Saturday 30 April 2016

ഒരു യാത്ര

ചരിത്രമുറങ്ങുന്ന താഴ് വര യിലൂടെ ..
ഇന്നലെ ഞാനൊരു യാത്ര പോയി ..
മാവേലി വാണൊരു കാലം കണ്ടു ..
മാലോകരെല്ലാരും ഒന്നുപോലെ ...
പിന്നെയും പോയി ഞാൻ ഏറെ ദൂരം ...
ദ്വാരകാപുരിയിലും എത്തിയല്ലോ ..
കണ്ണനെ കണ്ടു രാസലീല കണ്ടു ..
യമുനയും കടന്നു ഞാൻ പോന്നുവല്ലോ ..
അങ്ങനെ നില്ക്കുന്ന നേരമെന്നിൽ ..
ഭാരത കഥയുടെ ചുരുളഴിഞ്ഞു ...
കള്ളവും, ചതിയും നിറഞ്ഞ ലോകം ..
നന്മകള്‍ തിന്മകളായി മാറി ..
ചന്തമുള്ളോരു പെണ്ണിനാലേ അവിടൊരു ..
കുരുക്ഷേത്ര യുദ്ധമുണ്ടായ്...
പിന്നെയും നീങ്ങി ഞാൻ മടുത്തിടാതെ..
കേരളകരയിലും എത്തിനിന്നു ..
കലാപങ്ങൾ ഒന്നൊന്നായി തെളിഞ്ഞു വന്നു ..
വെട്ടിയ കബന്ധങ്ങൾ കോമരം തുള്ളുകയായ്..
കണ്ണുകൾ പൂട്ടി ഞാൻ ഓടി ദൂരം ...
ഇന്നിന്റെ താഴ് വര യിൽ വന്നു നിന്നു..
പന്തിരു കുലത്തിൻറെ കഥകള്‍ മാറി
അവിടെയിന്നോ മനുഷ്യ മൃഗങ്ങളുടെ കേന്ദ്രമത്രേ..
അച്ഛനും അമ്മയും മക്കളുമായ് ബന്ധങ്ങളില്ല ..
വെറും ബന്ധനങ്ങൾ ...
കാമവും കോപവും നാള്‍ക്കു നാളേറിടുമി..
ചുടലക്കളത്തിലെ നശിച്ച ഗന്ധം...
ഇനി വരും തലമുറയുടെ തളിർ നാമ്പിനെ..
വിടരുവാനാകാതെ കരിച്ചിടുന്നു...
ഒന്നും കാണുവാനാകാതെ ഞാൻ തിരിഞ്ഞീടുമ്പോൾ..
എങ്ങു നിന്നോ ഒരു തേങ്ങൽ കേട്ടു..
ഓടിച്ചെന്നു ഞാൻ നോക്കും നേരം ...
സർവ്വം സഹയാം എൻ ഭൂമി മാതാ ..
ആത്മാഹൂതിയ്ക്കായ് അഗ്നിയെ കൂട്ടീടുന്നു..
അരുതെന്ന് തടയുവാൻ ആയിടാതെ ..
ഞാനുമാ തീയിൽ വെന്തുപോയി ..
മാലോകരെ നിങ്ങൾ ഓർത്തുകൊള്‍ക ..
നാശത്തിൻ കാലം അടുത്തു തന്നെ .....

Friday 22 April 2016

പെയ്തൊഴിയാതെ ആ സ്നേഹം .......



