Sunday 11 December 2016

ഊഴം.....

''കാലം തെറ്റിപ്പെയ്യുന്ന ഈ മഴ സർവ്വനാശം വിതയ്ക്കുമല്ലോ .. എന്തൊരു മഴയാണ് .. ശ്യാമേ ദേ നോക്കിക്കേ മീനച്ചിലാറ് കരകവിഞ്ഞൊഴുകാറായി ..'' രതീഷ് പറഞ്ഞു .

സീറ്റിലേക്ക് ചാരിയിരുന്ന് ഉറങ്ങുകയല്ലെങ്കിലും ചെറിയ മയക്കത്തിലായിരുന്നു ശ്യാമ .. രതീഷിൻറെ സംസാരം കേട്ട് അവൾ മയക്കത്തിൽനിന്നും എഴുന്നേറ്റു ..

ശരിയാണ് രതീഷ് പറഞ്ഞത് ആരെയോ വിഴുങ്ങാൻ പോകുന്നതുപോലെ അലറിപ്പാഞ്ഞൊഴുകുകയാണ് മീനച്ചിലാറ് .. ശ്യാമ ഭീതിയോടെ ആ ഒഴുക്ക് നോക്കിയിരുന്നു ..
ശക്തമായ മഴ കാരണം രതീഷിന് ഡ്രൈവ് ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല .. അയാൾ വണ്ടി സൈഡ് ഒതുക്കി നിർത്തി ..
''ഏതു നേരത്താണോ ഇങ്ങനെയൊരുയാത്ര പ്ലാൻ ചെയ്തത് ?''.. എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു രതീഷിൻറെ മുഖത്ത് .
ശ്യാമ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .. കാരണം അമ്മയുടെ നാട്ടിലേക്ക് യാത്രപോകണം എന്നത് അവളുടെ മാത്രം ആഗ്രഹമായിരുന്നു ..അമ്മവീട്ടിൽ നിന്നു പഠിച്ച ശ്യാമയ്ക്ക് ഒരിക്കലും മറക്കാൻ കഴിയില്ലായിരുന്നു ആ നാട് .. ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു അവിടെ .. അവരെയൊന്നും അവൾക്ക് മറക്കാൻ കഴിയില്ല ..
പനയോലകൊണ്ട് ചെറിയ വീട് കെട്ടി അതിൽ കഞ്ഞിയും കറിയുംവച് കളിച്ചും , കാപ്പിത്തോട്ടങ്ങളിൽ സാറ്റെണ്ണി കളിച്ചും .. പച്ചപ്പട്ടുടുത്ത പാടത്ത് സ്വർണ്ണപ്പക്കിയെപിടിച്ചും .. അങ്ങനെ എന്തെല്ലാം രസങ്ങളായിരുന്നു ആ ബാല്യം എന്ന് അവളോർത്തു .. എന്നാലും ആ നല്ല നിമിഷങ്ങളുടെ ഇടയിലും മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു ആ നൊമ്പരം ..
അമ്മവീട്ടിൽ ഇപ്പോൾ അമ്മാവനും അമ്മായിയും മുത്തശ്ശിയുമാണ് ഉള്ളത് .. അമ്മാവൻറെ മക്കൾ പഠിക്കുകയാണ് , മുത്തശ്ശിയ്ക്ക് യാത്രയൊന്നും ചെയ്യാൻ വയ്യ , അതുകൊണ്ട് കുഞ്ഞിനെ മുത്തശ്ശിയെ കാണിക്കാൻ ആണ് ഇപ്പോഴുള്ള ഈ യാത്ര .
''ശ്യാമേ .നമുക്ക് തിരിച്ചു പോയാലോ ? .. ഇനിയും ഒരു മണിക്കൂർ ഉണ്ട് യാത്ര '' .. രതീഷ് അല്പം നീരസത്തോടെ തന്നെ ചോദിച്ചു ..
അതിന് മറുപടിയൊന്നും പറയാതെ ഗ്ളാസ്സിലേക്ക് വന്നു വീഴുന്ന വെള്ളത്തുള്ളികളുടെ ഒഴുക്കിനെ നോക്കി അവളിരുന്നു ... രതീഷിന് തുരുതുരാ ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു .
''നാശം ഈ മഴകാരണം മുന്നോട്ടു പോകാൻ കഴിയാതെ വണ്ടി വഴിയിൽ ഒതുക്കിയിരിക്കുകയാണ് .. എന്ത് ചെയ്യാനാ അവളുടെ നിർബന്ധമല്ലേ ..'' അങ്ങേ തലയ്ക്കൽ രതീഷിൻറെ അമ്മയാണെന്ന് ശ്യാമയ്ക്ക് മനസ്സിലായി ..
അവരുടെ സംസാരം ശ്രദ്ധിക്കാത്തതുപോലെ അവൾ കുഞ്ഞിന് തണുപ്പടിക്കാതെ സ്വെറ്ററിനുള്ളിൽ പൊതിഞ്ഞു ..
മഴ ശകലമൊന്നു ശമിച്ചപ്പോൾ അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു .. വീണ്ടും യാത്ര തുടർന്നു ..
''ശ്യാമേ ദേ ..ഒരുകാര്യം പറഞ്ഞേക്കാം .. അവിടെ ചെന്നാൽ അധികസമയം നിൽക്കരുത് . പെട്ടന്നു തന്നെ തിരിച്ചു പോരണം . ഇതുപോലെ മഴയാണെങ്കിൽ രാത്രിയിൽ ഒരുപാട് വൈകും തിരികെയെത്താൻ ''. രതീഷ് യാത്രയുടെ ആവലാതികൾ ശ്യാമയെ ബോധിപ്പിക്കാൻ ശ്രമിച്ചു .
''രതീഷേട്ടാ നമുക്ക് രണ്ടു ദിവസം കഴിഞ്ഞു പോരാമെന്നേ .. മുത്തശ്ശിക്കും അതൊരു സന്തോഷമാകും ..''
'' നീ എന്താ ഈ പറയുന്നത് ? അപ്പോൾ ഞാൻ ഇത്രയും നേരം പറഞ്ഞതൊന്നും നീ ശ്രദ്ധിച്ചില്ലേ ?'' . രതീഷിന് ദേഷ്യം വന്നു .. ശ്യാമ വെറുതെ ചിരിച്ചു .
വണ്ടി വീട്ടിൽ എത്തി . മുത്തശ്ശി വാതുക്കൾതന്നെ ഇരിപ്പുണ്ടായിരുന്നു ..
''ആരാ അത് ?'' ..അവരെ കണ്ടതും ദൂരെക്കാഴ്ചയില്ലാത്ത മുത്തശ്ശി .. കണ്ണിനുമീതെ കൈമറച്ചുപിടിച് ചോദിച്ചു .
അപ്പോഴേയ്ക്കും ശ്യാമയുടെ അമ്മാവൻ പുറത്തേക്ക് ഇറങ്ങിവന്നു ..
'' അമ്മേ ഇത് നമ്മുടെ ശ്യാമയും രതീഷുമാണ് ''.
മുത്തശ്ശിക്ക് സന്തോഷമായി ..
''അകത്തേക്ക് വരൂ .. എന്ത് തോന്നി ഇങ്ങോട്ടൊക്കെ ഇറങ്ങാൻ ?'' .. അമ്മാവൻറെ മുനവച്ചുള്ള ചോദ്യം രതീഷിന് അത്രസുഖിച്ചില്ലെങ്കിലും അത് പുറത്തുകാട്ടാതെ അയാൾ ചിരിച്ചു ..
ശ്യാമ കുഞ്ഞിനേയുംകൊണ്ട് മുത്തശ്ശിയുടെ അരികിൽ തന്നെയിരുന്നു , നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പറഞ്ഞു സമയം പോയത് അറിഞ്ഞില്ല .. രതീഷിനും ആദ്യമൊക്കെ ഒരു അകൽച്ചയായിരുന്നുവെങ്കിലും പിന്നീട് അമ്മാവൻറെ കൂടെ കൂടി .. അപ്പോഴും പുറത്ത് മഴയുടെ ശക്തി കൂടി വരുന്നതല്ലാതെ കുറയുന്ന ഭാവം കാണുന്നില്ല ..
''ഇന്നിനി യാത്ര വേണ്ട രതീഷേ .. നല്ല മഴയാണ് നിങ്ങൾ തിരികെയെത്തുമ്പോൾ ഒരുപാടു വൈകും .. നല്ല കാറ്റുമുണ്ട് ..നാളെ പോയാൽ മതി .'' അമ്മാവൻ പറഞ്ഞു .
''അയ്യോ അമ്മാവാ ..ഇന്ന് തന്നെ ചെല്ലണം .. വീട്ടിൽ അങ്ങനെ പറഞ്ഞാണ് പോന്നത് ..''
ഇത് കേട്ട് മുത്തശ്ശിയും അമ്മായിയും അമ്മാവൻറെ അഭിപ്രായത്തോട് യോജിച്ചു നില്ക്കുകയാണ് .. എന്ത് ചെയ്യാം മുതിർന്നവർ പറയുന്നത് കേട്ടില്ലെങ്കിൽ അത് അഹങ്കാരമാവില്ലേ .. അതുകൊണ്ട് മനസ്സില്ലാമനസ്സോടെ രതീഷിന് അവരുടെ തീരുമാനത്തിന് വഴങ്ങേണ്ടി വന്നു ..
ആ തീരുമാനം ശ്യാമയ്ക്കും സന്തോഷമായി ..
സമയം സന്ധ്യ കഴിഞ്ഞു .. ഇരുട്ടായി തുടങ്ങി . ശ്യാമ കുഞ്ഞിനെ ഉറക്കിയിട്ട് റൂമിലെ ജനലിൽ കൂടി പുറത്തേക്ക് നോക്കിയിരുന്നു . രതീഷ് ഇതിനിടയിൽ എന്തൊക്കെയോ വന്നു പറഞ്ഞു .. എന്നാൽ തട്ട് തട്ടായുള്ള കയ്യാലയ്ക്ക് മുകളിലെ തോമസിൻറെ വീട്ടിലായിരുന്നു ശ്യാമയുടെ ശ്രദ്ധ .
നാടും അവിടെയുള്ള വീടുകളും വികസിച്ചെങ്കിലും തോമസിൻറെ വീട് മാത്രം ഇന്നും പഴയ സ്മാരകംപോലെ നില്ക്കുന്നു .. വാതുക്കൽ 60 വാട്ടിന്റെ ബൾബ് മിന്നാമിനുങ്ങിൻറെ നുറുങ്ങു വെട്ടംപോലെ കത്തി നില്പ്പുണ്ട് ..
മേരിക്കുട്ടിചേച്ചിയും , മാത്യുസ് ചേട്ടനും എന്തായിരിക്കും വിശേഷങ്ങൾ ? ആൻസിയുടെ കല്യാണം കഴിഞ്ഞിട്ടുണ്ടാകും ? തോമസുകുട്ടി ..! അവൻ മാത്രം ഇന്നില്ല .. ശ്യാമ ഓർത്തു .
രതീഷ് ആരെയോ ഫോൺ ചെയ്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട് .. പുറത്ത് സൈക്കിളിൻറെ ബെല്ലടിക്കുന്നത് കേട്ട് ശ്യാമ വാതുക്കലേക്ക് ചെന്നു.. രതീഷും സംസാരം അവസാനിപ്പിച് അങ്ങോട്ടു ചെന്നു .
മാത്യുസ് ചേട്ടൻ ..പ്രായത്തിലും കൂടുതൽ വയസ്സായതുപോലെ അവൾക്ക് തോന്നി .. തലമുടിയിൽ ഒരു കറുപ്പ് നിറംപോലുമില്ല , മുഴുവൻ നരച്ചിരിക്കുന്നു .. വല്ലാതെ ക്ഷീണിച്ചിട്ടുണ്ട് ..ശ്യാമ അയാളെത്തന്നെ നോക്കി നിന്നു .. തന്നെ മനസ്സിലായിക്കാണുമോ ? അതോ ഓർമ്മയുടെ ശകലങ്ങളും മാഞ്ഞുപോയിട്ടുണ്ടാവുമോ ? ശ്യാമ ഓരോന്ന് ചിന്തിച്ചു നിന്നു .
'' ഇതാരാ പിള്ളേച്ചാ .. നിങ്ങളുടെ വീട്ടിൽ പുതിയ അതിഥികൾ ?'' . മാത്യുസ് ചോദിച്ചു .
''നീയറിയില്ലേ ഇവളെ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ ?''..
'' ആ എനിക്കറിയില്ല .. ലേശം കഴിച്ചിട്ടുണ്ടേ .. അതുകൊണ്ട് ഇപ്പോൾ ആരാണെന്ന് ചോദിച്ചാൽ ഞാൻ എങ്ങനെ പറയാനാ എൻറെ പിള്ളേച്ചാ ''.
'' അതുശരിയാ .. ഈ പതിവ് തുടങ്ങിയിട്ട് കാലം കുറെ ആയല്ലോ .. എന്നാൽ ശരി മഴ വരുന്നുണ്ട് .. ഇനി ഈ സൈക്കിളും തള്ളി അങ്ങ് മുകളിൽവരെ എത്തണ്ടേ .. മഴയും വരുന്നുണ്ട് .. വേഗം വിട്ടോ .. അവിടെ മേരിക്കുട്ടി വിഷമിച്ചിരിക്കുന്നുണ്ടാവും ..'' അമ്മാവൻ പറഞ്ഞു .
'' ഹാ.. എന്നാലും ഇവർ ആരെന്ന് പറയൂ പിള്ളേച്ചാ ..'' മാത്യുസ് ചേട്ടൻ പോകാനുള്ള പ്ലാൻ ഇല്ല ..
