Thursday, 12 January 2017

നിഴലുകൾ കഥ പറയുമ്പോൾ....

പുറത്ത് മഴയുടെ ചെറു വിരലനക്കങ്ങൾ ......മനസ്സ് ആകെ പുകയുന്നു. സ്വസ്ഥതയില്ലാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു . .നീറുന്ന ഓർമ്മകളുടെ ചോദ്യോത്തര വേളകൾ .. എല്ലാം തെറ്റായ ഉത്തരങ്ങൽ ആകുമ്പോൾ..ആ ഓർമ്മകൾക്ക് തീചൂളയുടെ ഗന്ധമായി അവൾക്ക് തോന്നി..
എത്ര നാൾ ഈ ദേഹത്തിൻറെ പ്രസരിപ്പും , മിനുസവും തങ്ങി നില്ക്കും , ഓരോ ദിവസവും ഓരോ മുഖങ്ങൾ, ഓരോ മുഖങ്ങൾക്കും ഓരോ ഭാവങ്ങൾ, ശരീരത്തിൻറെ വേദനകൾ ആരെയും അറിയിക്കാൻ പാടില്ല , ആരും അറിയാനും പാടില്ല , അവളുടെ വേദനകൾ അവൾക്ക് മാത്രം സ്വന്തം. മഴയുടെ ശക്തി കൂടി വന്നെങ്കിലും പുകയുന്ന ചിന്തകൾ അവളെ അസ്വസ്ഥമാക്കികൊണ്ടിരുന്നു ...
പടിക്കൽ ഏതോ ഒരു വണ്ടി വന്നു നിന്നു.. അതിൽ നിന്നും അവളുടെ കാവലാൾ   ഇറങ്ങി...
"ചേച്ചി ...." അയാൾ നീട്ടി വിളിച്ചു... അവൾ കേട്ടതായിപോലും ഭാവിച്ചില്ല..
വീണ്ടും അയാൾ വിളിതുടങ്ങി..അവൾ വിളികേൾക്കാഞ്ഞിട്ടാവണം..അവൾ കിടക്കുന്ന മുറിയിലേയ്ക്ക് അവൻ ചെന്നു..
"ചേച്ചി ഇതുവരെ റെഡി ആയില്ലേ...കാറിൽ ഇരിക്കുന്ന ആൾ പെട്ടന്ന് ദേഷ്യം വരുന്ന കക്ഷിയാണ് ഒന്ന് വേഗം വരൂ ഇല്ലെങ്കിൽ പറഞ്ഞ് ഉറപ്പിച്ചിരിക്കുന്ന തുകയിൽ വ്യത്യാസം വരും, അത് അണ്ണന് ഇഷ്ട്ടമാവില്ല എന്നറിയാമല്ലോ..?" അവൻ പറഞ്ഞു..
"ആരാടാ ഇന്നത്തെ ആവശ്യക്കാരൻ?" അവൾ ചോദിച്ചു..
"അതറിയില്ല.. കുറച്ചു ദൂരെന്നാണ് ".. അവൻ പറഞ്ഞു..
"ശരി നില്ക്ക് ഞാൻ ഇപ്പോൾ വരാം.." അവൾ പറഞ്ഞു..
ആരായാലെന്താ പറഞ്ഞ് ഉറപ്പിച്ച തുകയാണ് മുഖ്യം .. ഇനിയുള്ള ജീവിതം ഇങ്ങനെ തന്നെ... അവൾ ഓർത്തു..
കാറിലിരിക്കുന്ന ആളെ മുൻപ് എവിടെയോ കണ്ടു മറന്നപോലെ അവൾക്ക് തോന്നി, അയാളിലും അവളെ കണ്ടപ്പോൾ അത്ഭുതം..
കാറിൽ യാത്ര ചെയ്യുമ്പോഴും അവളിലെ ചിന്ത അയാളെ കുറിച്ച് ആയിരുന്നു..ഇടയ്ക്കിടയ്ക്ക് അയാൾ അവളെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു...റൂമിൽ എത്തുന്നതുവരെ ആരും ഒന്നും മിണ്ടിയില്ല..
റൂമിൽ എത്തിയതും അവൾ കുളിച്ചു ഫ്രഷ്‌ ആയി വന്നു... അപ്പോഴും അയാൾ ജനലിൽ കൂടി പുറത്തേയ്ക്ക് നോക്കിയിരിക്കുന്നുണ്ടായിരുന്നു..
"ഇയ്യാൾ എന്താണ് ഇതിനും മാത്രം ചിന്തിച്ചു കൂട്ടുന്നത്‌ ..കാര്യം കഴിഞ്ഞിരുന്നു എങ്കിൽ പോകാമായിരുന്നു.." അവൾ വിചാരിച്ചു..