'ജാസ്മിൻ' അതായിരുന്നു അവളുടെ പേര് ..പേര് പോലെ തന്നെ സുന്ദരി ആയിരുന്നു അവള്‍ ... കൂട്ടുകാരുടെ ഇടയിലും അവളെ ഇഷ്ട്ടമില്ലാത്തവർ ആരും തന്നെയില്ല ...വലിയ വട്ടപൊട്ടും തൊട്ട് വരുന്ന ആ സുന്ദരിയെ ഞങ്ങൾക്ക് പെരുത്തിഷ്ട്ടമായിരുന്നു ...ആ വലിയ വട്ടപൊട്ട് അതായിരുന്നു അവളിലെ പ്രത്യേകത ... ഇപ്പോൾ നിങ്ങള്‍ ചോദിക്കും ഇതിലെന്താ പ്രത്യേകത എന്ന് ..കാര്യമുണ്ട് അതൊരു പ്രതികാരത്തിൻറെ ചിന്ഹമായാണ് ആ വലിയ പൊട്ട് ..ഒരു പൊട്ടിൽ കൂടി പ്രതികാരമോ എന്ന് നിങ്ങള്‍ ചോദിക്കാം ....അങ്ങനെയും ഉണ്ട് ഒരു പ്രതികാരം എന്ന് അവള്‍ പറഞ്ഞപ്പോഴാണ് ഞാനും അറിഞ്ഞത്..
ജാസ്മിൻ എന്ന പേര് കേട്ടപ്പോള്‍ ഞാൻ കരുതി അവൾ ക്രിസ്ത്യാനി ആണെന്ന് , തലയിൽ കൂടി ഷാൾ പുതച്ചപ്പോൾ അവള്‍ മുസ്ലീം ആണെന്ന് തോന്നി.. പിന്നെ അവളുടെ ആ വലിയ പൊട്ട് അത് കണ്ടപ്പോള്‍ എനിക്ക് തോന്നി മുസ്ലീം അല്ല അവർ ഇതുപോലെ വലിയ പൊട്ട് തൊട്ട് ഞാൻ കണ്ടിട്ടില്ല ..ഇവളിലെ ഈ പ്രത്യേകതകൾ എന്നെ എന്നും അത്ഭുതപ്പെടുത്തികൊണ്ടിരുന്നു ...വലിയ പൊട്ട് തൊട്ട് തലയിൽ കൂടി ഷാൾ പുതച്ചു വരുന്ന ആ സുന്ദരിയ്ക്കും ഉണ്ടായിരുന്നു ..ഒരു കണ്ണ് നീരിൻറെ കഥ പറയാൻ......
എന്നും അവളുടെ മുഖത്ത് സങ്കടത്തിന്റെ നിഴലാട്ടം ഞാൻ ശ്രദ്ധിച്ചിരുന്നു...ഒരു ദിവസം ഞാൻ അവളോട്‌ ചോദിച്ചു.. "ജാസ്മിൻ നീ എന്താ എപ്പോഴും മൌനമായിരിക്കുന്നത് ? എന്താ നിനക്ക് ഇത്ര സങ്കടം?"..
അവൾ എന്നെ നോക്കി .... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു .. ആ കണ്ണ് നീർ മുത്തുകൾ ഞാൻ തുടച്ച് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു . അവൾ എൻറെ കൈയ്യിൽ പിടിച്ച് പറഞ്ഞു .." എൻറെ കഥ ഞാൻ നിന്നോട് പറയാം ..."
ഈ കഥയിൽ ഇനി ഞാൻ ആരുമല്ല ഇനി ജാസ്മിന്റെ ലോകം മാത്രം....
സമൂഹത്തിൽ തരക്കേടില്ലാത്ത രണ്ടു കുടുംബമായിരുന്നു ജാസ്മിന്റെ അച്ഛന്റെയും അമ്മയുടെയും.. നമുക്കെല്ലാവർക്കും അറിയാം ഈ ഭൂമി ഉണ്ടായ കാലം മുതൽ പ്രണയവും ഉണ്ടായിരുന്നു എന്ന് .. ആ പ്രണയം ജാസ്മിന്റെ അച്ഛനിലും, അമ്മയിലും പ്രതിഫലിച്ചു. പ്രണയിക്കുമ്പോൾ അതും ആത്മാർഥ പ്രണയമാണെങ്കിൽ അവിടെ ജാതിയോ മതമോ ഒരു തടസ്സമാകുന്നില്ല , കാരണം അങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ഒരു ഒളിച്ചോട്ടമാണ് ഉണ്ടാവുക. അതുപോലെ തന്നെ ഇവിടെയും സംഭവിച്ചു . ഇരു കൂട്ടരും വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടവർ . ഒരു കാരണവശാലും വീട്ടുകാർ മാത്രമല്ല, സമൂഹംപോലും അവരെ വിലക്ക് കല്പ്പിക്കുന്ന കാലം, അപ്പോൾ പിന്നെ അവർക്ക് ഒളിച്ചോടി പ്രണയ സാഫല്യം വരുത്താനേ കഴിയു.. അങ്ങനെ അതും സംഭവിച്ചു..
അവർ മറ്റൊരു നാട്ടിലേയ്ക്ക് ചേക്കേറി .. വളരെ സന്തോഷകരമായ ജീവിതം, അവിടെ ആരും അവർക്ക് വിലക്ക് കല്പ്പിച്ചില്ല..അവരുടെ ജീവിതത്തിലേയ്ക്ക് 'ജാസ്മിൻ' എന്ന മോളും ജനിച്ചു.. നമ്മുടെ പഴമക്കാർ പറയുന്നതുപോലെ ചിലർ ജനിക്കുമ്പോൾ ചില നഷ്ട്ടങ്ങൾ കുടുംബത്തിൽ ഉണ്ടാകുന്നു, അത് ജനിച്ച കുട്ടിയുടെ ദോഷമാണ് എന്നൊക്കെ കേട്ടിട്ടില്ലേ.. അതുപോലെ ഇവിടെയും സംഭവിച്ചു, ചെറിയ ഏതോ കമ്പനിയിൽ ജോലി ഉണ്ടായിരുന്ന ജാസ്മിന്റെ അച്ഛന് ജോലി നഷ്ട്ടപ്പെട്ടു, സന്തോഷമായ ആ ജീവിതം പെട്ടന്ന് നിരാശയുടെ വക്കിൽ അകപ്പെട്ടതുപോലെയായി.. ജനിച്ച കുട്ടിയുടെ ദോഷം എന്ന പഴമയുടെ വാക്കുകൾ വെറുതെ അന്ധവിശ്വാസം ആണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ജാസ്മിന്റെ അച്ഛൻ അത് അപ്പടിയേ വിശ്വസിച്ചു..സത്യത്തിൽ ഈ കമ്പനി നേരത്തെ പൂട്ടണ്ടതായിരുന്നു.. ജാസ്മിന്റെ കഷ്ട്ടകാലം എന്നെ പറയേണ്ടു, അവളുടെ ജനന ശേഷമാണ് അത് സംഭവിച്ചത് എന്ന് മാത്രം.. അതോടെ അവളുടെ അച്ഛന് അവളോടും , അമ്മയോടും വെറുപ്പായി തുടങ്ങി..പലപ്പോഴും ജോലി തേടിപോകുന്നു എന്നമട്ടിൽ വീട്ടിൽ നിന്ന് പോകുമായിരുന്നു, പിന്നെ കുറെ നാളുകൾക്കു ശേഷമേ തിരിച്ചു വരികയുണ്ടായിരുന്നുള്ളൂ ..അങ്ങനെ കുറെ കാലം കഴിഞ്ഞപ്പോൾ അയാള് പോയിട്ട് വന്നതേ ഇല്ല..
മറുനാട്ടിൽ ഒരു പെൺകുട്ടിയെയും കൊണ്ട് ഒറ്റയ്ക്ക് താമസിക്കാൻ കഴിയാതെ ജാസ്മിനും അമ്മയും തിരികെ നാട്ടിലേയ്ക്ക് പോന്നു.. അവിടെ വന്നപ്പോൾ ജാസ്മിന്റെ അച്ഛൻ വേറെ വിവാഹം കഴിച്ചു എന്നും , അയാള് ഗൾഫിൽ പോയി എന്നും ആരോ പറഞ്ഞറിഞ്ഞു..ജാസ്മിനെയും കൊണ്ട് നാട്ടിലേയ്ക്ക് വന്നപ്പോൾ ഒരുപാടു പ്രതീക്ഷ ആയിരുന്നു അവളുടെ അമ്മയ്ക്ക് , ഭർത്താവിനെ കുറിച്ച് അന്വക്ഷിക്കണമെന്നും എന്തേലും ജോലി ചെയ്തു ജീവിക്കാം എന്നൊക്കെ..പക്ഷെ എല്ലാം വെറുതെ ആയി, നടുക്കടലിൽ പെട്ടപോലെയായി ജാസ്മിന്റെ അമ്മയുടെ അവസ്ഥ..
ഒരു മുസ്ലീമിന്റെ കൂടെ ഇറങ്ങിപോയതുകൊണ്ട് ഹിന്ദുവായ അമ്മയെ അവരുടെ വീട്ടുകാർ അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു..ഭർത്താവിൻറെ വീട്ടിലേയ്ക്ക് പ്രവേശനം നിഷേധിച്ചിരുന്നു..ആരുടെയൊക്കെയോ കരുണകൊണ്ട് അവർ നാട്ടിൽ തന്നെ ഒരു വാടക വീടെടുത്ത് താമസമാക്കി..അമ്മയുടെ അച്ഛൻ ഇവരെ ആരുമറിയാതെ അന്വക്ഷിക്കുന്നുണ്ടായിരുന്നു... അതിൽ ചെറിയൊരു ആശ്വാസം തോന്നി ..എന്നാൽ ജീവിക്കാൻ വളരെ ബുദ്ധിമുട്ടായിതുടങ്ങി . അങ്ങനെയിരിക്കെ അവളുടെ അമ്മയ്ക്ക് ഗൾഫിൽ ഏതോ ഒരു വീട്ടിലെ അടുക്കളക്കാരിയുടെ വേഷം അണിയാൻ അവസരം ലഭിച്ചു..നാട്ടിൽ നരകിക്കുന്നതിനേക്കാൾ ഭേദം മറ്റൊരു നാട്ടിൽ ഈ വേഷം കെട്ടുന്നതാണെന്ന് അമ്മയ്ക്ക് തോന്നി.. പക്ഷെ ജാസ്മിൻ , അവളെ നോക്കാൻ ആരുമില്ല..എന്നാൽ അവളെ വളർത്തണമെങ്കിൽ ജോലിക്ക് പോകണം..അമ്മയുടെ ആങ്ങള ഒരു കാരണവശാലും ജാസ്മിനെ തറവാട്ടിൽ താമസിക്കാൻ സമ്മതിച്ചില്ല.. പിന്നെയും ഭേദം അമ്മയുടെ ചേച്ചി ആയിരുന്നു.. അവർ അവളെ നോക്കാമെന്ന് ഏറ്റു. അങ്ങനെയാണ് അവൾ എൻറെ നാട്ടിലെ സ്കൂളിൽ പഠനം ആരംഭിച്ചത്. അവളുടെ അമ്മ കടൽ കടന്നു പോവുകയും ചെയ്തു.. ആദ്യം അച്ഛൻ പോയി , ഇപ്പോൾ അമ്മയും ആ കുഞ്ഞുമനസ്സിൽ നിറയെ സങ്കടം മാത്രം.. ആരുമില്ലാതെ ബാല്യത്തിന്റെ വസന്തം അവൾക്ക്‌ വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ പോലെയായി..
അമ്മയുടെ ചേച്ചിയിൽ നിന്നും , മക്കളിൽ നിന്നും അനിയത്തിയുടെ മകൾ എന്നൊരു പരിഗണന മാത്രമേ അവൾക്ക്‌ ലഭിച്ചിരുന്നുള്ളൂ, അതായത് ആ വീട്ടിലെ എല്ലാ ജോലിയും അവൾ തന്നെ ചെയ്യണമായിരുന്നു.. അത്ഭുതം മറ്റൊന്നാണ് ആ വീട്ടിലെ എല്ലാ ജോലിയും കഴിഞ്ഞാണ് അവൾ പഠിക്കുന്നത് .എന്നാലും ക്ലാസ്സിൽ ടോപ്‌ അവളായിരുന്നു..ഞങ്ങൽക്കൊക്കെ എത്ര നേരം കിട്ടിയാലും പുസ്തകം തുറന്നു രണ്ടക്ഷരം പഠിക്കാമെന്ന് വിചാരിക്കാരെ ഇല്ല ..അത്രയും നേരം കൂടി ഉറങ്ങാമല്ലോ എന്ന് കരുതും..
S .S .L .C പരീക്ഷ വരുന്നു..എല്ലാവരും തകൃതിയായി പഠനം... എൻറെ കൂട്ടുകാരി മാത്രം എപ്പോഴും ചിന്തയിൽ ആയിരുന്നു..എന്താണെന്ന് അവളോട്‌ ചോദിക്കാനും പറ്റില്ല കാരണം പെട്ടന്ന് ദേഷ്യം വരുന്ന ഒരു പ്രകൃതമായിരുന്നു . അതുകൊണ്ട് ഞങ്ങൾ ആരും അവളെ ശല്യം ചെയ്യാറില്ല. അവളും അവളുടെ ചിന്തകളും മറ്റൊരു ലോകത്തിൽ വിഹരിച്ചിരിക്കുമ്പോൾ ഞങ്ങൾ പരീക്ഷയുടെ പരവേശചൂടിലാവും.. അങ്ങനെ പരീക്ഷ കഴിഞ്ഞു. കുറച്ചു നാളത്തെ കാത്തിരിപ്പിന് ശേഷം റിസൾട്ട്‌ വന്നു .. സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് ജാസ്മിനായിരുന്നു..എല്ലാവരും വളരെ അത്ഭുതപ്പെട്ട ആ നിമിഷം .. ബുക്ക്‌ വാങ്ങാൻ സ്കൂളിൽ ചെന്നപ്പോൾ അവളെ കണ്ടതും ഞാൻ ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു .. അന്ന് ആദ്യമായി എൻറെ ജാസ്മിൻ ചിരിച്ചു .. അത് എന്നെ ഒരുപാട് സന്തോഷിപ്പിച്ചു.
ഇനിയും കാണാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞു ..പക്ഷെ എൻറെ പ്രതീക്ഷ വെറുതെ ആയി അവളെ കാണാൻ കഴിഞ്ഞതെയില്ല..
ഇനി കഥയുടെ ഗതി മാറുകയാണ്...... എൻറെ ഒരു അനുമാനം ... അതിങ്ങനെ ആവാൻ ഞാൻ ആഗ്രഹിക്കുന്നു...
ഈ സമയത്ത് ജാസ്മിന്റെ അച്ഛൻ നാട്ടിൽ വരുന്നത് . തന്റെ മകളാണ് ജാസ്മിൻ എന്നും അവൾക്കാണ് ഏറ്റവും കൂടുതൽ മാർക്ക് എന്നറിയുന്നു ... ജാസ്മിന്റെ വിജയം അവളുടെ അച്ഛനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നു .. മകളെ കാണാൻ ചെല്ലുമ്പോൾ തന്നെയും അമ്മയെയും ദുരിതത്തിൽ തള്ളി വിട്ട് സ്വന്തം കാര്യം നോക്കിയ ആ മനുഷ്യൻ തനിക്ക് ആരുമല്ല എന്ന് പറഞ്ഞു.. അച്ഛനോടും കുടുംബത്തോടും ഉള്ള പ്രതികാരമാണത്രേ ആ വലിയ വട്ട പൊട്ട്.. ഒരു കൊച്ചു കുട്ടിയുടെ മുഖത്തിന് ഒട്ടും ഇണങ്ങുന്നതായിരുന്നില്ല ആ വലിയ പൊട്ട് ......
വർഷങ്ങൾ കഴിഞ്ഞു ജാസ്മിൻ ഒരു യുവതിയായിവിവാഹ ആലോചനകൾ ഓരോന്ന് വന്നു തുടങ്ങി.. ആരും തന്നെ ഈ ബന്ധം അംഗീകരിക്കാൻ തയ്യാറായില്ല.. അവളുടെ അമ്മ വിഷമത്തിലായി..ജാസ്മിന് അതിൽ ഒരു വിഷമവും തോന്നിയില്ല, അവൾക്ക്‌ ഒരു തരം വാശി ആയിരുന്നു.. വിവാഹം കഴിച്ചില്ലെങ്കിലും സാരമില്ല ഒരു ജോലിയുള്ളതുകൊണ്ട് ആരെയും കൂസാതെ ജീവിക്കാമെന്ന വാശി... പക്ഷെ ഒരമ്മയ്ക്ക് അത്രയ്ക്ക് വാശിപിടിക്കാൻ കഴിയില്ലല്ലോ .. പെൺകുട്ടിയല്ലേ ആരുടെയെങ്കിലും കൈയ്യിൽ എല്പ്പിച്ചിട്ടു വേണ്ടേ പാവം ആ അമ്മയ്ക്ക് കണ്ണടയ്ക്കാൻ...
ഈ സമയത്താണ് ജാസ്മിന്റെ അച്ഛൻ ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വരുന്നത്.. രണ്ടാം ഭാര്യയിൽ ഉണ്ടായ മകളുടെ വിവാഹം ഏകദേശം ഉറച്ച രീതിയിൽ ആയി .. അപ്പോഴാണ്‌ ജാസ്മിന്റെ വിവരം അയാൾ അറിഞ്ഞത്.. അയാളിലെ അച്ഛൻ ഉണർന്നു .. മകളെ തന്റെ സമുദായത്തിലെ ആളെകൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായി.. അമ്മയ്ക്കും ജാസ്മിനും അത് സമ്മതമല്ലായിരുന്നു..ഇത്രയും നാൾ ഇല്ലാത്ത അച്ഛന്റെ അധികാരം ഇക്കാര്യത്തിൽ വേണ്ട എന്നായിരുന്നു അവളുടെ മറുപടി.. അങ്ങനെ പിന്നെയും ദിവസങ്ങൽ ഓടിക്കൊണ്ടേയിരുന്നു..ജാസ്മിന്റെ അമ്മയ്ക്ക് ആഗ്രഹം സാധിക്കാതെ ആറടി മണ്ണിലേയ്ക്കു മടങ്ങേണ്ടി വന്നു. അവൾ വീണ്ടും ഒറ്റപ്പെട്ടു എന്ന് നിങ്ങളെ പോലെ തന്നെ ഞാനും കരുതി എന്നാൽ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു...
ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറിന് ജാസ്മിനെ ഒരുപാട് ഇഷ്ട്ടമായിരുന്നു, അന്നുമുതലേ അവളിൽ ഒരു ശ്രദ്ധ ആ ടീച്ചർ അവൾക്ക്‌ കൊടുത്തിരുന്നു ..
സ്കൂൾ പഠനം കഴിഞ്ഞിട്ടും അവളെ ടീച്ചർ സസുക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു എന്ന് പിന്നീടു അവളെ അറിഞ്ഞപ്പോൾ മനസ്സിലായി... ടീച്ചർ അവളെ ഏറ്റെടുത്തു.. വെറുതെ അല്ല കേട്ടോ അവരുടെ മകൻറെ ജീവിതത്തിലേയ്ക്ക് അവളെ ക്ഷണിച്ചു.. ജാസ്മിന്റെ അമ്മയുടെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും...
അവളുടെ ജീവിതം സന്തോഷകരമായി പോകുമ്പോഴും അവളുടെ അച്ഛനോടുള്ള പ്രതികാരം തുടരുന്നുണ്ടാവും എന്ന് നിങ്ങളും ഞാനും വിചാരിക്കണ്ട.. ചെറുപ്പത്തിലെ ആവേശത്തിന്റെ പുറത്ത് അച്ഛൻ ജാസ്മിനെയും അമ്മയെയും ഉപേക്ഷിച്ചു എങ്കിലും വാർദ്ധക്യത്തിൽ ഒറ്റപ്പെടലിന്റെ താക്കോൽ കൂട്ടം എടുത്ത് നമ്മുടെ ഓരോരുത്തരുടെയും കൈകളിൽ തരുന്നു...
അങ്ങനെ ജാസ്മിന്റെ അച്ഛനെയും വാർദ്ധക്യം പിടികൂടി.. അവിടെ ജാസ്മിൻ അവളുടെ പ്രതികാരമെല്ലാം മറന്നു..രക്ത ബന്ധത്തിന് ഏതൊരു പ്രതികാരത്തെയും ഇല്ലാതാക്കാൻ കഴിയുമെന്ന് അവൾ അറിഞ്ഞു..അച്ഛനോടുള്ള ദേഷ്യമെല്ലാം മറന്ന് സ്നേഹമുള്ള ഒരു മകളായി ജാസ്മിൻ ജീവിക്കുന്നു....

Monday 18 April 2016

നിശാഗന്ധി ...

കണ്ണിനു കാഴ്ച ഇല്ലാത്തതുകൊണ്ട് എവിടെ പോയാലും ആ അമ്മയുടെ വലതു കൈപിടിയിൽ അവളും ഉണ്ടാകും ...
അവളുടെ കൊഞ്ചലുകളും, അവളുടെ ചോദ്യങ്ങളും ഒന്നും കേള്‍ക്കാൻ പാവം ആ അമ്മയ്ക്ക് നേരമില്ലായിരുന്നു...ജീവിക്കാനുള്ള ഓട്ടമാണ്... മകളെ സുരക്ഷിതമാക്കണം...
തെരുവിൽ കിടന്നുറങ്ങുമ്പോഴും മകളെ ചേർത്ത് കിടത്തിയിരുന്നു...
അമ്മയുടെ തേങ്ങലുകൾ ചില രാത്രികളിൽ അവള്‍ കേട്ടിരുന്നു..
എന്തിനാണ് അമ്മ കരയുന്നത് ? ദിവസവും രാവിലെ അമ്മ എന്നെയും കൊണ്ട് എങ്ങോട്ടാണ് പോകുന്നത് ? വൈകുന്നേരമാകുമ്പോൾ ഏതെങ്കിലും കട തിണ്ണയിൽ അന്തിയുറങ്ങും ... ഞങ്ങള്‍ക്കെന്താ വീടില്ലാത്തത് ? എന്‍റെ അച്ഛൻ എവിടെയാണ് ? അമ്മയുടെ കൈ പിടിച്ച് തെരുവിലൂടെ നടക്കുമ്പോഴും ആ കുഞ്ഞുമനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു ...
എല്ലാ ചോദ്യങ്ങളും കൂട്ടി ഒരിക്കൽ അവൾ അമ്മയോട് ചോദിച്ചു .." അമ്മെ ഈ ലോകത്തിന്‍റെ നിറം എന്താണ് .."?
അമ്മ ഒറ്റ വാക്കിൽ മറുപടി പറഞ്ഞു ... "കറുപ്പ്"...
പാവം കുട്ടി അവളുടെ ഇരുളടഞ്ഞ കണ്ണുപോലെയാണ് ഈ ലോകം എന്ന് വിശ്വസിച്ചു കാണും...
എന്താണ് ഈ ലോകത്തിന് കറുപ്പ് നിറമായത് ? കറുപ്പാണെങ്കിൽ തട്ടി തടഞ്ഞ് എല്ലാവരും വീഴില്ലേ ? അതോ അമ്മയുടെ കൈ പിടിച്ച് ഞാന്‍ നടക്കുന്ന പോലെ എല്ലാവരും കൈ പിടിച്ചാണോ നടക്കുന്നത്? അവളുടെ അടുത്ത ചോദ്യം?
അല്ല മോളെ ഈ ലോകം മനോഹരമായിരുന്നു ഒരുപാട് നാളുകൾക്ക് മുൻപ് .. നല്ല വർണ്ണങ്ങൾ നിറഞ്ഞതായിരുന്നു ..പക്ഷെ ഇപ്പോൾ ഇവിടെ ഒരു നിറമേ ഉള്ളു അത് കറുപ്പാണ്..ഒരാളെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്...
അമ്മ പറഞ്ഞതൊന്നും അവൾക്ക് മനസ്സിലായില്ല എങ്കിലും ഈ ലോകം ചീത്തയാണ്‌ ..അതാണ് അമ്മ പറഞ്ഞതിന്‍റെ പൊരുൾ എന്ന് അവൾക്ക്‌ തോന്നി ..
രാത്രിയായി തെരുവുവിളക്കുകള്‍ മിഴിച്ചു നില്ക്കുന്നു..ഏതോ കടത്തിണ്ണയില്‍ അവര്‍ ഉറങ്ങാനുള്ള ചട്ടം കൂട്ടി..
അമ്മയുടെ മടിയിൽ തലവച്ച് അവള്‍ വർണ്ണലോകത്തിലേയ്ക്ക് ഊളിയിട്ട് പോയി...ആ ലോകത്തിൽ നിറയെ വർണ്ണപൂക്കളും, ശലഭങ്ങളും, പക്ഷികളും, എല്ലാം എല്ലാം അവളുടെ സ്വപ്നലോകത്തിൽ ഉണ്ടായിരുന്നു....
പിന്നിട് എപ്പോഴോ സ്വപ്നത്തിൽ നിന്ന് ഉണർന്നപ്പോൾ അമ്മയുടെ കരച്ചിൽ കേള്‍ക്കാം....
"അമ്മെ ..." അവൾ അലറികരഞ്ഞു അപ്പോഴേയ്ക്കും അവളുടെ വായ ആരോ വന്നു പൊത്തി.. മിണ്ടാതെ ഇരുന്നോണം അല്ലെങ്കില്‍ നിന്നെയും ഞങ്ങള്‍ ശരിയാക്കും.. അയാള്‍ അവളുടെ നേരെ അലറി പറഞ്ഞു....പേടിച്ച് അവൾ മിണ്ടാതെ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ അവളുടെ അരികിൽ വന്നു.. അവളെ കെട്ടിപ്പിടിച്ച് ഒരുപാടു കരഞ്ഞു...

പിറ്റേന്ന് അവളെയും കൊണ്ട് എങ്ങോട്ടോ പോകാൻ , തെരുവിലൂടെ നടക്കുകയാണ് .... "എങ്ങോട്ടാണ് അമ്മെ നമ്മള്‍ പോകുന്നത് ?"
അവൾ ചോദിച്ചു.. അമ്മ ഒന്നും മിണ്ടാതെ അവളെയും കൊണ്ട് വേഗത്തിൽ നടന്നു...നടക്കുന്നതിനിടയിലും ആ സ്ത്രീ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു... പക്ഷെ ഒന്നുമാത്രം അവൾ കേട്ടു..."ഈ നശിച്ച ലോകത്ത് നിന്നും എന്‍റെ മകളെ രക്ഷിക്കണം..."
അമ്മ വല്ലാതെ ഭയപ്പെട്ടിരുന്നു..മകളെ ഈ ലോകത്തെ രക്ത പിശാചുക്കൾ കശാപ്പ് ചെയ്യുന്നതിന് മുൻപ് അവൾ എന്നോട് കൂടി തീരണം, താൻ ഇല്ലാത്ത ഈ ലോകത്ത് കാഴ്ചപോലും ഇല്ലാത്ത ഈ പൊന്നുമോള്‍ എങ്ങനെ ജീവിക്കും...? ചിന്തകളുടെ വേലിയേറ്റങ്ങള്‍ക്കൊടുവിൽ മരണമെന്ന സത്യത്തെ സ്വീകരിക്കാൻ ആ അമ്മ തയ്യാറായി...
കടലിന്‍റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങുമ്പോഴും അമ്മയുടെ കൈയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് അവൾ ചോദ്യം ആവർത്തിച്ചു...
"അമ്മെ ഈ കടല് കാണാൺ നല്ല ഭംഗിയാണോ....?" എനിക്ക് എന്നെങ്കിലും ഈ കടല് കാണാൺ പറ്റുമോ..?"
ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... മകളുടെ ചോദ്യം ആ അമ്മയെ മരണത്തിൽ നിന്നും തിരിച്ച് വിളിച്ചു...
അവള്‍ മകളെയും കൊണ്ട് തിരികെ നടന്നു ജീവിക്കണം എന്ന ഉറച്ച തീരുമാനത്തോടെ... കാഴ്ചയില്ലാത്ത മകളെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്ക് നയിക്കാമെന്ന വിശ്വാസത്തോടെ... ആരും ഇല്ലാത്തവർക്ക്‌ ദൈവം തുണയായുണ്ട് എന്ന വചനത്തോടെ .......
തെരുവിൽ ജീവിക്കുന്നവർ രാത്രിയിൽ മാത്രം വിരിയുന്ന നിശാഗന്ധി പൂവല്ല..എന്ന് ഈ ലോകത്തോട്‌ വിളിച്ച് പറഞ്ഞ് കൊണ്ട് അവള്‍ ജീവിതത്തിലേയ്ക്ക്‌ പൊരുതാൻ തയ്യാറായി നിന്നു... അന്നുമുതൽ മകളുടെ കളിയിലും ചിരിയിലും അവളും പങ്കുചേർന്നു...ഭയമില്ലാതെ മകളെയും കൊണ്ട് ജീവിക്കാൻ അവള്‍ മറ്റൊരു തെരുവിലേയ്ക്ക് യാത്രയായി...