'' എടാ ഇത് നിൻറെ ശ്യാമക്കുഞ്ഞാണ് .. അവളുടെ കെട്ടിയോൻ ആണ് കൂടെ നില്ക്കുന്നത് ..''
അയാളുടെ കണ്ണിൽ കണ്ണുനീർ തുള്ളികൾ ഉരുണ്ടുകൂടുന്നു ..അവയിൽ മഴവിൽ ചിത്രങ്ങൾ തെളിഞ്ഞു വന്നു ..
''എൻറെ ശ്യാമകുഞ്ഞാണോ ഇത് ..? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ..'' മാത്യുസ് പറഞ്ഞു .
''രതീഷ് അറിയുമോ മാത്യുസിനെ ?'' അമ്മാവൻ ചോദിച്ചു .
''ഇല്ല .. എന്നാലും ശ്യാമ എപ്പഴോ പറഞ്ഞിട്ടുണ്ട് ഈ പേര് ''.
''എന്താ ശ്യാമക്കുഞ്ഞേ വിശേഷങ്ങൾ ? എൻറെ കൂട്ടുകാരൻ മാധവേട്ടൻ എന്തുപറയുന്നു ? സുഖമല്ലേ അദ്ദേഹത്തിന് ?''
'' അച്ഛൻ ..! '' ശ്യാമ പകുതിയിൽ നിർത്തി ..
'' എടാ നീ എന്താ ഈ ചോദിക്കുന്നേ? .. മാധവൻ മരിച്ചുപോയത് നീ അറിഞ്ഞില്ലേ ? അതെങ്ങനാ ഓർമ്മകളെ കെടുത്തുന്ന സാധനമല്ലേ ദിവസവും ഉള്ളിലേക്ക് കൊടുക്കുന്നത് .'' അമ്മാവന് ചെറുതായി ദേഷ്യം വന്നുവെന്ന് ശ്യാമയ്ക്ക് തോന്നി ..
''ഓ അതോർത്തില്ല പിള്ളേച്ചാ .. എല്ലാം മറക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ കുടിക്കുന്നത് ..കുടിക്കാതിരുന്നാൽ ഓരോന്ന് ഓർത്തു കിടക്കും ഉറക്കം വരില്ല പിള്ളേച്ചാ .. എൻറെ തോമസുകുട്ടി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ശ്യാമക്കുഞ്ഞിന്റെ അത്രയും ആയേനെ .. എന്നാ ചെയ്യാനാ കർത്താവ് അവനെ നേരത്തേയങ്ങു വിളിച്ചു ..'' മാത്യുസ് ചേട്ടൻ പഴയതൊക്കെ പറയാൻ തുടങ്ങി .
''മതി മതി നീ വേഗം വീട്ടിൽ ചെല്ല് ..ദേ അടുത്ത മഴ വരുന്നുണ്ട് .. ഇവര് നാളയെ പോകു ..'' അമ്മാവൻ പറഞ്ഞു .
നിലത്തുറയ്ക്കാത്ത കാലുമായി സൈക്കിളിൽ അള്ളിപ്പിടിച്ചു പോകുന്ന മാത്യുസിനെ ശ്യാമയും രതീഷും നോക്കി നിന്നു ..മഴ ആർത്തലച്ചു വന്നു ..പെട്ടന്ന് കറന്റ്‌ പോയി .. എങ്ങും ഇരുട്ട് , മാത്യുസ് ചേട്ടൻറെ പാട്ട് ഉച്ചത്തിൽ കേൾക്കാം.. കർത്താവിനോടുള്ള എണ്ണിപ്പെറുക്കലാണ് ആ പാട്ടിൽ നിറയെ .. രതീഷ് ആ പാട്ട് ശ്രദ്ധിച്ചങ്ങനെ നിന്നു ..
മെഴുകുതിരി വെളിച്ചവുമായി അമ്മായി എത്തി ..
''എന്താ അമ്മാവാ .. മാത്യുസ് ചേട്ടൻറെ തോമസുകുട്ടിക്ക് പറ്റിയത് ?''. രതീഷ് ചോദിച്ചു ..
''നാളെ തോമസിൻറെ ആണ്ടാണ് .. അതാ മാത്യുസിന് ഇത്രയും സങ്കടം .. പാവം എന്ത് ചെയ്യാനാ എല്ലാം വിധിയുടെ വിളയാട്ടം അല്ലെ ..''
അമ്മാവൻ ഓരോന്ന് പറഞ്ഞു നെടുവീർപ്പിട്ടു ..
''ശരിയാണ് ഇങ്ങനെ കാലം തെറ്റി പെയ്ത മഴയാണ് ആ ദുരന്തത്തിന് കാരണം .'' ശ്യാമ പിറുപിറുത്തു ..
രതീഷ് ശ്യാമയെ നോക്കി .. '' എന്താ ശ്യാമേ ..?'' . രതീഷ് ചോദിച്ചു .
''അവൾക്കും അറിയാം രതീഷേ അന്ന് സംഭവിച്ചത് .. കാരണം ഇവരെല്ലാം അതിന് ദൃക്‌സാക്ഷികളാണ് ''..
എന്താണ് സംഭവിച്ചതെന്ന് രതീഷ് വീണ്ടും ചോദിച്ചു ..
അമ്മാവൻ പറഞ്ഞു തുടങ്ങി ..'' അന്ന് ശ്യാമയുടെ അച്ഛൻ ജോലിസ്ഥലത്തായിരുന്നു ഇവളുടെ അമ്മയും അനിയത്തിയും ഇവളുടെ അച്ഛൻവീട്ടിൽ ആയിരുന്നു താമസം .. ശ്യാമയെ ഇവിടെ നിർത്തിയാണ് പഠിപ്പിച്ചത് ..
എന്നും രാവിലെ മാത്യുസ് കടയിൽ പോകുമ്പോൾ ശ്യാമയേയും , തോമസുകുട്ടിയെയും സൈക്കിളിൽ സ്കൂളിൽ ആക്കുമായിരുന്നു.. വൈകിട്ട് ഇവർ നടന്നു പോരും ..
വിവാഹം കഴിഞ്ഞു ഒത്തിരി വർഷം കഴിഞ്ഞാണ് തോമസുകുട്ടി ഉണ്ടായത് .. മാത്യുസ് എപ്പോഴും പറയുമായിരുന്നു കർത്താവിന്റെ മുന്നിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു കിട്ടിയതാണെന്നും അതുകൊണ്ട് അവനെ അച്ഛൻ പട്ടത്തിന് വിടണം എന്നൊക്കെ .. എന്നാൽ മേരിക്കുട്ടിക്ക് അതിഷ്ടമായിരുന്നില്ല .. അതെ ചൊല്ലി മിക്ക ദിവസങ്ങളിലും അവിടെ നിന്നും പൊട്ടലും ചീറ്റലും കേൾക്കാറുണ്ട് ..എല്ലാ കാര്യങ്ങളും തോമസുകുട്ടി ശ്യാമയോട് പറയുമായിരുന്നു .. നല്ലകൂട്ടുകാരായിരുന്നു ഇവർ.
ഏത് ആഘോഷങ്ങളിലും ശ്യാമയും , തോമസും ഇവരുടെ കൂടെ കുറെ കൂട്ടുകാരും ഉണ്ടാവും .. വികൃതികൾ ഒരുപാടു കാട്ടിയിരുന്നു .. നാട്ടുകാരുടെ പരാതി തീർക്കാനേ എനിക്കന്ന് നേരമുണ്ടായിരുന്നുള്ളു .. അങ്ങനെ എല്ലാ വികൃതികളും ആഘോഷമാക്കി മാറ്റി ഇവരുടെ ബാല്യം .. തോമസുകുട്ടി പഠിത്തത്തിൽ മിടുക്കനായിരുന്നു .. അതുപോലെ തന്നെ സംഗീതം മറ്റു ആക്ടിവിറ്റീസ് എന്തിന് അധികം പറയുന്നു ഒരു സർവ്വ കാലാവല്ലഭനായിരുന്നു .
ഒരിക്കൽ അവനെന്നോട് ഒരാഗ്രഹം പറഞ്ഞു .. അവനൊരു വയലിൻ വാങ്ങി കൊടുക്കണമെന്ന് . സ്കൂളിൽ വയലിൻ പഠിപ്പിക്കുന്നുണ്ട് ..പക്ഷേ അവനു മാത്രം വയലിൻ ഇല്ല .. അവന്റെ അപ്പച്ചന്റെ കൈയ്യിൽ വയലിൻ വാങ്ങാനുള്ള കാശില്ല എന്നവനറിയാമായിരുന്നു .. അവന്റെ പിറന്നാളിന് വയലിൻ സമ്മാനമായി നല്കണമെന്ന് ഞാനും തീരുമാനിച്ചു .. എന്നാൽ അക്കാര്യം ഞാൻ അവനോടു പറഞ്ഞിരുന്നില്ല .. ഓരോ ദിവസവും ഞാൻ ജോലികഴിഞ്ഞു വരുമ്പോൾ അവൻ എന്റെ അരികിലേക്ക് ഓടിവരുമായിരുന്നു .. വയലിന്റെ കാര്യം ചോദിക്കും , അപ്പോഴൊക്കെ ഞാൻ തരാമെന്നു പറഞ്ഞു പ്രതീക്ഷ കൊടുത്തു.. കുറച്ചു ദിവസം കഴിഞ്ഞാൽ അവന്റെ പിറന്നാൾ ആയിരുന്നു .. ഇതിനിടയിൽ അവൻ ശ്യാമയോട് വയലിൻ വാങ്ങി കൊടുക്കാത്തതിന് പരാതി പറഞ്ഞുവെങ്കിലും അന്ന് ഞാനത് ചിരിച്ചു തള്ളി .. പിന്നീട് അവൻ അതെപ്പറ്റി ചോദിച്ചില്ല .. എന്നാൽ അവന്റെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ അവന് വയലിൻ വാങ്ങി വച്ചിട്ടുണ്ടെന്നും പിറന്നാളിന് തരാമെന്നും പറയണമെന്നുണ്ടായിരുന്നു .. അന്ന് ഞാനത് പറഞ്ഞിരുന്നെങ്കിൽ അവന്റെ ചിരിക്കുന്ന മുഖം ഇന്നും എന്റെ മനസ്സിൽ തെളിഞ്ഞു നില്ക്കുമായിരുന്നു.. പക്ഷേ എന്തോ അന്നെനിക്കത് പറയാൻ തോന്നിയില്ല ..
നമ്മൾ ഒന്ന് ചിന്തിക്കുന്നു ദൈവം മറ്റൊന്ന് വിധിക്കുന്നു .. ദൈവത്തിന്റെ വിധി ഇന്നതാണെന്ന് ആർക്കാണ് മുൻകൂട്ടി അറിയാൻ കഴിയുക .. എല്ലാം അറിയാനുള്ള കഴിവ് തന്നിരുന്നുവെങ്കിൽ മനുഷ്യനും ദൈവവും തമ്മിൽ എന്താണ് വ്യത്യാസം അല്ലെ .. 'വിധി' എന്ന വാക്കും നിഘണ്ടുവിൽ ഉണ്ടാകില്ലായിരുന്നു .
വിധി എന്ന് പറയുന്നത് ഇതാണ് കാരണം , കടലിൽ ന്യുന മർദ്ദം ശക്തമായകാറ്റും മഴയും , കുട്ടികൾ വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോൾ പുഴയുടെ ഒഴുക്ക് ഇവർക്കൊരു രസമായി തോന്നി .. ബുക്കിൻറെ താളുകൾ കീറിയെടുത്ത്‌ ചെറിയ വള്ളങ്ങൾ ഉണ്ടാക്കി ഒഴുക്കിക്കളിക്കുന്നതിനടിയിൽ തോമസുകുട്ടിയുടെ കാൽ വഴുതി അവൻ പുഴയിൽ വീണു .. മഴ ശക്തമായിരുന്നു ..പുഴയിലെ ജലനിരപ്പ് കൂടി വന്നു . ശ്യാമയും മറ്റു കുട്ടികളും പേടിച്ചുപോയി . അവർ എൻറെ അടുത്തു വന്ന് ഇക്കാര്യം പറയുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കുഴങ്ങി .. ഒരു തിരച്ചിൽ നടത്താൻ മലവെള്ളപ്പാച്ചിലിൽ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല .. അവനുവേണ്ടി ഈ നാടുമുഴുവൻ പ്രാർത്ഥനയിൽ ആയിരുന്നു .. പക്ഷേ വിധി മറ്റൊന്നായിരുന്നു ..! അവൻ ഒഴുക്കിൽപ്പെട്ട മൂന്നാം നാൾ തൊട്ടടുത്ത കുറ്റിക്കാട്ടിൽ പുഴയുടെ താണ്ഡവത്തിൽ ചവച്ചുതുപ്പിയതുപോലെ ചേതനയറ്റ അവൻറെ കുഞ്ഞു ശരീരവും കിട്ടി .. അന്ന് അവൻറെ പിറന്നാൾ ആയിരുന്നു ..!
എന്നോട് ആദ്യമായി ആവശ്യപ്പെട്ട വയലിൻ അവൻറെ കുഴിമാടത്തിനു മുകളിൽ വയ്ക്കാനെ സാധിച്ചുള്ളു . ഒരുപക്ഷേ അവൻ സ്വർഗ്ഗത്തിലുരുന്നു വയലിൻ വായിക്കുന്നുണ്ടാവും .. ഇന്നും എനിക്ക് ആ ദിവസം മറക്കാൻ കഴിയുന്നില്ല .. '' അമ്മാവൻ എല്ലാം പറഞ്ഞവസാനിച്ചപ്പോൾ .. എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞു .. ശ്യാമ ഏങ്ങലടിച് കരയുകയായിരുന്നു .. രതീഷിനും സങ്കടമായി ..
