Wednesday, 8 February 2017

കോമരം

പുഴക്കരയിലെ ഭഗവതിക്കാവിൽ ഇന്ന് നല്ല ഭക്തജനത്തിരക്കാണ് .
വെള്ളിയാഴ്ചയാണ് അതിൻറെ മാത്രം തിരക്കല്ല .. ഇന്നാണ് കുമാരൻറെ കെട്ടിച്ചുറ്റ്‌ .. ആളുകൾ കൂടുതൽ വന്നു തുടങ്ങി .. (ഭഗവതിയുടെ കോമരമാകാന്‍ പോകുന്നയാള്‍ പട്ടും അരമണിയും ചിലമ്പുണിഞ്ഞ് പള്ളിവാളുമേന്തി പ്രാർത്ഥിച്ചുകൊണ്ട് നടയ്ക്കല്‍ നില്‍ ക്കും .ഭക്ത ജനങ്ങള്‍ മുഴുവനും “അമ്മേ ദേവീ ” എന്ന് വിളിച്ചു പ്രാർത്ഥിക്കും . തന്റെ കോമരമാകാന്‍ പ്രാപ്തനാണെങ്കില്‍ അമ്മ അയാളില്‍ പ്രവേശിക്കും കോമരം ഉറഞ്ഞ് തുള്ളും.).
കാവിലെ ഭഗവതി വിളിച്ചാൽ വിളിപ്പുറത്താണ് . ആ ബഹുമാനവും വിശ്വാസവും ഭക്തർ അവിടുത്തെ വെളിച്ചപ്പാടിനും നല്കിയിരുന്നു .
ഭഗവതിയുടെ ഇപ്പോഴത്തെ കോമരം കുമാരൻറെ അച്ഛൻ രാമുവാണ് . രാമുവിന് പ്രായമായിരിക്കുന്നു . ഭഗവതിയുടെ പ്രതിരൂപമാകാൻ കാവിൽ തുള്ളിയുറഞ്ഞാടാൻ രാമുവിന് ശക്തിയില്ലാതായിരിക്കുന്നു . ഇനി അത് തൻറെ മകൻ കുമാരനെ ഏൽപ്പിക്കാൻ രാമു തീരുമാനിച്ചു .
അത് മാത്രമല്ല മകനെ കുലത്തൊഴിൽ (തടിയിൽ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്നു) പഠിപ്പിച്ചു , ചിട്ടകളെല്ലാം പഠിപ്പിച്ചുവെങ്കിലും കോളേജിലെ പഠനം മകനെ മറ്റൊരു വഴിയിലേക്ക് നയിക്കുന്നു എന്ന തോന്നൽ രാമുവിൽ ആശങ്കയായിരുന്നു . പഴയകാലമല്ലല്ലോ ഇന്ന് ആരും ഇങ്ങനെയൊരു പാത പിന്തുടരാൻ തയ്യാറാവുകയില്ല . ദേവിയുടെ പ്രതിരൂപമാകുക എന്നത് അവകാശമാണ് . അത് മറ്റൊരാൾക്ക് തിരികെ നല്കാന് രാമുവിന് മനസ്സുവന്നില്ല .
പുഴക്കരയിൽ നിന്നും ഉറച്ച തീരുമാനത്തോടെ ഭഗവതിയെ പ്രാർത്ഥിച് രാമു കോലോത്തേക്കു നടന്നു . തമ്പുരാനെ തീരുമാനം അറിയിക്കണം .. അദ്ദേഹമാണ് കുമാരനെ അരിയും പൂവും ഇട്ടു അടുത്ത കോമരമായി വാഴിക്കേണ്ടത് .
''എന്താ രാമു ? പതിവില്ലാതെ ഈ വഴിയൊക്കെ ''?.
''ഞാൻ അങ്ങയോട് ഒരപേക്ഷയുമായി വന്നതാണ് ?''.
''അപേക്ഷയോ ? എന്താ രാമു കേൾക്കട്ടെ ?''.
''തമ്പുരാനേ എനിക്ക് ഇനി ദേവിയുടെ പ്രതിരൂപമാകാനുള്ള ശക്തിയില്ല .. ഞാൻ അത് എൻറെ മകൻ കുമാരനെ ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നു . ഇനി അവനിലൂടെ അറിയട്ടെ ദേവിയുടെ അരുളപ്പാടുകൾ , അങ്ങനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു . പ്രായമായിരിക്കുന്നു എനിക്ക് . ''
''ഹേയ് എന്താ ഈ പറയുന്നെ ..രാമുവിന് ആവതില്ലെന്നോ ? ശരി നിങ്ങളുടെ ആഗ്രഹം അതാണെങ്കിൽ കുമാരനെ വിളിപ്പിക്കുക ''.
''ശരി തമ്പുരാനേ ''.