അവളുടെ അനക്കം കേട്ടിട്ടാവണം അയാൾ തിരിഞ്ഞു.. "നീ മായ അല്ലെ..?" അയാൾ ചോദിച്ചു ആ ചോദ്യം അവളെ ഞെട്ടിച്ചോ ? ഉവ്വ് ഞെട്ടിച്ചു കാണണം, കാരണം ഇവിടെ ആർക്കും അറിയില്ല അവളുടെ പേര് 'മായ' എന്നാണെന്ന്. ആ ഞെട്ടലോടെ അവൾ "അതെ" എന്ന് പറഞ്ഞു..
"എന്നെ നിനക്ക് മനസ്സിലായോ ..?" അയാൾ വീണ്ടും ചോദിച്ചു..
"ഇല്ല , പക്ഷെ എവിടെയോ കണ്ടതുപോലെ തോന്നുന്നു". അവൾ പറഞ്ഞു..
"അല്ലെങ്കിലും നിനക്ക് എന്നെ ഓർമ്മ വരില്ല കാരണം, നീ പണ്ടും എന്നെ അവഗണിച്ചവൾ ആണ്. അന്ന് നീ കുറെ ആദർശം എന്നോട് വിളമ്പി , ഇപ്പോൾ നിൻറെ ആദർശങ്ങൾ എവിടെ പോയി..?" അവൻ ചോദിച്ചു..
ഒന്നും മിണ്ടാതെ അവൾ തലകുനിച്ച് ഇരുന്നു..
"അന്ന് നിന്നെ സ്നേഹം കൊണ്ട് മൂടിയവൻ ഇന്ന് എന്തിയെ? ഇതുപോലെ ഒരുപാടു സ്നേഹം കിട്ടാൻ വേണ്ടിയാണോ നീ അവനെ പ്രണയിച്ചത്? എൻറെ ഇഷ്ട്ടം നിന്നോട് തുറന്നു പറഞ്ഞപ്പോൾ അന്ന് നീ പറഞ്ഞത് ഓർക്കുന്നോ..? വേണ്ട അതൊന്നും പറഞ്ഞ് നിന്നെ വിഷമിപ്പിക്കാൻ ഞാൻ തയ്യാറല്ല".
"എൻറെ ജീവിതം ഇങ്ങനെ ആയി... പലമുഖങ്ങൾ മാറി വന്നപോഴും , ആരും എന്നെ കുറിച്ച് ചോദിച്ചതെ ഇല്ല ,, തൻറെ ശരീരത്തിന് വിലപറഞ്ഞ്‌ ഉറപ്പിച്ചവർ പുറത്തു കാവൽ നിപ്പുണ്ട് .. ആവശ്യം കഴിയുമ്പോൾ തൻറെ മുഖത്തേയ്ക്കു വലിച്ചെറിയുന്ന നോട്ടു കെട്ടുകളിൽ മാത്രമായിരുന്നു കാവലാളിന്റെ നോട്ടം ..ഇന്ന് അതിൽ നിന്നും വിഭിന്നമായി എൻറെ പേരുപോലും ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരാളെ കണ്ടപ്പോൾ തിരികെ ജീവിതത്തിലേയ്ക്ക് പോകണം എന്നൊരു തോന്നൽ.." അവൾ പറഞ്ഞു.
"നിൻറെ ശരീരത്തെ ഇനിയും നീ സ്നേഹിക്കുന്നു എങ്കിൽ , നിൻറെ മനസ്സിൽ ഇനിയെങ്കിലും എനിക്ക് സ്ഥാനം ഉണ്ടെങ്കിൽ, ഈ ചെളിപുരണ്ട ജീവിതത്തിൽ നിന്നും നിന്നെ ഞാൻ രക്ഷിക്കാം...വരുന്നോ നീ എൻറെ ജീവിതത്തിലേയ്ക്ക്..?" അവൻ ചോദിച്ചു...
ആ ചോദ്യം അവളിലെ സ്ത്രീയെ ഉണർത്തി, അടക്കി വച്ചിരുന്ന ദുഃഖം, അണപൊട്ടി ഒഴുകി...കുറെ നേരം കരഞ്ഞപ്പോൾ അവൾക്ക് ഒരാശ്വാസം, മനസ്സിന്റെ ഭാരം കുറഞ്ഞതുപോലെ തോന്നി..
ഒരു പ്രണയത്തിൻറെ പടുകുഴിയിൽ അകപ്പെട്ടതോടെ ജീവിതം മടുത്ത തനിക്കായി, ഒരു കൈത്താങ്ങ്‌ തരാൻ അയാൾ എന്തിന് തയ്യാറാവുന്നു.. എന്നിൽ മാത്രം എന്താണ് അയാൾ കണ്ട പ്രത്യേകത.. തനിക്ക് ഇനിയൊരു കുടുംബ ജീവിതം സമൂഹം അനുവദിക്കില്ല എന്നറിയാം എങ്കിൽ കൂടിയും വെറുതെ തൻറെ മനസ്സും ആരിൽ നിന്നെങ്കിലും ഇങ്ങനെ ഒരു ചോദ്യം കേൾക്കാൻ ആഗ്രഹിച്ചിരുന്നു..അവൾ ഓർത്തു..
