Saturday, 4 November 2017

വേനല്‍ പക്ഷി ...!

''ശിഖാ.. നീയെന്താ തിരയെണ്ണുകായാണോ..?".
" അല്ലാ മഞ്ചുവോ... ഞാന്‍ ഇടക്ക് ഇവിടെ വരാറുണ്ട്, ഒരു സുഖമാണ് തിരയെണ്ണുന്നത്. ഒരുപാട് കഥകള്‍ പറയാനുണ്ട് ഈ തിരകളോട്. ഓരോ പ്രാവശ്യം വന്ന് പോകുമ്പോഴും അവയെന്നിലേക്ക് കൂടുതല്‍ അടുത്തു കൊണ്ടിരിക്കുന്നു.".
'' അയ്യോ അത് അപകടമാണല്ലോ.. അവസാനം ഈ തിരയുടെ കൂടെ നീയും പോകുമോ?".
'' അതാണ് പലപ്പോഴും എന്നോടു തന്നെ ചോദിക്കുന്നത്..പോകുമോ..? ചിലപ്പോൾ തോന്നും പോയാലോ എന്ന്... ഹ... ഹ... നിനക്കിപ്പോൾ തോന്നുണ്ടാവും എനിക്ക് ഇത്തിരി നൊസ്സുണ്ടോന്നല്ലെ? ''.
'' അത് പിന്നെ പറയാനുണ്ടോ.. അതുപോലല്ലെ നിന്റെ സംസാരം.അതൊക്കെ പോട്ടെ ശരത്ത് ഇപ്പോള്‍ എവിടെയാണ്.. നിന്നെ വിളിക്കാറുണ്ടോ?".
''ഉവ്വ് വിളിക്കും..നാട്ടില്‍ വരുമ്പോള്‍ കാണാന്‍ ശ്രമിക്കാറുണ്ട്. എനിക്കെന്തോ ഇപ്പോള്‍
അതൊരു ബുദ്ധിമുട്ടായി തോന്നുകയാണ് അതുകാണ്ട് കഴിവതും കൂടിക്കാഴ്ച ഒഴിവാക്കുകയാണ്.''.
"അതെന്താ അങ്ങനെ..നിനക്ക് തണലായിരിക്കേണ്ട ആളെ ഒഴിവാക്കുന്നോ.എന്തിനാ അത് ?".
" വേണം മഞ്ചു അതാ രണ്ട് കൂട്ടർക്കും നല്ലത്‌. ആർക്കും ഒരു ബാധ്യതയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല..എന്‍റെ ജീവിതത്തിൽ സംഭവിച്ച ശരിയ്ക്കും തെറ്റിനും ഞാൻ മാത്രമാണ് ഉത്തരവാദി.. അപ്പോൾ പിന്നെ മറ്റുള്ളവർക്ക് എന്തിന്‌ ഒരു ഭാരമാവണം ?".
"ശരി നീ വരു നമുക്ക് കുറച്ച് നടക്കാം.''
കുറേ ദൂരം നടന്നെങ്കിലും അവർ രണ്ട് പേരും ഒന്നും സംസാരിച്ചില്ല, സംസാരിക്കാന്‍ ഇല്ലാത്തതു പോലെ അവർ നടന്നു.
ശിഖയുടെ മനസ്സില്‍ മോളെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരുന്നു. അവസാനം അവരുടെ മൗനത്തെ ഭേദിച്ചു കൊണ്ട് മഞ്ചു തുടക്കമിട്ടു.
''നീ ജോലിക്ക് പോകുമ്പോള്‍ മോളുടെ കാര്യം ആരാ നോക്കുക''.
"ഒരു ചേച്ചി വരുന്നുണ്ട് അവർ കുഞ്ഞിനെ നോക്കികോളും. അവൾക്ക് എന്നെക്കാൾ ഇഷ്ട്ടം അവളെ നോക്കുന്ന ചേച്ചിയെയാണ് "".
" അത് പിന്നെ കുട്ടികൾ അങ്ങനെയാണ്. അവരോട് അടുപ്പം കാണിക്കുന്നവരോടാണ് കൂടുതൽ ഇഷ്ട്ടം."
ശിഖ എല്ലാം കേട്ട്‌ ഒന്നും പറയാതെ നടന്നു.
"നീയെന്താ ആലോചിക്കുന്നത്. എന്തുണ്ടെങ്കിലും എന്നോട് പറയു." മഞ്ചു പറഞ്ഞു.
"എനിക്ക് തിരുവനന്തപുരത്തേക്ക് മാറ്റം ആയെടോ. മോളുടെ കാര്യമോർക്കുമ്പോഴാണ് വിഷമം. അവളുടെ ചേച്ചിയെ അങ്ങോട്ട് കൊണ്ടു പോകാനും പറ്റില്ല, ഇനി പുതിയൊരാളെ കണ്ട് കിട്ടാൻ തന്നെ പാടാണ്‌. അഥവാ കിട്ടിയാൽ തന്നെ അവരുമായി ഇണങ്ങി വരണ്ടേ. എന്ത് ചെയ്യണമെന്നറിയില്ല മഞ്ചു."
"നീ ശരത്തിനോട് ഇക്കാര്യം പറഞ്ഞോ ?".
" പറഞ്ഞു."
"എന്നിട്ടയാൾ എന്ത് പറഞ്ഞു.?"
മറുപടിയൊന്നും പറയാതെ ശിഖ മൗനമായി നടന്നു.
"എന്താ നീയൊന്നും പറയാത്തെ.?"
"എന്ത് പറയാൻ.. ശരത്തിനോട് പറഞ്ഞിട്ട് എന്താ കാര്യം. അദ്ദേഹത്തിന് എന്ത് ചെയ്യാനാവും.? എല്ലാത്തിനും ഞാൻ തന്നെ ഉത്തരം കണ്ടെത്തണം.. അങ്ങനെയല്ലെ എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നത്."
"എന്ത് സഹായം വേണമെങ്കിലും നിനക്ക് എന്നോട് ചോദിക്കാം. നീയൊന്നും ആവശ്യപ്പെടുന്നില്ലല്ലോ എന്നതാണ് എന്റെ ദുഃഖം'."
"സഹായം ചോദിച്ചു ജീവിക്കാൻ ആണെങ്കിൽ ഞാൻ എത്ര നാൾ അപേക്ഷയോടെ എവിടൊക്കെ നടക്കണം മഞ്ചു.. നിനക്കറിവുളളതല്ലെയെല്ലാം. സ്നേഹം കൂടുതൽ കിട്ടിയപ്പോൾ മറ്റെല്ലാ ബന്ധങ്ങളേക്കാൾ വില കൊടുത്ത ബന്ധം മറ്റൊരു ബന്ധനമായിരുന്നു. അതിന് അറിഞ്ഞു കൊണ്ട് തന്നെ ഞാൻ സമ്മതം മൂളി , അതോടെ സഹായം ചോദിക്കലും പറയലുകളും സ്വയം ചെയ്യാൻ തുടങ്ങി. എന്ന് കരുതി ആരേയും മറന്നു എന്നല്ല.'ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് ".
"ഹോ... മതി മതി നിന്റെ ഫിലോസഫി.. സഹായം വേണ്ടെങ്കിൽ വേണ്ട. മറക്കരുത് എന്നെ. "മഞ്ചു പറഞ്ഞു..
"ഒരിക്കലും നിന്നെ മറക്കില്ല.."
"എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവിടെയുള്ള എന്റെ സുഹൃത്തിന്റെ നമ്പർ തരാം."
"അയ്യോ അതൊന്നും വേണ്ട മഞ്ചു.. എല്ലാം ശരിയാവും.."
നേരംസന്ധ്യയോടടുത്തിരുന്നു. കടൽ തീരത്ത് നിന്നും ആളുകൾ പിരിഞ്ഞു തുടങ്ങി.
"അപ്പോൾ ശരി ശിഖ.. ഇനി എന്നാ കാണുകാ."
"കാണാടോ.."
അവൾ യാത്ര പറഞ്ഞു നടന്നു.. അവൾ പോകു ന്നതും നോക്കി ശിഖ കുറച്ചു സമയം നിന്നു. അവളുടെ മനസ്സ് ഒറ്റപ്പെടലിന്റെ വേദന വീണ്ടും അനുഭവിക്കുകയായിരുന്നു.
വീട്ടിൽ ചെന്ന് കയറുമ്പോൾ ഒന്നിനും ഒരു ഉത്സാഹമില്ലായിരുന്നു.
മോളേ... കുഞ്ഞ് പാല് കുടിച്ച് ഉറങ്ങി. മോളെന്താ വരാൻ വൈകിയത്..
വെറുതെ കടലിനോട് കറച്ചു സമയം കഥ പറഞ്ഞു നിന്നു. കുറേക്കാര്യങ്ങൾ തിരമാലകാളോട് പറഞ്ഞു.
അവൾ പറയുന്നത് മനസ്സിലാകാതെ അവർ നിന്നു.
"മോള് വല്ലതും കാഴിച്ചോ?‌ "
" ഇല്ല ചേച്ചി... എനിക്ക് വിശപ്പില്ല. ചേച്ചി കഴിച്ച് കിടന്നോളു.
"എന്ത് പറ്റി മോളേ , ശരത്ത്‌ ഈ ആഴ്ച വരാത്തത് കൊണ്ടാണോ ?".
"ഹേയ് അതൊന്നുമല്ല ചേച്ചി. അല്ലെങ്കിൽത്തന്നെ ശരത്തിന് എല്ലാ ആഴ്ചയും വരാൻ കഴിയില്ലല്ലോ..ജോലിത്തിരക്കുള്ളയാളല്ലെ".
അവൾ പറഞ്ഞത് ശരിവച് അവർ അകത്തേക്ക് പോയി.
അവൾ കുഞ്ഞിന്റെ അരികിലിരുന്നു. അമ്മയുടെ സങ്കടം തന്റെ സുരക്ഷയെക്കുറിച്ചാണെന്നറിയാതെ നിഷ്കളങ്കമായി ഉറങ്ങുന്ന മോളുടെ മുഖം കണ്ടപ്പോൾ ശിഖയ്ക്ക് താനും കുഞ്ഞും ഈ ലോകത്ത് ഒറ്റപ്പെട്ടവരാണ് എന്ന് തോന്നി. അവൾ മോളെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു.
ഇതെല്ലാം കണ്ട് നിന്ന ആയമ്മ കൂടുതലൊന്നും ചോദിക്കാതെ അകത്തേക്ക് പോയി.
"ഇശ്വരാ...എത്ര നല്ല സ്വഭാവമുള്ള കുട്ടിയാണ്..എന്തായിരിക്കും ഈ മോളുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത് ". എങ്ങിനെ സമാധാനിപ്പിക്കണമെന്നറിയാതെ അവർ വിഷമിച്ചു.
ദിവസങ്ങൾ കഴിയുന്തോറും ശിഖയ്ക്ക് ജോയിൻ ചെയ്യാനുള്ള തീയതി അടുത്തു വന്നു.
" ചേച്ചിക്ക് ദു:ഖമുള്ള കാര്യമാണ് ഞാൻ പറയാൻ പോകുന്നത്."
അവർ അത്ഭുതത്തോടെ അവളെ നോക്കി.
"എനിക്ക് അടുത്താഴ്ച തിരുവനന്തപുരത്ത് ജോയിൻ ചെയ്യണം.കുഞ്ഞിനെ അവിടെ അടുത്തുള്ള ഡേകെയറിൽ ആക്കാമെന്ന് കരുതുന്നു. ചേച്ചിയെപ്പോലെ സ്നേഹമുള്ള ഒരമ്മയുണ്ടായിരുന്നുവെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. സത്യത്തിൽ എനിക്കുണ്ടാവില്ലെ ഒരമ്മ. എന്തിനായിരിക്കും അവർ എന്നെ വേണ്ടാന്ന് വച്ചത്. ചിലപ്പോൾ എന്നെ വളർത്തുവാനുള്ള ധൈര്യം ഇല്ലായിരുന്നിരിക്കണം അല്ലെ. മടത്തിലെ അമ്മമാരുടെ പരിചരണത്തിൽ വളർന്നു വന്നയെനിക്ക് ശിഖയെന്ന പേരിട്ടു. എന്റെ അരയിൽ കെട്ടിയിരുന്ന ചരടിൽ ഒരു തുണ്ടു കടലാസിൽ എഴുതിയിരുന്നത്രെ'ശിഖ' എന്ന് എനിക്ക് പേരിടണമെന്ന്.. എത്ര സ്നേഹമായ് വളർത്തി , പഠിപ്പിച്ചു'. ജോലിയും ആയപ്പോൾ കൂടെ ജോലി ചെയ്തയാളെ സ്നേഹിച്ചു. ഒരു പക്ഷേ അദ്ദേഹം എന്റെ മനസ്സറിഞ്ഞപ്പോൾ വൈകിയതാവാം , പാവം എന്നെ ഉപേക്ഷിക്കാൻ പറ്റാതെ ജീവിതത്തിലേക്ക് കൂട്ടിയത്.. അദ്ദേഹത്തിന് മറ്റൊരു കുടുംബം ഉണ്ടെന്നറിഞ്ഞിട്ടും ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു.. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആഗ്രഹിച്ചു. പാവം ശരത്ത് എല്ലാത്തിനും മനസ്സില്ലാ മനസ്സോടെ സ്നേഹിക്കുന്ന പെണ്ണിനെ കുടെ കൂട്ടി. എങ്കിലും അദ്ദേഹത്തിന്റെ മനസ്സ് വീർപ്പു മുട്ടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അദ്ദേഹത്തെ സ്വതന്ത്രമാക്കി ഞാൻ മോളുമായി ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങി..."
" എന്തൊക്കെയാണ് മോളേ നീ പറയുന്നത്. എനിക്കൊന്നും മനസ്സിലാവുന്നില്ല, അപ്പോൾ ശരത്തിന് വേറെ കുടുംബമുണ്ടോ ? ".
" ഉണ്ട് ചേച്ചി.. പക്ഷേ മറ്റാർക്കും അറിയില്ല.. ഞങ്ങളുടെ മാത്രം രഹസ്യം.."
" എന്നാലും കുഞ്ഞേ.... ഇത്രയും സങ്കടം ഉള്ളിലൊതുക്കി ഇത്രയും നാൾ ധൈര്യത്തോടെ ജീവിച്ചല്ലോ.. ഒരമ്മയുടെ സ്ഥാനത്ത് ഞാനുണ്ടായിരുന്നല്ലൊ.. മനസ്സു തുറന്ന് ഒന്ന് പൊട്ടിക്കരയുകയെങ്കിലും ചെയ്യാമായിരുന്നില്ലേ..."
അവരുടെ മാറിലേക്ക് മുഖം ചേർത്തുവെച്ചവൾ കുറേ നേരം കരഞ്ഞു.
" മനസ്സിന് വളരെ ദു:ഖം തരുന്ന കാര്യമാണ് പറഞ്ഞതെങ്കിലും. മോൾക്ക് പോകാതെ പറ്റില്ലല്ലൊ.. എവിടെയായാലും എന്റെ മോൾ സന്തോഷമായിരിക്കണം അതാണ് ഈ അമ്മയുടെ ആഗ്രഹം... മോളിങ്ങനെ സങ്കടപ്പെടുന്നത് അമ്മയ്ക്ക് സഹിക്കില്ല.."
അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
പോകാൻ ദിവസങ്ങൾ അടുത്തു.
അവളുടെ മനസ്സ് ശരത്തിനെ കാണാതെ പോകാൻ അനുവദിച്ചില്ല..പോകുന്നതിന് മുൻപ് ശരത്തിനെ കാണാൻ അവൾ തീരുമാനിച്ചു..
അവളുടെ വിളിക്കായി അവൻ കാത്തിരുന്നതു പോലെ..വിളിച്ചപ്പോൾ അവൾക്കരികിലേക്ക് അവൻ ഓടിയെത്തി.
"പിരിയുകായാണ് നമ്മൾ ". അവൾ പറഞ്ഞു.
" ശിഖ നീ ഇങ്ങനെ പറയുമ്പോൾ മനസ്സ് വേദനിക്കുന്നു. നിനക്കറിയില്ലേ എന്‍റെ അവസ്ഥ. നിന്നെയും കുഞ്ഞിനേയും പിരിയാൻ എനിക്കാവില്ല."
"പിന്നെ ഞാൻ എന്ത് ചെയ്യണം ശരത്ത്. നിന്‍റെ ജീവിതം ഇല്ലാതാക്കണോ.. എനിക്ക് പറ്റിയ തെറ്റ് ഞാൻ തന്നെ പരിഹാരം കാണുന്നു, അത്രയും കരുതിയാൽ മതി. ശരത്തിന് സൗകര്യം പോലെ എന്നെ വിളിക്കാം..മോളെ കാണണം എന്ന് തോന്നുമ്പോൾ വരാം..അതിലപ്പുറം ഒന്ന് ഞാനും പ്രതീക്ഷിക്കുന്നില്ല.ശരത്തും ഒന്നും പ്രതീക്ഷിക്കരുത്. മോള് വലുതായി വരുമ്പോൾ അച്ഛനെ കുറിച്ച് ചോദിക്കുമായിരിക്കാം, അപ്പോൾ എന്താ പറയേണ്ടത് എന്ന് അറിയില്ല..എന്നാലും ശരത്തിനെ വിഷമിപ്പിക്കില്ല."
"ശരത്ത് നീ ഓർക്കുന്നോ നമ്മുടേതായ ചില നിമിഷങ്ങൾ..ഇവിടെ ഈ കടൽത്തീരത്തെ സൗന്ദര്യം എന്നും നമുക്ക് പ്രണയമായിരുന്നു. ഇന്നും ആ ഓർമ്മകൾ മറക്കാതിരിക്കാനാണ് ഞാൻ ഇടയ്ക്ക് ഇവിടെ വന്ന് പോകുന്നത്."
"ശിഖ മതി..ഇനിയും നീ എന്‍റെ നിസ്സഹായ അവസ്ഥയെ പരിഹസിക്കാതെ."
''പരിഹസിക്കുകയല്ല ശരത്ത്.. നമ്മുടെ പ്രണയകാലത്തെ കുറിച്ച് ഒരു നിമിഷം ഓടിയെത്തിയതാണ്.. അതൊന്നും മറക്കാൻ ഇന്നും എനിക്കാവുന്നില്ല.. അതാണ് സത്യം ''.
''ശിഖാ നാളെ എപ്പോഴാണ് നീ പോകുന്നത്.. ഞാനും വരുന്നുണ്ട്..നിൻറെ താമസ സ്ഥലമൊക്കെ അറിഞ്ഞിരിക്കാമല്ലോ.''
"വന്നോളൂ.. നാളെ കാലത്താണ് പോകുന്നത്."
അവർ ഒരുമിച്ചുള്ള യാത്രയിൽ ശരത്തിന് എന്തോ ഭയം ഉള്ളതുപോലെ. തന്റെ കൂടെ വരാൻ ശരത്തിനെ അനുവദിക്കരുതായിരുന്നു എന്നവൾക്കു തോന്നി. പാവം ഒരുപാട്‌ വിഷമിക്കുന്നുണ്ട്. അവൾ മനസ്സിൽ പറഞ്ഞു.
ശരത്തിന്റെ കൈകളിൽ സുരക്ഷിതമായി ഉറങ്ങുന്ന മോളെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. ഇനി ഇങ്ങനൊരു ഭാഗ്യം തന്റെ മോൾക്ക് ഉണ്ടാകില്ല എന്നത് ശിഖയ്ക്ക് മാത്രം അറിയാവുന്ന സത്യം.
കാലം ഇലകളും പൂക്കളും തളിർത്തും കൊഴിച്ചും കടന്നു പോയി...
പുതിയ അന്തരീക്ഷം അവളെ മാറ്റി എന്ന് വേണമെങ്കിൽ പറയാം.. ആദ്യം മുതലേ ആരേയും ആശ്രയിക്കാതെ ജീവിച്ചതുകൊണ്ട് മറ്റൊരു നാട്ടിലെ പുതിയ ജീവിതം അവൾക്ക് ഭാരമായി തോന്നിയില്ല. എല്ലാം ഒറ്റയ്ക്ക് ചെയ്യുവാനുള്ള തന്റേടം അവൾക്കുണ്ടായി. ഇടയ്ക്ക് ശരത്തിൻറെ ഓർമ്മകൾ വരുമ്പോൾ കടൽ തീരത്ത് പോയി ഇരിക്കുന്നത് ഒരു ആശ്വാസമായി തോന്നി.
ശരത്തിൻറെ വിളികൾ ആദ്യമൊക്കെ അവൾ സ്വീകരിച്ചിരുന്നെങ്കിലും മോളുടെ ചോദ്യത്തെ ഭയന്നാവണം അയാളുടെ കോളുകൾ കഴിയുന്നതും അറ്റൻഡ് ചെയ്യാതെ ഒഴിഞ്ഞു മാറി.
വളരുന്തോറും മോൾ അച്ഛനെക്കുറിച്ചു ചോദിക്കുമോ എന്നായിരുന്നു ശിഖയുടെ പേടി. എപ്പോഴെങ്കിലും അവളുടെ ചോദ്യത്തിന് മറുപടി പറയാൻ താൻ ബാധ്യസ്ഥയാണെന്നും അത് കരുതിയിരിക്കണമെന്നും ശിഖയ്ക്ക് അറിയാമായിരുന്നു.. പക്ഷേ ഉള്ളിലെ ആ ഭയം അത് വല്ലാതെ അവളെ വേദനിപ്പിച്ചുകാണ്ടിരുന്നു. സത്യം എത്ര തന്നെ മറച്ചു വച്ചാലും ഒരിക്കൽ അത് മറ നീക്കി പുറത്ത് വരും. അത് ആരുടെയൊക്കെയോ ജീവിതത്തെ വിഷമഘട്ടത്തിൽ എത്തിക്കും എന്നത് വല്ലാത്ത വേദനയാണ്. ഇപ്പോഴും അതിനെ കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു ശിഖയ്ക്ക്.
കാലം പിന്നെയും കടന്നു പോയി , ജീവിതത്തിലെ മാറ്റങ്ങൾ കാലത്തിനൊപ്പം യാത്ര ചെയ്തു കൊണ്ടിരിക്കുന്നു, വലിയ വ്യത്യാസങ്ങൾ കാണുവാൻ കഴിയില്ലെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നു എന്നത് സത്യമാണ്.
ഒരിക്കൽ പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മോളുടെ ചോദ്യം ഇടിത്തീ പോലെ ശിഖയുടെ മനസ്സിലേക്ക് വീണു.
"എന്തിനാ അമ്മേ എന്‍റെ അച്ഛനെ ദൈവം നമ്മുടെ അടുക്കൽ നിന്ന് വേഗം കൊണ്ടു പോയത്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നു അല്ലെ.?".
ശിഖയുടെ കണ്ണുകൾ നിറഞ്ഞു , എന്ത് പറയണം എന്നറിയാതെ അവൾ വിഷമിച്ചു. ജീവിച്ചിരിക്കുന്ന അദ്ദേഹത്തെ മരണമെന്ന മായയിൽ മറച്ചു പിടിച്ചു കഴിഞ്ഞു തന്റെ മോൾ. തന്നെക്കാൾ
കൂടുതൽചിന്തിച്ചിരിക്കുന്നു. അവൾ മോളേ ചേർത്തു പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു.
മോളുടെ പിറന്നാൾ ദിവസം അവൾ ശരത്തിന്റെ ഫോണിലേക്ക്.വിളിച്ചു. ഒരു നെഞ്ചിടിപ്പോടെ അവൾ ഇരുന്നു. കുറേ നേരം ബെല്ലടിച്ചതിനു ശേഷം ആരോ ഫോൺ എടുത്തു.. അത് ശരത്തായിരുന്നില്ല:..
"ആരാണ് വിളിക്കുന്നത് ? " ആ കുട്ടിയുടെ ചോദ്യം അവളെ വിഷമിപ്പിച്ചു. കുറെ നേരം മൗനമായി ഇരുന്നു. അപ്പോൾ വീണ്ടും ആ ചോദ്യം.
"പറയു ആരാ വിളിക്കുന്നത് "?.