'' സംസാരിച്ചിരുന്ന് നേരം ഒരുപാട് ആയി .. പോയി കിടന്ന് ഉറങ്ങിക്കോളൂ .. നാളെ രാവിലെ പോകേണ്ടതല്ലേ ''. അമ്മാവൻ മുറിയിലേക്ക് പോയി .. അപ്പോഴേയ്ക്കും കറന്റും വന്നിരുന്നു ..മുറിയുടെ ജനലിലൂടെ രതീഷ് കയ്യാലക്ക് മുകളിൽ ഒറ്റപ്പെട്ട് നില്ക്കുന്ന തോമസുകുട്ടിയുടെ വീട്ടിലേക്ക് നോക്കി .. അവിടെ മിന്നാമിനുങ്ങിൻറെ വെളിച്ചം പോലെ പ്രകാശം കുറഞ്ഞ ബൾബ് കത്തി നില്പ്പുണ്ടായിരുന്നു ..
എങ്ങു നിന്നോ വയലിൻ വായന കേൾക്കുന്നതുപോലെ രതീഷിന് തോന്നി .. പിറ്റേന്ന് രാവിലെ നേരത്തെ ഉണർന്ന രതീഷ് പേപ്പർ വെട്ടിയെടുത്ത് കുറെ കളിവള്ളങ്ങൾ ഉണ്ടാക്കി വച്ചു .. അപ്പോഴും പുറത്ത് നല്ല മഴപെയ്യുന്നുണ്ടായിരുന്നു ..കാലം തെറ്റിപ്പെയ്യുന്ന മഴ .!
ശ്യാമയെ വിളിച്ചുണർത്തി .. തോമസുകുട്ടിയുടെ അപ്പന്റേയും അമ്മച്ചിയുടേയും കൂടെ അവരും പള്ളിയിൽ പോയി തോമസുകുട്ടിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു ..
തിരികെ വന്ന് എല്ലാവരോടും യാത്രപറഞ്ഞുപോകുമ്പോൾ രതീഷ് ആ കളിവള്ളങ്ങൾ എടുക്കാൻ മറന്നില്ല .. ശ്യാമ എന്താണെന്ന് മനസ്സിലാകാതെ രതീഷിനെ നോക്കി .. അവൻ മറുപടിയൊന്നും അവൾക്ക് കൊടുത്തില്ല .. മീനച്ചിലാറിൻറെ കരയിലൂടെ കാറ് പതുക്കെ നീങ്ങി .. ശ്യാമയുടെ മുഖത്ത്‌ എന്തോ അത്ഭുതം സംഭവിക്കുന്നതുപോലൊരു ഭാവമായിരുന്നു .. ഇന്നലെ വരെ വെളുപ്പിന് പോകണമെന്ന് പറഞ്ഞയാൾ ഇന്ന് വളരെ ശാന്തം എന്താവും ഇത് ? ശ്യാമ ഓർത്തു .
രതീഷ് കാറ് മീനച്ചിലാറിൻറെ തീരം ചേർത്ത് നിർത്തി .. കാറിൽ നിന്നും അയാളുണ്ടാക്കിവച്ച കളിവള്ളങ്ങൾ ആർത്തലച്ചൊഴുകുന്ന പുഴിയിലേക്ക് ഓരോന്നായി ഒഴുക്കിവിട്ടു .. പുഴയുടെ ഓളങ്ങളിൽ അവയോരോന്നും ഒഴുകിയകലുന്നത് അയാൾ നോക്കി നിന്നു .. അതിൽ ഒരു കളിവള്ളം പുഴയുടെ ആഴങ്ങളിലേക്ക്‌ കറങ്ങി താഴാൻ തുടങ്ങി .. അവിടെ രണ്ട് കുഞ്ഞു കൈകൾ 'രക്ഷിക്കൂ ..' എന്ന് പറയുന്നതുപോലെ അയാൾക്ക് തോന്നി .. രതീഷിന് തലകറങ്ങുന്നതുപോലെ .. ആ ചുഴി തന്നെ മാടി മാടി വിളിക്കുന്നതുപോലെ ..! അയാൾ വേച്ചു വീഴാൻ തുടങ്ങിയപ്പോൾ ദൈവത്തിൻറെ കരങ്ങൾപോലെ ആരോ അയാളെ താങ്ങി .. രതീഷ് തിരിഞ്ഞു നോക്കിയപ്പോൾ അത് മാത്യുസ് ആയിരുന്നു .. തോമസുകുട്ടിയുടെ അപ്പച്ചൻ ..
''മോനെ സൂക്ഷിക്കണം .. ഈ ജീവിതം കുറച്ചേയുള്ളു . എൻറെ തോമസുകുട്ടിയെപ്പോലെയാണ് എനിക്ക് ശ്യാമക്കുഞ്ഞും . അവളേയും കുഞ്ഞിനേയും അനാഥരാക്കരുത് .. പോകു .. ഇനിയും കാലം തെറ്റിവരുന്ന വിധിയെ തടുക്കാൻ ദൈവം നിനക്ക് ശക്തി തരട്ടെ ..'' അയാൾ പറഞ്ഞു .
രതീഷ് കാറിൽ കയറി തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരേയും കണ്ടില്ല .. സത്യത്തിൽ അത് മാത്യുസ് ചേട്ടൻ ആയിരുന്നോ ? അതോ അദ്ദേഹത്തിൻറെ ദൈവമായ കർത്താവായിരുന്നോ ?.. അതോ ഞാൻ വിളിക്കുന്ന ദൈവങ്ങളാണോ ?. ആരായിരിക്കും അത് ? രതീഷ് ഓരോന്നാലോചിച് ഡ്രൈവ് ചെയ്തുകൊണ്ടേയിരുന്നു ..
ശ്യാമ ഇതൊന്നുമറിയാതെ പാതിമയക്കത്തിലേക്ക് വഴുതി വീണിരുന്നു ..
അപ്പോഴും പുറത്ത് കാലം തെറ്റിപ്പെയ്യുന്ന മഴയുടെ ഗർജ്ജനം നിലച്ചിരുന്നില്ല .. ..... !

Saturday 10 December 2016

രേണുക


മുറിയിലേക്ക് കയറി വന്ന അച്ഛന്റെ മുഖത്ത് ഏതോ ചിന്തയുടെ പിരിമുറുക്കം നടക്കുന്നുണ്ട് എന്ന് രേണുകയ്ക്ക് തോന്നി '.
''മോളേ .. നീ അച്ഛൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം .''
അച്ഛൻറെ വാക്കുകേട്ട രേണുക സംശയത്തോടെ നോക്കി.
''എന്താ അച്ഛാ ?''. അവൾ ചോദിച്ചു . .
''ഞാൻ പറയുന്നത് തെറ്റാണെന്നറിയാം .. എങ്കിലും നീ ഈ അച്ഛൻറെ വേദന മനസ്സിലാക്കണം .. നമ്മുടെ കുഞ്ഞാറ്റയുടെ ഭാവി ഇപ്പോൾ നിൻറെ കൈയ്യിലാണ് . അതുകൊണ്ട് വളച്ചുകെട്ടില്ലാതെ കാര്യത്തിലേക്ക് കടക്കാം .. നീ വേണുവിനെ വിവാഹം ചെയ്യണം .. നിൻറെ ചേച്ചിയുടെ കുഞ്ഞിനെ സ്വന്തം എന്ന മനസ്സോടെ സ്നേഹിക്കാൻ നിനക്കേ കഴിയു .. മറ്റൊരാൾ വേണുവിൻറെ ജീവിതത്തിലേക്ക് കടന്നുവന്നാൽ കുഞ്ഞാറ്റ അനാഥയാകും .. അതുകൊണ്ട് !''.
രേണുകയ്ക്ക് തൻറെ ശരീരം മരവിച്ചപോലെ തോന്നി .. അച്ഛൻ പറഞ്ഞത് ഒന്നും കേട്ടില്ല .. എന്തൊക്കെയോ മുഴക്കങ്ങൾ കാതിൽ കേൾക്കുന്നു . എൻറെ സേതുവേട്ടനെ ഞാൻ മറക്കണം എന്നല്ലേ അച്ഛൻ പറഞ്ഞത് ..
എല്ലാവരുടേയും അറിവോടെ തന്നെ സേതുവേട്ടനുമായുള്ള തൻറെ വിവാഹം നിശ്ചയിച്ചിട്ട് ഇപ്പോൾ എല്ലാം മറന്ന് ചേട്ടൻറെ രണ്ടാം ഭാര്യ ആവാൻ , കുഞ്ഞാറ്റയുടെ അമ്മയാവാൻ അച്ഛൻ ആവശ്യപ്പെടുന്നു . കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണീർ മുത്തുകൾ അവളറിയാതെ തന്നെ ഒഴുകിത്തുടങ്ങി ..
മുറിയുടെ പുറത്തു നിന്നും തേങ്ങൽ കേൾക്കുന്നു .. രേണുക യാന്ത്രീകമായി അങ്ങോട്ടേക്ക് നോക്കി .. ''അമ്മ' അമ്മയും കരയുകയാണ് .. അവളുടെ സങ്കടം അണപൊട്ടിയൊഴുകി .. അവൾ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു ..
'' മോള് കരഞ്ഞോളു .. മനസ്സിലെ സങ്കടം തീരുന്നതുവരെ കരഞ്ഞോളു ..'' അമ്മയുടെ വാക്കുകൾ അവളെ കൂടുതൽ സങ്കടപ്പെടുത്തി ..
''അമ്മേ ഞാൻ എങ്ങനെ .. ചേട്ടൻറെ സ്ഥാനത്തുള്ള ആളെ എൻറെ ഭർത്താവായി എങ്ങനെ ?''.
'' എല്ലാം വിധിയാണ് മോളേ .. ഞങ്ങൾക്ക് നിൻറെ ചേച്ചിയും , നീയും ഒരുപോലെയാണ് .. അവൾ ഇന്ന് ഈ ലോകത്തില്ല പകരം അവളുടെ കുഞ്ഞിനെ നമുക്ക് തന്നിട്ട് പോയി .. ഇനി ആ കുഞ്ഞിനെ നോക്കാൻ മറ്റൊരാൾ വന്നാൽ .. അവൾ നമ്മുടെ കുഞ്ഞാറ്റയെ സന്തോഷമായി നോക്കുമെന്ന് ഉറപ്പുണ്ടോ ? നിൻറെ ചേച്ചിയുടെ മകൾ വേദനിക്കുന്നത് കാണാൻ നീ ആഗ്രഹിക്കുന്നുണ്ടോ ? ചേച്ചിയുടെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ കുഞ്ഞാറ്റയുടെ അമ്മയാകണം എൻറെ മോള് ''.
''അമ്മേ .. എൻറെ സേതുവേട്ടൻ .. ഞാൻ മനസ്സാവരിച്ച പുരുഷനെ മറക്കാനാണോ അമ്മയും പറയുന്നത് ?.''
''മറക്കണം .. ഈ അമ്മയ്ക്ക് വേണ്ടി , അച്ഛന് വേണ്ടി , മരിച്ചുപോയ നിൻറെ ചേച്ചിക്ക് വേണ്ടി , ഒന്നും അറിയാതെ നിഷ്കളങ്കമായി ചിരിക്കുന്ന നമ്മുടെ കുഞ്ഞാറ്റയ്ക്ക് വേണ്ടി നീ സേതുവിനെ മറക്കണം .. ഇനി മുതൽ വേണുവായിരിക്കണം നിൻറെ പുരുഷൻ ''.
കുഞ്ഞാറ്റയുടെ കരച്ചിൽ തൊട്ടടുത്ത മുറിയിൽ നിന്നും കേട്ടു .. 'അമ്മ വേഗം അങ്ങോട്ടേക്ക് പോയി .. രേണുക എന്ത് ചെയ്യണം എന്നറിയാതെ തളർന്നിരുന്നു .. അന്ന് രാത്രി ഏറെ വൈകിയിട്ടും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല .
മുറ്റത്ത് ഒരു കാറ് വന്നു നില്ക്കുന്നത് അവളറിഞ്ഞു . അവൾ എഴുന്നേറ്റ് ജനലിൽ കൂടി നോക്കി .. അത് വേണുവായിരുന്നു .. കൈയ്യിൽ നിറയെ കുഞ്ഞാറ്റയ്ക്കുള്ള കളിപ്പാട്ടങ്ങളാണ് ..
നേരം ഒരുപാട് വെളുത്തിരുന്നു .. തനിക്ക് ഉറക്കം സമ്മാനിക്കാത്ത ഒരു രാത്രി സമ്മാനിച്ചിട്ട് ചിരിച്ചുകൊണ്ട് വന്നിരിക്കുന്നു മറ്റൊരു പകൽ .. എന്നും തൻറെ മനസ്സിൽ പ്രണയത്തിന്റേയും , പ്രതീക്ഷയുടേയും വീഥികൾ നല്കിയ പുലരിയെ അവൾ ആദ്യമായി വെറുത്തു തുടങ്ങിയിരിക്കുന്നു .
ഇനി എന്തിനാണ് പ്രതീക്ഷകൾ .. സ്നേഹിച്ച പുരുഷനെ മറക്കാൻ നിർബന്ധിക്കുന്നു കടപ്പാടുകൾ ..
എൻറെ ചേച്ചിയുടെ മരണത്തിന് ശേഷം കുഞ്ഞാറ്റയുടെ കാര്യങ്ങൾ താനാണ് നോക്കിയിരുന്നതെങ്കിലും അത് എന്നെന്നേക്കുമായുള്ള ബന്ധനമാണെന്ന് ഞാൻ കരുതിയില്ല ..