ഇതൊന്നുമറിയാതെ കുമാരൻ അച്ഛൻ പെങ്ങളുടെ വീട്ടിൽ നിന്ന് പഠിക്കുകയായിരുന്നു . അയാൾ പതുക്കെ രാഷ്ട്രീയത്തിലേക്ക് നീങ്ങാൻ തുടങ്ങിയിരിക്കുന്നു . അച്ഛൻറെ അരികിൽ നിന്നും പോന്നപ്പോൾ ചിട്ടയും , അവകാശങ്ങളുമെല്ലാം മറന്ന് നിരീശ്വരവാദത്തിൻറെയും വിപ്ലവത്തിന്റേയും പാതയുടെ തുടക്കത്തിലേക്ക് പോകാൻ തുടങ്ങി . വെളിച്ചപ്പാടിൻറെ അരുളപ്പാടിലോന്നും വിശ്വാസമില്ലാതായി .
ഇതൊക്കെ രാമു അറിയുന്നുണ്ടായിരുന്നു . അതിനാലാണ് മകനെ തിരിച്ചു കൊണ്ടുവരാൻ രാമു തയ്യാറായതും . എങ്കിലും അച്ഛൻറെ ആജ്ഞ ധിക്കരിക്കാൻ കുമാരന് കഴിയുമായിരുന്നില്ല . കുമാരൻറെ ആഗ്രഹങ്ങൾ അവിടെ അവസാനിച്ചു .
കോലോത്തെ ക്ഷേത്രമായതിനാൽ അവിടുത്തെ വെളിച്ചപ്പാടിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല .
മുറപ്പെണ്ണിനെ വിവാഹം കഴിക്കാൻ അച്ഛൻ നിർബന്ധിച്ചു .. അതിനും എതിര് പറഞ്ഞില്ല .. അത് കുമാരൻറെയും ആഗ്രഹമായിരുന്നു . ബാല്യകാല സഖികൂടിയായിരുന്നു മാതു . അങ്ങനെ വിവാഹം കഴിഞ്ഞു .
മറ്റൊരു കാര്യമെന്താണെന്ന് വച്ചാൽ വിവാഹശേഷമേ കോമരമാകാൻ കഴിയു . അതാവാം കുമാരൻറെ അച്ഛൻ വിവാഹത്തിന് നിർബന്ധിച്ചതും .
മറ്റൊരാൾക്ക് പൂവിട്ട് വാഴിക്കുന്നതിന് മുൻപ് ഭഗവതിയുടെ അനുവാദം ചോദിക്കുന്ന ചടങ്ങുണ്ട് . തമ്പുരാൻ അതിനായി ഭഗവതിയോട് പ്രാർത്ഥിച്ചു .
രാമുവിൻറെ കൈയ്യിൽ നിന്നും ദേവിയുടെ അലങ്കാരങ്ങൾ തിരികെവാങ്ങി കുമാരന് നല്കി വാഴിച്ചു .
ഭഗവതിയുടെ പട്ടും ചിലമ്പും പള്ളിവാളും അരമണിയും അണിഞ്ഞു നടക്കൽ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു കുമാരൻ .
മേളം തുടങ്ങി . കുമാരൻറെ മുഖത്തെ രൗദ്രഭാവം , തീപാറുന്ന നോട്ടം എല്ലാവർക്കും ഭയം തോന്നി . രാമുവിന് മകൻറെ മുഖത്തേക്ക് നോക്കാൻ ശക്തിയില്ലായിരുന്നു . അത്രയ്ക്ക് രൗദ്രമായിരുന്നു ആ ഭാവം .
''ഒന്നുകൊണ്ടും വിഷമിക്കേണ്ട . ഞാൻ ഇവിടെ എൻറെ ഭക്തരുടെ കൂടെയുണ്ട് .. ഞാൻ നിങ്ങളിൽ സംപ്രീതയാണ് ''.. ദേവിയുടെ ആദ്യത്തെ അരുളപ്പാട് കുമാരനിലൂടെ പുറത്തു വന്നു . കുമാരൻ തുള്ളിയുറഞ്ഞാടി .
രാമുവിൻറെ മനസ്സ് ശാന്തമായി .. തൻറെ മകൻ ദേവിയുടെ പ്രതിരൂപമാകാൻ യോഗ്യൻ തന്നെ .. അയാളോർത്തു .
''രാമു കണ്ടില്ലേ കുമാരൻറെ മുഖത്തെ ആ തേജസ്സ് . ശരിക്കും ഇവൻ യോഗ്യൻ തന്നെ '' . തമ്പുരാൻ രാമുവിനോടായി പറഞ്ഞു .
രാമുവിന് സന്തോഷമായി . ദേവിയുടെ നടക്കലേക്ക് നീങ്ങി നിന്നു ..