" ഞാൻ ശിഖ..ശരത്ത് സാറില്ലേ അവിടെ ? ഞാൻ അദ്ദേഹത്തിൻറെ കൂടെ ജോലി ചെയ്തിരുന്നതാണ്.ഇപ്പോൾ ഞാൻ മറ്റൊരു സ്ഥലത്താണ്. കുറേ നാളായി വിവരങ്ങളൊക്കെ അറിഞ്ഞിട്ട് അതാ വിളിച്ചത് ".
അപ്പുറത്ത് നിന്നും മറുപടിയൊന്നുമില്ല..അവൾ വീണ്ടും വിളിച്ചു.
"ഹലോ എന്താ സാറില്ലേ അവിടെ..?"
"അച്ഛൻ ഇവിടുണ്ട് പക്ഷേ..!"
'"എന്താ പറയു ".
"അച്ഛന് വയ്യാതെ കിടക്കുകയാണ് ചേച്ചി.. ആക്സിഡന്റ് പറ്റിയതാണ്..ഇപ്പോൾ സംസാരിക്കില്ല..ഞങ്ങളെ പോലും തിരിച്ചറിയില്ല."
ബാക്കി കേൾക്കാനുള്ള ശക്തി അവൾക്ക് ഇല്ലായിരുന്നു. തന്റെ കുഞ്ഞിൻറെ അച്ഛൻ വയ്യാതെ കിടക്കുന്നു. അവളുടെ ഉള്ളിൽ കുറ്റ ബോധത്തിന്റെ നെരിപ്പോട് നീറിപുകയുകയാണ്.
" ആരാ മോളെ...?''
" അച്ഛന്റെ കൂടെജോലി ചെയ്തിരുന്ന ചേച്ചിയാണമ്മേ ".
" ഇങ്ങു തരു..അമ്മ സംസാരിക്കട്ടെ ".
ശിഖയുടെ മനസ്സ് വേദനിച്ചു..എന്ത് പറയണം ,അവരെപ്പോലെ അവകാശമാണ് തനിക്കുമുള്ളത്. പക്ഷേ അത് ഞങ്ങളുടെ മനസ്സുകളിൽ മാത്രം ഒതുങ്ങുന്ന സത്യം" ആരാ..എന്താ കുട്ടീടെ പേര് ?".
"ഞാൻ ശിഖ..അദ്ദേഹത്തിൻറെ കൂടെ ജോലി ചെയ്തിരുന്നു. ഇപ്പോൾ ട്രിവാൻഡ്രത്താണ്..അദ്ദേഹം എന്നെ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്. അതാ ഞാൻ വിളിച്ചത് ".
'ശിഖയെക്കുറിച് അദ്ദേഹം എപ്പോഴും പറയുമായിരുന്നു..ശിഖയുടെ ജീവിതം ഞങ്ങൾക്ക് മനഃപാഠമാണ്."
ശിഖയുടെ കണ്ണുകൾ നിറഞ്ഞൊഴുകി തന്നെകുറിച് എപ്പോഴും പറയുമായിരുന്ന ശരത്തിനെ മനസ്സിലാക്കാതെ പോയല്ലോ..
അവർ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, പക്ഷേ അവൾക്ക് ഒന്നും കേൾക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. ശരീരത്തിൽ ഒരു വിറയൽ പോലെ. തന്റെ കുഞ്ഞിൻറെ അച്ഛൻ മരണത്തോട് മല്ലിടുകയാണെന്ന കാര്യം അറിയുമ്പോൾ ഏത് ഭാര്യക്കാണ് സഹിക്കുക
മോളേം കൊണ്ട് അവിടെ വരെ ഒന്ന് പോയാലോ എന്ന് അവൾ ആലോചിച്ചു. എന്തുകൊണ്ടോ ഇത്രയും നാളത്തെ അകൽച്ച വേണ്ടായിരുവെന്ന തോന്നൽ ശിഖയെ വല്ലാതെ കീഴ്പ്പെടുത്തന്നതുപോലെ.
രണ്ട് ദിവസത്തെ ലീവ് എടുത്ത് അവൾ നാട്ടിലേക്ക് വണ്ടി കയറി.അപ്പോൾ ശിഖയുടെ മനസ്സിൽ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു 'ശരത്ത് '.അയാൾ സുഖം പ്രാപിക്കണമെന്ന പ്രാർത്ഥന മാത്രം.
നാട്ടിൽ വണ്ടി ഇറങ്ങുമ്പോൾ മനസ്സ് മൂടി കെട്ടി നിൽക്കുകയായിരുന്നു.
പെയ്തൊഴിയാനാവാതെ വിങ്ങുകയായിരുന്നു. ഇനി ഇങ്ങോട്ടൊരു തിരിച്ചു വരവ് ഉണ്ടാകുമെന്ന് കരുതിയതല്ല , പക്ഷേ ഇപ്പോൾ തനിക്ക് വരേണ്ടി വന്നു.
"നമ്മൾ എവിടെ പോകുന്നു അമ്മേ.. ആരെ കാണാൻ പോകുവാ."?
" അമ്മയ്ക്കും മോൾക്കും വേണ്ടപ്പെട്ട ഒരാളെ കാണാൻ പോകുവാ..അവിടെ ചെല്ലുമ്പോൾ നല്ലകുട്ടി ആയി ഇരിക്കണം കേട്ടോ ".
അവൾ ശിഖയെ നോക്കി ചിരിച്ചു.
കവലയിൽ നിന്നും അവൾ ഓട്ടോയിൽ കയറി..
" ചേച്ചി എവിടുന്നു വരുന്നു. ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ "?.
" കുറച്ചു ദൂരത്തൂന്നാ". ഓട്ടോക്കാരന്റെ ചോദ്യത്തിന് അലസമായ മറുപടി നൽകി ഒഴിവായി. അവളുടെ മനസ്സ് നിറയെ ശരത്തിന് വേണ്ടിയുള്ള പ്രാർത്ഥന മാത്രമായിരുന്നു. ഓട്ടോ ഏതൊക്കെയോ ഇടവഴിയിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ഇതിനിടയിൽ ഡ്രൈവർ എന്തൊക്കെയോ ശിഖയോട് ചോദിക്കുന്നുണ്ടായിരുന്നു. പകുതി കേട്ടും കേൾക്കാതെയും അയാൾക്ക് മറുപടി കൊടുത്തു.
"ചേച്ചി ദാ ആ കാണുന്ന ഓടിട്ട വീടാണ് ശരത്തേട്ടന്റെത്."
ശിഖ മോളേം കൂട്ടി അങ്ങോട്ടു നടന്നു. നീറിപുകയുന്ന അവളുടെ മനസ്സ് ഇത്തിരി തണുപ്പിനായി ദാഹിക്കുന്നുണ്ടായിരുന്നു.
" ഈശ്വരാ അദ്ദേഹത്തെ കാണുമ്പോൾ എന്‍റെ ശക്തി ചോർന്ന് പോകാരുതേ..." അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
അവളെ കണ്ടപ്പോൾ ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു. ശരത്തിന്റെ ഭാര്യയായിരുന്നു അത്. അവരെ കാണുമ്പോഴേ അറിയാം വീടിന്റെ അവസ്ഥ..
" ആരാ.?" അവർ ചോദിച്ചു.
"ഞാൻ ശിഖ , ഇതെന്റെ മോള് ".
" ആഹാ..വരു വരു.. ആരേയും ഇപ്പോൾ തിരിച്ചറിയില്ല.. ജീവൻ ഉണ്ടന്നെയുള്ളു ഓർമ്മയൊക്കെ കുറഞ്ഞു തുടങ്ങി.."
അവരുടെ സംസാരം ശിഖയ്ക്ക് ഇഷ്ടമായില്ല എങ്കിലും ഒന്നും പറയാതെ ആ സ്ത്രീയുടെ കൂടെ അകത്തേക്ക് ചെന്നു.
കട്ടിലിൽ കിടക്കുന്ന രൂപം കണ്ട് ശിഖ ഞെട്ടി. ഒരിക്കൽ തന്റെ എല്ലാമെല്ലാം ആയിരുന്ന ആളിതാ ശവത്തിനു തുല്യമായി തിരിച്ചറിയാനാവാതെ കിടക്കുന്നു.
"ഞാനിതാ വരുന്നു..ശിഖ ഇരിക്കു ". ആ സ്ത്രീ അകത്തേക്ക് പോയി.
ശിഖയുടെ മുഖം വാടിയിരുന്നു. അവൾ അയാളുടെ മുന്നിൽ മുട്ടുകുത്തി. രണ്ടു പേരുടെയും കണ്ണുകൾ പരസ്പരം സ്നേഹത്താൽ കണ്ണീരണിഞ്ഞു.. ഒന്നും പറയാനാവാതെ അവൾ മുഖം കുനിച്ചു. ഒരു നിമിഷം കഴിഞ്ഞവൾ സാവധാനം എഴുന്നേറ്റു. അവളുടെ കവിൾത്തടങ്ങളിൽ കണ്ണു നീരൊഴുകി വീണു.
" ശരത്ത്.." അവൾ പതുക്കെ വിളിച്ചു.
"ഇതാ നമ്മുടെ മോൾ..അവൾക്ക് 4 വയസായി. എത്ര പെട്ടന്നാണ് കാലം പോകുന്നത് അല്ലെ.. അന്ന് ശരത്ത് കൊണ്ടുചെന്നാക്കിയ മോളാണോ എന്ന് നോക്കിക്കേ..?
അവൾ ഓരോന്ന് എണ്ണിപ്പെറുക്കി പറഞ്ഞു.
ശരത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..അയാൾക്ക് എല്ലാം മനസ്സിലായി.. തളർന്ന മുഖത്തു നിന്നും പ്രസാദമായ ഒരു ഭാവം അയാളിൽ നിന്നുമുണ്ടായി , അയാളുടെ ചുണ്ടുകൾ ശിഖയെ നോക്കി എന്തോ പറയാൻ എന്ന പോലെ വിതുമ്പി.
ശരത്ത് അവളെ തിരിച്ചറിഞ്ഞിരിക്കുന്നു. പ്രതീക്ഷയോടെ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ശരത്തിന്റെ സ്നേഹം ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ തനിക്കായി ഉണ്ടെന്നറിഞ്ഞപ്പോൾ ശിഖയ്ക്ക് നിയന്ത്രിക്കാനായില്ല , അവൾ പൊട്ടിക്കരഞ്ഞു.
"എന്തിനാണ് നിങ്ങൾ ഇങ്ങനെ സങ്കടപെടുന്നത് ?".
ശരത്തിന്റെ ഭാര്യ ചോദിച്ചു.
എന്ത് പറയണം തനിക്കും അവകാശമുള്ള ആളെന്നോ അതോ ജീവിതത്തിൽ വിജയിക്കാൻ ശക്തി തന്ന ആളെന്നോ. ? ഒന്നും പറയാതെ അവൾ കുറച്ചു നേരം കൂടി ശരത്തിന്റെ അരികിൽ ഇരുന്നു.
ഇനി ഒരു തിരിച്ചു വരവ് അദ്ദേഹത്തിൻറെ ജീവിതത്തിൽ ഉണ്ടാകുമോ ?. തന്റെ മനസ്സ് ശാന്തമാകാതെ ഇരമ്പുകയാണെന്നറിഞ്ഞു.അവൾ സ്വയം അശ്വസിക്കാൻ ശ്രമിച്ചു.
ശരത്തിന്റെ കൈയ്യിൽ ആരും കാണാതെ ചുംബനം കൊടുത്തവൾ , ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത സ്നേഹത്തെ ഓർത്ത് വിലപിച്ചു..
ചിലപ്പോൾ അയാൾ ജീവിതത്തിലേക്ക് തിരികെ വരാം. വരണമെന്നായിരുന്നു അവിടെ നിന്നിറങ്ങുമ്പോഴും അവളുടെ പ്രാർത്ഥന.
'ശിഖ ' അവൾ സ്നേഹത്തിനായ് മാത്രം കൊതിക്കുന്ന മനസ്സുമായി ശരത്തിന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ച് ഒരു വേനൽ പക്ഷിയായി ഇന്നും ജീവിക്കുന്നു

Wednesday, 12 July 2017

സ്നേഹമായ് ...

''ഭാനുമതി ... പ്രിയ ഭാര്യേ .. നമ്മൾ നമുക്കായി ജീവിച്ചത് വളരെ കുറച്ചു നാളുകൾ മാത്രമാണ് .. നീ ഓർക്കുന്നോ നമ്മുടെ പ്രണയകാലം ..
ഒരു സ്കൂളിൽ അധ്യാപകരായി ജോലി ചെയ്യുമ്പോൾ പക്വതയെത്തിയ നമ്മുടെ പ്രണയത്തെ ഒരു താലിച്ചരടിൽ സ്വന്തമാക്കിയപ്പോൾ നമ്മളിൽ ഉണ്ടായ സന്തോഷത്തിന് എത്ര മധുരമുണ്ടായിരുന്നുവല്ലേ ..
നമ്മുടെ ആ കൊച്ചു വീട്ടിൽ ജീവിതം ആരംഭിച്ചു .. ഒരുപാട് സ്വപ്നങ്ങൾ കണ്ടു , നമ്മളെ നമുക്കായി പകുത്തു നൽകി .. ആ ശുഭ മുഹൂർത്തത്തിൽ നമുക്ക് അവകാശികൾ ഉണ്ടായി .. നീ അമ്മയായി , ഞാൻ അച്ഛനായി , അപ്പോഴും നമ്മൾ സന്തോഷിച്ചു .
കുട്ടികളുടെ ആവശ്യങ്ങൾ നമ്മുടെ ഇഷ്ട്ടത്തേക്കാൾ വലുതായി കണ്ടു .. നമുക്ക് നമ്മളോടുള്ള ഇഷ്ട്ടം മനസ്സിൽ നിറഞ്ഞു തുളുമ്പിയെങ്കിലും മക്കളോടുള്ള സ്നേഹത്താൽ അത് ഉള്ളിൽ ഒതുക്കി .. അവർക്കായി ജീവിച്ചു . നമ്മുടെ സ്വകാര്യതകൾ നമുക്ക് നഷ്ടമായി .. മക്കളുടെ വളർച്ചയിൽ നമ്മൾ ശ്രദ്ധിക്കാൻ തുടങ്ങി .. അവരുടെ പിറന്നാളുകൾ മാത്രം ഓർക്കാൻ തുടങ്ങി . നമ്മുടെ പിറന്നാളുകൾ പ്രായമായിക്കൊണ്ടിരിക്കുന്നത് അറിയാതെ പോയി ..
എല്ലാം കഴിഞ്ഞു മക്കൾക്ക് വേണ്ട വിദ്യാഭ്യാസം നൽകി അവരുടെ കണ്ണ് തെളിച്ചു വിട്ടു അവർക്കായി ജീവിതവും നൽകി . പിന്നീട് അപ്പൂപ്പനും അമ്മൂമ്മയുമായി .. അപ്പോഴും നമ്മൾ നമ്മളെ മറന്നു പേരക്കുട്ടികളുടെ സ്നേഹം ഇഷ്ടപ്പെടാൻ തുടങ്ങി .. പക്ഷേ ഞാനന്നും നിൻറെ സാന്നിധ്യം എപ്പോഴും വേണമെന്നാഗ്രഹിച്ചു . കാരണം ഒരു ഭാര്യയാണ് ഭർത്താവിൻറെ ദൈവം അതുപോലെ തന്നെയല്ലേ നിനക്കും ..
മക്കൾ ദൂരേയ്ക്ക് പോയപ്പോൾ അവരുടെ മക്കളെ നോക്കാൻ നിന്നെ എന്നിൽ നിന്നും വേർപെടുത്തി. അപ്പോൾ തകർന്നുപോയത് എൻറെ മനസ്സാണെടി ഭാര്യേ .. പോകുമ്പോൾ നിൻറെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിരുന്നു .. ആരും കാണാതെ നീയത് സാരിത്തലപ്പുകൊണ്ട് ഒപ്പുന്നതും ഞാൻ കണ്ടിരുന്നു . പക്ഷേ നമുക്ക് എന്ത് ചെയ്യാൻ കഴിയും അല്ലെ . കാരണം നമ്മുടെ സന്തോഷത്തേക്കാൾ പ്രാധാന്യം മക്കളുടെ സന്തോഷമായിരുന്നു ..
നീ അകന്നുപോയെങ്കിലും ഇടയ്ക്കിടെ ടെലഫോണിലൂടെയുള്ള നിൻറെ ശബ്ദം കേൾക്കുന്നു എന്നതൊരാശ്വാസമായിരുന്നു ..
ഇപ്പോൾ എനിക്ക് ഒരുപാട് പ്രായമായിരിക്കുന്നു , ഈ സമയങ്ങളിൽ നീ എൻറെ അടുത്തുണ്ടായിരുന്നവെങ്കിൽ എന്നാഗ്രഹിക്കുന്നു ..
പ്രായമാകുമ്പോൾ കൊച്ചു കുട്ടിയുടെ സ്വഭാവമാകുന്നു .. എത്രയൊക്കെ സ്നേഹത്തോടെ മക്കളും മരുമക്കളും നോക്കിയാലും ഭാര്യയാണ് എപ്പോഴും ഭർത്താവിന് സാന്ത്വനം .. പ്രിയപ്പെട്ടവളെ എൻറെ കണ്ണടയുന്നതിന് മുൻപ് നിന്നെ ഒന്ന് കാണുവാൻ സാധിക്കുമോ ... ഇനിയൊരു ജന്മം നമുക്കായി ഉണ്ടാകുമോ ? ..''
അയാളുടെ ഡയറിക്കുറിപ്പുകൾ അവിടെ അവസാനിച്ചു ..
അയാളുടെ തലയ്ക്കൽ കത്തിച്ചു വച്ച നിലവിളക്കിലെ തിരി കെടാതെ നിറകണ്ണുകളോടെ ഭാനുമതി എണ്ണ ഒഴിച്ചു കൊടുത്തു .. അയാളുടെ മുഖം കോടി തുണിയാൽ മറക്കുന്നതിന് മുൻപ് ആ നെറ്റിയിൽ അവർ ഇത്രയും നാൾ ഉള്ളിലൊതുക്കിയ സ്നേഹചുംബനം നൽകി ..
അയാളുടെ വസ്ത്രങ്ങൾ കത്തിക്കാനായി ചിതയിലേക്കെടുത്തപ്പോൾ മരിക്കുന്നതിന് തൊട്ടുമുൻപ് അയാൾ പുതച്ചിരുന്ന ഷാൾ അവർ മാറോട് ചേർത്തു പിടിച്ചു ... അയാളുടെ മണം അവരിൽ നിറഞ്ഞു നിന്നു ..
''ഏട്ടാ നമ്മുടെ സൗകര്യങ്ങൾക്കായി ഒരിക്കലും അച്ഛനേയും അമ്മയേയും നമ്മൾ വേർപിരിക്കരുതായിരുന്നുവല്ലേ .. നോക്കു അമ്മയുടെ സ്നേഹം , പാവം അവസാനകാലത്തുപോലും അച്ഛൻറെ അരികിലേക്ക് വരാൻ കഴിയാതെ വീർപ്പുമുട്ടുകയായിരിന്നിരിക്കണം .. ഒരിക്കലും അച്ഛനും അമ്മയും നമ്മുടെ സന്തോഷത്തിന് എതിര് നിന്നിട്ടില്ല എന്ന് ഇപ്പോൾ ഓർക്കുന്നുവല്ലേ .. വലിയ പാപമാണ് നമ്മൾ ചെയ്തത് . എനിക്ക് കുറ്റബോധം തോന്നുന്നു .''
''ശരിയാണ് അനിയത്തി നമ്മുടെ ജീവിത സൗകര്യങ്ങളിൽ അവരുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും നമ്മൾ കണ്ടില്ല എന്ന് നടിക്കുകയായിരുന്നു .. ഇനി എന്ത് ചെയ്യാൻ കഴിയും .. ഈ അവസ്ഥ നമുക്കും ഉണ്ടാകാം .. .''
അച്ഛൻറെ ഷാൾ മാറോട് ചേർത്ത് കരയുന്ന അമ്മയെ ആ മക്കൾ ചേർത്തു പിടിച്ചു .. ചെയ്ത തെറ്റുകൾ ക്ഷമിക്കണമെന്ന് ആവർത്തിച്ചു പറഞ്ഞു കരഞ്ഞു ..
''സാരമില്ല മക്കളെ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിച്ചു ..നിങ്ങളുടെ സന്തോഷമായിരുന്നു ഞങ്ങളുടെ ആഗ്രഹം .. പക്ഷേ നിങ്ങൾ അങ്ങനെയാവരുത് മക്കളുടെ കണ്ണ് തെളിച്ചു വിട്ടുകഴിഞ്ഞാൽ നിങ്ങൾ അച്ഛനമ്മമാർ നിങ്ങൾക്കായി ജീവിക്കണം .. വേർപിരിഞ്ഞു കഴിയരുത് ''.
തെക്കുവശത്ത് കത്തിതീരാറായ അച്ഛൻറെ ചിതയ്ക്ക് അപ്പോഴും സ്നേഹത്തിൻറെ ചൂടുണ്ടായിരുന്നു ..

Monday, 10 July 2017

മരണത്തെ സ്നേഹിച്ച പെൺകുട്ടി

കൂട്ടുകാരുടെ ഇടയില്‍ ഒരു ചിത്രശലഭത്തെപോലെ പാറി നടന്നിരുന്നു ആ പെണ്‍കുട്ടി.. വളരെ സ്മാർട്ട്‌ ആയിരുന്നു അവൾ.. ആടാനും, പാടാനും, പഠിക്കാനും നല്ല കഴിവുള്ള കുട്ടി.. എല്ലാവര്‍ക്കും അവളെ ഇഷ്ട്ടമായിരുന്നു.. അവളോട്‌ സംസാരിച്ചിരിക്കാൻ നല്ല രസമായിരുന്നു..
ഒരിക്കൽ അവൾ തനിയെ ഇരുന്നു കരയുന്നത് കണ്ടു .. ഞാൻ അവളുടെ അരികിലേയ്ക്ക് ചെന്നു..
"എന്തിനാണ് കുട്ടി നീ ഒറ്റയ്ക്കിരുന്നു കരയുന്നത് " ഞാൻ ചോദിച്ചു.. അവൾ എന്നെ കണ്ടിട്ടില്ലല്ലോ എന്ന ഭാവത്തിൽ നോക്കി , .. .. ശരിയാണ് അവൾക്ക് എന്നെ അറിയില്ല, എന്നാൽ ഞാൻ അവളെ തിരഞ്ഞു നടക്കുകയായിരുന്നു അത് എനിക്ക് മാത്രം അറിയാവുന്ന സത്യം..
ഞാൻ അവളുടെ കൂട്ടുകാരിൽ ഒരാളായി മാറി.. അവളുടെ എല്ലാ കാര്യങ്ങളിലും അവളറിയാതെ ഞാനും പങ്കുചേർന്നു..
പൂക്കളേയും, ശലഭങ്ങളേയും ഒരുപാട് ഇഷ്ടമായിരുന്നു അവള്‍ക്ക് ..എപ്പോഴും അവയുമായി സംസാരിക്കുന്നത് കാണാം ..കൂട്ടുകാരികള്‍ പലരും അവള്‍ക്ക് വട്ടാണെന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് ....പക്ഷെ അതൊക്കെ മനോഹരമായ ഒരു ചിരിയിലൂടെ അവള്‍ അവഗണിക്കുന്നതും കണ്ടിട്ടുണ്ട്..
ഒരുദിവസം അവൾ എന്നോട് പറഞ്ഞു ..
"ഞാൻ ഒരു പ്രണയത്തിൽ അകപ്പെട്ടു, ആ കാമുകൻ ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിലാണ്..പക്ഷെ എന്‍റെ അച്ഛനും അമ്മയ്ക്കും അവനെ ഇഷ്ടമാവില്ല, എന്തിനാണ് അവനോട് ഇത്ര ദേഷ്യം എന്നായാലും അവര്‍ അവനെ അംഗീകരിക്കേണ്ടതല്ലെ..."
ഞാൻ അവളുടെ സംസാരം കേട്ട് വെറുതെ ചിരിച്ചു.. എന്റെ ചിരി കണ്ടിട്ടാവണം
" നീ എന്താ എന്റെ പ്രണയത്തെകുറിച്ച് ഒന്നും ചോദിക്കാത്തത് " അവൾ ചോദിച്ചു.
ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു ഒന്നും മിണ്ടാതെ ..
അവള്‍ തുടര്‍ന്നു,
" എന്‍റെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം അവനോടുള്ള ആരാധനയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ട് കുറച്ചു നാളുകളെ ആയുള്ളു, ഒരുപാട് തവണ ഞാന്‍ അവന്‍റെ പ്രണയം അവഗണിച്ചു..പിന്നീട് എപ്പഴോ എനിക്ക് അവനെ അംഗീകരിക്കേണ്ടി വന്നു ..ഇനി ഒരു ശക്തിക്കും ഞങ്ങളെ വേര്‍പെടുത്താന്‍ കഴിയില്ല അത്രയ്ക്കും ഞങ്ങള്‍ അടുത്തു കഴിഞ്ഞു..കൊട്ടും കുരവയുമൊന്നുമില്ലാതെ എന്‍റെ പ്രണയം അവനു നല്കണം..."
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..ഇന്നവള്‍ വല്ലാതെ വികാര ഭരിതയായി എനിക്ക് തോന്നി .....
അവള്‍ പറഞ്ഞതെല്ലാം സത്യം തന്നെയാണ് ..ഞാന്‍ തേടി നടന്നവള്‍, അവളുടെ ഹൃദയത്തിന്‍റെ ആരാധന എന്നോടായിരുന്നു.. ..എന്നെയാണ് ഇവള്‍ പ്രണയിക്കുന്നത്, ആദ്യം ഇവള്‍ അവഗണിച്ചതും എന്‍റെ പ്രണയത്തെയാണ്..
ഇന്നവളുടെ സ്നേഹം സത്യമാണ് .. ഞാന്‍ അവള്‍ക്ക് ഒരു പനിനീർ പൂവ് നല്കി ...‍ ഇനി ഞാനാരാണ് എന്നറിയേണ്ടെ ? അവള്‍ കാത്തിരിക്കുന്ന പ്രിയ കാമുകന്‍ 'മരണം '..
.
ഞാനായിരുന്നു ആ കാമുകന്‍ എന്ന് അവള്‍ തിരിച്ചറിയും മുമ്പേ ഒരു ചിത്രശലഭമായ് അവളുടെ പനിനീര്‍ പൂവിനെ ചുംബിച്ച് പാറി നടന്നു ഞാൻ ഈ തൊടിയിലൂടെ....

Thursday, 8 June 2017

ഗാന്ധർവ്വയാമം......!''മാളൂ ... നീ എങ്ങടാ ഈ പോവണേ ?''
'' മുല്ലപ്പൂവിൻറെ മണം വരുന്നു മുത്തശ്ശി .. എവിടുന്നാവും അത് .. നമ്മുടെ തൊടിയിൽ മുല്ല ഉണ്ടോ ?''
''ശിവ .. ശിവ .. ൻറെ കുട്ട്യേ നീ ഇങ്ങട് കയറി വരൂ .. മുല്ല പൂക്കുന്ന മണവും , ചെമ്പകം പൂക്കുന്ന മണവുമൊക്കെ ഈ പ്രായത്തിലെ സുന്ദരി കുട്ട്യോൾക്ക് ഉണ്ടാവും .. ഗന്ധർവ്വൻ കാവിൽ നിന്നാവും ൻറെ കുട്ടി ഇപ്പോൾ അത് അന്വഷിച് എങ്ങടും പോവണ്ടാ ..''
''എന്തൊക്കെയാ ഈ മുത്തശ്ശി പറയണേ ഗന്ധർവ്വൻ കാവിൽ നിന്നാണത്രേ മുല്ലപ്പൂവിൻറെ മണം വരുന്നത് .. അവിടെ ഒരു മുല്ലക്കൊടിപോലും ഇല്ലല്ലോ മുത്തശ്ശി ..''
''മാളൂ ഇങ്ങട് വരൂ .. നിനക്ക് പരിചയമില്ലാത്തതാണ് .. തൊടിയിലൊന്നും ഇറങ്ങണ്ടാട്ടോ .. മഴപെയ്ത് ആകെ നനഞ്ഞു കിടക്കുകയാ ..''
''ഹോ .. ഈ മുത്തശ്ശിയെക്കൊണ്ട് തോറ്റു .. ഞാൻ ഈ തൊടിയിലെ സൗന്ദര്യം ഒന്നാസ്വദിക്കട്ടേ .. എത്ര നാളായി ഈ നനഞ്ഞ മണ്ണിൻറെ സുഗന്ധം അറിഞ്ഞിട്ട് .. മരുഭൂമിയിൽ ഇതൊന്നുമില്ലായെൻറെ മുത്തിയേ ..''
''ഉവ്വ ഉവ്വ നിൻറെ 'അമ്മ കേൾക്കണ്ടാ .. അവൾക്കിവിടെ പിടിക്കില്യാല്ലോ .. ഇവിടെ ദുർമൂർത്തികളുടെ കേന്ദ്രമാണെന്നല്ലേ പറയാറ് .. ഒരു പരിഷ്കാരി ''.
''അതൊന്നും സാരല്യാ ൻറെ മുത്തിയേ .. എനിക്കിഷ്ട്ടാണല്ലോ ഈ കാവും കുളവും ഇവിടുത്തെ മൂർത്തിയുമൊക്കെ പിന്നെന്താ .. ൻറെ അച്ഛൻറെ സ്വഭാവാ എനിക്ക് കിട്ടിയത് ..''
അവൾ മുത്തശ്ശിയുടെ ശകാരത്തെ കാര്യമാക്കാതെ മുന്നോട്ട് നീങ്ങി .. തൊടിയിലെ മൂവാണ്ടൻ മാവിൽ നിറയെ മാങ്ങ പഴുത്ത് നിൽക്കുന്നു .. കുറെയെല്ലാം താഴെ വീണ് കിടപ്പുണ്ട് .. പണ്ടൊക്കെ ഒരു മാങ്ങപോലും താഴെ വീഴാൻ അനുവദിക്കില്ലായിരുന്നു ..അന്നൊക്കെ ഈ തൊടി നിറയെ എത്ര കുട്ട്യോളായിരുന്നു മാങ്ങ വീഴുമ്പോൾ ഓടിയെടുക്കാൻ ..എന്ത് രസായിരുന്നു അന്നൊക്കെ .. ഇന്ന് ആർക്കും വേണ്ടാതെ അനാഥമായി കിടക്കുന്നു ഇവയെല്ലാം ..
''മാളൂ ....''
''എന്താ മുത്തശ്ശി .. ഞാൻ ഇവിടെ ഉണ്ട് .. നമ്മുടെ മൂവാണ്ടൻ മാവിൻറെ ചോട്ടിൽ ''.
'' അതേ കാവിനടുത്തേക്ക് പോവണ്ടാട്ടോ ...ആകെ കാടുപിടിച് കെടക്കാണവിടെ .. ആ ശങ്കരനോട് വരാൻ പറഞ്ഞിട്ട് കുറച്ചീസായി .. അവന് വാലായ്മയാണ് .. അവൻറെ മോള് പ്രസവിച്ചു കിടക്കാ ...''
''അതിന് ശങ്കരൻ ചേട്ടന് എന്താ വന്നാല്. ''
''ഹേ ..അത് പാടില്യാ .. വാലായ്മയുള്ളപ്പോൾ കാവിൽ തൊട്ടു കൂടാ ..''
''ഞാൻ പോണില്യ മുത്തശ്ശി .. അവിടെ നിന്നോ ഇങ്ങോട്ട് വരണ്ടാട്ടോ ..''
മുത്തശ്ശി തിരിച്ചു പോയപ്പോൾ അവൾക്ക് കാവിനടുത്തേക്ക് പോകാൻ ഭയം തോന്നി .. മുത്തി പറഞ്ഞതിലും കാര്യമുണ്ടാവും . പണ്ട് ഞങ്ങൾ കുട്ടികൾ കളിക്കുമ്പോൾ മുത്തശ്ശി വന്നു പറയാറുണ്ടായിരുന്നു. ഈ കൂട്ടത്തിൽ മുതിർന്ന കുട്ടികൾ ആരെങ്കിലും തീണ്ടാരിയാണെങ്കിൽ കാവിനടുത്തേക്ക് പോകരുതെന്ന് . അന്നൊക്കെ എന്താണ് അതിൻറെ പൊരുളെന്ന് അറിയാത്ത പ്രായം ..
രാധേച്ചിയും , സീമ ചേച്ചിയുമൊക്കെ ചിലദിവസങ്ങളിൽ വരാതിരിക്കുമ്പോൾ മുത്തശ്ശിയുടെ ചോദ്യത്തെ ഭയന്നാവും എന്ന് ചിന്തിച്ചിട്ടുണ്ട് .. അവർക്കും അന്ന് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട് മുല്ലപ്പൂവിൻറെയും ചെമ്പകപ്പൂവിൻറെയും ഗന്ധം, അന്നും ഇത് പറയുമ്പോൾ മുത്തശ്ശി അവരേയും വഴക്കു പറഞ്ഞിരുന്നു . ഇന്ന് ആ നനുത്ത സുഗന്ധം എനിക്കും അനുഭവിക്കാൻ കഴിയുന്നു .
മുത്തശ്ശിയുടെ ഭാഷയിൽ പറഞ്ഞാൽ ഗന്ധർവ്വൻ തന്നെ നോട്ടമിട്ടിരിക്കുന്നുവെന്നാവും ..
''മാളൂ നീ കാവിനടുത്ത് എന്താ ചെയ്യണേ .. അങ്ങോട്ട് പോവല്ലേ കുട്ട്യേ ..''
''ഒന്നൂല്യാ മുത്തശ്ശിയേ .. ഞാനിവിടെ ഗന്ധർവനെ അന്വഷിക്കുകയാ ..''
''വേണ്ടാട്ടോ .. ദൈവങ്ങളോട് വേണ്ട നിൻറെ തമാശ ..''
''ഇല്ലന്റെ മുത്തിയേ .. ഞാൻ അങ്ങോട്ട് പോവണില്യാ ..''
''എന്നാൽ വേഗം ഇങ്ങോട്ട് പോന്നോളൂ ..''
''ദാ .. വരുന്നൂ ..''
മുത്തശ്ശിയോട് അങ്ങനെ പറഞ്ഞെങ്കിലും മുല്ലപ്പൂവിൻറെ ഗന്ധം കാവിലേക്ക് വിളിക്കുന്നതുപോലെ അവൾക്ക് തോന്നി ..
അവൾ പതിയെ കാവിനടുത്തുള്ള കുളത്തിനരികിലേക്ക് നീങ്ങി .. കുളത്തിലെ വെള്ളത്തിന് നല്ല പച്ച നിറം ..വെള്ളത്തിന് മുകളിലായി നിറയെ ചെമ്പകപ്പൂക്കൾ വീണു കിടക്കുന്നു .. ഗന്ധർവ്വൻ കാടുകളിലെ സുഗന്ധം ... ഋതുമതിയായ സ്ത്രീകൾക്ക് ഈ ഗന്ധം ആകർഷണമാണത്രെ .. പണ്ടേതോ ഒരു സ്ത്രീ ഈ ഗന്ധത്താൽ ആകൃഷ്ടയായി ഗന്ധർവ്വൻ കാട്ടിലേക്ക് കയറിപ്പോയി ..പിന്നീട് തിരികെ വന്നിട്ടില്ല ..ഇന്നും അവരുടെ സാന്നിധ്യം ഈ കാവിലുണ്ടെന്നാണ് മുത്തശ്ശി പറയുന്നത് .. ശരിയോ തെറ്റോ അറിയില്ല .. പക്ഷേ ഈ ഗന്ധം ഒരു തരം ഉന്മാദമാണെന്ന് അവൾക്ക് തോന്നി ..
അവളുടെ ചുറ്റും നിറയെ മിന്നാമിന്നികളുടെ തിളക്കം .. മുല്ലപ്പൂവിൻറെ വശ്യമായ ഗന്ധം .. കാവിനടുത്തേക്ക് വീണ്ടും നീങ്ങാൻ തുടങ്ങിയപ്പോൾ .. വീണ്ടും എവിടെ നിന്നോ അശരീരിപോലെ മുത്തശ്ശിയുടെ വിളി ..
''ൻറെ മാളൂട്ടിക്ക് സുഖമല്ലേ ..?''
''ങേ .. എന്താ മുത്തശ്ശി ഇങ്ങനെ ചോദിക്കണേ .. എൻറെ മുത്തിയോടല്ലേ ഞാൻ വിശേഷങ്ങൾ എല്ലാം പറഞ്ഞത് ''.
അവൾ ചുറ്റും നോക്കി അവിടെ ആരേയും കണ്ടില്ല .. കാവിനുള്ളിൽ നിന്നും ചീവീടുകളുടെ സംഗീതം .. വല്ലാത്ത ഭയം തോന്നി ..
''എന്താ മാളു .. നീ ആരോടാ സംസാരിക്കുന്നേ ..?''
''അത് അച്ഛാ ..ഞാൻ ഇത്രനേരം മുത്തശ്ശിയോട് സംസാരിക്കുയായിരുന്നല്ലോ .. മുത്തശ്ശിയല്ലേ എന്നോട് ഇത്രനേരം സംസാരിച്ചത് ..? കാവിനടുത്ത് പോകരുത് എന്നോട് പറയുകയായിരുന്നു . എന്നിട്ട് ഞാൻ ഇപ്പോഴും കാവിനടുത്തു തന്നെ നിൽക്കുകയാണല്ലോ..?''
''മുത്തശ്ശിയോ ? എന്താ മാളൂ... നീയല്ലേ മുത്തശ്ശിയുടെ അസ്ഥിത്തറയിൽ വിളക്ക് വച്ചത് .. എന്താ ഈ കുട്ടിക്ക് പറ്റിത് ? ''.
''ശരിയാണല്ലോ .. അപ്പോൾ ഞാൻ സംസാരിച്ചത് ?''.
മുത്തശ്ശിയുടെ ആത്മാവ് ഇപ്പോഴും തനിക്ക് കൂട്ടായി ഉണ്ടെന്ന് അവളറിഞ്ഞു .. അവളുടെ കണ്ണുകൾ നിറഞ്ഞു ..
''വാ മോളേ നേരം ഇരുട്ടിത്തുടങ്ങി .. ഇനി മടങ്ങാം .. കാവിൽ തൊഴുതല്ലോ .. നാളെ രാവിലെ നമുക്ക് തിരികെ പോകേണ്ടതല്ലേ .. എന്തെല്ലാമുണ്ട് പാക്ക് ചെയ്യാൻ ..''
''വരുന്നു അച്ഛാ ..''
അയാൾ മുന്നോട്ട് നടന്നു അവളും അച്ഛൻറെ കൂടെ നടന്നു ..അപ്പോഴും മുല്ലപ്പൂവിൻറെ ഗന്ധം അവളെ പൊതിഞ്ഞു നിന്നു .. അവൾ ഒരു വട്ടം കൂടി ഗന്ധർവ്വൻ കാവിലേക്ക് തിരിഞ്ഞു നോക്കി ..അപ്പോൾ എങ്ങു നിന്നോ തണുത്ത കാറ്റ് വീശി .. !
മഴയുടെ മുന്തിരിവള്ളികൾ തീർത്ത കാവിലെ ചെമ്പകമരങ്ങളിൽ നിന്നും തണുത്ത മുന്തിരിമൊട്ടുകൾ അവളുടെ ദേഹത്തേക്ക് വീണ് ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു ...അവളുടെ മനസ്സിൽ ഒരു ഗാന്ധർവ്വയാമം തളിർത്തു .. !

Friday, 19 May 2017

ഒറ്റ വേഷമാടുന്ന ഭാസുരി .....!


കടലുപോലെ ആർത്തിരമ്പുന്ന മനസ്സുമായി അവൾ ........ 'ഭാസുരി '
കൈവിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞു താങ്ങായി വരേണ്ടവർ ഇന്ന് ദൂരെയെങ്ങോ മറഞ്ഞിരിക്കുന്നു ..
കൊട്ടും കുരവയും ആഘോഷങ്ങളുമില്ലാതെ അവളുടെ ജീവിതം അവിടെ തുടങ്ങി ..!
അച്ഛനെ അനുസരിച് , പാതിവഴിയിൽ പഠനം ഉപേക്ഷിച് സ്വപ്നം കാണാൻ പറ്റാത്ത വലിയ വീട്ടിലെ അടിമയായി ജീവിതം ആടിത്തീർക്കാൻ വിധിക്കപ്പെട്ടവൾ..
പുതിയ അന്തരീക്ഷം , പരിചിതമല്ലാത്ത കുറേ മുഖങ്ങൾ .. ആർക്കും ആരും ബന്ധമല്ല എന്ന മട്ടിലുള്ള പെരുമാറ്റം , തൻറെ കഴുത്തിൽ താലികെട്ടിയ പുരുഷൻ , ആരും അവളെ കാണുന്നതുപോലുമില്ല .. അവളുടെ കണ്ണുകളിലെ ഭീതി ആരും അറിയുന്നില്ല ..ഒരുപക്ഷേ അടിമജീവിതത്തിനായി അവൾക്ക് വിലപറഞ്ഞയച്ച വീട്ടുകാർപോലും അവളുടെ മനസ്സ് കാണുന്നുണ്ടാവില്ല ,,
പണക്കൊഴുപ്പിൽ മദിച്ചു നിൽക്കുന്ന ഒരു രൂപം അവളെ മുറിയിലേക്ക്‌ കൂട്ടി കൊണ്ടുപോയി .. ആ സ്ത്രീ ആരാണ് , അവർക്ക് ഈ വീടുമായുള്ള ബന്ധം എന്താണ് ഇതൊന്നും അവൾ അന്വഷിച്ചില്ല ..
''ഇനി മുതൽ ഇതാണ് നിൻറെ മുറി .. '' അവർ പറഞ്ഞു
എനിക്കെന്തിനാണ് ഇത്രയും വലിയ മുറി . ഒരു കാലിത്തൊഴുത്തിൽ കിടന്നാലും അടിമയ്ക്ക് ഉറക്കം വരുമായിരുന്നു .. ഞാൻ മനസ്സിൽ ഓർത്തു ..
സങ്കടപ്പെടുത്താതെ എന്നും താങ്ങായും തണലായും നിന്നുകൊള്ളാമെന്ന് വാക്കുകൊടുത്ത ഭർത്താവിനേയും അവിടെ കാണാതായപ്പോൾ ഞാൻ ഭയന്നു ..
ആ സ്ത്രീ മുറിയിൽ നിന്നും ഇറങ്ങി പോകുന്നതുവരെ ഞാൻ അവിടെ തന്നെ നിന്നു . എൻറെ അച്ഛൻ , 'അമ്മ , അനുജത്തി , എല്ലാവരുടേയും ചിരിക്കുന്ന മുഖങ്ങൾ എൻറെ മനസ്സിലേക്ക് ഓടി വന്നു . എൻറെ സ്വപ്‌നങ്ങൾ , സന്തോഷം എല്ലാം ആ കൊച്ചു വീട്ടിലായിരുന്നു . എല്ലാം വലിച്ചെറിയപ്പെട്ടു . ഇനി ഞാൻ പുതിയ ആളായി മാറണം , വീട്ടുകാർ എനിക്കില്ല , അവരെന്നെ വിറ്റു .. പകരം അവർക്ക് കിട്ടിയത് നല്ല ജീവിതത്തിനായുള്ള മൂല്യമായിരുന്നു .. ഞാനൊരടിമ ആരുടെ ? ഈ കൊട്ടാരത്തിന്റേയോ അതോ കഴുത്തിലെ താലിയുടെ ഉടമയുടേയോ അതുമല്ലെങ്കിൽ ഇവിടെല്ലാം മദിച്ചു നടക്കുന്ന ആ സ്ത്രീയുടെയോ ? അറിയില്ല ഞാൻ ആടുന്ന ഈ അടിമ വേഷം ആർക്കുവേണ്ടിയാണെന്ന് .
നേരം ഒരുപാടായിരിക്കുന്നു മുറിയിൽ ഇരുട്ട് പരന്നിരിക്കുന്നു . വെളിച്ചത്തിനായി ഞാൻ ദാഹിച്ചതുപോലെ , പക്ഷേ കാലുകൾ ചലിക്കുന്നില്ല അദൃശ്യമായൊരു വിലങ് എന്നെ വലിഞ്ഞു മുറുക്കുന്നത് പോലെ , എത്ര നേരം ഞാൻ അങ്ങനെ തന്നെ ഇരുന്നു എന്നറിയില്ല .. ആരും എന്നെ അന്വഷിക്കുന്നതായി തോന്നിയില്ല ..
ഇരുട്ടിൽ തടഞ്ഞു ഞാൻ മുറിയുടെ പുറത്തിറങ്ങി .. അവിടെങ്ങും ആരേയും കാണാൻ കഴിഞ്ഞില്ല .. നേരിയ പ്രകാശം ആ വലിയ വീട്ടിൽ പരന്നു .. നന്നായി വിശക്കുന്നുണ്ടായിരുന്നു എനിക്ക് .. ഒരു തുള്ളി വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയ നിമിഷമായിരുന്നു അത് .
''ആരാ അവിടെ ?'' ഏതോ മുറിയിൽ നിന്നും അശരീരി പോലൊരു ശബ്ദം .. ഞെട്ടി വിറച്ചു ഞാൻ തിരിഞ്ഞ് നോക്കി .. തൻറെ കഴുത്തിൽ താലികെട്ടിയ ആളതാ മറ്റൊരുവളുടെ തോളിൽ കൈചേർത്ത് നിൽക്കുന്നു . എൻറെ കണ്ണുകളെ വിശ്വസിക്കാൻ പറ്റാതെ ഞാൻ അവരെ തന്നെ നോക്കി നിന്നു .
''നീ എന്താണ് അവിടെ തിരയുന്നത് ?'' അയാൾ വീണ്ടും ചോദിച്ചു .
''എനിക്ക് വിശക്കുന്നു ..'' കൊച്ചു കുട്ടികൾ ഭക്ഷണത്തിനായി കരയുന്നതുപോലെ ഞാൻ കരഞ്ഞുപോയി .
''നാശം ഇതിനൊന്നും രാത്രിയിൽ ഉറക്കവുമില്ലേ ..?'' അയാളുടെ അരുകിൽ നിന്നിരുന്ന സ്ത്രീ തുള്ളിച്ചാടിക്കൊണ്ട് അടുക്കളിയിലേക്ക് പോയി .. എൻറെ കണ്ണുകൾ അയാളെ തന്നെ നോക്കുകയായിരുന്നു . താലികെട്ടിയ പെണ്ണിൻറെ കണ്മുന്നിലൂടെ ഒരു നാണവുമില്ലാതെ മറ്റൊരുവളുമായി .. ശേ ഇത്രയ്ക്കും മാന്യതയില്ലാത്തവനോ തൻറെ ഭർത്താവ് .
''ഇന്നാ .. ഇത് കഴിച്ചിട്ട് വേഗം പോയി കിടന്നുറങ്ങ് ..'' അവർ അടുക്കളയിൽ നിന്നും ഒരു പാക്കറ്റ് ഉണങ്ങിയ റൊട്ടി എൻറെ മുന്നിലേക്ക് വലിച്ചെറിഞ്ഞു . അപ്പോഴേക്കും വിശപ്പിൻറെ ശക്തി എന്നിൽ കുറഞ്ഞിരുന്നു . അവർ രണ്ടുപേരും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് എൻറെ മുന്നിലൂടെ കടന്നുപോയി .
എങ്ങും നിശബ്ദത തളം കെട്ടി നിന്നു .. കരയണോ അതോ ഒരു ഭ്രാന്തിയെ പോലെ ചിരിക്കണോ .. എന്താണ് ഞാൻ ചെയ്യേണ്ടത് ?
എൻറെ വിവാഹ ദിവസം .. ഇങ്ങനെ അന്ധകാരത്തിൻറെ പല്ലുകളാൽ കൊളുത്തി വലിക്കുന്നു .. ഒരു പെണ്ണിൻറെ ജീവിതത്തിലെ ശുഭ മുഹൂർത്തങ്ങൾ..! സ്വപ്നം കാണാൻ വിധിയില്ലാത്ത ഞാനും അന്ന് കുറേ മധുര സ്വപ്‌നങ്ങൾ കണ്ടു . എല്ലാം എല്ലാം തളയ്ക്കപ്പട്ട ഈ കാരാഗൃഹത്തിൽ എല്ലാ കുറ്റവാളികളേയും പോലെ അലങ്കാരങ്ങളില്ലാത്ത ഒരു മുറി എനിക്കായി ഉണ്ടായി എന്നതാണ് ഇവിടെ ആശ്വാസം .
വിശപ്പും , ദാഹവും എന്നെ വല്ലാതെ തളർത്തിയിരുന്നു. എപ്പഴോ അറിയാതെ ഉറക്കത്തിൻറെ വക്കിലേക്ക് വഴുതി വീണു .. മുകളിലത്തെ മുറിയിൽ നിന്നും ഒരലർച്ച കേട്ട് ഞാൻ ഞെട്ടിയുണർന്നു .. ആരാവും ഇങ്ങനെ അലറിക്കരയുന്നത് ? എന്തിനാവും അയാൾ കരയുന്നത് ? ഭയത്തോടെ ഞാൻ ചുറ്റും നോക്കി .. പിന്നീട് ഒന്നും കേൾക്കാനായില്ല .
ഓരോ ദിവസങ്ങൾ തള്ളി നീക്കുമ്പോഴും മനസ്സ് വല്ലാതെ ഉഴുതു മറിക്കുകയായിരുന്നു .. എന്നിലെ പ്രസരിപ്പെല്ലാം ചോർന്നു പോയതുപോലെ .. കണ്ണാടിയിൽ കാണുന്ന ഭാസുരി അകാലത്തിൽ പ്രായമായതുപോലെ ..
ചോരയും നീരും വറ്റി വരളുവോളം അടിമ വേഷം ചെയ്യാൻ വിധിക്കപ്പെട്ട എൻറെ മനസ്സിൽ എപ്പഴൊക്കെയോ താലികെട്ടിയ പുരുഷൻറെ സാമിപ്യം കൊതിച്ചിരുന്നു .. ഒരിക്കലെങ്കിലും ഞാനെന്ന പെണ്ണിനെ അയാൾ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു .. പക്ഷേ എൻറെ ആഗ്രഹത്തെ ഉണർത്തുമ്പോഴും ആ വലിയ വീട്ടിലെ അഴുക്കു ചാലിൽ കിടന്നിഴയുന്ന അട്ടയാണ് ഞാൻ എന്ന കാര്യം ഓടിയെത്തുന്നു .. എൻറെ മനസ്സിലെ സന്തോഷമെല്ലാം ഞൊടിയിടകൊണ്ട് ഇല്ലാതായി . ദേഹമെല്ലാം തണുത്തുറഞ്ഞു പോയി .. ഇങ്ങനെയുള്ള ചുറ്റുപാടിൽ തുടർന്ന് ജീവിക്കാൻ എനിക്ക് സാധിക്കുമോ എന്ന് പോലും സംശയിച്ചു . ഭയം കൊണ്ടാണോ അതോ ജീവിതം സജീവമാക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ മനസ്സിൻറെ ധൈര്യമാണോ എന്നെ വീണ്ടും എഴുന്നേൽപ്പിച്ചത് എന്നറിയില്ല ..പരാതികളൊന്നുമില്ലാതെ അച്ഛൻ തന്ന ഈ വലിയ വീട്ടിലെ അടിമയായി ഞാൻ ജീവിച്ചു .
ഇവിടെ വീട്ടിൽ എല്ലാവരും എന്തൊക്കെയോ മറച്ചു വയ്ക്കുന്നതായി എനിക്ക് തോന്നി ..
അന്ന് രാത്രിയിലും മുകളിലത്തെ മുറിയിൽ നിന്നും കരച്ചിൽ കേട്ടു . എന്നും എൻറെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ചോദിച്ച ആ കരച്ചിലിനെ ഭേദിച്ചെന്നവണ്ണം എൻറെ മുറിയുടെ വാതിലിൽ ആരോ മുട്ടി വിളിച്ചു .. ആരാവും ഈ രാത്രിയിൽ ..!
''ആരാ ?'' എൻറെ തൊണ്ടയിൽനിന്നും ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു .
വീണ്ടും കതകിൽ മുട്ടിയപ്പോൾ ഞാൻ ചെന്ന് വാതിൽ തുറന്നു .. അവിടെ അയാൾ നിൽക്കുന്നു .. എൻറെ ഭർത്താവ് .. അയാൾ എൻറെ കൈയ്യിൽ കടന്നു പിടിച് വലിച്ചുകൊണ്ട് മുകളിലത്തെ മുറിയിലേക്ക് കൊണ്ടുപോയി .. അവിടെ അടച്ചിട്ട മുറിയിൽ നിന്നും അപ്പോഴും അലർച്ച ഉയർന്നിരുന്നു .
ഭയന്നു വിറച്ച ഞാൻ തണുത്തുറഞ്ഞു പോയതുപോലെ നിന്നു ..
''ഇതാ ഇതാണ് നിൻറെ ഭർത്താവ് .. അയാൾക്ക്‌ വേണ്ടിയാണ് നിന്നെ ഇവിടേയ്ക്ക് കൊണ്ട് വന്നത് .. ഇനി അയാളുടെ ഭ്രാന്തിൻറെ അവശിഷ്ട്ടം അനുഭവിക്കുകയാണ് നിൻറെ കടമ '' എൻറെ ഭർത്താവ് എന്ന ആ മനുഷ്യൻ എൻറെ നേരെ കയർക്കുകയായിരുന്നു .
തുറന്നു കിടന്ന ജനലിലൂടെ ഞാൻ അകത്തെ മുറിയിൽ തളച്ചിരിക്കുന്ന മനുഷ്യനെ നോക്കി ..
വല്ലാത്ത ദുർഗന്ധം ആ മുറിയിൽ നിന്നും വരുന്നുണ്ടായിരുന്നു .. അയാളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു കണ്ടു . വീണ്ടും അയാൾ കരയാൻ തുടങ്ങി .
വൃത്തി ഹീനമായ ഒറ്റമുറിയിൽ തളയ്ക്കപ്പെട്ടിരിക്കുന്ന ആ മനുഷ്യന് വേണ്ടിയാണ് എന്നെ ഇവർ വിലയ്ക്ക് വാങ്ങിയത് എന്ന് കേട്ടപ്പോൾ എൻറെ ദേഹം പിളർന്ന് പോകുന്നതുപോലുള്ള വേദന .
സർവ്വ ശക്തിയുമെടുത്ത് അയാളെന്നെ ഭ്രാന്തൻറെ അരികിലേക്ക് തള്ളി വിട്ടു ..
എന്നെ ആ മുറിയിലേക്ക് തള്ളി വിടുമ്പോൾ അയാളുടെ കണ്ണുകളിൽ ക്രൂര മൃഗത്തിൻറെ ആനന്ദമായിരുന്നു ..
പ്രാപ്പിടിയൻറെ കൈയ്യിലെ കിളിയെപോലെ ഭ്രാന്തൻറെ ക്രൂരതയ്ക്ക് മുന്നിൽ കിടന്നു പിടഞ്ഞു . എപ്പഴോ അയാൾ ഉറക്കത്തിലേക്ക് വീണപ്പോൾ പൂട്ടിയിരുന്ന മുറിയുടെ വാതിൽ ആരോ തുറന്നു .. വാതിക്കൽ നിന്ന ആളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പാനുള്ള പകയായിരുന്നു എനിക്ക് .. പക്ഷേ ക്രൂരതയാൽ തകർക്കപ്പെട്ട എൻറെ ദേഹം തളർന്നു പോയിരുന്നു .. ഒന്നിനും ശ്കതിയില്ലാതെ യാന്ത്രികമായി ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി .
തകർന്നു പോയ നിമിഷമായിരുന്നു അത് . ഒരു ഭ്രാന്തൻറെ ഭാര്യവേഷം കെട്ടാൻ .. ഈ ഭാസുരിയുടെ ജന്മം .. !
ഇതിലും ഭേദം ഈ ജന്മം തിരികെ എടുക്കുന്നതായിരുന്നു എന്ന് ഞാൻ ദൈവത്തിനോട് ആത്മാർത്ഥമായി പ്രാർത്ഥിച്ച നിമിഷം ..
എൻറെ ശരീരത്തിൽ നിന്നും പുഴുക്കൾ അരിച്ചിറങ്ങുന്നതുപോലെ, ദേഹം മുഴുവൻ ചീഞ്ഞ ഗന്ധം, ഷവറിനടിയിൽ നിൽക്കുമ്പോഴും ശരീരത്തിൻറെ നീറ്റലിനേക്കാൾ മനസ്സിനായിരുന്നു ..
കഴുത്തിൽ കിടന്ന താലിക്ക് ഭാരം കൂടിക്കൂടി വരുന്നതുപോലെ, നെറ്റിയിലണിഞ്ഞ സിന്ദൂരത്തിന് രക്തം പൊട്ടിയൊഴുകുന്ന ദുർഗന്ധം .. ഉറക്കെ കരയാനാവാതെ , അനങ്ങാനാവാതെ കുറേ നേരം ഞാൻ അവിടെ നിന്നു ...
ആരോടും ഒന്നും പറയാതെ ഞാനാ പടി ഇറങ്ങി നടന്നു .. ഈ പുഴയുടെ തീരത്ത് നിൽക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം..എല്ലാം എല്ലാം ഇവൾ അറിയുന്നുവെന്ന് പറയുന്നതുപോലെ ..
താലിയുടെ ഭാരം താങ്ങാനാവാതെ തലകുനിഞ്ഞു പോയിരുന്നു ... ആ ഭാരം ഉപേക്ഷിച്ചു .. ദുർഗന്ധം വമിക്കുന്ന സിന്ദൂരം പുഴയിലൂടെ ദൂരേയ്ക്ക് ദൂരേയ്ക്ക് ഒഴുകിയകന്നു ..
ആടി തീർക്കാത്ത ദേഹം ഉപേക്ഷിച്ചു ഭാസുരി ആഴങ്ങളിലേക്ക്‌ നീന്തുകയാണ് ...
ഇനിയെങ്ങോട്ട് എന്ന നിശ്ചയമില്ലാതെ കരകാണാനാവാതെ അവൾ ഒഴുകുകയാണ് ...

