Saturday, 7 January 2017

ആയിഷ

ഗൾഫിലെ ചൂടിൽനിന്നും നാട്ടിലെ പച്ചപ്പിൽ എത്തിയപ്പോൾ ഹമീദിന് വളരെ സന്തോഷം തോന്നി . അയാളുടെ മനസ്സും ശരീരവും ഒരുപോലെ തണുത്തു .
കാറ് നഗരം വിട്ട് അയാളുടെ ഗ്രാമത്തിലേക്ക് കടന്നു . നഗരത്തിൻറെ ഭ്രാന്തൻ കൈകൾ ഇനിയും തൻറെ നാടിനെ കീഴ്പ്പെടുത്തിയിട്ടില്ല എന്നറിഞ്ഞപ്പോൾ ഹമീദിന് സന്തോഷത്തോടൊപ്പം ആശ്വാസവുമായി .
ഗ്രാമത്തിലെ പരിചിതമുഖങ്ങൾ തൻറെ വരവ് ഒരു ചിരിയോടെ തലയാട്ടി സ്വീകരിക്കുന്നു . മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടി . സ്കൂളിലേക്ക് കലപിലവച്ചുപോകുന്ന കുട്ടികൾ . അവർക്ക് താങ്ങാവുന്നതിലപ്പുറം ഭാരമാണ് അവരുടെ മുതുകിൽ . പാവം കുട്ടികൾ ഇന്ന് അവരുടെ ബാല്യം വിദ്യാഭ്യാസത്തിന് വേണ്ടിമാത്രം തളക്കപ്പെട്ടു കഴിഞ്ഞു .
ഹമീദ് ഒരു നിമിഷം തൻറെ ബാല്യത്തിലേക്ക് തിരിഞ്ഞു . എന്ത് രസമായിരുന്നു അന്നൊക്കെ . കൂട്ടുകാരുമൊത്ത് കലപിലകൂട്ടിയും , മാവിൽ കല്ലെറിഞ്ഞും , മഞ്ചാടിക്കാട്ടിൽ കഞ്ഞിയും കറിയും വെച്ച് കളിച്ചും , പ്രണയിച്ചും . മനോഹരമായ ഒരു ബാല്യം .
മഞ്ചാടികാടിൻറെ അരികിലൂടെ കാറ് നീങ്ങിയപ്പോൾ , ഹമീദിന് ആയിഷയെ ഓർമ്മവന്നു .
മഞ്ചാടിക്കാട്ടിലെ മരങ്ങൾക്കിടയിൽ കഞ്ഞിയും കറിയും വച്ച് കളിക്കുമ്പോൾ അവളെൻറെ ബീവിയായിരുന്നു .
പ്രിയതമയുടെ അരികിലേക്ക് ഓടിയെത്താൻ കൊതിക്കുമ്പോഴും .തൻറെ ആദ്യത്തെ പ്രണയം ഹമീദ് മറന്നില്ല . അല്ലെങ്കിലും ആണുങ്ങൾ അങ്ങനെയാണ് , എത്ര കാലങ്ങൾ കഴിഞ്ഞാലും തൻറെ ആദ്യപ്രണയം മറക്കില്ല , ഹമീദ് ഒരു ചെറിയ ചിരിയോടെ ഓർത്തു .
നീണ്ടു വിടർന്ന മിഴികളിൽ കരിമഷി പുതഞ്ഞു കിടന്നിരുന്നു . ചിരിക്കുമ്പോൾ കവിളിൽ വിടരുന്ന നുണക്കുഴികൾ അവളിലെ സൗന്ദര്യത്തിൻറെ മാറ്റ് കൂട്ടിയിരുന്നു . പുറകിലേക്ക് മെടഞ്ഞിട്ട മുടിയിഴകളുടെ ഭംഗിയെ അവളുടെ തട്ടത്താൽ മറച്ചിരുന്നു .. കണങ്കാലിനെ ഉമ്മവച്ചു കിടക്കുന്ന അവളുടെ പാദസരത്തിൻറെ മണികിലുക്കം എന്നും മനസ്സിന് കുളിരായിരുന്നു . അവളുടെ കൈയ്യിലെ മയിലാഞ്ചി ചോപ്പിന് പ്രണയത്തിൻറെ നിറമായിരുന്നു . എന്ത് ചോദിച്ചാലും ഒന്നും മിണ്ടാതെ കണ്ണുകൾ കൊണ്ട് കഥപറഞ്ഞൊളിക്കുമായിരുന്നു അവൾ ... നീണ്ടുമെലിഞ്ഞ ഒരു കറുത്ത സുന്ദരിയായിരുന്നു എൻറെ ആയിഷ . ഇന്ന് മറ്റാരുടെയോ ആയിഷ .
കാറ് മുന്നോട്ട് നീങ്ങികൊണ്ടേ ഇരുന്നു . ആയിഷയെക്കുറിച്ചുള്ള ഓർമ്മകൾ അയാളിൽ ചെറിയ നൊമ്പരം ഉണ്ടാക്കി. പുറത്തേക്ക് നോക്കിയിരുന്നപ്പോൾ പർദ്ദയിട്ടുവരുന്ന കറുത്ത സുന്ദരിയിൽ ഹമീദിൻറെ കണ്ണുകളുടക്കി .