'' എൻറെ ദേവി ഇത്രയും നാൾ അമ്മയുടെ പ്രതിരൂപമാകാൻ എനിക്ക് ഭാഗ്യം ഉണ്ടായി , ഇനി അത് എൻറെ മകനിൽ കാണാൻ ആഗ്രഹിച്ചു . ദേവി അവനിൽ അനുഗ്രഹിച്ചു എനിക്ക് സന്തോഷമായി . ഞാൻ പോകുന്നു . ഇനിയുള്ള കാലം തീർത്ഥയാത്രയാണ് . എൻറെ ഭഗവതിയോടുള്ള ആദരവ് എന്നും എൻറെ മനസ്സിൽ ഉണ്ടാവും ''.
തമ്പുരാൻ രാമുവിന് ദക്ഷിണ നല്കി യാത്രയാക്കി . തിരികെ പോരുമ്പോൾ രാമുവിൻറെ കണ്ണുകൾ നിറഞ്ഞൊഴുകി .
കുമാരൻ തളർന്നു വീണു .. പള്ളിവാളാൽ ആഞ്ഞു വീശി മുറിവേല്പ്പിച്ച നെറ്റിയിൽ മഞ്ഞൾപ്പൊടി വാരിപ്പൊത്തി . ആരൊക്കെയോചേർന്നു കുമാരനെ വീട്ടിൽ എത്തിച്ചു .
ഭഗവതിയുടെ കെട്ടിചുറ്റൽ കഴിഞ്ഞാൽ ഒരു വർഷക്കാലം സ്ത്രീ സംസർഗ്ഗം പാടില്ല . അതുപോലെ ഉത്സവകാലങ്ങളിലും , പ്രദേശത്ത് മഹാവ്യാധി പടർന്നു പിടിക്കുമ്പോഴും കോമരം എപ്പോഴും വ്രതത്തിൽ ആയിരിക്കണം . ഇല്ലെങ്കിൽ ഭഗവതിയുടെ കോപം ഉണ്ടാകും എന്നാണ് വിശ്വാസം .
ദിവസവും രാവിലെ കുളിച് ദേവിയുടെ അലങ്കാരങ്ങൾ വച്ചിരിക്കുന്ന ചായ്പ്പിലാണ് കോമരത്തിൻറെ താമസം . മത്സ്യ മാംസാദികൾ കൂട്ടാൻ പാടില്ല ഒരു നേരം അരിയാഹാരം ഇങ്ങനെയൊക്കെയാണ് ഒരു വർഷക്കാലത്തെ ചിട്ടവട്ടങ്ങൾ . കുമാരനും ഇന്നുമുതൽ അങ്ങനെ വേണം കഴിയാൻ .
കുമാരനെ ഭർത്താവായി കിട്ടിയത് എന്തിലും വല്യ ഭാഗ്യമായി മാതു കരുതി . അതുകൊണ്ട് കോമരത്തിനേക്കാൾ വ്രതത്തിൽ ആയിരുന്നു മാതുവും . കുമാരൻ താമസിക്കുന്ന ചായ്പ്പിന് വെളിയിൽ മറഞ്ഞു നിന്നായിരുന്നു അവൾ സംസാരിച്ചിരുന്നത് . കുമാരന് വേണ്ട ആഹാരം മുറിയുടെ പുറത്ത് അടച്ചുവച്ചു . കുമാരൻറെ വൃതം മുടങ്ങാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു .
വിവാഹം കഴിഞ്ഞ ഉടനെ ആയിരുന്നു കുമാരൻറെ കെട്ടിച്ചുറ്റ്‌ .
മാതു കുമാരനോടുള്ള സ്നേഹം ഉള്ളിലൊതുക്കി പ്രാർത്ഥനയോടെ നടന്നു . പക്ഷെ മാതുവിൻറെ സൗന്ദര്യം കുമാരനിലെ പുരുഷൻ ഉണർന്നു . കുമാരൻറെ ശക്തിയിൽ മാതുവിന് കുതറിമാറാൻ കഴിഞ്ഞില്ല . അവർ ശിവശക്തിപോലെ ലയിച്ചു .
തളർന്നുറങ്ങുകയായിരുന്നു കുമാരൻ .. ഇടിമുഴക്കംപോലെ ചിലമ്പൊലി ശബ്ദം കുമാരൻറെ കാതിൽ വന്നലച്ചു . അയാൾ തൻറെ നെഞ്ചിൽ തളർന്നുറങ്ങുന്ന മാതുവിനെ തള്ളിമാറ്റി . വൃതം മുടങ്ങിയതറിഞ്ഞു രണ്ടുപേരും ഞെട്ടിവിറച്ചു . ആരോ അടിച്ചിട്ടതുപോലെ കുമാരൻ നിലത്തു വീണു .