അമ്മയില്ലാതെ ഒരു പെൺകുട്ടിയെ നെഞ്ചിടിപ്പിന്റെ വേഗതയിൽ പോലും ശ്രദ്ധിച്ചു വളർത്തികൊണ്ട് വന്ന പാവം അച്ഛനെ ഉപേക്ഷിച്ച് അയാളോടൊപ്പം ഇറങ്ങി പോകുമ്പോൾ അവൾ കരുതിയില്ലായിരിക്കണം ഈ ചുവന്ന തെരുവിൻറെ സുന്ദരി ആകാൻ ആണ് അയാൾ ക്ഷണിച്ചതെന്ന് ...
ആദ്യമായി അവളുടെ ശരീരത്തിൻറെ സുഖമറിഞ്ഞ കാമുകൻ, അയാളുടെ കപട പ്രണയത്തിൻറെ ഭാഗമായി പിന്നീട് അങ്ങോട്ടുള്ള എല്ലാദിവസങ്ങളിലും മാറി മാറി സമീപിച്ച കരാളഹസ്തങ്ങളിൽ പിഴുതെറിയപ്പെട്ട തൻറെ ശരീരത്തെ ആ മനുഷ്യനോടുള്ള പ്രണയത്തിൻറെ ശപിക്കപ്പെട്ട ആ മുഹൂർത്തങ്ങളിൽ അവൾ ഹോമിച്ചു...
പ്രായ ഭേദമന്യേ സമീപിക്കുന്ന ചിത്രങ്ങളിൽ ചിലതിലെല്ലാം അച്ഛന്റെ, അല്ലെങ്കിൽ തൻറെ മകനാകാൻ പ്രായമുള്ളവർ , തകർന്നു പോകുന്നത് അവിടെയാണ്..
സ്നേഹിച്ചു വളർത്തിയ അച്ഛന് അവൾ കൊടുക്കുന്നത് അപമാനത്തിൻറെ ഒരുപിടി ഓർമ്മകൾ മാത്രമാണ്...
എല്ലാം മറന്ന് അവൾ മറ്റൊരു ജീവിതത്തിലേയ്ക്ക് കാലെടുത്ത് വയ്ക്കാൻ തയ്യാറായപ്പോൾ, കപട സ്നേഹത്തിൻറെ കഴുകൻ കണ്ണുകൾ തൻറെ ശരീരത്തെ കാർന്നു തിന്നുന്നതുപോലെ അവൾക്ക് തോന്നി..ഒരിക്കൽ താൻ തട്ടി തെറിപ്പിച്ച ഈ പവിത്ര സ്നേഹത്തിൽ എന്തിനാണ് ഈ നരക തുല്യമായ തൻറെ ജീവിതം തലയിൽ വച്ച് കൊടുക്കുന്നത്? അദ്ദേഹം എൻറെ സ്നേഹം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ എങ്കിലും താൻ ചെയ്യുന്നത് അദ്ദേഹത്തിൻറെ പേരിനും കൂടി കളങ്കം വരുത്തുന്നതല്ലെ ഈ തീരുമാനം?.... ഇങ്ങനെ ഓരോന്ന് ചിന്തിച്ച് അവളിരിക്കുമ്പോൾ ...പടിക്കൽ ഒരു വണ്ടി വന്നു നിന്നു.. അതിൽ നിന്നും ഇറങ്ങി വരുന്നു അവളുടെ കാമുകൻ .. ചുവന്ന കണ്ണുകളുമായി ..അയാൾ അവളുടെ നേരെ ചീറി..വീണ്ടും ചെളിപുരണ്ട ജീവിതം അവൾ എടുത്തണിഞ്ഞു..
ഒരു ജീവിതം വേണമെന്ന് ആഗ്രഹിക്കാൻ ഇനി അവൾക്ക് കഴിയില്ല... ജീർണതയിലെയ്ക്ക് വഴിമാറി കൊണ്ടിരിക്കുന്ന ആ ശരീരവുമായി ഇനി സ്വസ്ഥമായി ഉറങ്ങാൻ അവൾക്ക് കഴിയില്ല.. സമൂഹം അവളെ വേശ്യ എന്ന് മുദ്രകുത്തപ്പെടുമ്പോൾ, അവളുടെ നിഴലും അറിയാതെ കരഞ്ഞുപോകുന്നത് ആരും അറിയുന്നില്ല.....

2 comments: