ്പോൾ തറവാട്ടിൽ അന്നൊക്കെ ഒരു ഉത്സവം പോലെയായിരുന്നു ...എല്ലാ ബന്ധുക്കളും തറവാട്ടിൽ ഒത്തുകൂടും ..
ചെറിയമ്മാവന്റെ മോൻ 'ബാലു' അവനായിരുന്നു ഞങ്ങൾ കുട്ടികളിൽ ഏറ്റവും വികൃതി . അവൻ വരുന്നുണ്ടെന്നറിഞ്ഞാൽ എനിക്ക് ദേഷ്യമായിരുന്നു .. എന്റെ കളർ പെന്‍സിലുകളും , കളിപാട്ടങ്ങളും എല്ലാം അവന് വേണമായിരുന്നു , അതൊന്നും അവന് കൊടുക്കാൻ എനിക്ക് ഇഷ്ട്ടമില്ലായിരുന്നു . എപ്പോഴും അവനുവേണ്ടി വക്കാലത്ത് പിടിക്കാൻ വരുന്നതോ എന്റെ അമ്മയും ...അമ്മയ്ക്ക് മാത്രമല്ല തറവാട്ടിൽ ഞാനൊഴിച്ച്‌ ബാക്കിയെല്ലാവർക്കും അവനെ ഇഷ്ട്ടമായിരുന്നു ..അതിൽ എനിക്ക് ചെറിയ കുശുമ്പും ഉണ്ടായിരുന്നു .. "തറവാട്ടിലെ സർപ്പത്തിന്റെ അനുഗ്രഹം കൊണ്ട് കിട്ടിയ ആൺകുട്ടിയാണ് അതുകൊണ്ട് അവനെ വെറുപ്പിക്കരുത് " അമ്മയുടെ സ്ഥിരം പല്ലവിയാണ് , എനിക്കാണെങ്കിൽ ഇത് കേൾക്കുന്നത് തന്നെ ദേഷ്യമാണ്...
തറവാട്ടിലെ മച്ചിൻ മുകളിൽ ഇപ്പോഴും കാണും അവന് കൊടുക്കാതെ താൻ സുക്ഷിച്ചു വച്ച കളികോപ്പുകൾ , മീനാക്ഷി ഓർത്തു..
തറവാട് ഭാഗം വെച്ചപ്പോൾ ഈ സർപ്പക്കാവും അതിനോട് ചേർന്ന കുറച്ചു സ്ഥലവും തറവാടും ആണ് അമ്മയ്ക്ക് കിട്ടിയത്..പ്രൌഡിയിൽ
തിളങ്ങി നിന്നിരുന്ന തറവാട് ഭാഗം വെച്ച് എല്ലാവരും അവരവരുടെ ജീവിതവുമായി പൊരുത്തപ്പെട്ടപ്പോൾ തറവാടിന്റെ കാര്യം പാടെ മറന്നു പോയി ..എന്നാലും ഇടയ്ക്ക് ചെറിയമ്മാവന്‍ വന്നു ക്ഷേമം അന്വക്ഷിക്കുമായിരുന്നു, അമ്മാവൻറെ കൂടെ ബാലുവും വരുമായിരുന്നു തറവാട്ടിൽ, തറവാട്ടിലെ ആൺകുട്ടി വലുതായപ്പോൾ എനിക്കും അവനോട് സ്നേഹവും ബഹുമാനവും തോന്നി തുടങ്ങി..
അങ്ങനെ കാലങ്ങള്‍ കടന്നുപോയി ..ഇപ്പോൾ സർപ്പക്കാവിൽ അന്തിക്ക് തിരി വെച്ച് പ്രാർത്ഥിക്കുന്നത്‌ മാത്രമായി ..കാരണം കളമെഴുത്തും പാട്ടും നടത്തണമെങ്കിൽ വലിയ ചിലവാണ്‌ .. പാവം അച്ഛൻ സാദാ ഒരു സ്കൂൾ മാഷ് അച്ഛനെ കൊണ്ട് താങ്ങാൻ ആവില്ലായിരുന്നു അതിനുള്ള ചിലവുകൾ ..എല്ലാവർക്കും അവരുടെ തിരക്കുകൾ ആയതിനാൽ ആരും ഇങ്ങനെ ഒരു കാര്യത്തിന് മുന്നിട്ട് ഇറങ്ങാൻ തയ്യാറല്ല ..എന്നാലും എന്തേലും വിശേഷങ്ങൾ ഉണ്ടാകുമ്പോൾ കാവിൽ വന്നു വിളക്ക് വയ്ക്കൽ മാത്രം..
ബാലുവിന്റെ പഠിത്തമെല്ലാം കഴിഞ്ഞ് ഒരു ജോലിക്ക് വേണ്ടി അന്വക്ഷിക്കുന്ന സമയം.. അവന് നാട്ടിൽ തന്നെ ജോലി നോക്കാൻ ആയിരുന്നു ഇഷ്ട്ടം പക്ഷെ അമ്മാവൻറെ നിർബന്ധമായിരുന്നു വിദേശത്ത്‌ ജോലി വേണം എന്നത് ..അങ്ങനെ അവനും ജോലി ശരിയായി പക്ഷെ അതോടെ അവൻറെ മുഖത്ത് എപ്പോഴും സങ്കടമായിരുന്നു ..
പോകുന്നതിനു രണ്ടു ദിവസം മുൻപ് അവൻ വീട്ടിൽ വന്നു അത്രയും നാൾ ഞാൻ കണ്ട ബാലു ആയിരുന്നില്ല അന്ന് കണ്ടപ്പോൾ ..അന്ന് അവൻ എന്നോട് ഒരുപാടു സംസാരിച്ചിരുന്നു..കുട്ടിക്കാലവും, കോളേജ് ജീവിതവും എല്ലാം ..സംസാരത്തിനിടയിൽ "മീനാക്ഷി നിന്നെ എനിക്ക് ഇഷ്ട്ടമാണ് " എന്ന് അവൻ പറഞ്ഞപോലെ എനിക്ക് തോന്നി...അത് ഒരുപക്ഷെ എന്റെ തോന്നൽ മാത്രമാവാം....
വിദേശത്ത്‌ ജോലിക്ക് പോയെങ്കിലും അവന് നാടിനോടും വീടിനോടുമുള്ള സ്നേഹം കുറഞ്ഞിരുന്നില്ല..ദിവസവും ഫോൺ ചെയ്യുമായിരുന്നു, എല്ലാവരെ കുറിച്ചും അന്വക്ഷിക്കുമായിരുന്നു , പിന്നെ പിന്നെ ആഴ്ചയിൽ ആയി, അത് പിന്നീട് മാസത്തിൽ ആയി ..പിന്നെ വിളി തന്നെ ഇല്ലാതായി ...ബാലുവിനെ കുറിച്ച് ഇടയ്ക്ക് വീട്ടിൽ അമ്മ പറയുമായിരുന്നു ..
ചെറിയ അമ്മാവൻ എപ്പോഴോ തറവാട്ടിൽ വന്നപ്പോൾ ബാലു വിദേശത്ത്‌ ഒരു മലയാളി കുടുംബത്തിലെ പെൺകുട്ടിയുമായി ഇഷ്ട്ടത്തിൽ ആണെന്നും , ആ കുട്ടിയെതന്നെ വിവാഹം ചെയ്തു എന്നും പറയുന്നത് കേട്ടു..ശരിക്കും അത് കേട്ടപ്പോൾ എല്ലാവരെക്കാളും ദുഃഖം എനിക്കായിരുന്നു.. ആരും അറിയാതെ അവനിൽ ഒരിഷ്ട്ടം ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്നു..അന്ന് സർപ്പക്കാവിൽ തിരിവെച്ചപ്പോൾ മനസ്സ് വല്ലാതെ കരഞ്ഞു....
അങ്ങനെ ദിവസങ്ങളും, ആഴ്ചകളും , മാസങ്ങളും കടന്നു പോയി..എല്ലാവരും ഓരോ തിരക്കുകൾ, എന്റെ ജീവിതത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി, പഠിത്തമൊക്കെ കഴിഞ്ഞു ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്ന സമയം...തറവാട്ടിൽ ആകെ ഒരു സ്വസ്ഥത കുറവ് ..
ചെറിയമ്മാവന് തീരെ സുഖമില്ലാതായി, അമ്മായിയുടെ നിർബന്ധം കൊണ്ട് ബാലു കുറച്ചു ദിവസത്തേയ്ക്ക് നാട്ടിൽ വന്നിരുന്നു..പക്ഷെ ആരെയും കാണാനോ , ആർക്കും അവനെ കാണാനോ കഴിഞ്ഞില്ല.. അവൻ ഒരുസമയത്തും വീട്ടിൽ ഉണ്ടായിരുന്നില്ല.. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൻ തിരികെ പോകുകയും ചെയ്തു...അതിൽ എന്റെ അമ്മയ്ക്ക് പ്രതിക്ഷേധം ഉണ്ടായിരുന്നു, നാട്ടിൽ വന്നിട്ട് സർപ്പക്കാവിൽ വന്ന് തിരിതെളിയിക്കാൻ പോലും അവന് സമയം ഇല്ലാതായോ ? ഇങ്ങനെ മാറുമോ മനുഷ്യര് എന്നൊക്കെയാണ് അമ്മയുടെ പറച്ചിൽ ...അതിനൊന്നും മറുപടി ആരും പറഞ്ഞില്ല..പക്ഷെ ഞാനും ആഗ്രഹിച്ചിരുന്നു അവനെ ഒന്ന് കാണാൻ ..
എനിക്കും ചെറിയ ജോലി ശരിയായി ഞാനും പറന്നു മറുനാട്ടിലേയ്ക്ക്..
പിന്നെ ഇപ്പോഴാണ് ഒരു തിരികെ ഒരു യാത്ര എന്റെ നാട്ടിലേയ്ക്ക്...
കേരളത്തിന്റെ കാറ്റ് ഏറ്റപ്പോൾ തന്നെ ശരീരത്തിന് ഒരു കുളിർമ്മ വന്നു.. തറവാടിന്റെ പടിക്കൽ എത്തിയപ്പോഴേ കേൾക്കാം മധുരമായ ഭക്തി ഗാനങ്ങൾ..പഴയ ഓർമ്മകൾ വീണ്ടും ഞാൻ അതിലേയ്ക്ക് ഊളിയിട്ടു..പടിക്കൽ മുതൽ കാവ് വരെ ലൈറ്റ് ഇട്ടിട്ടുണ്ട് , മനോഹരമായ പന്തൽ കാവിന്റെ മുന്നിലായി ഉയർന്നിരിക്കുന്നു..എല്ലാം ആ പഴയ രീതിയിൽ തന്നെ...
കുടുംബത്തിലെ എല്ലാവരും തന്നെ എന്റെ വരവ് പ്രതീക്ഷിച്ചപോലെ വീടിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു ..തറവാടിന്റെ സന്തോഷം കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു ..ചേച്ചിമാരും, അവരുടെ മക്കളും ആകെ ഒരു ഉത്സവമേളം..എങ്കിലും ഞാൻ പ്രതീക്ഷിച്ച ആളെ അവിടെ കണ്ടില്ല..ഞാൻ ആരോടും ചോദിച്ചതുമില്ല..എങ്കിലും ഒരു ആകാംക്ഷ 'ബാലു അവൻ എവിടെ ? വന്നിട്ടില്ലായിരിക്കുമോ ? ' മീനാക്ഷി ഓർത്തു...
ബാഗുമായി അവൾ അകത്തേയ്ക്ക് കടന്നപ്പോൾ അറയുടെ തൊട്ടടുത്ത മുറിയിൽ ആരോ കിടക്കുന്നു ആരാണെന്നറിയാൻ മീനാക്ഷി അങ്ങോട്ടേയ്ക്ക് ചെന്നു. 'ബാലു' അവനെ അവൾ ഞെട്ടി ..അവന്റെ രൂപം പോലും മാറിയിരിക്കുന്നു ..ക്ഷീണിതനായിരുന്നു അവൻ ദേഹത്തൊക്കെ വെളുത്ത പാടുകൾ ..മീനാക്ഷിയെ കണ്ടപ്പോൾ അവൻ എഴുന്നേറ്റു ..മീനാക്ഷി അവന്റെ ഒപ്പം കട്ടിലിൽ ഇരുന്നു..." നീ എപ്പോൾ വന്നു?" അവൻ ചോദിച്ചു .."ഇപ്പോൾ വന്നതേ ഉള്ളു , എല്ലാവരെയും കണ്ടു നിന്നെ കാണാത്തപ്പോൾ നീ വന്നില്ല എന്ന് ഞാൻ കരുതി " മീനാക്ഷി പറഞ്ഞു ..
മീനാക്ഷി: നീ എന്താ പുറത്തേയ്ക്ക് ഇറങ്ങാതെ ഇവിടെ തന്നെ ഇരിക്കുന്നത് ?
ബാലു: കഴിയുന്നില്ല മീനാക്ഷി എല്ലാവരും എന്നെ വെറുക്കുന്നതുപോലെ തോന്നുന്നു .. നീ കണ്ടില്ലേ ഈ പാടുകൾ ?എത്ര ദൂരേയ്ക്ക് പോയാലും സർപ്പശാപം ഇല്ലാതാവില്ലല്ലോ ?
സർപ്പ ദേവതകളുടെ അനുഗ്രഹം കൊണ്ട് കിട്ടിയ തറവാട്ടിലെ ആൺ തരിയെ അവർ തന്നെ ശപിക്കുമോ ? മീനാക്ഷി ഓർത്തു
അമ്മാവൻ നോക്കിച്ചപ്പോൾ സർപ്പശാപം ആണെന്നാണ് പ്രശ്നവിധിയിൽ തെളിഞ്ഞത്..
മീനാക്ഷി: ബാലുവിന്റെ കുടുംബം വന്നില്ലേ?
ബാലു: കുടുംബമോ?
മീനാക്ഷി: അമ്മാവൻ പറഞ്ഞു നീ അവിടെ ഏതോ മലയാളി കുട്ടിയെ വിവാഹം ചെയ്തു എന്ന് ..
ബാലു : ഇഷ്ട്ടമായിരുന്നു പക്ഷെ എന്റെ ദേഹത്തെ പാടുകൾ അവളെ എന്നിൽ നിന്നും അകലാൻ കാരണമാക്കി ..അതോടെ ആ വിവാഹം വെറും സ്വപ്നമായി ..
ബാലുവും , മീനാക്ഷിയും ഓരോന്ന് പറഞ്ഞിരുന്നു ..
സന്ധ്യ ആയപ്പോഴേയ്ക്കും മറ്റു ബന്ധുക്കളും എത്തി ...
പുള്ളോൻ കളം പൂർത്തിയാക്കി.. പൂജ തുടങ്ങി , എല്ലാവരും കാവിൽ പ്രാർത്ഥിച്ചു ..ബാലുവിന്റെ അസുഖം മാറാൻ ആണ് മീനാക്ഷി പ്രാർത്ഥിച്ചത്‌.. കളത്തിൽ പിണഞ്ഞു കിടക്കുന്ന നഗരാജവും , നാഗ യെക്ഷിയും , പുള്ളോൻ പാട്ട് തുടങ്ങി ..പൂക്കുലയുമായി കളത്തിൽ നില്ക്കുന്ന മീനാക്ഷിയ്ക്ക് ഒരു പ്രത്യേക സൌന്ദര്യം ഉള്ളതുപോലെ ബാലുവിന് തോന്നി ..പാട്ട് മുറുകിയപ്പോൾ അവളിൽ ചില ഭാവമാറ്റങ്ങൾ , ആർപ്പും കുരവയും മുറുകി അവൾ ഉറഞ്ഞു തുള്ളി ...കളത്തിൽ ഇഴഞ്ഞ് ഉരുളുന്ന മീനാക്ഷിയെ ബാലു കൌതുകത്തോടെ നോക്കി നിന്നു..
ബാലുവിനെ പിടിച്ചു വലിച്ച് കളത്തിൽ ഇരുത്തി ..മഞ്ഞള് വാരി അവന്റെ ദേഹമെല്ലാം തേച്ചു..അവൻറെ അസുഖം മാറ്റാമെന്നും ഇനി അവരെ മറക്കാതിരുന്നാൽ മതിയെന്നും സർപ്പ ദേവതകൾ പറഞ്ഞു ..എല്ലാത്തിനും ബാലു സമ്മതം മൂളി...
എല്ലാം കഴിഞ്ഞു കാറും കോളും അടങ്ങി ..ബന്ധുക്കൾ ഓരോരുത്തരായി പിരിയാൻ തുടങ്ങി ...
തറവാട്ടിൽ മറ്റൊരു ചർച്ച തലപൊക്കി ബാലുവിൻറെയും മീനാക്ഷിയുടെയും വിവാഹം .. അവൻറെ അസുഖം അതിൽ ചിലർക്ക് എതിരഭിപ്രായം ഉണ്ടായിരുന്നു..പക്ഷെ എനിക്ക് അതിൽ യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല..അവനെ ഞാൻ അത്രയ്ക്കും ഇഷ്ട്ടപ്പെട്ടിരുന്നു..ബാലുവിൻറെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞ ആ നാളിൽ എന്റെ മനസ്സിന്റെ വേദന ഈ സർപ്പ ദേവതകൾ അറിഞ്ഞു കാണണം അതാവാം ഇങ്ങനെ ഒരു കൂടികാഴ്ച ഒരുക്കിയത്..
തിരികെ യാത്രയാകുമ്പോൾ ഞാനും, ബാലുവും വളരെ സന്തോഷത്തിൽ ആയിരുന്നു...

അവരുടെ പ്രണയത്തിന് കാവലായ് നാഗദൈവങ്ങളും ....

7 comments:

  1. അവരുടെ പ്രണയം പൂവണിയട്ടെ!

    ReplyDelete
    Replies
    1. അതേ .. പ്രണയം പൂവണിയട്ടെ .. സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും .

      Delete
  2. പുള്ളുവൻ പാട്ടും സ്, നാഗക്കളവുമൊക്കെ
    വീണ്ടും സ്മരണയിൽ വന്നു ..സർപ്പദേവതകളുടെ
    കനിവിൽ പൂവ്വണിഞ്ഞൊരു പ്രണയ സാഷ്ത്ക്കാരം

    ReplyDelete
    Replies
    1. സന്തോഷം ഇവിടെ വന്നതിനും .. അഭിപ്രായം പറഞ്ഞതിനും .. ഞങ്ങളുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്ന ആചാരം ആണ് ഇതെല്ലാം ..

      Delete
  3. പല കമന്റ്‌ ബോക്സുകളിലും ഈ പേരു കണ്ടിട്ടുണ്ടെങ്കിലും ഇന്നാണു ബ്ലോഗിൽ വന്ന് നോക്കിയത്‌.വന്നത്‌ വെറുതേയായില്ല.നല്ലൊരു വായന.
    ഇതുപോലെ ഒരു ബന്ധുപെൺകുട്ടിയോട്‌ പറയാൻ കഴിയാതെ ഉള്ളിലൊളിപ്പിച്ചിരുന്ന ഒരു പ്രണയം ഉണ്ടായിരുന്നതുകൊണ്ട്‌ വായനയുടെ മൂഡ്‌ നഷ്ടമായി.ഇഷ്ടം മാത്രം പരസ്പരം പറയാതെ ഞങ്ങൾ രണ്ടും രണ്ട്‌ വഴിക്കായി.

    അദ്ദേഹത്തിന്റെ അസുഖം മാറിയോ???

    ReplyDelete
    Replies
    1. ആഹാ .. ഈ വിലയിരുത്തൽ എനിക്കിഷ്ട്ടായിട്ടോ .. ഞാൻ എഴുതിയ ഈ കഥ എൻറെ അനുഭവം അല്ല .. ഞങ്ങളുടെ വീടുകളിൽ പുള്ളുവൻ പാട്ടും സർപ്പക്കാവും വിശ്വാസങ്ങളും എല്ലാം മുറുകെ പിടിക്കുന്ന കൂട്ടരാണ് .. ആ ഒരു ത്രെഡ് വച്ച് വെറുതെ ഭാവനയിൽ എഴുതിയതാണ് .. എന്നാലും താങ്കൾ ഇത് വായിച്ചുവല്ലോ സന്തോഷം സുധീ ...

      Delete