കുമാരൻ തളർന്നു , മാതു ഭയന്നു വിറച്ചു . താൻ ഇത്രയും കാലം കാത്തു സൂക്ഷിച്ച വൃതം മുടങ്ങിയിരിക്കുന്നു . ഇനി എന്തൊക്കെയാണോ ദേവീകോപത്താൽ ഉണ്ടാകാൻ പോകുന്നത് . കുമാരൻ പരവശനായി . ദേവിയുടെ അലങ്കാരങ്ങൾ വച്ചിരിക്കുന്ന ചായ്പ്പിലേക്ക് കയറാൻ കുമാരൻറെ മനസ്സ് മടിച്ചു .
''എൻറെ ദേവി ഞാൻ തെറ്റ് ചെയ്തുപോയല്ലോ .. എന്നോട് ക്ഷമിക്കണേ ..!'' അയാൾ മനമുരുകി കരഞ്ഞു . മാതുവും ഭഗവതിയെ വിളിക്കാത്ത നേരമില്ലായിരുന്നു .. അച്ഛൻ പറഞ്ഞു തന്ന ചിട്ടകളെല്ലാം തെറ്റിയിരിക്കുന്നു .
പിറ്റേന്ന് കോലോത്തു നിന്ന് ആളെ വിട്ട് കുമാരനെ വിളിപ്പിച്ചു . കാവിൽ ഉത്സവം തുടങ്ങാൻ ഇനി ഒരു മാസമേ ഉള്ളു . പ്രദേശത്ത് അറിയിപ്പ് നല്കണം . കുമാരൻ മേളത്തോടെ വീടുകൾ തോറും കയറി . ദേവിയുടെ പ്രതിരൂപമായി വരുന്ന കോമരത്തെ എല്ലാവരും ഭക്തിയോടെ സ്വീകരിച്ചു . പക്ഷെ കുമാരനിലെ മനസ്സ് ഉരുകുകയായിരുന്നു .
കാവിൽ കൊടികയറി .. കുമാരൻ കഠിന വൃതം തുടങ്ങി . ഈ സമയത്ത് ഒരു സന്തോഷവാർത്ത കുമാരൻറെ കുടുംബത്തിൽ ഉണ്ടായി . മാതു അമ്മയാകുന്നു . പക്ഷെ കുമാരന് സന്തോഷത്തേക്കാൾ ഭയമായിരുന്നു . നാട്ടുകാരറിഞ്ഞാൽ , തമ്പുരാനറിഞ്ഞാൽ അവർ തന്നെ അവിശ്വസിക്കില്ലേ .. കാരണം കെട്ടിച്ചുറ്റ് കഴിഞ്ഞു ഒരുകൊല്ലം കഴിയുന്നതിന് മുന്നേ താൻ ഒരച്ഛനായാൽ .! മാതുവിനും ഭയം തോന്നി . ആരേയും അറിയിക്കാതെ കുമാരൻ മാതുവിനെ പുഴക്കക്കരെയുള്ള അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചു .
മനസ്സില്ലാമനസ്സോടെയാണ് മാതു വീട്ടിലേക്ക് പോയത് .
കുമാരൻ ഒറ്റയ്ക്കായി ! നീറുന്ന ഒരുപാട് ചിന്തകൾ മാത്രം അയാൾക്ക് കൂട്ടായി . ഉത്സവകാലം കഴിഞ്ഞു . കുമാരൻറെ മനസ്സ് നിറയെ മാതുവായിരുന്നു . കുമാരൻ മാതുവിനെ കാണാനുള്ള തിടുക്കത്തോടെ പുഴ കടന്നു . അവരുടെ സങ്കടങ്ങൾ കരഞ്ഞും പറഞ്ഞും തീർത്തു . തിരികെപോരുമ്പോൾ രണ്ടുപേരുടേയും മനസ്സിൽ ഉണ്ടാകാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ ആയിരുന്നു .
'' ദേവി ..! എൻറെ കാലം കഴിയുമ്പോൾ അമ്മയുടെ പ്രതിരൂപമാകാൻ എനിക്കൊരാൺകുഞ്ഞിനെ തരണേ ..! ''. കുമാരൻ പോകുന്ന വഴിക്ക് കാവിൽ കയറി പ്രാർത്ഥിച്ചു .
പ്രദേശമാകെ മഹാവ്യാധി പടർന്നു പിടിച്ചു . ജനങ്ങൾ വലഞ്ഞു . ദേവിയുടെ കോപമാണെന്നും അതിന് പ്രതിവിധി നടത്തി നിറമാല ചാർത്തണമെന്നും ദേവി തമ്പുരാന് സ്വപ്നദർശനം കൊടുത്തു .
ഈ തെറ്റിനെല്ലാം കാരണം താനൊരുത്തനാണെന്ന് കുമാരന് അറിയാമായിരുന്നു . അതിൽ അയാൾ നന്നേ വിഷമിച്ചു .