അകത്തെ മുറിയിൽ നിന്നും വേണുവേട്ടന്റേയും അച്ഛന്റേയും അമ്മയുടേയും അടക്കിപ്പിടിച്ചുള്ള സംസാരം കേൾക്കാം .. ഒരുപക്ഷേ അത് തന്നെക്കുറിച്ചാവും എന്ന് രേണുക ഊഹിച്ചു ..വേണുവേട്ടനും തന്നെ അറിയാവുന്നതല്ലേ .. എൻറെ ആഗ്രഹവും അദ്ദേഹത്തിന് അറിയാം .. അങ്ങനെയെങ്കിൽ വേണുവേട്ടൻ എങ്ങനെയാണ് ഈ വിവാഹത്തിന് സമ്മതിക്കുക ?. ചിലപ്പോൾ അച്ഛന്റേയും അമ്മയുടേയും നിർബന്ധം അദ്ദേഹത്തെ ഇങ്ങനെയൊരു സമ്മതത്തിന് പ്രേരിപ്പിക്കുമോ ?.. എന്തായിരിക്കും അവരുടെ നിലപാട് . രേണുകയുടെ ചിന്തകളിൽ ഒരുപാട് ചോദ്യങ്ങൾ ചിതറി വീണു .
സേതുവേട്ടൻ ഇതെല്ലാം അറിഞ്ഞു കാണുമോ ? എല്ലാവിവരങ്ങളും അദ്ദേഹത്തെ അറിയിക്കേണ്ടത് തൻറെ കടമയല്ലേ .. ഒരുപക്ഷേ സേതുവേട്ടൻറെ തീരുമാനം എന്തായിരിക്കും . ?
അവൾ ഫോൺ എടുത്ത് സേതുവിനെ വിളിച്ചു .. സേതുവിൻറെ ഫോൺ സ്വിച്ചിട് ഓഫ് ആണ് ..
രേണുകയുടെ മനസ്സ് വല്ലാതെ വിഷമിച്ചു .. ഇതിന് മുൻപും ഇങ്ങനെ സംഭവിച്ചെങ്കിലും അത് ജോലിത്തിരക്കിൻറെ ഭാഗമാണെന്ന് സേതു പറഞ്ഞിരുന്നു .. ഇന്നും അതുതന്നെയാവും .. എപ്പോഴെങ്കിലും സേതുവേട്ടൻ തന്നെ വിളിക്കാതിരിക്കില്ല എന്ന് രേണുക സ്വയം സമാധാനിക്കാൻ ശ്രമിച്ചു .
അവൾ കുളിക്കാൻ കയറി .. ഷവർ ഓൺ ചെയ്തു .. ശരീരത്തിലേക്ക് തണുത്ത വെള്ളം വീണപ്പോൾ മനസ്സിലെ സങ്കടം അവൾ കരഞ്ഞു തീർത്തു .. കുറേ നേരം കരഞ്ഞപ്പോൾ അവൾക്ക് ആശ്വാസമായി .. കുളി കഴിഞ്ഞിറങ്ങിയപ്പോൾ .. മുറിയിൽ വേണു നില്ക്കുന്നു ..
അയാളുടെ കൈയ്യിൽ രേണുകയിലേക്ക് ചാടാൻ തയ്യാറെടുക്കുന്ന കുഞ്ഞാറ്റയും .. അവൾ ഇടയ്ക്കിടയ്ക്ക് രേണുകയെ നോക്കി ''അമ്മ .. 'അമ്മ '' എന്ന് പറയുന്നുണ്ടായിരുന്നു .. അത് കേട്ടപ്പോൾ രേണുകയുടെ കണ്ണുകൾ നിറഞ്ഞു .. പാവം കുഞ്ഞാറ്റ അമ്മിഞ്ഞപ്പാലിൻറെ മധുരംപോലും നുകരാതെ .. താനാണ് അമ്മയെന്ന് അവൾ കരുതുന്നു ..
വേണുവിൻറെ കൈയിൽനിന്നും അവൾ കുഞ്ഞാറ്റയെ വാങ്ങി .. കുഞ്ഞാറ്റയുടെ തേനൂറുന്ന ചുണ്ടുകൊണ്ട് രേണുകയുടെ കവിളിൽ ഉമ്മവെച്ചു ..രേണുക സർവ്വ നിയന്ത്രണങ്ങളും വിട്ട് കുഞ്ഞാറ്റയെ കെട്ടിപ്പിടിച്ചു കരഞ്ഞു .. അവളും പേടിച്ചു കരയാൻ തുടങ്ങി ..
''രേണു കുഞ്ഞിനെ ഇങ്ങു തന്നേക്കു .. നീ സമാധാനമായിരിക്കു. എല്ലാത്തിനും ഒരു പോംവഴിയുണ്ടാകും .'' വേണു ഇത്രയും പറഞ്ഞുകൊണ്ട് രേണുകയുടെ കൈയ്യിൽ നിന്നും കുഞ്ഞാറ്റയെ എടുത്ത് പുറത്തേക്കിറങ്ങി..
വേണുവിൻറെ വാക്കുകൾ രേണുകയ്ക്ക് ആശ്വാസമായിതോന്നി . താൻ എന്ത് തീരുമാനത്തിൽ എത്തണം എന്നതിനെക്കുറിച്ചവൾ ആലോചിച്ചു കിടന്നു .
അന്ന് സേതുവിൻറെ വിളി വന്നതേയില്ല .. രേണുക അത് ശ്രദ്ധിച്ചിരുന്നു .. പക്ഷേ മനസ്സ് ശാന്തമല്ലാത്തതിനാൽ തിരികെ വിളിക്കണമെന്ന് തോന്നിയതുമില്ല ..
വേണു പലപ്പോഴും വീട്ടിൽ വന്നുപോകുന്നുണ്ടായിരുന്നു .. എങ്കിലും രേണുവിനോട് സംസാരിക്കാനോ .. അവളെ കാണാനോ അയാൾ കൂട്ടാക്കിയില്ല ..അതിനെക്കുറിച് അച്ഛൻ എപ്പഴോ വേണുവിനോട് ചോദിക്കുന്നത് രേണു കേട്ടിരുന്നു . മറുപടിയൊന്നും നൽകാതെ വേണു പോവുകയാണ് ചെയ്തത് . അങ്ങനെയൊരു കൂടിക്കാഴ്ച രേണുക ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല . അതായിരുന്നു സത്യം .. വേണുവേട്ടൻ തന്നെ മനസ്സിലാക്കിയിരിക്കുന്നുവെന്ന് അവൾക്ക് തോന്നി .
ഇതിനിടയിൽ എപ്പഴോ സേതു രേണുകയെ വിളിച്ചിരുന്നുവെങ്കിലും ഒന്നും പറയാനാകാതെ രേണുക മൗനമായി നിന്നു , ആ മൗനത്തിലൂടെ ഒരുപാട് പരിഭവങ്ങൾ അവൾ പറയുന്നുണ്ടായിരുന്നു .
ദിവസങ്ങൾ കടന്നുപോയി ..രേണുകയും വേണുവുമായുള്ള വിവാഹത്തിന് തീയ്യതി കുറിപ്പിക്കാൻ അച്ഛൻ തയ്യാറായി .. എല്ലാവരുടേയും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി രേണുകയുടെ പ്രണയം ത്യാഗം ചെയ്യാൻ അവളൊരുങ്ങി ..
''അടുത്ത വെള്ളിയാഴ്ചയാണ് വിവാഹം . കുറച്ചുപേർ മാത്രമേ പങ്കെടുക്കുന്നുള്ളു .. ..മക്കളുടെ ആഗ്രഹത്തിന് നമ്മൾ കൂട്ട് നിന്നതു തെറ്റായിപ്പോയോ ശേഖരാ .. സേതുവിനെ അവൾക്ക് മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .. അവർ അങ്ങനെയല്ലേ വളർന്നത് .. എല്ലാം വിധിപോലെ വരട്ടെ.. താൻ വരണം വിവാഹത്തിന് .'' അച്ഛൻ ഫോണിൽ സംസാരിക്കുന്നത് സേതുവേട്ടൻറെ അച്ഛനോടാണെന്ന് രേണുവിന് മനസ്സിലായി .
സേതുവേട്ടൻ അറിഞ്ഞുകാണുമോ ? അദ്ദേഹം എന്നെ മനസ്സിലാക്കിയിരിക്കുമോ ? അതോ എന്നോടു വെറുപ്പായിരിക്കുമോ ? . എന്തേ സേതുവേട്ടൻ പിന്നീടൊന്നു വിളിക്കുകപോലും ചെയ്തില്ല ..? ഒരായിരം ചോദ്യങ്ങളുമായി അവളുടെ മനസ്സ് തേങ്ങിക്കൊണ്ടേയിരുന്നു ..
ഇനിയും തീരുമാനങ്ങൾ മാറാൻ സമയം ഇല്ലായെങ്കിലും ഒരിക്കൽ കൂടി സേതുവിൻറെ ശബ്ദം കേൾക്കാൻ അവൾ ആഗ്രഹിച്ചു . ഫോൺ എടുത്ത് സേതുവിനെ വിളിക്കുമ്പോൾ ഓരോ റിംഗിലും അവളുടെ മനസ്സ് പിടയ്ക്കുകയായിരുന്നു . അങ്ങേ തലയ്ക്കൽ ഒരു സ്ത്രീശബ്ദം ..
''ഹലോ ''
ആരായിരുന്നു എന്ന് ചോദിക്കുന്നതിന് മുന്നേ രേണുക ഫോൺ കട്ട് ചെയ്തു .. സേതുവിൻറെ നമ്പറിൽ നിന്നും തിരികെ കാൾ വന്നു .. വിറച്ച കൈകളോടെ അവൾ ഫോൺ എടുത്തു .
''ഹലോ രേണുകയല്ലേ ..'' വീണ്ടും ആ സ്ത്രീ ശബ്ദം .. അവർക്ക് എങ്ങനെ അറിയാം എന്നെ ..അവർ സേതുവേട്ടൻറെ ആരായിരിക്കും .. എന്നെക്കുറിച് എന്തൊക്കെയാണ് അവരോട് പറഞ്ഞിരിക്കുന്നത് .
''ഹലോ രേണുകയല്ലേ '' വീണ്ടും ചോദ്യം
''അതെ.. നിങ്ങൾ ആരാണ് ?''.***
''ഞാൻ ആരാണെന്നു പറഞ്ഞാലും രേണുകയ്ക്ക് അറിയില്ല .. പക്ഷേ തന്നെക്കുറിച് എപ്പോഴും സേതുവേട്ടൻ പറയാറുണ്ട് . നിങ്ങളുടെ പ്രണയത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമായിരുന്നു .ഇപ്പോൾ സേതുവേട്ടൻ ഇവിടെ ഇല്ലല്ലോ . പുറത്തേക്ക് ഇറങ്ങിയതാണ് ഫോൺ എടുത്തിട്ടില്ല . വരുമ്പോൾ പറയാം താൻ വിളിച്ചിരുന്നുവെന്ന് ''.
രേണുക ഒരു പെരുമഴയായ് പെയ്തിറങ്ങുകയായിരുന്നു .. തന്നെക്കുറിച്ചെല്ലാം സേതുവേട്ടൻ അവളോട് പറഞ്ഞിരിക്കുന്നു . അവൾ ആരായിരിക്കും എനിക്ക് പകരം മറ്റൊരു രേണുകയായിരിക്കുമോ ?. എൻറെ വിവാഹത്തിന് മുന്നേ അദ്ദേഹം സ്വീകരിച്ചതാവുമോ അവളെ .. ഭാഗ്യവതി ! തനിക്ക് കിട്ടാതെ പോകുന്ന സ്നേഹം അവൾക്ക് കിട്ടട്ടെ ..രേണുക സമാധാനിക്കാൻ ശ്രമിച്ചു ..
രേണുക എല്ലാം മറക്കാൻ ശ്രമിച്ചു .. എല്ലാവരുടേയും തീരുമാനത്തെ മനസ്സുകൊണ്ട് അംഗീകരിക്കാൻ തീരുമാനിച്ചു .. ഇനി തനിക്കെല്ലാം വേണുവേട്ടനും കുഞ്ഞാറ്റയുമായിരിക്കണം എന്നവൾ സ്വയം ആശ്വസിപ്പിച്ചു .
ദിവസങ്ങൾ ഇരുണ്ടും വെളുത്തും കടന്നുപോയി . ആ ദിവസം വന്നെത്തി ..
അതിനുമുൻപ് ഒരിക്കൽ പോലും സേതു വിളിച്ചിരുന്നില്ല .. വിവാഹത്തിൻറെ അന്ന് രാവിലെ രേണുകയുടെ ഫോണിലേക്ക് സേതുവിൻറെ കാൾ വന്നു . അവൾ ഫോൺ എടുത്തപ്പോൾ ..
''രേണു ഇന്ന് നമ്മൾ സ്വപ്നം കണ്ടിരുന്ന നമ്മുടെ വിവാഹമാണ് നടക്കേണ്ടത് . പക്ഷേ എല്ലാം വിധിയാണ് , എവിടെയാണെങ്കിലും നീ സുഖമായിരിക്കണം . എന്നും എൻറെ മനസ്സിൽ നിന്നോടുള്ള സ്നേഹം കളങ്കമില്ലാതെ ഉണ്ടാകും . നിനക്ക് നന്മകൾ നേരുന്നു .''
എല്ലാം കേട്ടു നിൽക്കാനേ അവൾക്കു കഴിഞ്ഞുള്ളു . എന്നെന്നേക്കുമായി അവർ പിരിയുകയാണ് . അവളുടെ സ്വപ്‌നങ്ങൾ ഇരുളിലേക്ക് മറയുന്നു . അവയെല്ലാം വിരഹത്തിൻറെ നിഴലുകളായി മാറുന്നു . നിരാശയുടെ വരണ്ട ഭൂമിയിൽ ചിതറി വീഴുന്നു .
''മുഹൂർത്തമായി മോളെ .. ഇറങ്ങു '' . അച്ഛൻറെ വാക്കുകൾ രേണുകയിൽ നിശബ്ദമായൊരു തേങ്ങലായി വിങ്ങി നിന്നു . അടുത്തു വന്നിരിക്കുന്നു ആ സമയം. ഇനി തൻറെ മനസ്സിൽ സേതുവില്ല . അവളുടെ ഉള്ളിലെ കണ്ണുനീർപ്പുഴ ഒഴുകി ഒഴുകി അവസാനിക്കുന്നു . എല്ലാം കുഞ്ഞാറ്റയ്‌ക്ക്‌ വേണ്ടി .
സമൂഹത്തിൽ അവളൊരു വഞ്ചകിയായി മാറുകയായിരുന്നു . സ്നേഹിച്ച പുരുഷനെ വഞ്ചിച് സ്വത്ത് നഷ്ടപ്പെടാതിരിക്കാൻ ചേട്ടൻറെ രണ്ടാം ഭാര്യയാകുന്നു . പുച്ഛത്തോടെ നോക്കുകയാണ് എല്ലാരും . അതൊന്നും അവൾ കാണുന്നില്ലായിരുന്നു . പാവം രേണുക ഇഷ്ടങ്ങളെ കുഴിച്ചു മൂടാൻ വിധിക്കപ്പെട്ടവൾ .
രജിസ്ട്രാർ ഓഫീസിൽ വേണുവിൻറെ അച്ഛനും, അമ്മയും , വേണുവും എത്തിയിരുന്നു . രേണുക കാറിൽ നിന്നും ഇറങ്ങുമ്പോൾ അവിടെ എല്ലാവരുടേയും കണ്ണുകൾ അവളിൽ തങ്ങി . മുഖത്ത് ദുഃഖത്തിൻറെ കടൽ തിരയടിക്കുന്നുണ്ടായിരുന്നു . എല്ലാവരിൽ നിന്നും കുറച്ചു മാറി സേതുവിൻറെ അച്ഛൻ നിൽക്കുന്നത് അവൾകണ്ടു . ആ മുഖത്ത് നോക്കാനുള്ള ശക്തി അവൾക്കുണ്ടായിരുന്നില്ല .
''വരൂ മോളേ ..'' വേണുവിൻറെ 'അമ്മ അവളെ കൂട്ടിക്കൊണ്ടു പോയി . വേണു അവളെ നോക്കി നിന്നു .
എല്ലാത്തിനും ഒരു വഴിയുണ്ടാകും എന്ന് തന്നോട് പറഞ്ഞിട്ട് പോയ വേണുവേട്ടൻ ഇതാ മണവാളൻ ആയി നിൽക്കുന്നു . ഇതായിരുന്നോ അദ്ദേഹത്തിൻറെ വഴി . തലകുനിക്കേണ്ടിവരുന്നു രണ്ടാം ഭാവാഭിനയത്തിനായി . അവൾ സ്വയം അടങ്ങാൻ തീരുമാനിച്ചു .
വേണുവിൻറെ താലി രേണുകയുടെ കഴുത്തിൽ ചേർന്നു കിടന്നു...

''വലതുകാൽ വച്ച് കയറു മോളേ ''. വേണുവിൻറെ 'അമ്മ പറഞ്ഞു .
ചേച്ചിയുടെ കൂടെ ഒരുപാടു തവണ ഈ വീട്ടിൽ വന്നിട്ടുണ്ടെങ്കിലും . ഇന്ന് ഇതൊരു പുതിയ വീടായി തോന്നുന്നു . പുതിയ ജീവിതം തുടങ്ങാൻ പോകുന്നു . എല്ലാം ഒരപരിചിതത്വം തോന്നിപ്പിക്കുന്നു . ഇനിമുതൽ ഈ വീടിൻറെ ഗൃഹനായികയാവുകയാണ് . എല്ലാം പുതുമ തന്നെ . പക്ഷേ തൻറെ രണ്ടാം ഭാവവും .
വേണുവേട്ടന് പോലും ഒരു സന്തോഷക്കുറവില്ല .. എന്നാൽ എൻറെ മനസ്സ് വിങ്ങുകയായിരുന്നു .
വേണുവേട്ടൻറെ മുറിയിലേക്ക് അമ്മ എന്നെ കൂട്ടിക്കൊണ്ട് പോയി . അവിടേയും മോടിപിടിപ്പിച്ചിരിക്കുന്നു .
വേണുവേട്ടന്റേയും ചേച്ചിയുടേയും വിവാഹഫോട്ടോ ടേബിളിൽ ഉണ്ടായിരുന്നത് എടുത്തു മാറ്റിയിരിക്കുന്നു . അത്രയ്ക്കേ ഉള്ളോ സ്നേഹം . പാവം എൻറെ ചേച്ചി .. എന്ത് ഇഷ്ട്ടമായിരുന്നു വേണുവേട്ടനെ . ഒരു ദിവസംപോലും വേണുവേട്ടനെ പിരിഞ്ഞിരിക്കില്ലായിരുന്നു . എന്നിട്ടും ദൈവം എന്തിന് അവരെ വേർപ്പെടുത്തി .
ചിലപ്പോൾ സേതുവേട്ടനെ പിരിയാൻ എനിക്ക് യോഗമുണ്ടാവും . അതാവാം ഇങ്ങനെയൊക്കെ സംഭവിച്ചത് . എല്ലാം എൻറെ ജാതക ദോഷമാവാം . രേണുക നെടുവീർപ്പിട്ടു .
പിറ്റേന്ന് വേണുവിൻറെ അച്ഛനും അമ്മയും അവരുടെ വീട്ടിലേക്ക് പോകാൻ തയ്യാറായി .
''മോളേ ഞങ്ങൾ പോകുവാണ് . ഇനി നീ വേണം ഇതൊരു വീടാക്കി മാറ്റാൻ . ഇത്രയും നാൾ അവൻ ഒറ്റയ്ക്ക് ഇവിടെ കഴിഞ്ഞു . ഇനിമുതൽ വേണുവിൻറെ എല്ലാകാര്യങ്ങളും മോള് നോക്കണം . അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം'' ..
വേണുവിൻറെ അമ്മയുടെ വാക്കുകൾ അവൾക്ക് പൊള്ളുന്നതു പോലെ തോന്നി .
എല്ലാം കേട്ട് വെറുതെ തലയാട്ടാനേ രേണുവിന്‌ കഴിഞ്ഞുള്ളു .
അവർ ഇറങ്ങി . രേണുക കുഞ്ഞിനേയും എടുത്ത് പടിവരെ അവരെ യാത്രയാക്കി തിരികെ വരുമ്പോൾ വാതുക്കൽ വേണു നിൽക്കുന്നുണ്ടായിരുന്നു .
ചേച്ചിയുടെ ഭർത്താവായിരുന്നപ്പോൾ ഒരുപാട് കളിതമാശകൾ പറഞ്ഞിട്ടുണ്ടെങ്കിലും , അയാൾ അടുത്തു വന്നപ്പോൾ ഒരു അപരിചിതനെപ്പോലെ അവൾക്ക് തോന്നി .
''ഞാൻ ചായ എടുക്കാം''. വേഗം തന്നെ രേണുക അടുക്കളയിലേക്ക് പോയി. തൻറെ കഴുത്തിൽ താലികെട്ടിയവനാണെങ്കിലും ചേച്ചിയുടെ ഭർത്താവിനെ പെട്ടന്ന് തൻറെ സ്വന്തമായി കരുതാൻ അവൾക്ക് പ്രയാസമായിരുന്നു .
''രേണു ..'' അയാൾ അടുക്കളയിൽ എത്തിയത് അവൾ അപ്പോഴാണ് അറിഞ്ഞത് .
''എന്താ വേണുവേട്ടാ .. ഞാൻ ചായ അങ്ങോട്ടു കൊണ്ടുവരുമായിരുന്നല്ലോ ''.
ഒരു നിമിഷം പോലും വേണുവിൻറെ സാന്നിദ്ധ്യം അവൾക്ക് അസ്വസ്ഥതയായിരുന്നു . അവൾ വേഗം തന്നെ ചായ എടുത്ത് വേണുവിന് കൊടുത്തു . കുഞ്ഞാറ്റയ്ക്കുള്ള പാലുമായി അവൾ മുറിയിലേക്ക് പോയി .
''രേണു നിനക്ക് എന്നെ ഇഷ്ടമല്ലായിരുന്നോ ?''.
വേണുവിൻറെ ചോദ്യം അവൾക്ക് ഒട്ടും ഇഷ്ടമായില്ല . കാരണം തന്നെക്കുറിച് എല്ലാമറിയാവുന്നയാൾ ഇങ്ങനെ ചോദിക്കുന്നതിൽ അർത്ഥമില്ല . തൻറെ പ്രാണനായവനെ വലിച്ചെറിഞ്ഞിട്ട് ത്യാഗം ചെയ്തവളാണ് എന്നിട്ടും ഇയാൾ എന്തിനാണ് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് ? . ഉള്ളിലെ ദേഷ്യം പുറത്തുകാട്ടാതെ അവൾ മിണ്ടാതെ നിന്നു.
''നീയും സേതുവുമായുള്ള ബന്ധം എല്ലാവരേയും പോലെ എനിക്കും അറിവുള്ളതായിരുന്നു . എങ്കിലും കുഞ്ഞാറ്റയെ സ്വന്തമെന്ന് കരുതി സ്നേഹിക്കാൻ നിനക്കേ കഴിയുകയുള്ളു . അതാണ് ഞാനും ഈ വിവാഹത്തിന് സമ്മതിച്ചത് .''
''മതി വേണുവേട്ടാ ... വീണ്ടും എന്തിനാ ഓരോന്നു പറയുന്നത് . ഇവയെല്ലാം ഞാൻ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ആണ് . ഇനിയും അതെല്ലാം ഓർമ്മിപ്പിച് മനസ്സിൽ തീകോരിയിടുന്നത് ?. എല്ലാം എൻറെ സമ്മതത്തോടെയായിരുന്നു എന്ന് വിശ്വസിച്ചുകൊള്ളുക .''
രേണുക പൊട്ടിത്തെറിക്കുകയാണെന്ന് വേണുവിന് തോന്നി .
'' എനിക്കറിയാം നീ എല്ലാവരോടുമുള്ള വാശി തീർത്താണ് ഈ വിവാഹത്തിന് സമ്മതിച്ചത് . അല്ലെ ?''.
''അതെ വാശിയാണ് എല്ലാത്തിനോടും . ഇങ്ങനെയെങ്കിലും എന്നെത്തന്നെ ത്യജിച്ചു ഞാൻ ജയിക്കട്ടെ വേണുവേട്ടാ .. ഇന്നുമുതൽ ഞാൻ കുഞ്ഞാറ്റയുടെ അമ്മയായി , വേണുവേട്ടൻറെ ഭാര്യയായി അഭിനയിച് ഇവിടെ കഴിഞ്ഞുകൊള്ളാം, അതിൽ കൂടുതൽ ഒരു ഭാര്യയുടെ കടമ എന്നിൽ നിന്നും പ്രതീക്ഷിക്കരുത് ''..
വേണുവിന് എന്ത് പറയണം എന്നറിയില്ലായിരുന്നു . അവൾ പറയുന്നതാണ് കൂടുതൽ ശരിയെന്ന് അയാൾക്ക്‌ തോന്നി .
ജോലിക്ക് പോകാൻ വേണു തയ്യാറായി .. രേണുക അയാൾക്കുള്ള ഭക്ഷണം എടുത്തുവച്ചു . മൂകമായ അന്തരീക്ഷത്തിൽ ചിന്തകളെ കൂട്ടിയും കുറച്ചും നീങ്ങുകയായിരുന്നു അവളുടെ മനസ്സ് .
''രേണു .. ഞാൻ ഇറങ്ങുകയാണ് ''. വേണു പറഞ്ഞു .
അവൾ ഒന്നും മിണ്ടിയില്ല .. മുറിയിൽ നിന്നും ഇറങ്ങിവന്നതുമില്ല . കുറച്ചു നേരം വാതുക്കൽ രേണുവിനെ കാത്തു നിന്നെങ്കിലും മറുപടികിട്ടാതെ വേണു ഓഫീസിലേക്ക് പോകാനായിറങ്ങി .
വീട്ടിലെ ഏകാന്തമായ അന്തരീക്ഷം രേണുവിനെ സേതുവുമായുള്ള ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി .. സേതുവേട്ടൻ ഇപ്പോൾ എന്ത് വിഷമത്തിൽ ആവും . ഒരിക്കൽ കൂടി അദ്ദേഹത്തെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ . രേണുക ഓർത്തു .
ഓഫീസിൽ എല്ലാവരും വേണുവിൻറെ ചുറ്റും എത്തി . ഓരോരുത്തർക്കും ഓരോ വിശേഷങ്ങൾ അറിയണമായിരുന്നു . എല്ലാവരോടും സന്തോഷമായിത്തന്നെ വേണു മറുപടിയും കൊടുത്തു .
''പക്ഷേ വേണു നിനക്ക് പൂർണ്ണമായും ആ കുട്ടിയെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ പറ്റുമോ ? അതിനവൾ സമ്മതിക്കുമോ ? .'' സുഹൃത്തുക്കളിൽ ആരോ ഒരാളുടെ ചോദ്യം വേണുവിനെ ചൊടിപ്പിച്ചുവെങ്കിലും അയാൾക്ക് ഒരു ചിരി സമ്മാനിച്ച് വേണു ഒഴിഞ്ഞു മാറി .
''ഹേയ് അതൊക്കെ വെറുതെയല്ലേ .. ആ കുട്ടി ഒരാളുമായി ഇഷ്ട്ടത്തിലായിരുന്നല്ലോ . അത് വേണുവിനും അറിയാവുന്നതല്ലേ . അത്ര പെട്ടന്ന് അയാളെ മറക്കാൻ ആ കുട്ടിക്ക് കഴിയുമോ . വേണു ശ്രദ്ധിച്ചാൽ കൊള്ളാം ഇല്ലെങ്കിൽ ചിലപ്പോൾ ..!'' സുഹൃത്തുക്കൾ ഓരോരുത്തരും അവിടവിടെയിരുന്നു പറയുന്ന കമൻറുകൾ വേണുവിനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു .
''വേണു സാറേ .''
''എന്താ നന്ദിനി ..''
''സാറെന്തിനാ ആ കുട്ടിയെ ഇങ്ങനെ ശിക്ഷിച്ചത് ?''.
''എന്തുപറ്റി .. ഞാൻ എന്ത് ശിക്ഷയാണ് കൊടുത്തത് ?''.
''സാറിനറിയില്ലായിരുന്നോ രേണു മറ്റൊരാളെ സ്നേഹിക്കുന്നുവെന്ന് ?''.
''അറിയാമായിരുന്നു .. എൻറെ സ്വാർത്ഥതയാവാം ഇതിനെല്ലാം കാരണം . ഇപ്പോൾ തോന്നുന്നു ഒന്നും വേണ്ടായിരുന്നുവെന്ന് . കുഞ്ഞാറ്റയെ ഞാൻ തന്നെ വളർത്തിയാൽ മതിയായിരുന്നു . പാവം രേണു അവൾ എന്തെല്ലാം കുറ്റപ്പെടുത്തലുകൾ കേൾക്കണം .''
'' മറ്റൊരാളെ വിവാഹം ചെയ്യാൻ സാർ ആഗ്രഹിച്ചിരുന്നോ .. ?''.
''ഇല്ല നന്ദിനി .. എല്ലാവരുടേയും നിർബന്ധം കൂടി വന്നപ്പോൾ ഞാനും സമ്മതിച്ചു .''
''എന്ത് ചെയ്യാം എല്ലാം ആ കുട്ടിയുടെ വിധി ..അല്ലാതെ ഞാൻ എന്താ പറയുക . ഓഫീസിൽ എല്ലാവരും സാറിനെ കളിയാക്കുന്നത് കാണുമ്പോൾ ഒരു വിഷമം . സാർ എന്താ ഇത് നേരത്തെ എന്നോടൊന്നു പറയാതിരുന്നത് ?. പറഞ്ഞിരുന്നെങ്കിൽ .!'' നന്ദിനി പാതിയിൽ നിർത്തി .
എന്താണ് നന്ദിനി ഉദ്ദേശിച്ചത് എന്ന് വേണുവിന് മനസ്സിലായില്ല . അയാൾ കുറച്ചുനേരം നന്ദിനിയെ നോക്കി . അവളുടെ കണ്ണ് നിറഞ്ഞിരുന്നോ ?. വേണുവിന് തോന്നി . നന്ദിനിക്ക് തന്നെ ഇഷ്ട്ടമായിരുന്നോ ?. ഒരിക്കൽ തൻറെ സഹപ്രവർത്തകരിൽ ഒരാളായ മനു പറഞ്ഞിരുന്നു . നന്ദിനിക്ക് തന്നോട് എന്തോ ഒരു ഇഷ്ട്ടം ഉണ്ടെന്ന് . അതാവുമോ ഇപ്പോൾ ഇത്രയും സംസാരിച്ചതിൻറെ പൊരുൾ .
ഹേയ് അങ്ങനെയൊന്നുമാവില്ല .. മനുവിന് തോന്നിയതുപോലെ എന്റേയും തോന്നൽ ആവാം . വേണു ഓർത്തു .
വേണു വീട്ടിലേക്കു ഫോൺ ചെയ്തു .
''ഹലോ ''.
''ഞാൻ വേണുവാണ് ''. അവൾ ഒന്ന് മൂളുകമാത്രം ചെയ്തു .
''വൈകിട്ട് നമുക്കൊന്ന് പുറത്തുപോയാലോ ?''.
''വേണ്ട .. ഞാനില്ല '' രേണുകയുടെ എടുത്തടിച്ചതുപോലെയുള്ള മറുപടി വേണുവിനെ വിഷമിപ്പിച്ചു . രേണുക റിസീവർ താഴെവച് . മുറിയിലേക്ക് പോയി.
ഓരോ ദിവസങ്ങൾ വളരെ വിരസമായി ഇഴഞ്ഞു നീങ്ങി . ഒരു വീട്ടിൽ രണ്ടു മുറികളിലായി അവർ കഴിഞ്ഞു . ജോലി സ്ഥലത്തും ഓരോ മുനവച്ചുള്ള സംസാരങ്ങൾ .. കാലങ്ങൾ ഇത്രയുമായിട്ടും രേണുകയും സേതുവും തമ്മിൽ ബന്ധമുള്ളതുകൊണ്ടാണ് അവൾ വേണുവിനെ ഇഷ്ട്ടപ്പെടാത്തതെന്നുവരെ ഓരോരുത്തർ വേണുവിനെ പറഞ്ഞു ധരിപ്പിച്ചു . എല്ലാവരുടേയും വാക്കുകൾ വേണുവും വിശ്വസിക്കാൻ തുടങ്ങി .
വേണുവിനും ജോലി ചെയ്യാൻ ഒരു ഉത്സാഹം തോന്നിയില്ല . അയാൾ ഉച്ചയ്ക്ക് ശേഷം ലീവ് എടുത്തു .
വീട്ടിലേക്ക് പോകാൻ മനസ്സ് അനുവദിച്ചില്ല . തൻറെ സാന്നിദ്ധ്യം രേണു ആഗ്രഹിക്കുന്നില്ല. തന്നെ ഒരു ഭർത്താവായി അവൾ സ്നേഹിക്കുന്നില്ല ..പിന്നെന്തിനാണ് ആർക്കുവേണ്ടിയാണ് കാത്തിരിക്കേണ്ടത്?. ഞാനും ചോരയും നീരുമുള്ള ഒരു പുരുഷനല്ലേ .. സേതുവിനെ മറന്ന് അവൾക്ക് ഇനിയെങ്കിലും തന്നെയൊന്നു സ്നേഹിച്ചുകൂടെ .. അവളെ വിവാഹം ചെയ്തു എന്നൊരു തെറ്റല്ലേ ഞാൻ ചെയ്തിട്ടുള്ളു . ഇപ്പോഴും തന്നെ വേറെ ആരോ ആയിട്ടാണ് അവൾ കാണുന്നത് .
ഇങ്ങനെ ജീവിക്കുന്നതിൽ അർത്ഥമില്ല . കുഞ്ഞാറ്റയുടേയും തന്റേയും കാര്യങ്ങൾ നോക്കുന്ന ഒരു വേലക്കാരിയാക്കാനല്ല അവളെ ഞാൻ വിവാഹം കഴിച്ചത് . ആദ്യമൊക്കെ ആർക്കായാലും രണ്ടാം വിവാഹത്തിന് ഒരു അകൽച്ചയുണ്ടാകും . പക്ഷെ ഇത് എത്ര നാളുകളായി .. എല്ലാം ഇന്ന് തുറന്നു സംസാരിക്കണം എന്നുറപ്പിച്ചു തന്നെ വേണു വീട്ടിലേക്ക് യാത്രയായി .
ഇതേ ചിന്തയിൽ ആയിരുന്നു രേണുവും . തനിക്കുവേണ്ടി ശബ്ദമുയർത്താൻ ഇനി വേണുവേട്ടൻ മാത്രമേ ഉള്ളു . അദ്ദേഹത്തെ ഞാൻ എല്ലാത്തിൽനിന്നും അകറ്റി നിർത്തിയിരിക്കുന്നു . എന്തിനാണ് അങ്ങനെ ? . സേതുവേട്ടൻ തന്നെ മറന്നിരിക്കുന്നു . അല്ലെങ്കിലും ഞാനല്ലേ ആദ്യമേ അദ്ദേഹത്തെ ഉപേക്ഷിച്ചത് ?. അദ്ദേഹം എനിക്ക് നന്മകൾ ആശംസിച് വേറെ വിവാഹം കഴിച് സുഖമായി ജീവിക്കുന്നു . ഇനിയും ഞാൻ വേണുവേട്ടനെ സ്നേഹിച്ചില്ലെങ്കിൽ ഒരുപക്ഷെ അദ്ദേഹത്തേയും കുഞ്ഞാറ്റയ്‌ക്ക്‌ നഷ്ടപ്പെടും . അവൾക്ക് അച്ഛന്റേയും അമ്മയുടേയും സ്നേഹം ലഭിക്കണം .
ഇന്നുമുതൽ ഞങ്ങൾ ഒരുമിച്ചു വേണം കുഞ്ഞാറ്റയെ സ്നേഹിക്കാൻ . രേണുക അന്ന് വേണുവിനെ സ്വീകരിക്കാൻ പതിവിലും ഉത്സാഹവതിയായിരുന്നു.
ഒരു പുഞ്ചിരിയോടെ വേണുവിൻറെ വരവ് പ്രതീക്ഷിച് അവൾ വീടിൻറെ പൂമുഖത്ത് കാത്തിരുന്നു ..

എന്നും നേരത്തെ വരുന്ന വേണു വരാൻ വൈകുന്തോറും രേണുകയിൽ ഭയത്തിൻറെ നിഴൽപാടുകൾ വീണു തുടങ്ങി .
''എന്തായിരിക്കും വേണുവേട്ടൻ വരാൻ താമസിക്കുന്നത് ? സമയം ഒരുപാടായല്ലോ ? ഇത്രയും വൈകാറില്ലല്ലോ ? എന്തുപറ്റിയോ ആവോ ?..'' രേണുകയുടെ ക്ഷമ നശിച്ചു തുടങ്ങി .അവൾ ഫോൺ എടുത്ത് വേണുവിനെ വിളിച്ചു . ഫോൺ റിംഗ് ചെയ്യുന്നതല്ലാതെ എടുത്തില്ല . അത് അവളുടെ ഭയത്തെ കൂട്ടുകയാണ് ചെയ്തത് ?. ഇത്രയും നാളും വേണു എപ്പോൾ വരുന്നോ പോകുന്നോ എന്നതിനെക്കുറിച് യാതൊരു ചിന്തയുമില്ലാതിരുന്ന രേണുകയ്ക്ക് ഇന്ന് വല്ലാതെ മനസ്സ് പിടയ്ക്കുകയായിരുന്നു .
കുഞ്ഞാറ്റ സ്കൂളിലെ ഹോംവർക് ചെയ്യാൻ രേണുകയുടെ അടുത്തു വന്നെങ്കിലും അവൾക്ക് അതിൽ ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല .
''മോളൊരു കാര്യം ചെയ്യൂ .. വായിച്ചു പഠിക്കു അച്ഛൻ വന്നിട്ട് ഹോംവർക് പറഞ്ഞു തരാട്ടോ ''.
''എന്താ അമ്മേ അച്ഛൻ വരാൻ വൈകുന്നത് ?''
''അറിയില്ല മോളേ .. മോള് പോയിരുന്നു പഠിക്ക് . 'അമ്മ കുറച്ചു സമയം കൂടി ഇവിടെയിരിക്കട്ടെ .''
ഗേറ്റ് കടന്ന് വേണുവിൻറെ കാറ് വരുന്നത് കണ്ടപ്പോൾ രേണുകയ്ക്ക് ആശ്വാസമായി . അവൾ വേഗം തന്നെ കാറിൻറെ അരികിലേക്ക് ചെന്നു .
വേണു അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറിപ്പോയി . വേണുവിൻറെ പെരുമാറ്റം രേണുകയ്ക്ക് സങ്കടമായെങ്കിലും തൻറെ ഭാഗത്തു നിന്നും അദ്ദേഹത്തിന് ഉണ്ടായ അവഗണനയുടെ ലേശം പോലുമില്ല ഇതെന്ന് രേണുക സമാധാനിച്ചു . താനിന്നനുഭവിച്ച വേദനയുടെ എത്രയോ ഇരട്ടിയാവാം വേണുവേട്ടൻ ഇത്രയും കാലം അനുഭവിച്ചത് . പാവം വേണുവേട്ടൻ . താനിത്രയും ക്രൂരയാവാൻ പാടില്ലായിരുന്നു . രേണുക ഓർത്തു .
വേഗം തന്നെ അവൾ ചായയുമായി വേണുവിൻറെ മുറിയിലേക്ക് ചെന്നു .
''വേണുവേട്ടാ ഇതാ ചായ ''.
''സാധാരണ ടേബിളിൽ എടുത്ത് അടച്ചു വയ്ക്കാറാണല്ലോ പതിവ് ഇന്നെന്താ ഒരു പുതുമ ?''.
''അത് ! വേണുവേട്ടൻ ഇന്ന് വൈകിയല്ലേ വന്നത് . എടുത്തു വച്ചിരുന്ന ചായ തണുത്തു . അതാ ഞാൻ ! ''. അവൾ നിർത്തി .
''എനിക്ക് ഇന്ന് ചായ വേണ്ട . ഭക്ഷണവും വേണ്ട , ഞാൻ പുറത്തു നിന്ന് കഴിച്ചു . നിങ്ങൾ കഴിച് കിടന്നോളു ''.
രേണുവിന്‌ എന്ത് പറയണം എന്നറിയില്ലായിരുന്നു . അവൾ കുറച്ചു നേരം കൂടി അവിടെ നിന്നു .
''എന്തിനാ ഇവിടെയിങ്ങനെ നില്ക്കുന്നത് ? . പൊയ്ക്കോളൂ . എനിക്കൊന്നു കിടക്കണം .'' വേണു പറഞ്ഞു .
ഒരിക്കൽ തന്നോട് കൂടുതൽ സംസാരിക്കുമായിരുന്നെങ്കിലും അതൊന്നും അന്ന് ഞാൻ ശ്രദ്ധിച്ചിരുന്നില്ല . ഇപ്പോൾ അദ്ദേഹത്തിൻറെ കൂടെ സംസാരിച്ചിരിക്കാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു .
എൻറെ രീതികളെ ഇത്രയും കാലം മനസ്സിലാക്കിയതുകൊണ്ടാവാം അദ്ദേഹം ഇപ്പോൾ എന്നിൽ നിന്നും അകലാൻ ശ്രമിക്കുന്നത് . രേണുക തൻറെ ഭൂതകാലത്തിലെ പെരുമാറ്റങ്ങൾ ഓരോന്നും ഓർത്ത് പശ്ചാത്തപിച്ചു .
'' അമ്മേ അച്ഛൻ വന്നല്ലോ .. ഇനി ഹോംവർക് പറഞ്ഞു താ ''. കുഞ്ഞാറ്റ അവൾക്കരികിലേക്ക് ഓടി വന്നു . അപ്പോൾ രേണുകയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു .
''അമ്മ എന്തിനാ കരയുന്നത് ? അച്ഛൻ വഴക്കു പറഞ്ഞോ ?''.
''ഹേയ് ഒരിക്കലുമില്ല മോളേ .. മോളുടെ അച്ഛൻ അമ്മയെ എന്നും ചിരിപ്പിക്കാൻ ശ്രമിച്ചിട്ടേയുള്ളു .. പക്ഷേ അന്നൊന്നും 'അമ്മ ചിരിച്ചില്ല .. ആ ചിരിയെല്ലാം ഇന്ന് കരച്ചിലായി മാറിയതാണ് ''.
രേണു പറഞ്ഞതൊന്നും കുഞ്ഞാറ്റയ്‌ക്ക്‌ മനസ്സിലായില്ല . അവൾ കുഞ്ഞാറ്റയേയും കൊണ്ട് മുറിയിലേക്ക് പോയി . കുഞ്ഞാറ്റ ഉറക്കം പിടിച്ചു . രേണുകയ്ക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല . അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു . വേണുവേട്ടൻ ഇപ്പോൾ ഉറങ്ങിക്കാണുമോ ?. എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞൊന്ന് പൊട്ടിക്കരയണം എന്നവൾക്ക് തോന്നി .
എല്ലാ ദിവസവും വേണുവേട്ടൻറെ വീട്ടിൽനിന്നും വിളിക്കാറുണ്ടായിരുന്നു . ഇപ്പോൾ കുറച്ചു ദിവസമായിട്ട് അതും ഇല്ല എന്നുള്ള കാര്യം അപ്പോഴാണ് രേണുക ഓർത്തത് . എന്തായിരിക്കും അവരും എന്നെ മറന്നോ ?. അതോ ഒരിക്കൽപോലും അവരെ അന്വഷിക്കാത്തതുകൊണ്ടാണോ ?. നാളെയാവട്ടെ വീട്ടിലേക്ക് വിളിക്കണം എന്ന് രേണുക തീരുമാനിച്ചു .
സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയായിരുന്നു . ഉറങ്ങാതെയിരുന്ന് ഒരു തരത്തിൽ അവൾ നേരം വെളുപ്പിച്ചു . വേഗം കുളിച് അവൾ അടുക്കളയിൽ കയറി . അന്നാദ്യമായി അവൾ മനസ്സ് നിറഞ്ഞ സന്തോഷത്തോടെ വേണുവിന് ഭക്ഷണം തയ്യാറാക്കി . വിവാഹം കഴിഞ്ഞു വേണു വാങ്ങി കൊടുത്ത സാരിയായിരുന്നു അന്നവൾ ഉടുത്തത് . ഒരുപാടു പ്രാവശ്യം ഈ സാരിയുടുക്കാൻ വേണുവേട്ടൻ ആവശ്യപ്പെട്ടെങ്കിലും തൻറെ ഉള്ളിലെ ധാർമ്മിക രോഷം അതിനനുവദിച്ചില്ല . ഇന്ന് ഈ വേഷത്തിൽ കാണുമ്പോൾ അദ്ദേഹത്തിന് സന്തോഷമാകും . അവളുടെ മുഖം നാണംകൊണ്ട് തുടുത്തു . അവളുടെ മനസ്സ് വേണുവിൻറെ അരികിലേക്ക് പാഞ്ഞു .
അവൾ വേഗം തന്നെ ചായയുമായി മുറിയിലേക്ക് ചെന്നു . വേണു അപ്പോഴേക്കും പ്രഭാത സവാരിക്ക് ഇറങ്ങിയിരുന്നു .
''എന്താ ?'' വേണു ചോദിച്ചു .
''വേണുവേട്ടൻ എന്താ ഇത്ര നേരത്തെ ഇറങ്ങിയത് ? ചായ കുടിക്കുന്നില്ലേ ?''.
''അവിടെ വച്ചേക്കു ''. ഇത്രയും പറഞ്ഞയാൾ ഇറങ്ങിപ്പോയി .
രേണുകയുടെ ശരീരം തളരുന്നതുപോലെ തോന്നി . താൻ ചെയ്ത തെറ്റുകൾക്ക് എത്രത്തോളം വിദ്വേക്ഷമാണ് അദ്ദേഹത്തിൽ നിറച്ചിരിക്കുന്നത് . ഇനി എങ്ങനെ തന്റെയുള്ളിലെ സ്നേഹം അദ്ദേഹത്തിന് തിരികെ നൽകും . ഇതിനെക്കുറിച് ഇനിയരോടാണ് മനസ്സ് തുറക്കുക . അദ്ദേഹം തനിക്കൊരേറ്റു പറച്ചിലിനായി അവസരം തരാതെ എന്നിൽ നിന്നും അകന്നു പോകുന്നു .
സേതുവിനെ മറന്ന് വേണുവിൻറെ മുന്നിൽ തലകുനിച്ചു കൊടുത്തപ്പോൾ മനസ്സു നിറയെ വേണുവിനോടുള്ള പകയായിരുന്നു . എന്നാൽ എല്ലാം വെറുതെയാണ് , ജീവിതം ഒന്നേയുള്ളു . അത് ദൈവം വിധിച്ചത് പോലെയേ നടക്കുകയുള്ളു എന്ന് മനസ്സിലാക്കി താൻ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ ഒരുപാട് വൈകിപ്പോയോ എന്ന് രേണുവിന്‌ തോന്നി .
അവൾ വേണുവിൻറെ വീട്ടിലേക്ക് വിളിച്ചു .
'' അമ്മേ ഞാനാണ് രേണു ''.
''എന്താ രേണു ''.
''വെറുതെ വിളിച്ചതാണ് , കുറച്ചു ദിവസമായിട്ട് അമ്മയുടെ വിളി വന്നില്ല അതാ ഞാൻ വിളിച്ചത് ''.
''ഓ ..അതോ ഞാൻ വേണുവിനെ വിളിക്കാറുണ്ട് . വിവരങ്ങളെല്ലാം അവൻ പറഞ്ഞറിയുന്നുണ്ട് . പിന്നെന്തിനാ കുട്ടിയെ വിളിച് ശല്യം ചെയ്യുന്നത് എന്ന് കരുതി ''.
അമ്മയുടെ വാക്കുകളിൽ നിറയെ തന്നോടുള്ള പരിഭവമാണെന്ന് രേണുവിന്‌ മനസ്സിലായി .
''കുട്ടീ .. ജീവിതം ഉള്ളു . അത് വിധിച്ചപോലെ സംഭവിക്കു . നമ്മളായിട്ട് മാറ്റം എന്ന് വിചാരിച്ചാൽ നടക്കുമോ ?. കുട്ടിക്ക് ഒരു ജീവിതം ഉള്ളത് ഇങ്ങനെയൊക്കെ സംഭവിച്ചു . അതിൽ രേണുവിൻറെ വീട്ടുകാർക്കും , ഞങ്ങൾക്കും പറ്റിയ തെറ്റാണ് . തിരുത്താൻ കഴിയുന്ന തെറ്റുകൾ വളരെ കുറവാണ് . കൈവിട്ടുപോയാൽ തിരിച്ചു പിടിക്കാൻ വലിയ ശ്രമം നടത്തേണ്ടി വരും മോളെ .. ഇതിൽക്കൂടുതൽ ഈ അമ്മയ്ക്ക് എങ്ങനെ പറയണം എന്നറിയില്ല .''
രേണു എല്ലാം കേട്ട് ഉരുകുകയായിരുന്നു . 'അമ്മ എന്താണ് പറഞ്ഞു വന്നത് എൻറെ ജീവിതം ഞാൻ തന്നെ തകർത്തുവെന്നോ .. അതോ വേണുവേട്ടൻ എന്നിൽ നിന്നും അകന്നു പോകുന്നു വെന്നോ ..? എന്താവാം .
അവളുടെ മനസ്സ് വിങ്ങി വിങ്ങി ഒരു തീക്കനലായി മാറുകയായിരുന്നു .
ചേച്ചിയുടെ ജീവനായിരുന്ന വേണുവേട്ടനെ താനൊരിക്കലും ഈ വിധം വേദനിപ്പിക്കാൻ പാടില്ലായിരുന്നു . ചേച്ചിയുടെ ആത്മാവ് തന്നോട് പൊറുക്കുമോ ? . അവൾ ഓരോന്ന് ഓർത്ത് കരഞ്ഞുകൊണ്ടിരുന്നു .
''ഇവിടെയാരുമില്ലേ ..?''.
പുറത്തൊരു സ്ത്രീ ശബ്ദം . അവൾ വേഗം മുഖം കഴുകി പുറത്തേക്കിറങ്ങി ചെന്നു .
''ആരാ ? മനസ്സിലായില്ലല്ലോ ?'' രേണുക ചോദിച്ചു .
'' രേണുകയല്ലേ ?''.
'' അതേ .. കുട്ടിയാരാണ് ?''.
'' ഞാൻ വേണു സാറിൻറെ കൂടെ ജോലി ചെയ്യുന്നു , എന്റെ പേര് നന്ദിനി ''.
''വേണുവേട്ടൻ ഓഫീസിൽ പോയല്ലോ .. ''
'' ഉവ്വ് ഞാൻ കണ്ടിരുന്നു .''
പിന്നെന്താണ് ഇപ്പോൾ ഇങ്ങോട്ട് വന്നത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു . പക്ഷെ അവൾ ഒന്നും ചോദിച്ചില്ല .
''നന്ദിനി വരൂ .. ഇരിക്കു ''.
''എന്താ .. നന്ദിനി വന്നത് ?''.
''രേണുവും കുഞ്ഞും എൻറെ കൂടെ ഒരിടം വരെ വരണം .''.
''എങ്ങോട്ട് ?. വേണുവേട്ടൻ വന്നിട്ട് മതിയോ ?''.
''അല്ല .. ഇപ്പോൾത്തന്നെ ഇറങ്ങണം .''
''എന്താ ?.. എന്താ എൻറെ വേണുവേട്ടന് എന്തെങ്കിലും അപകടം പറ്റിയോ ?. ഒന്ന് വേഗം പറയൂ ?''. അവൾ കരച്ചിലിൻറെ വക്കോളം എത്തിയിരുന്നു .
നന്ദിനി ഒന്നും മിണ്ടിയില്ല . വേഗം തന്നെ നന്ദിനിക്കൊപ്പം രേണുവും കുഞ്ഞും ഇറങ്ങി .
രേണുകയുടെ മനസ്സ് പിടയുകയായിരുന്നു . അവൾ ദൈവത്തിനെ വിളിച്ചുകൊണ്ടേയിരുന്നു . ''ഈശ്വരാ എൻറെ വേണുവേട്ടന് ഒന്നും സംഭവിക്കരുതേ .. വേണുവേട്ടന് ഒരാപത്തും കൂടാതെ തിരിച്ചു തരണേ .'' രേണുകയിലെ ഭാവമാറ്റങ്ങൾ നന്ദിനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു . അവളുടെ മുഖത്തും രേണുകയോടുള്ള സഹതാപമായിരുന്നു .
''നന്ദിനി നിങ്ങൾ എന്നെ എവിടേക്കാണ് കൊണ്ടുപോകുന്നത് ? . എൻറെ വേണുവേട്ടൻ എവിടെയാണ് ?''.
''ദാ ഇപ്പോൾ എത്തും രേണു . വിഷമിക്കാതെയിരിക്കു .''
''ഞാൻ എങ്ങനെ വിഷമിക്കാതെയിരിക്കും നന്ദിനി . വേണുവേട്ടൻ ഇത്രയും നാളും എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ സംരക്ഷിച്ചു . അപ്പോഴൊന്നും ഞാൻ അദ്ദേഹത്തിന് വേണ്ടത്ര പരിഗണന കൊടുത്തില്ല . പക്ഷേ ഇപ്പോൾ അദ്ദേഹത്തെ ഞാൻ പൂർണ്ണമായും സ്നേഹിക്കുന്നു . എന്നെത്തന്നെ അദ്ദേഹത്തിന് സമർപ്പിക്കാൻ തയ്യാറാകുന്നു . എന്നാൽ എന്നോട് മിണ്ടാൻ കൂടി താല്പര്യമില്ലാതെ എന്നിൽ നിന്നും അകലാൻ ശ്രമിക്കുന്നു . എനിക്ക് അദ്ദേഹത്തെ വേണം നന്ദിനി .''
ഇനി എന്ത് പറയണം എന്നറിയാതെ നന്ദിനി വിഷമിച്ചു . തന്നെ ഏൽപ്പിച്ച ദൗത്യം ചെയ്യാതിരിക്കാൻ കഴിയില്ല . പക്ഷെ രേണുകയുടെ മനസ്സ് ഇടറിത്തുടങ്ങിയിരുന്നു . അത് അറിയേണ്ടയാൾ അറിയാതെ പോയിരിക്കുന്നു . എന്താകും രേണുവിൻറെ ഇനിയുള്ള അവസ്ഥ . ''ഈശ്വരാ ശക്തി തരണേ ''. നന്ദിനി മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു .
ടൗണിൽ നിന്നും മാറി ഒരു ഗ്രാമത്തിലേക്ക് വണ്ടി എത്തി . അവിടെ മനോഹരമായ ചെറിയ ഒരു വീടിൻറെ മുന്നിൽ വണ്ടി നിന്നു . രേണുക ചുറ്റുപാടും നോക്കി .
''ഇതെവിടാണ് , ഇവിടെയാണോ വേണുവേട്ടൻ ?''.
'' രേണു വരൂ ....നമുക്ക് അകത്തേക്ക് പോകാം ''.
അവൾ കുഞ്ഞാറ്റയേയും ചേർത്തു പിടിച് നന്ദിനിയുടെ പുറകെ പോയി .
അവിടെ രേണുവിൻറെ അച്ഛനും , അമ്മയും , വേണുവിൻറെ വീട്ടുകാരും ഉണ്ടായിരുന്നു . കൂടാതെ എന്നോ ഒരിക്കൽ രേണു കാണണമെന്നാഗ്രഹിച്ച ഇനി ഒരിക്കലും കാണരുതേ എന്നാഗ്രഹിച്ച സേതുവും അവിടെയുണ്ടായിരുന്നു . പക്ഷെ രേണുവിൻറെ മനസ്സ് പൂർണ്ണമായും സേതുവിനെ മറന്നു കഴിഞ്ഞിരുന്നു . അതുകൊണ്ട് അവൾ സേതുവിനേയും അയാളുടെ കൂടെ നിന്ന പെൺകുട്ടിയേയും ശ്രദ്ധിച്ചില്ല . അവളുടെ കണ്ണുകൾ വേണുവിനെ പരതുകയായിരുന്നു.
ഭയംകൊണ്ട് അവളുടെ മുഖത്തെ ഞരമ്പുകൾ വലിഞ്ഞുമുറുകി .
''മോളേ രേണു ..'' അച്ഛൻ വിളിച്ചു .
''എന്താ അച്ഛാ ..'' ഞെട്ടി അവൾ അച്ഛനെ നോക്കി .
''മോള് ഞാൻ പറയുന്നത് സമാധാനമായി കേൾക്കണം . ഞാൻ പറഞ്ഞതനുസരിച് നീ വേണുവുമായുള്ള വിവാഹത്തിന് സമ്മതിച്ചു . പക്ഷേ അതോടെ നിങ്ങൾ രണ്ടുപേരുടേയും ജീവിതം തകരുകയാണ് ചെയ്തത് . നീ ഒരിക്കൽ പോലും വേണുവിനെ സ്നേഹിച്ചിട്ടില്ല . ഇനിയും നീ അവനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതിൽ അർത്ഥമില്ല . നീ സ്നേഹിച്ച സേതുവും വിവാഹം ചെയ്ത് സുഖമായി ജീവിക്കുന്നു . എന്നിട്ടും നിനക്ക് ആരോടാണ് ഈ പക . അതുകൊണ്ട് ഞങ്ങൾ എല്ലാവരും കൂട്ടായി ഒരു തീരുമാനത്തിൽ എത്തി . നിന്നെ ഞങ്ങൾ കൊണ്ടുപോകുകയാണ് . വേണു സമാധാനമായി ജീവിക്കട്ടെ.''
രേണുകയുടെ തലയ്ക്കുള്ളിൽ മിന്നലുകൾ പോലെ .. തൻറെ ചുറ്റും നിൽക്കുന്നത് പിശാചുക്കളാണോ ? . ഭ്രാന്തമായി എല്ലാവരും അവളുടെ ചുറ്റും അട്ടഹസിക്കുകയാണെന്ന് അവൾക്ക് തോന്നി . എല്ലാവരും തന്നെ കൈവിട്ടിരിക്കുന്നു . വേണുവേട്ടനും വേറൊരു ജീവിതം ആഗ്രഹിക്കുന്നു . ഇനി എന്തിനാണ് എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത് ? . എല്ലാവരിൽ നിന്നും ഒരൊളിച്ചോട്ടത്തിനായി അവളുടെ മനസ്സ് ആഗ്രഹിച്ചു .
ഒരു ഭ്രാന്തിയെപ്പോലെ അവൾ ഓടി .. വേണു അവളെ കടന്നു പിടിച്ചെങ്കിലും അവളുടെ ബോധമണ്ഡലത്തിൽനിന്നും എല്ലാ മുഖങ്ങളും മറഞ്ഞിരുന്നു . അവൾ തളർന്നു വേണുവിൻറെ മാറിലേക്ക് ചേർന്നു കിടന്നു .
എല്ലാം മനസ്സിലാക്കി ജീവിതത്തിലേക്ക് തിരിച്ചു വന്ന രേണുകയ്ക്ക് വേണുവിനെ പിരിയണമെന്നുള്ള വാക്കുകൾ മനസ്സിനേറ്റ മുറിവായിരുന്നു .
അവളുടെ ഈ മാറ്റത്തിൽ വേണുവിന്റെ മനസ്സ് പിടഞ്ഞു . ഇനിയും രേണുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാം എന്ന വിശ്വാസം കൈവിട്ടതുപോലെയായി . അയാൾ ആകെ തളർന്നു .
***
ആശ്രമത്തിൻറെ കവാടം കടന്ന് വേണുവിൻറെ കാറ് വരുന്നത് രേണുക കണ്ടു . ആനന്ദത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി .
അവളുടെ മനസ്സ് ഇന്ന് ശാന്തമാണ് . വേണുവിനോടുള്ള സത്യമായ സ്നേഹം മാത്രമേ അവളിലുള്ളു . ഓരോ പ്രാവശ്യവും വേണു അവളെ കാണാൻ വന്നു പോകുമ്പോഴും , അവളിലെ സ്നേഹം കൂടി വന്നുവെങ്കിലും തൻറെ ഈ അവസ്ഥയിൽ വേണുവിനെ വീണ്ടും വേദനിപ്പിക്കാൻ അവൾ തയ്യാറായില്ല .
വേണു അരികിലേക്ക് വരുമ്പോൾ അറിയാത്ത ഭാവത്തിൽ അവൾ പെരുമാറിയിരുന്നതും അതുകൊണ്ടായിരുന്നു . എന്നാൽ ഇപ്പോൾ അവൾ ശാന്തമാണ് . തന്നോടുള്ള അദ്ദേഹത്തിൻറെ സ്നേഹം സത്യമാണ് . താനല്ലാതെ ഇനി അദ്ദേഹത്തിൻറെ ജീവിതത്തിൽ മറ്റൊരു പെണ്ണിന് സ്ഥാനമില്ല . അതിന് വേണു സമ്മതിക്കില്ല എന്ന് രേണുവിന് മനസ്സിലായി .
''ഞാൻ കാരണമാണ് അവൾക്ക് ഇങ്ങനെ സംഭവിച്ചത് . ഇനിയും അവളെന്നിൽ നിന്ന് അകന്നു നില്ക്കാൻ പാടില്ല . എന്നെ മനസ്സിലായില്ലെങ്കിലും സാരമില്ല ഡോക്ടർ ഞാൻ അവളെ കൊണ്ടുപോകുവാണ് . അവളെ ഞാൻ സുരക്ഷിതമായി നോക്കിക്കോളാം . ''
''വേണു ആ കുട്ടി സമ്മതിക്കുമെങ്കിൽ നിങ്ങൾക്ക് കൊണ്ടുപോകാം . ഇപ്പോൾ പ്രാർത്ഥനയ്ക്കുള്ള സമയമായി , ഇന്ന് നിങ്ങളും ഈ പ്രാർത്ഥനയിൽ പങ്കെടുക്കു . ഭഗവാനോട് പ്രാർത്ഥിക്കു ആ കുട്ടിയുടെ മനസ്സ് ശാന്തമാകാൻ .'' ആശ്രമത്തിലെ ഡോക്ടർ വേണുവുമായി പ്രാർത്ഥനാ മുറിയിലേക്ക് പോയി .
''എന്തിനാണ് നിങ്ങൾ കരയുന്നത് ? രേണുകയ്ക്ക് എന്ത് സംഭവിച്ചു ? അവൾ എന്തെങ്കിലും അവിവേകം കാണിച്ചോ ? ''. കഥ കേട്ടുകൊണ്ടിരുന്ന ആശ്രമത്തിലെ അന്തേവാസിയായിരുന്ന രാധ രേണുവിനോട് ചോദിച്ചു .
'' ഒരിക്കലുമില്ല അവളുടെ മനസ്സ് ഇന്ന് ശാന്തമാണ് . എല്ലാം മറന്ന് ഇന്നവൾ വേണുവിൻറെ കൂടെ ജീവിക്കാൻ തയ്യാറാകുന്നു .'' രേണുക അവരോട് പറഞ്ഞു .
''ഹാവു സമാധാനമായി , മറ്റെന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ പാവം വേണു ജീവിതകാലം മുഴുവൻ ദുഃഖിക്കേണ്ടിവരുമായിരുന്നുവല്ലേ ?''.
''അതെ എന്നും ദുഃഖം മാത്രമേ അദ്ദേഹത്തിന് ഉണ്ടായിട്ടുള്ളൂ . ഇനിയെങ്കിലും അദ്ദേഹം സന്തോഷമായി ജീവിക്കണം .'' രേണുക പറഞ്ഞു .
രേണുകയുടെ അരികിലേക്ക് ഡോക്ടറും വേണുവും വന്നു .
''കുട്ടിക്ക് ഇതാരാണെന്ന് മനസ്സിലായോ ?''.
രേണുക വേണുവിനെ നോക്കി ചിരിച്ചു . വേണുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി . ഡോക്ടറുടെ മുഖത്തും പുഞ്ചിരി . പാവം രാധ ഒന്നും മനസ്സിലാകാതെ എല്ലാവരേയും നോക്കി നിന്നു . എന്താണ് ഇവിടെ സംഭവിക്കുന്നത് ? ഇവർ ആരൊക്കെയാണ് ?. എന്തിനാണ് ഈ കുട്ടിയോട് അറിയുമോ എന്ന് ചോദിക്കുന്നത് ?. രാധയ്ക്ക് ഒന്നും മനസ്സിലായില്ല .
''പറയു ആരാണ് ?'' ഡോക്ടർ വീണ്ടും ചോദിച്ചു .
''എൻറെ വേണുവേട്ടൻ ''.. രേണുക ചിരിച്ചുകൊണ്ടു പറഞ്ഞു .
''അപ്പോൾ കുട്ടിയായിരുന്നോ എന്നോട് പറഞ്ഞ കഥയിലെ രേണുക ''. രാധ ചോദിച്ചു.
''അതേ .. ഞാൻ തന്നെയാണ് രേണുക .. ഇന്ന് ഞാൻ സന്തോഷവതിയാണ് . '' രേണുക പറഞ്ഞു .
''എനിക്കും മനസ്സു നിറഞ്ഞു രേണുകേ .. നീ പറഞ്ഞു തന്ന കഥയിലെ രേണുകയെ കാണണമെന്നൊരാഗ്രഹമുണ്ടായിരുന്നു . അത് എൻറെ ഈ പ്രിയപ്പെട്ട കൂട്ടുകാരിയാണെന്നറിഞ്ഞപ്പോൾ സന്തോഷം .'' .
'' വേണു ഇത്രയും നാളത്തെ ബന്ധം കൊണ്ട് രേണുവിനെ ഞാൻ അറിഞ്ഞു . അവരുടെ മനസ്സ് മുഴുവൻ നിങ്ങളോടുള്ള സ്നേഹമാണ് . ഇനിയൊരിക്കലും രേണു നിങ്ങളിൽനിന്നും പിരിഞ്ഞുപോകില്ല .'' രാധ വേണുവിനോടായി പറഞ്ഞു .
വേണുവിനും സന്തോഷമായി .. രേണുക എന്നെന്നേക്കുമായി ഭൂതകാലദുഃഖത്തിൻറെ പങ്കായം ആഴക്കടലിലേക്ക് വലിച്ചെറിഞ്ഞു . വേണു അവളെ അയാളോട് ചേർത്തു നിർത്തി .

അവർ പുതിയൊരു ജീവിതത്തിലേക്ക് നടന്നു കയറി . വേണുവിൻറെ 'അമ്മ നിലവിളക്ക് രേണുവിൻറെ കയ്യിൽ കൊടുത്തു . പ്രാർത്ഥനയോടെ ആത്മാർത്ഥമായി വലതുകാൽ വച്ചവൾ വീട്ടിലേക്ക് കയറി .