Saturday, 14 January 2017

'തിരുവാതിര ' ഒരു കുളിരോർമ്മയായ് ...!
''ഇന്ന് എന്താ അമ്മേ ഗോതമ്പു കഞ്ഞി .. എനിക്ക് വേണ്ടാട്ടോ ''.. ഞാൻ പറഞ്ഞു .
''അങ്ങനെ പറയല്ലേ മോളേ .. ഇന്ന് മകയിരം ആണ് .. അതുകൊണ്ട് 'അമ്മ വൃതത്തിലാണ് .. അമ്മയ്ക്ക് മറ്റൊന്നും കഴിക്കാൻ പാടില്ല ... ..''
''എന്താമ്മേ മകയിരം നോമ്പ് ?'' ഞാൻ ചോദിച്ചു .
''ധനുമാസത്തിൽ ശ്രീ പാർവ്വതി ദേവി മക്കൾക്ക് വേണ്ടി നോമ്പ് എടുക്കുന്നു .. മക്കളുടെ ഐശ്വര്യത്തിനും , ആയുസ്സിനും വേണ്ടി .. അതുപോലെ എൻറെ മോളുടെ നല്ലതിന് വേണ്ടി അമ്മയും നോമ്പാണ് ''.
എനിക്ക് അന്നൊക്കെ വലിയ അത്ഭുതമായിരുന്നു .. ഞങ്ങളുടെ ബന്ധു വീടുകളിലും എല്ലാ അമ്മമാരും , ചേച്ചിമാരും , അമ്മൂമ്മമാരുമൊക്കെ വൃതത്തിലാണ് .. ഏത് വീട്ടിൽ ചെന്നാലും അവിടെ ഉപ്പുമാവ് , അല്ലെങ്കിൽ ഗോതമ്പ് കഞ്ഞി , ഇതൊക്കെയാണ് .. എനിക്ക് സത്യത്തിൽ ദേഷ്യം തോന്നിയിട്ടുണ്ട് . എന്നാലും എല്ലാം സഹിച് അമ്മയുടെ പുറകെ ഓരോ സംശയങ്ങളും ചോദിച്ചു നടക്കും ..
''അമ്മേ മോളിചേച്ചി കല്യാണം കഴിച്ചിട്ടില്ലല്ലോ .. ചേച്ചി സ്കൂളിൽ പഠിക്കുകയല്ലേ .. മക്കളും ഇല്ല പിന്നെന്തിനാ ചേച്ചി നോമ്പെടുക്കുന്നത് ?.. ''
''അത് നല്ല കുഞ്ഞുങ്ങൾ ഉണ്ടാവാൻ വേണ്ടിയാണ് ..'' 'അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു . എന്നാലും എനിക്ക് സംശയം തീരുന്നതേ ഇല്ല ..
അന്ന് വൈകുന്നേരം 'അമ്മ എന്നേയും കൂട്ടി ഞങ്ങളുടെ അടുത്തുള്ള വീട്ടിൽ പോയി .. അവിടെ നോമ്പെടുക്കുന്ന എല്ലാ പെണ്ണുങ്ങളും എത്തിയിട്ടുണ്ടായിരുന്നു . ഞാൻ എല്ലാരേയും മാറി മാറി നോക്കി നടന്നു . എല്ലാരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു .. അതിനിടയിൽ കാച്ചിൽ , ചേമ്പ് , കിഴങ്ങ് , കൂർക്ക , അങ്ങനെ എന്തൊക്കെയോ വെട്ടി നുറുക്കി അടുപ്പത്ത് വയ്ക്കുന്നു . പയറ് പുഴുങ്ങുന്നു . അങ്ങനെ കളിചിരികളിൽ സമയം നീങ്ങി .. ഞാൻ എൻറെ കൂട്ടുകാരുമായി കളിച്ചു നടന്നു .
ഏകദേശം ഏഴുമണി ആയിക്കാണും .. പുഴുങ്ങി വച്ച കിഴങ്ങു വർഗ്ഗങ്ങളിലേക്ക് ശർക്കര , പഴം , കൽക്കണ്ടം , മുന്തിരി എല്ലാം കൂടി ഇട്ട് ഇളക്കി വച്ചു .. എന്നിട്ട് വിളക്ക് കത്തിച്ചു വച്ച് .. കുരവയിട്ടു .. മുത്തശ്ശിമാര് എന്തൊക്കെയോ പാടുന്നുണ്ടായിരുന്നു .. എനിക്ക് ഒന്നും മനസ്സിലായില്ല .. എല്ലാവരുടേയും മുഖത്ത് സന്തോഷമായിരുന്നു .. എൻറെ കണ്ണ് അവിടെ ഉണ്ടാക്കിവച്ച വിഭവത്തിലേക്ക് ആയിരുന്നു ..
''ഹോ .. ഇവരുടെ പാട്ട് നിർത്തിയിട്ട് വേണം ആ വിഭവം ഒന്ന് രുചിച് നോക്കാൻ '.. ഞാൻ മനസ്സിൽ ഓർത്തു .
വായിൽ വെള്ളം നിറഞ്ഞിരുന്നു .. വളരെ ക്ഷമയോടെ കാത്തിരുന്നു. അവസാനം ആ വിഭവം എൻറെ മുന്നിലും എത്തി .. ആദ്യായിട്ടല്ലേ .. ഞാൻ അത് മുഴുവനും കഴിച്ചു ..
''അമ്മേ ഇത് നമ്മുടെ വീട്ടിലും ഉണ്ടാക്കാൻ പാടില്ലേ ..പിന്നെന്തിനാ എല്ലാവരും അവിടെ വന്ന് കഴിക്കുന്നത് ? അവിടെ മാത്രമേ അത് ഉണ്ടാക്കുകയുള്ളോ ?''. തിരികെ വീട്ടിലേക്ക് പോരുമ്പോൾ അമ്മയോട് ചോദിച്ചു .