ഓരോന്ന് ആലോചിച് പുഴക്കരയിലെ മണലിൽ കുമാരൻ കിടന്നു . നേരം സന്ധ്യ കഴിഞ്ഞു . പുഴക്കക്കരെ നിന്നും കത്തിച്ച ചൂട്ടുകെട്ട് ആഞ്ഞു വീശി ആരൊക്കെയോ കടവിലേക്ക് വരുന്നു . അവർ ആരെയോ താങ്ങി വള്ളത്തിൽ കയറ്റുന്നത് കുമാരൻ കണ്ടു . ആരാവും അത് ? കുമാരൻറെ മനസ്സിൽ കൊള്ളിയാൻ മിന്നി . തൻറെ പ്രിയതമയ്ക്ക് ഇത് ഏഴാം മാസമാണ് . സമയം ആയില്ല എന്നാലും എന്തൊക്കെയോ ശകുനപ്പിഴകൾ തോന്നുവല്ലോ ദേവി ..! അയാൾ മനസ്സിൽ പിറുപിറുത്തുകൊണ്ടിരുന്നു .
കുമാരൻറെ ചെവിയിൽ ശംഖ് ഊതി , പുഴക്കരയിലെ ആഞ്ഞിലിമരത്തിലിരുന്ന് പുള്ളുകൂവുന്നു . കുമാരനിൽ ഒരു വിറയൽ , ഇരുട്ടിന് ഘനം വച്ചത് പോലെ .. ഒന്നും കാണാൻ വയ്യാത്ത അവസ്ഥ .. അരുതാത്ത ചിന്തകളാലുള്ള ഭയം കുമാരനെ വല്ലാതെ വേട്ടയാടി ..
വള്ളം കടവത്ത്‌ അടുത്തു .. കുമാരൻ വള്ളത്തിന്റെ അരികിലേക്ക് ഓടിയെത്തി ..
ഒന്നേ നോക്കിയുള്ളു , അപ്പോഴേക്കും അയാൾ തളർന്നു പോയി .. ചോരയൊലിപ്പിച് ബോധരഹിതയായി വള്ളത്തിൽ കിടത്തിയിരിക്കുന്നു കുമാരൻറെ ഭാര്യ മാതുവിനെ .. കുമാരൻ ഒരലർച്ചയോടെ മാതുവിനെ കോരിയെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്കോടി .. പക്ഷേ വിധിയെ തടുക്കാൻ ആർക്കാണ് കഴിയുക ?.. കുമാരൻറെ അവകാശികൾ ഈ ലോകത്തുനിന്നും കൂടുവിട്ട് പോയിക്കഴിഞ്ഞു ..
ചടങ്ങുകൾക്ക് ശേഷം ദേവിയുടെ പ്രതിരൂപമായി വിശ്വാസികളോട് അരുളപ്പാട് ചെയ്യാൻ പിന്നീട് കുമാരൻ കാവിലേക്ക് പോയില്ല .. എല്ലാം നഷ്ട്ടപ്പെട്ട് ഒരു ഭ്രാന്തനെപ്പോലെ അലയുകയായിരുന്നു .
ഒരിക്കൽ കുമാരൻ ക്ഷേത്രനടയിലെ ആൽത്തറയിൽ കിടന്നുറങ്ങുകയായിരുന്നു . ഭൂമികുലുങ്ങുന്നതുപോലെ ഉപ്പൂറ്റി നിലത്തൂന്നി അരമണികിലുക്കി ചുവടുകൾ വച്ച് ആരോ അയാളുടെ അടുത്തേക്ക് വരുന്നു . കൈയ്യിൽ ഒരു ചോരക്കുഞ്ഞുമുണ്ടായിരുന്നു .
''എൻറെ പ്രദേശമാകെ നശിക്കാൻ തുടങ്ങിയിരിക്കുന്നു . എൻറെ പ്രതിരൂപമായി നീ വിശ്വാസികളോട് എൻറെ അരുളപ്പാടുകൾ ചെയ്യണം .. ഇനി നിൻറെ കാലശേഷം ഇവനാവണം അത് തുടരേണ്ടത് ..'' ആ രൂപം മറഞ്ഞു . കുമാരൻ ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്നു .
സ്വപ്നമായിരുന്നുവെങ്കിലും തൻറെ അരികിൽ കൈകാലിട്ടടിക്കുന്ന കുഞ്ഞിനെ കണ്ട് അയാൾ ഞെട്ടി ..പിന്നീട് ആ ഞെട്ടൽ കരുണയായി മാറി .. തനിക്ക് നഷ്ട്ടപ്പെട്ട കുഞ്ഞിനെ ദേവി തിരികെ തന്നിരിക്കുന്നു . അയാൾ സന്തോഷത്തോടെ കുഞ്ഞിനെ വാരിയെടുത്ത് മാറോടു ചേർത്തു ..
കുമാരൻ ആ കുഞ്ഞിനെ സന്തോഷത്തോടെ വളർത്താൻ തീരുമാനിച്ചു . അയാൾ ആ കുഞ്ഞിനേയും കൊണ്ട് അടുത്തുള്ള സത്രത്തിൽ അഭയം പ്രാപിച്ചു . അച്ഛൻ പഠിപ്പിച്ച കുലത്തൊഴിൽ ചെയ്ത് അവർ ജീവിച്ചു .. ആ കുട്ടിക്ക് 'ദേവൻ' എന്ന് പേര് കൊടുത്തു . അവൻ വളരുന്തോറും അവനിലെ ഐശ്വര്യം കൂടി വന്നു . കുമാരൻ അവനെ എഴുത്ത് പഠിപ്പിച്ചു. കൊത്തുപണികൾ പഠിപ്പിച്ചു ... ചെറിയ മന്ത്രങ്ങളും ദേവീസ്തുതികളുമൊക്കെ പഠിപ്പിച്ചു . അവൻ എല്ലാ കാര്യങ്ങളും വേഗം ഗൃഹസ്ഥമാക്കുന്നതായി കുമാരൻ മനസ്സിലാക്കി . ഇനി അവന് ഒരു വീട് വേണം . അവനെ എല്ലാ ചിട്ടകളോടും കൂടി പഠിപ്പിക്കണം . കുമാരൻ അവനേയുംകൊണ്ട് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു .

നാടാകെ മാറിയിരിക്കുന്നു .. ശോചനീയമായ അവസ്ഥയിലാണ് നാട് .. ദേവിയുടെ കോപമാണെന്ന് നാട്ടുകാർ വിശ്വസിച്ചു .
കുമാരന് സങ്കടമായി .. ഈ അവസ്ഥ മാറണം ദേവിയുടെ അരുളപ്പാടുകൾ എന്താണെന്ന് വിശ്വാസികളിൽ എത്തിക്കണം , ഞാൻ ചെയ്ത തെറ്റിന് ശിക്ഷ ഞാനായിരുന്നു അനുഭവിക്കേണ്ടത് .. അതിന് ഈ നാട് ഉപേക്ഷിച്ചു പോയത് ഞാൻ ചെയ്ത പാപമാണ് .. കോലോത്ത് ചെന്ന് തമ്പുരാനേ കാണണം . താൻ തിരിച്ചു വന്നുവെന്ന കാര്യം അറിയിക്കണം . ദേവിയുടെ മുന്നിൽ ചെന്ന് എല്ലാതെറ്റുകളും ഏറ്റുപറയണം . തനിക്ക് ദേവി തന്ന അവകാശിയെ ദേവിയുടെ നടയിൽ അടിമ കിടത്തണം .. തൻറെ കാലശേഷം ഇവനിലൂടെ ദേവിയുടെ ശക്തി വിശ്വാസികളിൽ എത്തണം .. കുമാരൻ എല്ലാ തീരുമാനങ്ങളും എടുത്ത് കോലോത്തെക്കു നടന്നു .
കുമാരൻ കോലോത്ത് എത്തി .. കൂടെ അയാളുടെ വളർത്തു പുത്രനും ഉണ്ടായിരുന്നു .
കുമാരനെ കണ്ടപ്പോൾ തമ്പുരാന് സന്തോഷമായി ..
''ആഹാ വരൂ കുമാരാ ! എവിടായിരുന്നു നീ ഇത്രയും കാലം . ? ഇതാരാ കുമാരാ കൂടെ ഒരു കുട്ടി ?''.
'' എൻറെ വളർത്തു പുത്രനാണ് തമ്പുരാനേ .. എനിക്ക് ഇവിടുത്തെ ദേവി തന്നതാണ് ഇവനെ .. എൻറെ കാലശേഷം ഇവൻ ആവണം അടുത്ത കോമരം ''.
തമ്പുരാൻ വാത്സല്യത്തോടെ ആ കുട്ടിയെ നോക്കി . ശരിയാണ് കുമാരൻ പറഞ്ഞത് , ഇവനെ ഭഗവതി കൊടുത്തത് തന്നെ . എന്തൊരു തേജസ്സാണ് ആ മുഖത്ത് . തമ്പുരാൻ ഓർത്തു .
''കുമാരാ നാളെ കാവിൽ ഒരു നിറമാല ചാർത്തലുണ്ട് .. നീ വരില്ലേ ?''.
'' ആയിക്കോട്ടെ തമ്പുരാനേ ഞാൻ വരും .. എനിക്ക് ദേവിയുടെ മുന്നിൽ തുള്ളിയുറയണം ''.