Sunday 17 April 2016

മരണം ...

തെക്കേ തൊടിയിലായ് ഒരുക്കുന്നു ...
നിനക്കായി ഒരു ശവമഞ്ചം ..
മാവിൻ കഷണങ്ങൾ അടുക്കുന്നു നിന്നെ മൂടാൻ ..
നിന്നെ ഒർത്തുമൂകമായ് നില്ക്കുമി പ്രകൃതിയിൽ ..
ഇടയ്ക്കിടെ കേൽക്കാം ഒരമ്മതൻ തേങ്ങലുകൾ ..
ചിരിച്ച നിൻ മുഖത്തെപ്പഴോ നിരാശയുടെ കരി നിഴൽ
വീണത്‌ അവർ അറിയാതെ പോയതെന്തേ ...
മനസ്സിൽ ദുഃഖമെന്ന കനലെരിയുന്നു ...
പെയ്തൊഴിയാനാവാതെ തളം കെട്ടി നില്ക്കുന്നു ..
കണ്ണ് നീർ തുള്ളികൾ ..
ഇന്ന് നിൻ മുഖത്ത് ചിരിയില്ല...
നീ കടിച്ചമർത്തിയ കൈയ്പ്പുനീരിൻ ..ചവർപ്പുകൾ
നിന്റെ മുഖത്തായ് ദുഖത്തിൻ നിഴൽ ചിത്രം വരയ്ക്കുന്നു ...
എന്തിനു നീയിതു ചെയ്തു എൻ സഖി ...
ഇന്നും മനസ്സിലാകുന്നില്ല നിന്നെ ..
ഞാനും മൂകമായ് തേങ്ങുന്നു നിൻ വേര്പാടിനാൽ.

Friday 15 April 2016

കന്യാകുമാരിയിൽ ഒരു കടങ്കഥ .............

വീണ്ടും ഇവിടെ എത്തണം എന്നത് ആരുടെ നിയോഗമാണ് ..കാലത്തിന്റെയോ അതോ പഴയ ഓർമ്മകളുടെ കടന്നു വരവോ? അറിയില്ല ..
ഈ കന്യാകുമാരിയുടെ തീരത്ത് നില്ക്കുമ്പോൾ ചില ഓർമ്മകൾ മായാതെ മനസ്സിൽ ഉണ്ടെന്ന് അവള്‍ മനസ്സിലാക്കി ..വീണ്ടും പുതിയൊരു പുലരിയുമായി തിരിച്ചു വരാൻ കടലിന്‍റെ മാറിലേയ്ക്ക് ചായുന്ന പകലോനെ കാണുമ്പോൾ, ഈ കടൽ കാറ്റ് ഏല്ക്കുമ്പോൾ എത്ര ദൃഡമായി മനസ്സിനെ പാകപ്പെടുത്തി എടുത്താലും ഒരു സ്ത്രീയുടെ മനസ്സ് എപ്പോഴും പഴയ ഓർമ്മകളെ ചികഞ്ഞെടുക്കുന്നു..അതുപോലെ തന്നെയാണ് താനും എന്ന് ഇന്ദുവിന് തോന്നി..
ജീവിതത്തിൽ എത്ര ഉയരത്തിൽ എത്തിയാലും പഴയകാലം മറക്കാതെ സൂക്ഷിക്കാൻ മനസ്സിൽ ഒരിടം ഉള്ളത് നാം എത്രത്തോളം ഉയർന്നു എന്നറിയാനുള്ള അളവുകോൽ ആവാം ..അതുകൊണ്ട് തന്നെയല്ലേ ഈ മണൽതരികളും തിരമാലകളും ഇന്ദുവിനെ തിരിച്ചറിഞ്ഞത് ...
ഇന്ന് വിജയത്തിന്‍റെ പാതയിൽ എത്തിയിട്ടുണ്ട് എങ്കിൽ അതിൻറെ പിന്നിൽ തന്‍റെ അമ്മയുടെ കരയുന്ന മുഖമുണ്ട് എന്ന് ഇന്ദുവിനറിയാം ..അച്ഛനെ കണ്ട ഓർമ്മ പോലും ഇന്ദുവിനില്ല , നന്നേ ചെറുപ്പത്തിലെ അച്ഛൻ മരിച്ചുപോയി ..പിന്നിട് ഒരുപാട് കഷ്ട്ടപെട്ടാണ് അവളുടെ അമ്മ അവളെ വളർത്തിയത് .പ്രണയ വിവാഹം ആയതുകൊണ്ട് ഇന്ദുവിന്റെ അച്ഛന്‍റെ വീട്ടുകാരോ അമ്മയുടെ വീട്ടുകാരോ അവരെ അന്വക്ഷിച്ചതുമില്ല , അങ്ങനെ ജീവിതത്തിൽ ഒറ്റ പെടലിന്റെ വേദന ഒരുപാട് അനുഭവിച്ചു അവർ ..
ഓർമ്മകൾ ഓരോന്നും അയവിറക്കി നേരം പോയത് അറിഞ്ഞില്ല ..
തിരികെ റൂമിലേയ്ക്ക് പോകുമ്പോഴും താൻ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന ആ മുഖം അവൾ തിരയുന്നുണ്ടായിരുന്നു .. 'രവി' അവനെ ഒരുപാട് ഇഷ്ട്ടമായിരുന്നു .. പക്ഷെ അവനോടുള്ള തൻറെ പ്രണയം തുറന്നു പറയാൻ അവൾക്ക് പേടിയായിരുന്നു , കാരണം അവളെ ഒരു പ്രണയിനിയായി അവൻ കാണുന്നില്ല എങ്കിൽ ..! ഇന്ദുവിൻറെ ഊഹം ശരിയായിരുന്നു അവൻ അവളെ അല്ല സ്നേഹിച്ചിരുന്നത് ഇന്ദുവിന്റെ പ്രിയ കൂട്ടുകാരിയെ ആയിരുന്നു.. അവരുടെ സന്തോഷത്തിനു വേണ്ടി തൻറെ പ്രണയത്തെ അവൾ മനസ്സിൽ കുഴിച്ചുമൂടി..
അവള്‍ റൂമിലെത്തി ഫ്രഷ്‌ ആയി , ഫയലുകള്‍ മറിച്ചു നോക്കുന്നതിനിടയിൽ റൂം ബോയ്‌ വന്ന് ബെല്ലടിച്ചു.. അവള്‍ റൂം തുറന്നു... പെട്ടന്ന് അവൾക്ക് തോന്നി ഇത് താൻ അന്വക്ഷിച്ചു നടന്ന അല്ലെങ്കിൽ ഒരിക്കൽ കൂടി കാണാൻ ആഗ്രഹിച്ച ആ മുഖമല്ലേ ...? അവളുടെ ചിന്തകളെ മുറിച്ചു കൊണ്ട് അയാൾ ചോദിച്ചു .."മാഡം എന്താണ് കഴിക്കാൻ കൊണ്ടുവരേണ്ടത് ...?" "ഒരു ജൂസ് അതുമതി " അവള്‍ പറഞ്ഞു ...അയാള്‍ തിരികെ പോയി..
വീണ്ടും ഫയലുകള്‍ മറിച്ചുകൊണ്ടിരുന്നു ..എങ്കിലും അവള്‍ രവിയെ കുറിച്ച് ആലോചിച്ചു .. ഇനി വരുമ്പോൾ അവന്‍റെ പേര് ചോദിക്കണം അവള്‍ തീരുമാനിച്ചു..
അവൻ ജുസുമായി വന്നു .. എവിടെയോ കണ്ടു മറന്നപോലെ ചെറിയൊരു ചിരി അവൻ അവൾക്ക് നല്കി , ഇന്ദു ഉടനെ അവനോട് ചോദിച്ചു ..."നിങ്ങളുടെ പേര് എന്താണ്..?"
'രവി' അവൻ പറഞ്ഞു ..പേര് കേട്ടതും അവള്‍ സന്തോഷംകൊണ്ട് കുറച്ച് നേരത്തേയ്ക്ക് അങ്ങനെ നിന്നു ..."വീട്ടിൽ ആരോക്കെയുണ്ട് ?" അവള്‍ വീണ്ടും ചോദിച്ചു.. "ഭാര്യയും , 2 കുട്ടികളും.." അവൻ മറുപടി നല്കി ..
രവി : "നിങ്ങളുടെ പേര് എന്താ ?"
ഇന്ദു ഒരു നിമിഷം ആലോചിച്ചു എന്ത് പറയണം ..താൻ ആ പഴയ കൂട്ടുകാരി ഇന്ദു ആണെന്ന് പറയണോ അതോ പേര് മാറ്റി പറയണോ ..
പെട്ടന്ന് രവി പറഞ്ഞു "എനിക്ക് നിങ്ങളെ പോലെ തന്നെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു അവള്‍ ഇപ്പോൾ എവിടെ ആണെന്നറിയില്ല പണ്ട് കുടി ഒഴിപ്പിക്കൽ വന്നപ്പോൾ അവളും അമ്മയും ഇവിടെ നിന്ന് തിരിച്ച് അവരുടെ അമ്മയുടെ നാട്ടിലേയ്ക്ക് പോയി പിന്നിട് അവളെ കണ്ടിട്ടില്ല, നിങ്ങളെ കണ്ടപ്പോൾ ഇന്ദുവിനെപോലെ തോന്നി അതാ ചോദിച്ചേ..."
"അല്ല എൻറെ പേര് സാവിത്രി എന്നാണ്" . അപ്പോൾ അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്...അവൻ ചെറുതായി ചിരിച്ചിട്ട് തിരിച്ചു പോയി...
അവൾ ഇഷ്ട്ടപെട്ടിരുന്നവളെ അവർപോലും അറിയാതെ കണ്ട് തിരിച്ചു പോകണം എന്നാണ് അവൾ ആഗ്രഹിച്ചത്‌ ..അതാവാം അവൾ പേര് മാറ്റി പറഞ്ഞത് ....
ഓഫീസ് സംബന്ധമായ മീറ്റിംഗ് ആയതിനാൽ ഇനി തനിക്ക് തിരിച്ച് പോകാൻ രണ്ടു ദിവസം കൂടി ഉണ്ട് അതിനുള്ളിൽ രവിയോട് പറഞ്ഞ് തൻറെ പഴയ ഓർമ്മകളുടെ മേച്ചിൽ പുറങ്ങളിൽ ഒരിക്കൽ കൂടി ഒന്ന് പോകണം എന്ന് ആഗ്രഹിച്ചു..
പിറ്റേന്ന് രവിയെ കൂട്ടി അവള്‍ എല്ലാടവും പോയി , അപ്പോഴെല്ലാം രവി തന്‍റെ പഴയ കൂട്ടുകാരി ഇന്ദുവിനെകുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു..രവിയുടെ ഭാര്യ ഇന്ദുവിന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു എന്നും അവൻ കൂട്ടിച്ചേർത്തു..അവൻ പറയുന്നതെല്ലാം അവൾ സന്തോഷത്തോടെ കേട്ടിരുന്നു...
തിരിച്ചു പോരുമ്പോൾ അവള്‍ രവിയോട് പറഞ്ഞു "നാളെ ഉച്ചയോടു കൂടി എന്‍റെ ഇവിടുത്തെ ജോലി തീരും..മറ്റന്നാള്‍ ഞാൻ തിരിച്ച് പോകും..അതുകൊണ്ട് നാളെ വൈകുന്നേരം കന്യാകുമാരിയിൽ പോയി അസ്തമയം കാണണം എന്നുണ്ട് എന്താ രവി വരുമോ ...?
രവി : വരാം
ഇന്ദു : വരുമ്പോൾ ഭാര്യയെയും മക്കളെയും കൊണ്ട് വരണം .
രവി: ശരി കൊണ്ട് വരാം
അങ്ങനെ ഒരിക്കൽ കൂടി കന്യാകുമാരിയുടെ തീരത്ത് ആ തിരമാലകൾക്കും , മണൽതരികൾക്കും, ഇന്ദുവിനും മാത്രം അറിയാവുന്ന ആ സുഹൃത്ത് സംഗമം സന്തോഷത്തോടെ കന്യാകുമാരിയുടെ തീരങ്ങള്‍ ആസ്വദിച്ചു....
പിറ്റേന്ന് രവി ഹോട്ടലിൽ എത്തിയപ്പോള്‍ റിസപ്ഷനിൽ ഒരു കവർ ഇന്ദു എല്പ്പിച്ചിരുന്നു ..
അതിൽ ഇങ്ങനെ എഴുതിയിരുന്നു ....
"കന്യാകുമാരിയിലെ ഒരു കടങ്കഥപോലെ അവശേഷിക്കട്ടെ നമ്മുടെ സൗഹൃദം ....
എന്ന് നിങ്ങളുടെ പ്രിയ കൂട്ടുകാരി ഇന്ദു ......"
രവിയുടെ കണ്ണുനീർ തുളളികൾ ആ വെള്ളപേപ്പറിൽ വീണ് മഷിപടർത്തി ....