''അങ്ങനെയല്ല മോളൂട്ടി .. അവിടെ നാളെ പൂത്തിരുവാതിരയാണ് .. അതായത് നിൻറെ അമ്പിളിചേച്ചിയുടെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിര .. അത് വളരെ ആഘോഷമാണ് .. ധനുമാസത്തിലെ തിരുവാതിര ശ്രീപരമശിവൻറെ പിറന്നാളാണ് .. മംഗല്യവതികളായ എല്ലാ സ്ത്രീകളും അന്ന് വ്രതത്തിൽ ആണ് .. കല്യാണം കഴിക്കാത്തവർ നല്ല ഭർത്താവിനെ കിട്ടാൻ .. കല്യാണം കഴിച്ചവർ ഭർത്താവിൻറെ ഐശ്വര്യത്തിനും , ആയുസ്സിനും വേണ്ടി .. ഭഗവാനോട് പ്രാർത്ഥിക്കുന്നു ..'' 'അമ്മ പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു ..
പിറ്റേന്നും 'അമ്മ വ്രതത്തിൽ ആയിരുന്നു .. അച്ഛന് വേണ്ടിയാണത്രേ .. അച്ഛനും വലിയ ഉത്സാഹത്തിലാണ്. തിരുവാതിര പുഴുക്കിനുള്ള എല്ലാ സാധനങ്ങളും അച്ഛൻ വാങ്ങിക്കൊടുത്തു .. അമ്മയെ സഹായിക്കാൻ അച്ഛനും ഒപ്പം തന്നെയുണ്ട് .. ഇതൊക്കെ കണ്ടപ്പോൾ ഈ 'തിരുവാതിര' നോമ്പ് എന്തോ വലിയ സംഗതിയാണെന്ന് ഞാനും വിചാരിച്ചു ..
വേഗം തന്നെ ഞാൻ മോളിചേച്ചിയുടെ അടുക്കലേക്ക് ഓടി .. ചേച്ചിയും വളരെ ഉത്സാഹത്തിലാണ് ..
''ചേച്ചി എന്തിനാ തിരുവാതിര നോമ്പ് എടുക്കുന്നേ .. നല്ല ഭർത്താവിനെ കിട്ടാനാണോ ?''. എൻറെ ചോദ്യം ചേച്ചിക്ക് നന്നേ ബോധിച്ചു എന്ന് തോന്നുന്നു .. ഒരു താമരപ്പൂവ് വിരിയുന്നതുപോലെ ആ മുഖം ചുവന്നു തുടുത്തു . അപ്പോൾ എനിക്കും ഒരാഗ്രഹം തിരുവാതിര നോമ്പ് എടുക്കണമെന്ന് .. അമ്മയോട് പറയാൻ പേടിയായിരുന്നു .. ചേച്ചിയോടാവുമ്പോൾ എന്തും ചോദിക്കാം ഞങ്ങൾ കൂട്ടുകാരെ പോലെയായിരുന്നു .
''ചേച്ചി എനിക്കും നല്ല ഭർത്താവിനെ വേണം .. ഞാനും നോമ്പ് എടുക്കട്ടേ ..''