'' എന്നാൽ വരു കുമാരാ എന്തെങ്കിലും കഴിച്ചിട്ട് വീട്ടിലേക്ക് പോകു .''
തമ്പുരാൻ കുമാരൻറെ പുത്രനെ നോക്കി .. അവൻ അത്ഭുതത്തോടെ തമ്പുരാനെ നോക്കിയിരിക്കുകയായിരുന്നു .
''എന്താ കുട്ടി നിൻറെ പേര് ?''.
''ദേവൻ '' അവൻ പറഞ്ഞു .
'' ആഹാ നല്ല പേരാണല്ലോ ..'' തമ്പുരാന് അവൻറെ സംസാരം നന്നേ ബോധിച്ചു .
കുമാരൻ മകനേയുംകൊണ്ട് വീട്ടിൽ എത്തി .. പഴയ ഓർമ്മകളിൽ കുമാരൻറെ കണ്ണു നിറഞ്ഞു . കുളിച്ചു ശുദ്ധമായി ദേവിയുടെ അലങ്കാരങ്ങൾ ഇരിക്കുന്ന ചായ്പ്പിൽ വിളക്ക് തെളിയിച് പ്രാർത്ഥിച്ചു . തെറ്റുകൾ പൊറുക്കണമെന്ന് അപേക്ഷിച്ചു .
പിറ്റേന്ന് നിറമാലയ്ക്കായി കാവൊരുങ്ങി ..
ചായ്പ്പിൽ വച്ചിരുന്ന ചെമ്പട്ടുടുത്ത് അരമണിയും കെട്ടി ചിലമ്പണിഞ്ഞു പള്ളിവാളുമേന്തി കുമാരൻ ക്ഷേത്രത്തിലേക്ക് നടന്നു . കുമാരനിൽ ജ്വലിക്കുന്ന തേജസ്സ്, ആ നടപ്പിന് തന്നെ ഒരു രൗദ്രഭാവം , കണ്ണുകളിൽ അഗ്നിപാറുന്നതുപോലെ ..
നിറമാല ചാർത്തലിന് മേളം തുടങ്ങി . ഭക്തരായ വിശ്വാസികൾ തൊഴുകൈയ്യോടെ പ്രാർത്ഥനയിൽ മുഴുകി . ദേവി സംപ്രീതയായിരിക്കുന്നു . മണ്ണിൽ ഉപ്പൂറ്റി ഊന്നി ഭൂമികുലുങ്ങുമാറ്‌ കുമാരൻ തുള്ളിയുറഞ്ഞാടുകയാണ് . ''ദേവി സന്തുഷ്ടയായെന്നും എല്ലാവരേയും കാത്തുരക്ഷിച്ചും ഇവിടെ കുടിയിരിക്കാമെന്നുമായ അരുളപ്പാടുകൾ കുമാരൻ തുള്ളി പറഞ്ഞു .
നെറ്റിയിലും തലയിലും വാളുകൊണ്ട് ആഞ്ഞു വീശി മുറിവേൽപ്പിച്ചു . കുമാരൻറെ ശരീരം തളർന്നു . ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവമായിരുന്നു കുമാരനിൽ .
ആകാശം ചുവന്നു .. ഉത്സവത്തിന് കോപ്പുകൂട്ടുന്നതുപോലെ പായുകയാണ് മേഘങ്ങൾ . ചിലമ്പൊലിയുടെ മുഴക്കത്തോടെ തുള്ളിയുറഞ്ഞാടാൻ തുടങ്ങുന്നു മഴത്തുള്ളികൾ , അഗ്നിപാറുന്ന വാളുവീശി ചോരയൊലിപ്പിക്കുന്നു ആകാശകോമരങ്ങൾ ..
കാറ്റ് ആഞ്ഞു വീശി . കുമാരൻ ദേവിയുടെ നടയ്ക്കൽ തളർന്നു വീണു . ആരൊക്കെയോ കുമാരനെ താങ്ങിപ്പിടിച്ചു . നെറ്റിയിലെ മുറിവിൽ മഞ്ഞൾപ്പൊടി വാരിപ്പൊത്തി .
ഇതെല്ലാം കണ്ട് പേടിയോടെ കുമാരൻറെ മകൻ അടുത്ത് നിന്നു കരഞ്ഞു .
''എൻറെ ദേവീ ..'' !.. വിളിയോടെ കുമാരൻറെ കണ്ണുകൾ അടഞ്ഞു .
ഇതായിരുന്നു കുമാരൻറെ വിധി .. സ്വയം ദേവിക്ക് സമർപ്പിച്ചിരിക്കുന്നു . ഇനിയുള്ള കാലം കുമാരൻ കോമരത്തിൻറെ അരുളപ്പാടുകൾ അവിടെ മുഴങ്ങി നില്ക്കും ..