Wednesday 13 April 2016

ഭൂമിയിലെ നക്ഷത്രം ....

ഇന്നലെയും ഞാൻ അവളെ കുറിച്ച് ഓർത്തു.. എന്നും മുടിയിൽ മുല്ലപ്പു ചൂടി വന്നിരുന്ന ആ സുന്ദരിയെ എങ്ങനെ മറക്കാൻ കഴിയും..
അവൾ എവിടെ നിന്നാണ് ട്രെയിനിൽ കയറുന്നത് എന്ന് അറിയില്ല ..പക്ഷെ എല്ലാ ദിവസവും ആ ലേഡീസ് കമ്പാർട്ട്മെന്റിൽ അവൾ ഉണ്ടായിരുന്നു...ആദ്യമൊന്നും ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല.. പിന്നെ പിന്നെ ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചു തുടങ്ങി ആരോടും ഒന്നും മിണ്ടാതെ എപ്പോഴും ട്രെയിനിൻറെ വിൻഡോയിൽ കൂടി പുറത്തേയ്ക്ക് നോക്കി ഇരിക്കുന്ന ആ കുട്ടിയുടെ കണ്ണുകൾക്ക്‌ ഒരു പ്രത്യേക ഭംഗിയുള്ളത് പോലെ തോന്നി ...
എനിക്ക് തോന്നുന്നത് ആ ട്രെയിൻ യാത്ര എവിടെ നിന്ന് തുടങ്ങുന്നുവോ ആ തുടക്കം മുതൽ അവളും യാത്ര തുടങ്ങുകയാവാം...
സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോൾ എല്ലാവരും വേഗം ഇറങ്ങാനുള്ള തത്രപ്പാടിൽ ആയിരുന്നു .. പക്ഷെ ഈ കുട്ടിക്ക് മാത്രം ഒരു തിടുക്കവും ഞാൻ കണ്ടിരുന്നില്ല .. അവൾ അപ്പോഴും പുറത്തേയ്ക്ക് തന്നെ നോക്കിയിരിക്കും ... ഞാനും സ്റ്റേഷനിൽ ഇറങ്ങി നടന്നു ..ഇടയ്ക്കിടയ്ക്ക് ഞാൻ തിരിഞ്ഞു നോക്കി ..ആ സുന്ദരി അവിടെ ഇറങ്ങിയോ ? എങ്ങോട്ടാണ് പോകുന്നത് ? എന്നറിയാൻ ഒരു ആകാംക്ഷ ... പക്ഷെ വെറുതെ തിരിഞ്ഞു നോട്ടം മാത്രം മിച്ചം .. ആ കുട്ടി ഇറങ്ങുന്നതോ , എങ്ങോട്ടാണ് പോകുന്നതെന്നോ അറിയാൻ കഴിഞ്ഞില്ല..
ഞാനും എൻറെ സഹയാത്രികരും എന്തെല്ലാം തമാശകൾ പറഞ്ഞാലും ആ കുട്ടിയുടെ ഭാഗത്ത് നിന്ന് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല ..ഞങ്ങൾ പരസ്പരം ചോദിക്കാറുണ്ട് അവളെ പറ്റി.. ആർക്കും അവളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു...
ഒരിക്കൽ ട്രെയിൻ നേരത്തെ ട്രാക്കിൽ പിടിച്ചിട്ടു..ലേഡീസ് കമ്പാർട്ട് മെൻറ് ഏറ്റവും പുറകിലാണ്..ഞാൻ കമ്പാർട്ട് മെന്റിൽ കയറിയപ്പോൾ അവിടെ ഒറ്റയ്ക്കിരിക്കുന്നു ആ സുന്ദരി കുട്ടി... എനിക്ക് സന്തോഷമായി ആ കുട്ടിയോട് ഒന്ന് സംസാരിക്കണം എന്ന് ഉറപ്പിച്ചുതന്നെ ആ കുട്ടിയുടെ അരികിൽ പോയിരുന്നു.. എൻറെ സഹയാത്രികർ വരാൻ ഇനിയും സമയമുണ്ട് .. ഞാൻ ചെന്നിരുന്നപ്പോൾ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..എന്ത് മനോഹരമായ ചിരി .. അവളുടെ ആ കണ്ണുകൾക്ക്‌ എന്തൊരു പ്രകാശമായിരുന്നു, തലമുടി നല്ല ഭംഗിയായി പിന്നി നിറയെ മുല്ലപ്പു വച്ചിട്ടുണ്ട്...
ഞാൻ അവളോട്‌ ചോദിച്ചു "എന്താ കുട്ടിടെ പേര് ?" അവൾ എന്നെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല ..ഇനി ഈ കുട്ടി അന്യ നാട്ടുകാരിയാണോ , മലയാളം അറിയില്ലേ , അതോ ചെവി കേട്ടുടെ അങ്ങനെ പോകുന്നു എന്റെ ചിന്തകൾ...എൻറെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവൾ പറഞ്ഞു "രശ്മി അതാണ്‌ എൻറെ പേര് ".. ഹാവു എനിക്ക് സമാധാനമായി മലയാളിയാണ് , ചെവിക്കും കുഴപ്പമൊന്നുമില്ല .. പിന്നെ ഞങ്ങൾ വളരെ കൂട്ടായി , അവൾ കാൻസർ രോഗവുമായി വിഷമിക്കുന്നവർക്ക് യോഗയും, അതുപോലെ മറ്റു സഹായങ്ങളുമൊക്കെ ചെയ്തു കൊടുക്കുന്ന ഒരു ട്രസ്റ്റിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ് ..
ശരിയാണ് അവളുടെ കണ്ണുകളിലേയ്ക്ക് നോക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി നമ്മളിലെയ്ക്ക് പ്രവഹിക്കുന്നതുപോലെ തോന്നും , അത്രയ്ക്ക് ഭംഗിയും നിഷ്കളങ്കതയും തോന്നുമായിരുന്നു അവളിൽ..രോഗത്താൽ വലയുന്നവർക്ക് അവൾ ഒരു ആശ്വാസം തന്നെയാവും എന്ന് ഞാൻ മനസ്സിൽ ഓർത്തു..."ഇതുപോലെ ട്രസ്റ്റിൽ അല്ല എങ്കിലും ഞാനും ചെറിയ ഒരു ആതുര സേവകയാണ്" ഞാൻ പറഞ്ഞു ..രശ്മിക്ക്‌ അത് വളരെ സന്തോഷം തോന്നിയതുപോലെ അവളുടെ കണ്ണുകളിൽ നല്ല തിളക്കം..
രശ്മി : ചേച്ചി നിങ്ങൾ സംസാരിക്കുന്നതൊക്കെ ഞാൻ കേൾക്കാറുണ്ട്‌ . പക്ഷെ എൻറെ മനസ്സ് എപ്പോഴും എൻറെ തണൽ ആഗ്രഹിക്കുന്ന ആ രോഗികളുടെ കൂടെ ആണ് , എൻറെ ഉപദേശം കൊണ്ടും , യോഗകൊണ്ടും അവരുടെ രോഗത്തിന് ഒരു ആശ്വാസം കിട്ടുമ്പോൾ അവരുടെ മുഖത്തെ ആ ചിരി അതാണ് എൻറെ സന്തോഷം ... മറ്റു സന്തോഷങ്ങൾ ഞാൻ കാണാറില്ല..
ഞാൻ വളരെ അത്ഭുതത്തോടെ അവളെ നോക്കി ..ഇത്ര ചെറുപ്പത്തിലെ ഈ കുട്ടി എത്ര പക്വതയോടെ സംസാരിക്കുന്നു .. എനിക്ക് അവളോട്‌ കൂടുതൽ സ്നേഹം തോന്നി..
അങ്ങനെ മാസങ്ങൾ കടന്നു പോയി ...ഇത്രയും നാളുകൾ അവളെ കണ്ടതുകൊണ്ടാവാം അന്ന് അവളെ കാണാതായപ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമം ..അന്ന് ഞാനും എൻറെ സഹയാത്രികരോട്‌ മിണ്ടാതെ അവളെപോലെ ട്രെയിനിൻറെ വിൻഡോയിൽ കൂടി പുറത്തേയ്ക്ക് നോക്കിയിരുന്നു ...അവൾ എവിടെ പോയതാവും , ഞാൻ ആലോചിച്ചു ..അവളുടെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല എനിക്ക് ആകെ സങ്കടമായി.. ഹോസ്പിറ്റലിൽ ചെന്നിട്ടു ജോലി ചെയ്യാൻ ഒരു സുഖവുമില്ലായിരുന്നു...കുറച്ചു ദിവസത്തേയ്ക്ക് അവളെ കണ്ടതെ ഇല്ല ..
പിന്നെ അവളെ കണ്ടപ്പോൾ എൻറെ സങ്കടമെല്ലാം അവളെ വഴക്ക് പറഞ്ഞു തീർത്തു .. എന്നാൽ അവളോ അതെല്ലാം പുഞ്ചിരിയോടെ കേട്ടിരുന്നു..പിന്നെ ഒന്നും പറയാൻ തോന്നിയില്ല..മൌനമായി ഞങ്ങൾ രണ്ടുപേരും കുറച്ചു നേരം ഇരുന്നു ...
രശ്മി : ചേച്ചിയുടെ വിഷമം എനിക്ക് മനസ്സിലായി , ഇന്നല്ലെങ്കിൽ നാളെ നമ്മളെല്ലാവരും പിരിഞ്ഞുപോകും , അത് കുറച്ചു നേരത്തെ ആവണം എന്നതിന്റെ ഒരു ട്രയൽ ആയിരുന്നു എൻറെ ആ കുറച്ചു ദിവസത്തെ മാറി നില്ക്കൽ..
അവൾ പറഞ്ഞത് ഒന്നും എനിക്ക് മനസ്സിലായില്ല..എങ്കിലും അതൊന്നും ഭാവിക്കാതെ ശരിയാണെന്ന് മൂളി..
അവൾ ലീവ് കഴിഞ്ഞു വന്നതിനു ശേഷം അവളിൽ ഒരു ക്ഷീണവും വിളർച്ചയും കണ്ടു , അതിനെ പറ്റി ഞാൻ അവളോട്‌ പറഞ്ഞെങ്കിലും അത് യാത്രയുടെ ആവാം എന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി...