അത് ആയിഷയല്ലേ ? ഡ്രൈവറോട് വണ്ടി നിർത്താൻ ഹമീദ് പറഞ്ഞു .
ഡ്രൈവർ കുറച്ചുമുന്നോട്ടു നീക്കി വണ്ടി നിർത്തി . ഹമീദ് കാറിൽ നിന്നും ഇറങ്ങി . ... നടന്നുപോകുന്നത് ആയിഷയാണോ എന്നറിയില്ല ... എങ്കിലും ഹമീദ് വിളിച്ചു .
''ആയിഷ''.
അവൾ തിരിഞ്ഞു നിന്നു .
അത് ആയിഷ തന്നെ അല്ലെങ്കിൽ തിരിഞ്ഞു നില്ക്കില്ലായിരുന്നല്ലോ ? ഹമീദിന് സന്തോഷം തോന്നി . അവൻ അവളുടെ അരികിലേക്ക് നടന്നടുത്തു .
ആയിഷ : ഹമീദെ .. അവളുടെ സുറുമയെഴുതിയ കണ്ണുകൾ വിടർന്നു .
ബാല്യകാല സഖി തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഹമീദിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു . എന്ത് പറയണമെന്നറിയാതെ അവർ പരസ്പരം നോക്കി നിന്നു . അപ്പോഴും ഇരുവരുടേയും കണ്ണുകൾ ഒരു യുഗത്തിലെ മുഴുവൻ കഥകൾ പറയുന്നുണ്ടായിരുന്നു .
ആയിഷ ഇന്ന് പഴയതിലും സുന്ദരിയായിരിക്കുന്നു . ഹമീദ് ഓർത്തു .
ഹമീദ് : നിനക്ക് സുഖമല്ലേ ? ഇപ്പോൾ എവിടാണ് താമസം ?.
ആയിഷ : ഇക്കയുടെ വീട്ടിൽ . അവിടെ അദ്ദേഹത്തിൻറെ ഉമ്മയും , ബാപ്പയും മാത്രമേ ഉള്ളു . ഇക്ക ദുബായിൽ ആണ് . ഹമീദിൻറെ നിക്കാഹ് കഴിഞ്ഞുവെന്നറിഞ്ഞിരുന്നു . ബീവിക്ക് സുഖമല്ലേ ? കുട്ട്യോളായോ ?.
ഹമീദ് : അവൾക്ക് സുഖം , രണ്ട് കുട്ടികൾ . ഞാനും ഗൾഫിൽ ആണ് . ഇപ്പോൾ വരുന്ന വഴിയാണ് . ഒട്ടും പ്രതീക്ഷിച്ചില്ല നിന്നെ ഇവിടെ കാണുമെന്ന് . എത്ര നാളുകളായിന്നറിയോ ആയിഷ നിന്നെ കാണാൻ ആഗ്രഹം തോന്നിയിട്ട് . ബാല്യകാലത്തെ ക്കുറിച്ചുള്ള എൻറെ ഓർമ്മകളിൽ എപ്പോഴും നമ്മുടെ പ്രണയം ഓടിയെത്താറുണ്ട് . നിൻറെ കവിളിൽ വിരിയുന്ന ആ നുണക്കുഴി ഇന്നും ഓർക്കുന്നു .
ആയിഷയുടെ കണ്ണുകളിൽ ചെറിയ നാണം .
ആയിഷ : പഴയതൊന്നും നീ ഇപ്പഴും മറന്നിട്ടില്ല അല്ലെ .. ഞാനും ഓർക്കാറുണ്ട് . എന്നാലും ജീവിതമാകുമ്പോൾ മറന്നും , മറന്നുവെന്ന് നടിച്ചും വേണം ജീവിക്കാൻ .
ഹമീദ് : അതെ , പക്ഷേ ഇന്നും മറക്കാതെ സൂക്ഷിക്കുന്നു നമ്മുടെ ആ നല്ല നിമിഷങ്ങൾ .
അതുപറഞ്ഞപ്പോൾ അന്നത്തെപോലെ ആയിഷയുടെ കണ്ണുകൾ വിടർന്നു .നുണക്കുഴികൾ വിരിഞ്ഞു .
ആരും അറിയാതെ , ആരോടും പറയാതെയുള്ള ആ പ്രണയത്തിന് ഇലഞ്ഞിപ്പൂവിൻറെ സുഗന്ധമുണ്ടായിരുന്നു , മഞ്ചാടിക്കാടിൻറെ ഭംഗിയുണ്ടായിരുന്നു . ക്ലാസ്സിൽ ഇരിക്കുമ്പോൾ ഒളികണ്ണാൽ മൊഹബ്ബത്തിൻറെ ഹൃദയകാവ്യം അവർ കൈമാറിയിരുന്നു .
ആയിഷ : ഒരിക്കൽ പെരുന്നാളിന് ആരും കാണാതെ നീ എൻറെ കൈയ്യിൽ മയിലാഞ്ചിയിട്ടു തന്നതും , മയിലാഞ്ചിയുടെ മണം നമ്മുടെ പ്രണയസുഗന്ധമാണെന്ന് നീ പറഞ്ഞതും എല്ലാം ഓർമ്മയുണ്ട് . അന്നാണ് നമ്മുടെ പ്രണയത്തിന് പിരിയാൻ കഴിയില്ല എന്ന് മനസ്സിലാക്കിയത് .
ഒരു നിമിഷം അവർ പഴയ ആയിഷയും ഹമീദുമായി മാറി ..
ജീവിതത്തിൽ ഏറ്റവും സുന്ദരമായ കാലമുണ്ടെങ്കിൽ അത് ഏവരുടേയും ബാല്യകാലമായിരിക്കും .
ഹമീദ് : നീ ഓർക്കുന്നോ ആയിഷ ! എനിക്ക് സുഖമില്ലാതെ കിടന്നപ്പോൾ എൻറെ സഹോദരിയുടെ കൂടെ നീ വീട്ടിൽ വന്നതും , എനിക്ക് നഷ്ട്ടപ്പെട്ട ക്ലാസ്സുകളുടെ നോട്ടുകൾ തന്നതും , അതിൽ ആരുമറിയാതെ പ്രണയലേഖനമൊളിപ്പിച്ചതും , നമുക്കായി വിരിയുമെന്ന് എഴുതി അതിൽ മനോഹരമായ മയിൽ പീലിത്തുണ്ട് ഒളിപ്പിച്ചതും.! എല്ലാം ഇന്നും ഓർമ്മകളുടെ സുഗന്ധമായി എന്നിൽ നിറയുന്നു .
ആയിഷ : ഓരോ ദിവസവും അത് പെറ്റു പെരുകിയോ എന്നറിയാൻ നമ്മൾ നോക്കിയതും , എന്ത് രസമായിരുന്നു അല്ലെ ...! ക്ലാസ്സ് തീർന്നു , എല്ലാവരും പിരിയുന്ന ആ ദിവസം വന്നെത്തി . അന്ന് കരഞ്ഞു കലങ്ങിയ എൻറെ മിഴികളിൽ നീ ആദ്യമായി ചുംബിച്ചതും ഞാൻ ഓർക്കുന്നു .
ഹമീദ് : നമ്മൾ പിരിഞ്ഞ ആ ദിവസം നല്ല മഴയായിരുന്നു . അന്ന് നിൻറെ കുടയിൽ മുട്ടിയുരുമ്മിയാണ് നമ്മൾ പോയത് . ആ മഴ വിരഹത്തിൻറെ ആയിരുന്നു , വിണ്ണിലെ പ്രണയത്തുള്ളികൾ മേഘത്തെ പിരിഞ്ഞതുപോലെ അന്ന് നമ്മുടെ പ്രണയവും അവസാനിക്കുകയായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു . പിന്നീടൊരിക്കലും നമ്മൾ കണ്ടിരുന്നില്ല .
ആയിഷ ! നിന്നെ കാണാൻ ഞാൻ പലപ്പോഴും ശ്രമിച്ചിരുന്നു . പക്ഷേ ഒരിക്കൽപോലും നിന്നെ കാണാൻ കഴിഞ്ഞില്ല . കുറേ നാളുകൾ കഴിഞ്ഞും നിൻറെ ഓർമ്മകൾ എന്നിൽ നിന്നും മാഞ്ഞിരുന്നില്ല . ഉപരിപഠനത്തിന് പോയപ്പോഴും തിരികെ വന്ന് നിന്നെ കാണാൻ ശ്രമിച്ചു , പിന്നീട് ഞാൻ അറിഞ്ഞു നിൻറെ നിക്കാഹ്‌ ആണെന്ന് .
അന്ന് ഞാൻ ആരുമറിയാതെ നമ്മുടെ മൊഹബ്ബത്തിൻറെ സ്മാരകമായി നില്ക്കുന്ന മഞ്ചാടിക്കാട്ടിൽ പോയി ഒരുപാട് നേരം കരഞ്ഞു . വീണ്ടും നമ്മൾ കണ്ടുമുട്ടിയിരിക്കുന്നു ഈ വഴിപിരിയും ഇടവഴിയിൽ വച്ച് അല്ലെ ആയിഷ .!
ഹമീദിന് അവൻറെ സങ്കടത്തെ നിയന്ത്രിക്കാൻനായില്ല . അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി . ആയിഷയുടെ അവസ്ഥയും അത് തന്നെയായിരുന്നു .
ആയിഷയുടെ വിരൽത്തുമ്പിൽ തൂങ്ങി തന്നെ അത്ഭുതത്തോടെ നോക്കുന്ന ആ കൊച്ചു സുന്ദരിയുടെ കൈയ്യിൽ ഒരു പിടി മിഠായി വച്ചുകൊടുത്ത് തിരിഞ്ഞു നോക്കാതെ ഹമീദ് കാറിൽ കയറി യാത്രയായി .
അതാരാ ഉമ്മാ ?.
കുറച്ചു നേരം അയാൾ പോയ വഴിയിലേക്ക് നോക്കിനിന്ന ആയിഷ മകളുടെ ചോദ്യം കേട്ടില്ല .
വീണ്ടും കൊച്ചായിഷയുടെ ചോദ്യത്തിന് ഉത്തരം നല്കാൻ തുടങ്ങുമ്പോൾ അവളുടെ കണ്ണിലെ സുറുമ കലങ്ങിയിരുന്നു . ...!

9 comments:

 1. നന്നായിട്ടുണ്ട്‌ കഥ
  അവര്‍ തമ്മിലുളള സംഭാഷണം അത്രയും ദീര്‍ഘിപ്പിക്കേണ്ടിയിരുന്നില്ല.
  ആശംസകള്‍

  ReplyDelete
 2. സന്തോഷം ഈ കഥ വായിച്ചതിന് .. അഭിപ്രായത്തിന് ഒരുപാട് നന്ദി

  ReplyDelete
 3. ജീവിതത്തിൽ ഏറ്റവും
  സുന്ദരമായ കാലമുണ്ടെങ്കിൽ
  അത് ഏവരുടേയും ബാല്യകാലമായിരിക്കും
  എന്നത് സത്യം.. , പിന്നെ അതോടൊപ്പമുള്ള
  അസ്സലൊരു പ്രണയ വർണ്ണനയും ...

  ആരും അറിയാതെ , ആരോടും പറയാതെയുള്ള
  ആ പ്രണയത്തിന് ഇലഞ്ഞിപ്പൂവിൻറെ സുഗന്ധമുണ്ടായിരുന്നു , മഞ്ചാടിക്കാടിൻറെ ഭംഗിയുണ്ടായിരുന്നു . ക്ലാസ്സിൽ ഇരിക്കുമ്പോൾ ഒളികണ്ണാൽ മൊഹബ്ബത്തിൻറെ ഹൃദയകാവ്യം അവർ കൈമാറിയിരുന്നു ...

  ReplyDelete
  Replies
  1. സന്തോഷം ഈ കഥ വായിച്ചതിന് .. അഭിപ്രായത്തിന് ഒരുപാട് നന്ദി

   Delete
 4. നഷ്ടപ്രണയത്തിന്റെ ഓര്‍മകളെ തഴുകിയോഴുകും പുഴ പോലെ........

  ReplyDelete
  Replies
  1. ആരും അറിയാതെ , ആരോടും പറയാതെയുള്ള
   ആ പ്രണയത്തിന് ഇലഞ്ഞിപ്പൂവിൻറെ സുഗന്ധമുണ്ടായിരുന്നു , മഞ്ചാടിക്കാടിൻറെ ഭംഗിയുണ്ടായിരുന്നു .

   Delete
 5. മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന എഴുത്തുകാരി , കഥകൾ ഒന്നിനൊന്നു മെച്ചമാകട്ടെ ..ആശംസകൾ

  ReplyDelete
  Replies
  1. സന്തോഷം .. ഈ വാക്കുകൾക്ക്

   Delete
 6. This comment has been removed by the author.

  ReplyDelete