ഞാൻ നോക്കുമ്പോൾ ചേച്ചി വാപൊളിച്ചങ്ങു നിൽക്കുകയാണ് .. എന്തോ വലിയ അബദ്ധം കേട്ടതുപോലെ .. എനിക്കും ഒരു സംശയം ഞാൻ പറഞ്ഞത് തെറ്റായിപ്പോയോ എന്ന് .. അങ്ങനെയിരിക്കുമ്പോൾ ചേച്ചി ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു ..
''നിനക്ക് എന്തിനാപെണ്ണേ ഇപ്പഴേ കല്യാണച്ചെക്കനെ വേണോ ? അതൊന്നും ഇപ്പോഴല്ല നീ കൊച്ചുകുട്ടിയാണ് വലുതാവട്ടെ അപ്പോൾ എടുക്കാട്ടോ ?''.
അന്ന് രാത്രിയിൽ തിരുവാതിരകളി ഉണ്ടായിരുന്നു . നേരിതൊക്കെയുടുത്ത് എല്ലാ അമ്മമാരും ചേച്ചിമാരും എന്ത് ഭംഗിയായിട്ടാണ് തിരുവാതിര കളിക്കുന്നത് .. വെറുതെ എൻറെ മനസ്സും എവിടെയോ എനിക്കായി കാത്തിരിക്കുന്ന ചെക്കൻറെ അരികിലേക്ക് പോയി .. അവനു വേണ്ടി ഞാനും നോമ്പ് എടുക്കുകയാണെന്ന ഒരു തോന്നൽ .. തിരുവാതിരകളി എപ്പോൾ അവസാനിച്ചു എന്നറിയില്ല .. ഞാൻ ഉറങ്ങിയിരുന്നു ..
അമ്മയ്ക്ക് നല്ല ക്ഷീണം .. ഉറക്കമിളച്ചതിന്റെയാണെന്ന് 'അമ്മ പറഞ്ഞത് .. വ്രതം എടുക്കുന്നവർ ഉറങ്ങാൻ പാടില്ലാത്രേ .. മനസ്സിൽ എവിടെയോ ഒരു കുറ്റബോധം .. എൻറെ ചെക്കന് വേണ്ടി നോമ്പെടുക്കാതെ ഉറങ്ങിയല്ലോ ..!
കാലങ്ങൾ കഴിഞ്ഞു .. ഞാനും മോളിചേച്ചി പറഞ്ഞതുപോലെ വലിയ പെണ്ണായി .. എൻറെ മനസ്സിലും പല വികാരങ്ങളും വിചാരങ്ങളും തലപൊക്കുന്ന പ്രായം ..
ധനുമാസത്തിലെ തിരുവാതിര അന്നും വന്നു .. ഞാൻ തികഞ്ഞ ഒരു പ്രണയിനിയെപ്പോലെ എവിടെയോ കാത്തിരിക്കുന്ന പ്രിയതമനുവേണ്ടി വൃതമെടുത്തു ...
കാലങ്ങൾ പിന്നേയും പൂത്തു തളിർത്ത് മുന്നോട്ട് പോയി ..എൻറെ പ്രായം മധുരപ്പതിനേഴിൽ നിന്നും മുന്നോട്ട് പോയി .. ഇതിനിടയിൽ ''പേരറിയാത്തൊരു നൊമ്പരം '' എൻറെ മനസ്സിലും നാമ്പിട്ടു .. മറക്കാനാകാതെ ! ... ശ്രീ പർവ്വതിയെപ്പോലെ ഞാനും അദ്ദേഹത്തിനായി തപസ്സു ചെയ്തു .