എനിക്ക് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റം വന്നു .. അവളുമായുള്ള ആ ഫ്രണ്ട്ഷിപ്‌ ഞങ്ങൾ ഫോൺ വിളിയിലൂടെ മുന്നോട്ടു കൊണ്ടുപോയി ..
ഒരിക്കൽ അവൾ പറഞ്ഞു എന്നെ കാണണം എന്ന് , പക്ഷെ അവൾ പറഞ്ഞ ദിവസം എനിക്ക് വേറൊരു പ്രോഗ്രാം വന്നത് കൊണ്ട് അവളെ കാണാൻ കഴിഞ്ഞില്ല ..പിന്നെ ഒരിക്കൽ പോലും അവൾ എന്നെ വിളിച്ചിട്ടില്ല ..ഞാൻ അവളെ കോണ്ടാക്റ്റ് ചെയ്യാൻ ഒരുപാടു ശ്രമിച്ചു നിരാശ ആയിരുന്നു ഫലം ..
അങ്ങനെ ദിവസങ്ങൾ കടന്നു പോയി .. അവളുടെ തിളക്കമുള്ള കണ്ണുകളും , ആ സ്വരവും എല്ലാം നീര് വറ്റി ഉണങ്ങിയ ഓർമ്മകൾ പോലെ ജീവനില്ലാതെ മനസ്സിൽ കിടന്നു ..
എപ്പോഴും ജനലിൽ കൂടി പുറത്തേയ്ക്ക് നോക്കി ഇരിക്കുന്ന ഒരു രോഗിയെ എനിക്ക് ഹോസ്പിറ്റലിലും കാണാൻ കഴിഞ്ഞു , ആ കാഴ്ച വീണ്ടും രശ്മിയെകുറിച്ചുള്ള ഓർമ്മകളിലേയ്ക്ക് എന്നെ കൂട്ടികൊണ്ടുപോയി .. മൂന്നാല് ദിവസമായി ഞാൻ ആ രോഗിയെ അങ്ങനെ തന്നെ കാണുന്നു ..ആരാണെന്നറിയാൻ മുറിയിലേയ്ക്ക് ചെന്നു ..തലയിൽ കൂടി അവളുടെ ചുരിദാറിന്റെ ഷാൾ ഇട്ടിരുന്നു , അതുകൊണ്ട് മുഖം വ്യക്തമല്ലായിരുന്നു , ഞാൻ മുറിയിലേയ്ക്ക് ചെന്നത് അറിഞ്ഞ് അവൾ തിരിഞ്ഞു നോക്കിയപ്പോൾ , അവളുടെ തലയിൽനിന്നും ഷാൾ ഊർന്ന് താഴെ വീണു ..ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി , മുടിയെല്ലാം പോയി ആകെ ക്ഷീണിത ആയിട്ട് എൻറെ രശ്മികുട്ടി...
എന്നെ കണ്ടതും അവൾ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു , പുഞ്ചിരി മാത്രം നിറഞ്ഞിരുന്ന ആ മുഖത്ത് അന്ന് ഞാൻ കണ്ടത് ദുഖത്തിന്റെ കടലായിരുന്നു ..
ആരോടും ഒന്നും പറയാതെ അവൾ എല്ലാവരിൽ നിന്നും ഉൾവലിഞ്ഞു സ്വയം അന്തർമുഖിയായി മാറിയത് ഇവിടെയ്ക്ക് വരാൻ വേണ്ടിയായിരുന്നോ ? ഞാൻ സ്വയം ചോദിച്ചു...
"എന്താ മോളെ ഇത് ഞാൻ എത്ര പ്രാവശ്യം വിളിച്ചു എന്തിനാണ് നീ ആരോടും ഒന്നും പറയാതെ പോന്നത് .. നിന്റെ കൂടെ ആരും ഇല്ലേ ?"
"അമ്മ ഇല്ല എന്ന് ചേച്ചിക്ക് അറിയാമല്ലോ , പിന്നെ അസുഖത്തിന്റെ കെട്ടുകളിൽ ഉഴലുന്ന പാവം അച്ഛനെ എൻറെ അസുഖത്തെ കുറിച്ച് പറഞ്ഞു വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി ."
അവൾ പറയുന്നത് എല്ലാം ഞാൻ കേട്ടിരുന്നു ..
"ഇനിയിപ്പോൾ എനിക്ക് ഒറ്റ ആഗ്രഹമേ ഉള്ളു .. ഒരൊറ്റ മരണത്തിലൂടെ മോക്ഷം പ്രാപിക്കണം , എൻറെതായി ഒന്നും ഈ ഭൂമിയിൽ ബാക്കി വയ്കാതെയുള്ള മരണം , ഞാൻ പോകുമ്പോൾ ഇവിടം ശൂന്യമാകണം , എന്നെ ഒർമ്മിക്കാനൊ എനിക്ക് വേണ്ടി കൊച്ചു കൊച്ചു കണ്ണീർ പുഷ്പങ്ങൾ അർപ്പികാനൊ ഉള്ള ശക്തമായ ബന്ധങ്ങൾ ഒന്നും തന്നെ ഞാൻ ഉണ്ടാക്കി വയ്ക്കുന്നില്ല " രശ്മിയുടെ ഈ വാക്കുകൾ എന്നെ വല്ലാതെ തളർത്തി..
ഇനിയും ജീവിതത്തിലേയ്ക്ക് തിരിച്ചു വരില്ല എന്ന ഉറച്ച വിശ്വാസം ഉള്ളതുപോലെയാണ് ആ കണ്ണുകൾ പറയുന്നത് ..
ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ..പക്ഷെ അതൊന്നും അവളിലെ ആ വിശ്വാസത്തെ തിരുത്താനുള്ള മാർഗമായിരുന്നില്ല..
"എത്രയോ പേരെ ഞാൻ യോഗയിലുടെ സുഖപ്പെടുത്തിയിരിക്കുന്നു ചേച്ചി ..എന്നിൽ അസുഖത്തിൻറെ ആരംഭം കണ്ടപ്പോൾ മുതൽ ഞാൻ തളർന്നുപോയി.. മരണത്തെ ഞാൻ അടുത്ത് കാണാൻ തുടങ്ങിയിരിക്കുന്നു .." അവൾ പറഞ്ഞു .
ഞാൻ അവിടെ നിന്നും പോകാൻ തുടങ്ങുമ്പോൾ എൻറെ കൈയ്യിൽ പിടിച്ച് അവൾ പറഞ്ഞു " നാളെ ഞാൻ ഡിസ്ചാർജ് ആകും കാണാൻ പറ്റുമോ ?"..
സത്യത്തിൽ അന്ന് എനിക്ക് ഡ്യൂട്ടി ഇല്ലായിരുന്നു എങ്കിലും വരാമെന്ന് പറഞ്ഞു പോന്നു ..അന്നും എന്തോ കാരണത്താൽ അവളെ കാണാൻ കഴിഞ്ഞില്ല ..
പിറ്റേന്ന് ഹോസ്പിറ്റലിൽ ഒരു കത്ത് എല്പ്പിച്ചിരുന്നു ... അതിൽ "ഇനി എന്നെ കാണാൻ പറ്റുമോ എന്നറിയില്ല ..ചിലപ്പോൾ ഫോൺ വിളിച്ചാൽ മറുതലയ്ക്കൽ എടുക്കാൻ ആരും ഉണ്ടാകില്ല , ഞാൻ പോകുമ്പോൾ എന്നിലുള്ള ബന്ധങ്ങൾ എല്ലാം ശൂന്യ മാകണം എന്ന് രശ്മി ", ഇങ്ങനെ എഴുതിയിരുന്നു ..
അങ്ങനെ വർഷങ്ങൾ കടന്നുപോയി തിളക്കമുള്ള കണ്ണുകളും , മനോഹരമായ ചിരിയും നീണ്ട കാർകുന്തൽ നിറയെ മുല്ലപൂക്കൾ വെച്ചിരുന്ന ആ സുന്ദരി കുട്ടിയെ ഞാനും മറന്നു തുടങ്ങിയോ ?
നല്ല നിലാവുള്ള ഒരു രാത്രിയിൽ ആകാശത്ത്‌ കണ്ണ് ചിമ്മി പ്രാർത്ഥിക്കുന്ന നക്ഷത്രകൂട്ടങ്ങളിൽ ഏതെങ്കിലുമൊന്നിൽ രശ്മിയുടെ മുഖം ഉണ്ടാകുമോ ? ഞാൻ വിചാരിച്ചു .
പെട്ടന്നാണ് എൻറെ ഫോൺ റിംഗ് ചെയ്തത് അറിയാത്ത നമ്പർ. ഞാൻ ഫോൺ എടുത്തു . അങ്ങേ തലയ്ക്കൽ നിന്നും " ചേച്ചി ..ഞാൻ രശ്മിയാണ് " എനിക്ക് ഒന്നും മിണ്ടാൻ കഴിയുന്നില്ല എൻറെ നാവ് ഇറങ്ങി പോയോ ?
വീണ്ടും " എന്താ ചേച്ചി ഒന്നും മിണ്ടാത്തെ" ഞാൻ ഒരു 'ഹലോ' മാത്രം പറഞ്ഞു ..
അവൾ ആകാശത്തല്ല ഭൂമിയിൽ ഇന്നും ശോഭയുള്ള നക്ഷത്രമായി ജ്വലിച്ചു നില്ക്കുന്നു എന്നറിഞ്ഞപ്പോൾ എൻറെ സന്തോഷത്തിന് അതിരില്ലായിരുന്നു ..
"നാളെ നമ്മുടെ പഴയ ആ പാസ്സിഞ്ചെരിൽ ഒന്ന് വരുമോ ചേച്ചി .." ഞാൻ പറഞ്ഞു "വരാം.."
ഒരിക്കൽ കൂടി അതെ പാസ്സിന്ചെറിൽ ഞാൻ യാത്ര ചെയ്തു ..ലേഡീസ് കമ്പാർട്ട്മെന്റിൽ അവൾ ഉണ്ടായിരുന്നില്ല .. സ്റ്റേഷനിൽ വണ്ടി നിർത്തി ഞാൻ പുറത്തിറങ്ങി , അവളെ കാണാൻ പറ്റിയില്ല എന്ന വിഷമം മനസ്സിൽ നീറി പുകഞ്ഞു ..ഇനി എൻറെ തോന്നൽ ആയിരുന്നോ ഇതെല്ലാം , ചിന്തകൾ മുറവിളികൂട്ടി ഞാൻ നിൽക്കുമ്പോൾ തൊട്ടടുത്ത കമ്പാർട്ട്മെന്റിൽ നിന്നും അവൾ ഇറങ്ങുന്നു ..
അവൾ നേരത്തെതിലും സുന്ദരിയായി തോന്നി , അവളുടെ കൈയ്യിൽ തൂങ്ങി ഒരു കൊച്ചു സുന്ദരി കുട്ടിയും , തൊട്ടുപുറകെ കാണാൻ ഒരു ചന്ദമൊക്കെയുള്ള ഒരു പയ്യനും .. എന്നെ കണ്ടതും അവർ അരികിലേയ്ക്ക് വന്നു ..
ആ വരവ് കണ്ണിന് ആനന്ദം നല്കുന്നതായിരുന്നു , ശൂന്യത മാത്രം അവശേഷിപ്പിച്ചു പോകാൻ തുടങ്ങിയവൾ ഇന്ന് ഒരുപാടു രോഗികൾക്ക് തണലുകൾ നല്കാൻ ജീവിതത്തിലേയ്ക്ക് തിരികെ വന്നിരിക്കുന്നു ... ദൈവം വലിയവൻ തന്നെ ......!

Thursday 7 April 2016

കഥ അറിയാതെ

വർഷങ്ങൾക്ക് ശേഷം ഒരു തിരിച്ചു പോക്ക് ...നാട്ടിൽ എന്റേതെന്നു പറയാൻ ആരെങ്കിലും ഉണ്ടോ എന്ന് തന്നെ അറിയില്ല .. എങ്കിലും പോകണം എന്ന ഉറച്ച തീരുമാനത്തോടെ ഞാൻ വണ്ടി കയറി ...

ട്രെയിനിൽ എൻറെ എതിർവശം ഇരുന്ന കുടുംബത്തിൻറെ ചലനങ്ങൽ എൻറെ കണ്ണിലുടക്കി .. അവരുടെ കൂടെ ഓമനത്തം തുളുമ്പുന്ന ഒരു കുഞ്ഞും ഉണ്ടായിരുന്നു.. ആ കുഞ്ഞിനെ എത്ര സ്നേഹത്തോടെയാണ് അവർ ലാളിക്കുന്നത് ..ശരിക്കും എനിക്ക് ലഭിക്കാതെ പോയ ആ സ്നേഹം ഞാൻ അവരിലൂടെ കണ്ടു ...
ആ കുഞ്ഞിൻറെ കളിയും, ചിരിയും, കൊഞ്ചലുകളും അവർ നിറഞ്ഞ മനസ്സോടെ ആസ്വദിക്കുകയാണെന്ന് അവരുടെ മുഖത്തെ ചിരി കാണുമ്പോൾ അറിയാം ...

വെറുതെ ഞാൻ എൻറെ ബാല്യത്തിലേയ്കും...ഒരു തിരനോട്ടം നടത്തി .. ഈ കുഞ്ഞിനെപോലെ എനിക്കും ഉണ്ടായിരുന്നു അച്ഛനും അമ്മയും വളരെ സന്തോഷകരമായിരുന്നു ഞങ്ങളുടെ ജീവിതം .. ഞാൻ വലുതാകുന്തോറും അച്ഛൻ എന്നിൽ നിന്നും അകലാൻ തുടങ്ങി ..ഞാൻ അടുത്തു ചെല്ലുന്നതോ , മിണ്ടുന്നതോ ഇഷ്ട്ടമില്ലാതായി ...

ഇത്രയും നാൾ ഞാൻ അനുഭവിച്ച ആ സ്നേഹം പെട്ടന്ന് നിഷേധിക്കപ്പെടുമ്പോൾ ഉള്ള വേദന എന്റെ മനസ്സില് ഒറ്റപ്പെടലിന്റെ വേലി തീർത്തു...അമ്മയേക്കാൾ എനിക്കിഷ്ട്ടം അച്ഛനോടായിരുന്നു , പെട്ടന്നുള്ള അച്ഛൻറെ ഭാവമാറ്റം ഞാൻ മറ്റാരോ ആണെന്ന തോന്നൽ വളർത്തി...എന്നെ ചൊല്ലി വീട്ടിൽ എന്നും വഴക്കായി ..ഇവരുടെ ഇടയിൽ കഥ അറിയാതെ ഞാൻ തളർന്നിരുന്നു...

എന്നും ഉള്ള ആ കലാപരിപാടി എനിക്കറിവായ നാളിലും തുടർന്നു. ഒരു ദിവസം ഞാൻ അച്ഛനോട് ചോദിച്ചു "എന്തിനാണ് എൻറെ പേര് പറഞ്ഞ് നിങ്ങൾ വഴക്ക് കൂടുന്നത് ?" അച്ഛൻ എന്നെ ദേഷ്യത്തോടെ നോക്കി " നീ എൻറെ മുന്നിൽ നിന്ന് പോകുന്നുണ്ടോ .. നിന്നെ എനിക്ക് കാണണ്ട ഞങ്ങളുടെ ഇടയിലേയ്ക്കു നിന്നെ കൂട്ടിയതാണ് ഞങ്ങൾക്ക് പറ്റിയ തെറ്റ് .." അച്ഛൻറെ ഈ വാക്കുകൾ എൻറെ മനസ്സിലേയ്ക്ക് ഒരു ഇടിമുഴക്കം പോലെ വന്നു വീണു...

താൻ അനാഥൻ ആണെന്നും മക്കളില്ലാത്ത ദുഖത്താൽ തന്നെ എടുത്തു വളർത്തിയതാണ് എന്നും അച്ഛൻറെ സുഹൃത്തിൽ നിന്നും ഞാൻ അറിഞ്ഞു . അതോടെ എൻറെ മനസ്സിൽ ഞാൻ അനാഥൻ ആണെന്ന ലേബൽ എഴുതി ..അത് എൻറെ പഠനത്തെയും ബാധിച്ചു , പഠിത്തത്തിൽ ശ്രദ്ധയില്ലാതെ ഒരു താന്തോന്നി ആയി വളരാൻ വേണ്ട എല്ലാ സാഹചര്യങ്ങളും ഞാൻ തന്നെ ഒരുക്കിയെടുത്തു , അതിൽ ഏറ്റവും കൂടുതൽ വിഷമിച്ചത് എൻറെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു ..മകന്റെ തോന്ന്യവാസ നടത്തത്തെ കുറിച്ച് അവർ അച്ഛനെ അറിയിച്ചു.." ഇവൻ എൻറെ മകൻ അല്ല..ഇവനെ ഞങ്ങൾ എടുത്തു വളർത്തിയതാണ് ..അപ്പോൾ ഇവൻ ഉണ്ടായത് എങ്ങനെയോ ആ ഗുണം അല്ലെ കാണിക്കു .. ഇനി ഇവന്റെ കാര്യം പറഞ്ഞ് എന്നെ വിളിപ്പിക്കരുത് .." അച്ഛൻ ടീച്ചറോട് കയർത്തു.. അത് എൻറെ മനസ്സിലേയ്ക്ക് പ്രതികാരത്തിന്റെ അഗ്നി ആളികത്താനുള്ള കൊടുങ്കാറ്റായി മാറി .

അന്ന് ഞാൻ തിരികെ വീട്ടിലേയ്ക്ക് മടങ്ങിയില്ല നാടും വീടും ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ യാത്രയായി .. പക്ഷെ പോകുമ്പോഴും എൻറെ മുന്നിൽ അമ്മയുടെ കൈയ്യിലിരുന്ന് തന്നോട് കൊഞ്ചുന്ന കുഞ്ഞനിയത്തിയുടെ മുഖം ഉണ്ടായിരുന്നു, വലുതാകുമ്പോൾ ഞാൻ അവളുടെ ആരുമല്ല ഒരു അനാഥ ചെക്കൻ ആയിരുന്നു എന്നറിയുമ്പോൾ അവളും തന്നെ വെറുക്കും....

എല്ലാം മറന്ന് പലവഴിയിലൂടെ ഞാൻ സഞ്ചരിച്ചു.. അവസാനം ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണമെന്നും അനാഥനെന്ന് മുദ്ര കുത്തപ്പെട്ടവരുടെ മുന്നിൽ ഒരു മേൽവിലാസം ഉള്ളവനാകണമെന്നും ഉള്ള വാശി എപ്പഴോ മനസ്സിൽ കടന്നു കൂടി ..

ഓരോന്ന് ഓർത്ത്‌ മയങ്ങിപോയി , ഏതോ സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ എൻറെ എതിർഭാഗത്തിരുന്ന കുടുംബം അവിടെ ഇറങ്ങി ..അവരെ സ്വീകരിക്കാനായി സ്റ്റേഷനിൽ അവരുടെ ബന്ധുക്കൾ ആരൊക്കെയോ ഉണ്ടായിരുന്നു .. എല്ലാവരും കുഞ്ഞിനെ ആദ്യമായി കാണുന്നപോലെ മാറി മാറി എടുക്കുന്നു , ഞാൻ അവരുടെ ആഹ്ലാദം കണ്ടിരുന്നു അപ്പോൾ കൂട്ടത്തിൽ ആരോ ചോദിക്കുന്നു .. "ഈ കുഞ്ഞിനെ സ്വീകരിച്ചപ്പോൾ എല്ലാ നിയമ നടപടികളും തീർത്തല്ലൊ അല്ലെ ? ഇനി ഇവളെ അന്വക്ഷിച്ചു ആരും വരില്ല എന്നുറപ്പല്ലേ ..?"

ആ ചോദ്യം എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു .. ആ കുട്ടിയും എന്നെപ്പോലെ ഒരു അനാഥ ആണെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയപ്പോഴേയ്ക്കും ട്രെയിൻ സ്റ്റേഷനിൽ നിന്നും നീങ്ങാൻ തുടങ്ങിയിരുന്നു .. പാവം കുട്ടി അവൾക്ക് ഒരിക്കലും എൻറെ ഗതി ആവരുതെ എന്ന് പ്രാർത്ഥിച്ചു..

തൊട്ടടുത്ത സ്റ്റേഷനിൽ ആയിരുന്നു എനിക്ക് ഇറങ്ങേണ്ടിയിരുന്നത് . സ്റ്റേഷനിൽ വണ്ടി എത്തിയപ്പോൾ സമയം ഏകദേശം സന്ധ്യയോട് അടുത്തിരുന്നു.. താൻ ഇവിടുന്നു പോയതിലും ഒരുപാട് മാറിയിരിക്കുന്നു തൻറെ നാട്. ഒരു പച്ചപരിഷ്കാരിയുടെ തലയെടുപ്പോടെ ഒരുപാട് കെട്ടിടങ്ങൾ തല ഉയർത്തി നില്ക്കുന്നു..നിരത്തിലൂടെ നടന്നു പോകുന്നവർ മംഗ്ലീഷ് ചുവയിൽ സംസാരിക്കുന്നു, നാട്ടിൽ കാലുകുത്തിയപ്പോൾ മുതൽ ആകെ ഒരു അപരിചിതത്ത്വം..

ഈ നേരത്ത് ഇനി എങ്ങനെ തൻറെ വീട് കണ്ടു പിടിക്കും , അതുമാത്രമല്ല അവിടെ വീട് ഉണ്ടാകുമോ അതോ അതെല്ലാം ഇടിച്ചുപൊളിച്ചു ഫ്ലാറ്റ് കെട്ടിയിട്ടുണ്ടാകുമോ ? ഞാൻ ഓർത്തു..

അന്വക്ഷണം പിറ്റേന്ന് ആകാമെന്ന് കരുതി ഞാൻ ടൌണിൽ തന്നെ ഒരു മുറിയെടുത്തു..

രാത്രി മുഴുവൻ അച്ഛൻ, അമ്മ , അനിയത്തി ഇവരെ കുറിച്ച് ഉള്ള ചിന്തകൾ ആയിരുന്നു.. തൻറെ കൂടെ വരുമെങ്കിൽ ഒരു ദിവസമെങ്കിലും അവരെ കൂടെ കൊണ്ടുപോയി താമസിപ്പിക്കണം എന്നും ആഗ്രഹിച്ചു ...
പിറ്റേന്ന് വീട് അന്വക്ഷിച്ചു ഞാൻ ഇറങ്ങി അവിടെ ആ പഴയ തറവാട് ഉണ്ടായിരുന്നില്ല , പകരം രണ്ട് നില കെട്ടിടം പക്ഷെ വീട്ടുപേര് 'പഴയ മഠം ' എന്ന് തന്നെ ആയിരുന്നു...

കാളിംഗ് ബെൽ അടിച്ചപ്പോൾ ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു.. ആ വീടിൻറെ പരിഷ്കാരത്തിനു ചേർന്ന വേഷമായിരുന്നില്ല അവളുടേത്‌ ..ആ വീട്ടിലെ വേലക്കരിയാണ് എന്ന് വിളിച്ചു പറയുന്നതുപോലെയായിരുന്നു വേഷം.. പെട്ടന്ന് അവൾ "ആരാണ് ? എന്ത് വേണം ? ആരെ കാണാനാണ് ?:" അങ്ങനെ ഒറ്റ ശ്വാസത്തിൽ ഒരുപാടു ചോദ്യം .

"മാധവൻ നായരുടെ വീടല്ലേ ..?" ഞാൻ ചോദിച്ചു .

അവൾ അതിനു മറുപടി പറയാതെ അകത്തേയ്ക്ക് നോക്കി ഉച്ചത്തിൽ .."കൊച്ചമ്മേ ദേ ആരോ കാണാൻ വന്നിരിക്കുന്നു .."

വളരെ തിരക്കിട്ട് ഫോണിൽ സംസാരിച്ചു കൊണ്ട് ഒരു ലേഡി പുറത്തേയ്ക്ക് വന്ന് .. അവളുടെ കവിളിലെ കക്കപുള്ളി കണ്ടപ്പോൾ തന്നെ അവൾ എൻറെ അനിയത്തിയാണെന്ന് മനസ്സിലായി. പക്ഷെ അവൾക്ക് എന്നെ തിരിച്ചറിയാൻ കഴിയില്ല കാരണം അവളുടെ ഓർമ്മയിൽ പോലും ഈ ചേട്ടൻറെ മുഖം വരുന്നതിനുമുന്നെ നാട് വിട്ടതാണ് ഞാൻ ..ഒരുപക്ഷെ അവൾക്ക് അറിവ് വച്ചപ്പോഴും ഇങ്ങനെ ഒരു ചേട്ടൻ ഉള്ളതായിട്ട് അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ടാവില്ല ..

" ആരാ മനസ്സിലായില്ല ..?" അവൾ ചോദിച്ചു


"മാധവൻ നായരെ ഒന്ന് കാണാൻ വന്നതാ .." ഞാൻ പറഞ്ഞു.

"അച്ഛൻ ഇവിടെ ഇല്ല .." തല കുനിച്ചുകൊണ്ട് അവൾ പറഞ്ഞു . "എവിടെ പോയി ..? ഞാൻ ചോദിച്ചു ..
"അമ്മ മരിച്ചപ്പോൾ അച്ഛൻ ഒറ്റപ്പെട്ടതുപോലെ ആയി , ജീവിതത്തിന്റെ തിരക്കുകാരണം ഞങ്ങൾക്ക് മക്കളെ പോലും നോക്കാൻ പറ്റാതെ ബോർഡിംഗ് ആക്കിയിരിക്കുകയാണ് , അച്ഛൻറെ ചിട്ടവട്ടങ്ങൾ അനുസരിച്ച് ഞങ്ങൾക്ക് പൊരുത്തപ്പെടാൻ പറ്റുന്നില്ല , അച്ഛനും ഞങ്ങളോട് പൊരുത്തപ്പെട്ടു പോകാൻ കഴിയുന്നില്ല ...." അത്രയും പറഞ്ഞ് അവൾ നിർത്തി..എന്നിട്ട് ഒരു വിസിറ്റിംഗ് കാർഡ്‌ എൻറെ കൈയ്യിൽ തന്നു ..അത് അവിടെ അടുത്തുള്ള ഒരു വൃദ്ധസദനത്തിന്റെ വിലാസം ആയിരുന്നു .. ഞാൻ അത് വായിച്ചിട്ട് അവളെ നോക്കി ..

"ഇപ്പോൾ അച്ഛൻ അവിടെ ആണ് ഉള്ളത് .." അവൾ പറഞ്ഞു...

ഞാൻ ഒന്നും പറയാതെ അവിടെ നിന്ന് ഇറങ്ങി നേരെ പോയത് ആ വൃദ്ധസടനത്തിലെയ്ക്ക് ആയിരുന്നു ..അവിടെ ചെന്നപ്പോൾ എൻറെ കണ്ണ് നിറഞ്ഞു , ഒരുപാട് മാതാ പിതാക്കൾ മക്കളെ വളർത്തി വലുതാക്കിയതിന്റെ കൂലിയെന്നോണം അനാഥരെ പോലെ ചിരിക്കാനും കരയാനും മറന്നുപോയ കുറെ ജീവിതങ്ങൾ ..

ഞാൻ അവിടെ ചെന്ന് മാധവൻ നായരെ അന്വക്ഷിച്ചു അവിടുത്തെ ഒരു അന്തെവാസി എന്നെ അച്ഛൻറെ അടുക്കലേയ്ക്ക് കൂട്ടികൊണ്ട് പോയി ..

"പിള്ളേച്ചാ ദേ നിങ്ങളെ കാണാൻ ആരോ വന്നിരിക്കുന്നു .." അയാൾ പറഞ്ഞു ..

അച്ഛൻ കിടക്കുകയായിരുന്നു ..അയാളുടെ സംസാരം കേട്ട് അച്ഛൻ കട്ടിലിൽ എഴുന്നേറ്റിരുന്നു .. എന്നെ നോക്കി ..

ഞാൻ ആരാണെന്ന് മനസ്സിലായിട്ടാണോ അതോ തന്നെ കാണാൻ ആരോ വന്നു എന്ന സന്തോഷത്തിലാണോ എന്നറിയില്ല അച്ഛൻറെ കണ്ണുകൾ നിറഞ്ഞൊഴുകി ...

"മോനെ " അച്ഛൻ എന്നെ വിളിച്ചു ... അദ്ദേഹം എന്നെ മനസ്സിലാക്കിയിരിക്കുന്നു ...എൻറെ കണ്ണുകളിലും സന്തോഷത്തിന്റെ അശ്രുകണങ്ങൾ പൊടിഞ്ഞു ...

"മോനെ നീ എന്നെ കാണാൻ വന്നല്ലോ ..നീ അനാഥൻ ആണ് എന്നധിക്ഷേപിച്ച ഈ അച്ഛനെ നീ മറന്നില്ലല്ലോ .. ഇപ്പോൾ ഞാൻ അറിഞ്ഞു മോനെ അരുമില്ലാത്തവന്റെ അവസ്ഥ ..."

ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു എൻറെ കൂടെ പോരാൻ അച്ഛനെ നിർബന്ധിച്ചു .പക്ഷെ അച്ഛൻ വരാൻ തയ്യാറായില്ല ..

"എൻറെ മോനോട് ചെയ്ത ദ്രോഹത്തിന് ഈശ്വരൻ തന്ന ശിക്ഷയാണിത് . ഞാനിത് അനുഭവിച്ച് തന്നെ തീർക്കണം ..അതുകൊണ്ട് മോൻ പോകണം ..." അച്ഛൻ പറഞ്ഞു ..

ഞാൻ മനസ്സില്ലാ മനസ്സോടെ തിരിച്ചു പോരുമ്പോൾ ആ വൃദ്ധസദനത്തിന്റെ മുറ്റത്ത്‌ ഒരു കാർ വന്നു നിന്നു ...അതിൽ നിന്നും പ്രായമായ ദമ്പദികൾ ഇറങ്ങി..അവരുടെ മുന്നിലായി മകനാണെന്ന് തോന്നുന്നു ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു ..അയാളുടെ പുറകെ തലയും കുനിച്ച് രണ്ടുപേരും ആ അനാഥ മന്ദിരത്തിലെയ്ക്കു നടന്നു കയറി....