ഒന്നുമറിയാത്ത കുമാരൻറെ കുഞ്ഞിനെ തമ്പുരാൻ തന്നിലേക്ക് ചേർത്തു നിർത്തി .. എല്ലാം ദേവിയുടെ ഇങ്കിതമെന്ന് വിശ്വാസികൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു .
കുമാരൻറെ ചിത കത്തിയെരിയുമ്പോൾ ആകാശത്ത് രണ്ട് നക്ഷത്രങ്ങൾ കണ്ണ് ചിമ്മി തെളിഞ്ഞു വന്നു ....!

4 comments:

 1. നല്ല കഥ.ഒന്നു രണ്ട്‌ പൊരുത്തക്കേടുകൾ തോന്നി.

  മാതു ഗർഭിണിയായത്‌ ദേശക്കാർ അറിഞ്ഞില്ലെന്നുണ്ടോ?
  കുമാരൻ നാട്‌ വിട്ടപ്പോൾ ദേശത്തിനു വന്ന കെടുതികൾ നേരിടാനായി പുതിയ വെളിച്ചപ്പാടിനെ അവരോഹണം ചെയ്യാതിരുന്നതെന്താ?

  വെളിച്ചപ്പാടിന്റെ മരണം പതിവ്‌ പോലെ ഒരു ക്ലീഷേ ആയല്ലോ.

  എന്തായാലും വുശ്വാസത്തിന്റെ ഈടും പാവും കെട്ടുപിണഞ്ഞുനിൽക്കുന്നതുകൊണ്ട്‌ കഥയിൽ എന്റെ സംശയങ്ങൾക്ക്‌ സ്ഥാനമില്ലല്ലോ.

  ആശംസകൾ കഥാകാരീ.!!!(കമ്യൂണിസവുമായി നടന്നയാൾ മന്ത്രങ്ങൾ എങ്ങനെ മകനു പറഞ്ഞു കൊടുത്തു എന്നൊരു കുഞ്ഞ്‌ സംശയം കൂടിയുണ്ട്‌)

  ReplyDelete
  Replies
  1. ഒരുപാട് സംശയങ്ങൾ ഉണ്ടല്ലോ സുധീ .. മാതു ഗർഭിണിയാണെന്ന് ദേശക്കാർക്ക് അറിയില്ലായിരുന്നു .. കാരണം കോമരമാകാനുള്ള കെട്ടിച്ചുറ്റു കഴിഞ്ഞാൽ ഒരു വർഷക്കാലം സ്ത്രീ സംസർഗ്ഗം പാടില്ല എന്ന് കഥയിൽ പറഞ്ഞിട്ടുണ്ട് .. പക്ഷേ ഇവിടെ അവരുടെ വിവാഹം കഴിഞ്ഞ ഉടനെ ആയിരുന്നു കെട്ടിച്ചുറ്റ്‌ .. എത്രയൊക്കെയായാലും മനുഷ്യനല്ലേ ചിലപ്പോൾ പാളിച്ചകൾ വരുമല്ലോ .. അത് ഇവിടേയും സംഭവിച്ചു .. അവിടെ കോമരത്തിന്റെ വ്രതം മുടങ്ങുന്നു .. ആരുമറിയാതിരിക്കാൻ നാട്ടിലേക്ക് വിടുന്നു .. പക്ഷേ ഈശ്വരൻ എല്ലാം കാണുന്നു അത്രേ ഉദ്ദേശിച്ചുള്ളൂ .. പിന്നെ കുറച് അതിശയോക്തി കലർത്തി എന്നത് സത്യം .. കാരണം കഥയല്ലേ .. കമ്യുണിസം ആയിരുന്ന മകനെ അച്ഛൻ കോമരം നാട്ടിലേക്ക് വരുത്തി വിവരങ്ങൾ പറയുന്നുണ്ടല്ലോ .. അന്നൊക്കെ ഏത് കമ്യുണിസമാണെങ്കിലും അച്ഛൻറെ വാക്കിന് ഒരു വിലയുണ്ടയുണ്ടല്ലോ .. അതാണ് അങ്ങനെ എഴുതിയത് .. മറുപടി തൃപ്തിയായി കാണുമെന്ന് കരുതുന്നു .. സന്തോഷം സുധീ .. എൻറെ കഥ വായിച്ചതിനും അഭിപ്രായത്തിനും , ചോദ്യത്തിനും ..ആശംസകൾ

   Delete
 2. കഥ നന്നായി പറഞ്ഞു.. മുമ്പ് എവിടെയോ പ്രസിദ്ധികരിച്ചതാണോ? വായിച്ചതുപോലെ...ആശംസകൾ  ReplyDelete
  Replies
  1. മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട് പ്രതിലിപിയിൽ .. സന്തോഷം ചേട്ടാ

   Delete