അന്നും 'തിരുവാതിര ' ആയിരുന്നു ..

''പൂത്തിരുവാതിര തിങ്കൾ തുടിക്കുന്ന
 പുണ്യ നിലാവുള്ള രാത്രി..
പാല്മഞ്ഞുകോടിയുടുത്തു ഞാൻ മുറ്റത്തെ പാരിജാതചോട്ടിൽ നിന്നു
നിൻറെ പദസ്വനം കാതോർത്തു നിന്നിരുന്നു ..'' ഈ ഗാനം അങ്ങനെ അലയടിച്ചൊഴുകുന്നു എൻറെ മനസ്സിൽ .
സത്യത്തിൽ ആ ഗാനത്തിലെ കാമുകിയുടെ അവസ്ഥ തന്നെയായിരുന്നു എനിക്കും ..
എൻറെ തിരുവാതിര നോമ്പിൻറെ ഫലമാവാം .. ഞങ്ങളുടെ മനസ്സുകൾ പരസ്പരം കണ്ണുകളിലൂടെ പ്രണയത്തെ അറിയിച്ചു .. മറ്റൊരു സത്യം പറയട്ടെ .. ഞാൻ ഭഗവാനോട് മനസ്സുരുകിത്തന്നെ പ്രാർത്ഥിച്ചു എൻറെ പുരുഷനെ നീ തന്നെ കാണിച്ചു തരണമെന്ന് .. എന്തായാലും പ്രാർത്ഥന ഭഗവാൻ കേട്ടു .. എനിക്കായ് കാത്തിരുന്നവൻ എൻറെ മുന്നിൽ ..എല്ലാ ദേവി ദേവന്മാരുടേയും മുന്നിൽ ആഗ്രഹ പൂർത്തികരണത്തിന് നന്ദി പറഞ്ഞു .. സിമന്ത രേഖയിൽ ചുവന്ന സിന്ദൂരം തിളങ്ങി .. ശ്രീ പരമശിവൻറെ നാളായ ധനുമാസത്തിൽ തിരുവാതിരയാണ് എൻറെ പുരുഷൻറെയും ജന്മദിനം ..
ഞങ്ങളുടെ വിവാഹം കഴിഞ്ഞും പൂത്തിരുവാതിര നടത്തി ..
     ''പാർവ്വണെന്തു മുഖി പാർവ്വതീ ..
       ഗിരീശ്വരൻറെ ചിന്തയിൽ മുഴുകി വലഞ്ഞു ..!
      നിദ്രനീലിയല്ലും പകലും മഹേശ്വര രൂപം
      ശൈല പുത്രിക്കുള്ളിൽ തെളിഞ്ഞു ...!''
അങ്ങനെ തുടങ്ങുകയായി എൻറെ പൂത്തിരുവാതിരയും ...

എൻറെ ബാല്യത്തിൽ കണ്ട പൂത്തിരുവാതിരയുടെ സുഖം ഞാൻ അനുഭവിച്ചു .. അന്ന് അമ്പിളിചേച്ചിയുടെ മുഖംപോലെ നാണത്താൽ തുടുത്തിരുന്നോ എൻറെ മുഖം .. ! അറിയില്ല ...!
പക്ഷേ ഒന്ന് ഞാൻ അറിഞ്ഞു .. എൻറെ പ്രണയസാഫല്യം .. അത് സത്യമായി എന്ന സന്തോഷം !
അദ്ദേഹം പരമശിവനും ഞാൻ പാർവ്വതിയുമായി മാറിയ ആ നിമിഷം ഇന്നും സ്വപ്നം കാണാറുണ്ട് !

7 comments:

 1. ആദ്യ കമന്റ് എന്റെയായിക്കോട്ടെ.... നല്ല സുന്ദരമായി എഴുതിയിരിക്കുന്നു കല ഈ ഓർമ്മകൾ.. 'തിരുവാതിര ' നാളിന്റെ പ്രത്യേകതയും അതിനുപിന്നിലുള്ള കഥയും എല്ലാം ...ഈ ഓർമ്മകൾ അല്ല സ്വന്തം ജീവിതം എല്ലാം കോർത്തിക്കി നല്ല മനോഹരമായ വരികളിലൂടെ ഇവിടെ പകർത്തിയിരിക്കുന്നു.
  ഏറെ ഇഷ്ടം. ആശംസകൾ.

  ReplyDelete
  Replies
  1. സന്തോഷം ഗീത ചേച്ചി .. ഇവിടെ വന്നതിനും അഭിപ്രായത്തിനും ..ഒരുപാട് ഇഷ്ട്ടം

   Delete
 2. This comment has been removed by the author.

  ReplyDelete
 3. തിരുവാതിരയെക്കുറിച്ച് ഒരു വലിയചിത്രംതന്നെ മനസ്സില്‍ പതിഞ്ഞു............നന്നായിരിക്കുന്നു കലേച്ചീ..

  ReplyDelete
 4. ധനുമാസത്തിലെ തിരുവാതിര...
  തിരുവാതിര പ്രണയപൂര്‍ണ്ണമാണോ?
  എന്തോ. തീര്‍ച്ചയില്ല.
  പ്രണയം മൊട്ടിട്ടും
  തളിർത്തുമൊക്കെ
  വിരിയുന്ന നാളുകളായിരുന്നു
  ഞങ്ങളുടെ ചെറുപ്പകാലത്തൊക്കെ
  ധനുമാസത്തിലെ തിരുവാതിര രാവുകൾ ....

  നീരാടാൻ കൂട്ടുപോകുക,
  ഊഞ്ഞാൽ കെട്ടി കൊടുക്കുക ,
  തിരുവാതിരക്കളിക്ക് സന്നാഹമൊരുക്കുക,
  കൂവപ്പൊടി സംഘടിപ്പിച്ച് കൊടുക്കുക എന്നിങ്ങനെ
  എത്രയെത്ര പ്രേമോപാസനകളായിരുന്നു അന്നത്തെ അഭിനവ
  കാമുകന്മരായ ഞങ്ങളൊക്കെ ഉത്സാഹതിമർപ്പുകളായി ചെയ്യാറുള്ളത് ...!

  ഇന്നത്തെ തലമുറക്ക് മിക്കവർക്കും എത്തിപ്പിടിക്കുവാൻ കഴിയാത്ത ആ
  ഗൃഹാതുരത്വിൻ സ്മരണകൾ കലയുടെ ഈ എഴുത്തിലൂടെ തൊട്ടുണർത്തിയിരിക്കുന്നു ...

  ReplyDelete
  Replies
  1. തിരുവാതിര എന്നത് ഒരു പ്രണയാർദ്രം തന്നെയാണ് .. എല്ലാവരിലും ആ ഒരു ഭാവം തന്നെയാണ് കാണാൻ കഴിയുന്നത് .. എൻറെ കാഴ്ചപ്പാടിൽ അത് ശരിയാണ് എന്നാണ് വിശ്വാസം .. സന്തോഷം എൻറെ എഴുത്ത് ഇഷ്ട്ടപ്പെട്ടതിനും അഭിപ്രായം പറഞ്ഞതിനും ..

   Delete