Wednesday, 1 March 2017

ചിതറിയ ചിന്തകൾ ...!


ഞാനും ശരശയ്യയിൽ കിടക്കുകയാണ് .. !
മഹാനായ ഭീഷ്മരെപ്പോലെ ഇഷ്ടമുള്ളപ്പോൾ മരണത്തെ സ്വീകരിക്കാമെന്ന വരം കിട്ടിയിരുന്നെങ്കിലെന്ന് ഇപ്പോൾ ആഗ്രഹിക്കുന്നു ..
ജീവിക്കാൻ എത്രത്തോളം ആഗ്രഹമുണ്ടായിരുന്നു .. പക്ഷേ ആഗ്രഹങ്ങളും , മോഹങ്ങളും ഒരുപാട് തലയിലേന്തി വച്ചു ഞാൻ ..ഒന്നും സാധിക്കാതെ ..ഇവിടെ ഈ ICU വിൽ മനം മടുപ്പിക്കുന്ന മരുന്നുകളുടേയും, ലോഷനുകളുടേയും കുരുക്ഷേത്ര യുദ്ധത്തിൽ നിന്ന് രക്ഷനേടാൻ ഇനി എന്നാണ് എനിക്ക് വരം നൽകുന്നത് ..ഞാനും കാത്തുകിടക്കുകയാണ് എൻറെ വിജയത്തിനായി ..
ഈ സമയത്തും മനസ്സിൽ നിന്നും മാഞ്ഞുപോകാത്ത ചില ചിത്രങ്ങൾ അവയിൽ ചിതലരിക്കാൻ തുടങ്ങിയ ചായകൂട്ടുകളിലെവിടെയോ പതിഞ്ഞ ആ മുഖം ഞാൻ എങ്ങനെ മറക്കും ..
മരണത്തിൻറെ വരവ് കാത്തുകിടക്കുന്ന ഞാൻ ആ മുഖത്തെ ഒരു നോക്ക് കാണുവാൻ വേണ്ടിയാണോ ഇങ്ങനെ കിടക്കുന്നത് ....?
മായാത്ത ഓര്‍മ്മകളെ പല നിറത്തിലും രൂപത്തിലുമുള്ള മുത്തുകളാക്കി ചേലുള്ള നൂലില്‍ കോര്‍ത്തു തുടങ്ങി..
തിരയും തീരവും പോലെ അടുത്തും അകന്നും പോയ ഒരുപാട് ചിത്രങ്ങള്‍ തെളിയുന്നു .... !
അതിലൊന്നാണ് എവിടെയോ മറഞ്ഞുപോയി എന്ന് ഞാന്‍ കരുതിയ അയാളുടെ മുഖം ..
'കർണ്ണൻ ' അതായിരുന്നു അയാളുടെ പേര് ..
അയാൾ എൻറെ മാത്രം ഇഷ്ട്ട കഥാപാത്രമായിരുന്നു .. എന്ന് ഞാൻ വിശ്വസിച്ചു .. പക്ഷേ എൻറെ ധാരണയെ തെറ്റിക്കുന്നതുപോലെയായിരുന്നു.... എല്ലാ പെണ്‍മുഖങ്ങളുടേയും ആരാധനാ പുരുഷന്‍ ..
എന്തായിരുന്നു അയാളിൽ കണ്ട പ്രത്യേകത ..പലപ്പോഴും ഞാൻ ആലോചിച്ചു നോക്കി ..അറിയില്ല ..
സൂതപുത്രനായ കർണ്ണനെ പോലെ ധീരനായി ഒരിക്കൽ കണ്ടു .. പിന്നീടെപ്പഴോ അർജ്ജുനനായി എൻറെ സ്വപ്നങ്ങളിൽ വന്നു ..
എന്തുകൊണ്ടോ പുരുഷകേസരികളെ ഇന്ന് ആരാധിക്കാൻ ഭയമാകുന്നു .. സ്ത്രീകളെ ബഹുമാനിക്കുന്ന ആരാധിക്കുന്ന ശക്തനായ ഭീഷ്മർക്കു പോലും ശാപമേൽക്കേണ്ടിവന്നു .. അപ്പോൾ ഇന്നത്തെ കാലത്ത് സ്ത്രീകളുടെ ശാപമേറ്റു വലയുന്ന പുരുഷന്മാരെ കണ്ടുമടുത്തു ..
പക്ഷേ ഞാൻ കണ്ട ആ മനുഷ്യനിൽ ശക്തമായ കഥാപാത്രങ്ങള്‍ എന്നും അയാളുടെ കൈകളില്‍ സുരക്ഷിതമായിരുന്നു ... അയാളുടെ വാക്കുകള്‍ എഴുത്തിനേക്കാള്‍ ശക്തമായിരുന്നു .. ഒരിക്കലും ഇളക്കിമാറ്റാന്‍ കഴിയാത്ത വിധം ഹൃദയത്തിലേക്ക് അവ തറച്ചു കയറി...
എന്നെങ്കിലുമൊരിക്കൽ കോളേജിന്റെ ഇടനാഴിയില്‍ വച്ച് ഒറ്റയ്ക്ക് അയാളോട് സംസാരിക്കാന്‍ എന്റെ മനസ്സ് കൊതിച്ചിരുന്നു .. എന്നാല്‍ അയാളുടെ കണ്ണുകളിലെ തീഷ്ണത എന്നില്‍ ഭയം ഉണര്‍ത്തി .. ഏതോ ഒരു മഹാനെപോലെ ദൂരെ നിന്നുള്ള ആരാധനയായിരുന്നു എനിക്ക് പ്രിയം .. എന്റെ കൂട്ടുകാരികള്‍ എപ്പോഴും അയാളോട് കളിചിരികള്‍ പറയുമെങ്കിലും മൗനമായി ആ കണ്ണുകളിലൂടെ അയാളുടെ ഉള്ളം ഞാന്‍ തിരഞ്ഞുകൊണ്ടേയിരുന്നു ..
ഇടയ്ക്കെപ്പഴോ അദ്ദേഹത്തിൻറെ മൗനം അരികിലില്ല അകലെയെങ്ങോ ആണെന്ന ബോധം എന്നില്‍ ഉണര്‍ത്തിയിരുന്നു..അന്നു മുതല്‍ തിരയുകയായിരുന്നു ..ആ മുഖത്തെ ഒരു നോക്ക് കാണാൻ ..
എൻറെ ഉള്ളിലെ കർണ്ണനായ്‌ അയാൾ പുനർജ്ജനിക്കുമെങ്കിൽ ..സൂതപുത്രനല്ല നിങ്ങൾ സൂര്യപുത്രനാണ് എന്ന് വിളിച്ചുപറഞ്ഞു ഞാനാ മാറിലേക്ക് തല ചായ്ക്കുമായിരുന്നു ...!
*****
'ആ ..എനിക്ക് വേദനിക്കുന്നു '
'സാരമില്ല മാം ..ദാ കഴിഞ്ഞു ''
എൻറെ സ്വപ്നങ്ങളെ തകർക്കാൻ എത്തിയ ഏയ്ഞ്ചലിനെ പോലെ ഞാൻ അവരെ നോക്കി ...
'' എൻറെ ശരീരത്തിലേക്ക് ജീവിക്കാനുള്ള അമൃതാണോ നിങ്ങൾ കുത്തി നിറയ്ക്കുന്നത് .. എന്തിനാണ് കുട്ടി ..വേണ്ടാ ഇനി അതിൻറെ ആവശ്യമില്ല .. എൻറെ ശരീരത്തിലെ ധമനികളിൽ ഞാൻ പ്രണയത്തിൻറെ നീരുകൾ നിറച്ചു എൻറെ വേദനകളെ മധുരമാക്കുകയാണ് ഇപ്പോൾ .... ''
എൻറെ ഭ്രാന്ത് കേട്ടിട്ടാവണം ആ കൊച്ചുമാലാഖ അലസമായ് ചിരിച്ചുകൊണ്ട് വാതിൽ തുറന്നു പുറത്തിറങ്ങി ..
ഇപ്പോൾ ഇവിടെ ഞാനും എൻറെ നുറുങ്ങു ചിത്രങ്ങളും മാത്രം ..
ICU ൻറെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ .. എനിക്ക് വേണ്ടി പ്രാർത്ഥിച്ചു നിക്കുന്ന മുഖങ്ങളിൽ ഭയം നിഴലിക്കുന്നത് ഞാൻ കാണുന്നു ..
എന്നെ സ്നേഹിക്കാൻ എൻറെ ജീവനെ സംരക്ഷിക്കാൻ എനിക്ക് ചുറ്റും നിൽക്കുന്നവരോട് അവസാനമായുള്ള എൻറെ ആഗ്രഹത്തെ സാധിപ്പിച്ചു തരാൻ പറഞ്ഞാലോ ..
കൈമെല്ലെ പൊക്കി ഞാൻ ആരെയോ അകത്തേക്ക് വിളിച്ചു .. എന്നെ ശുശ്രുക്ഷിക്കുന്ന കുഞ്ഞു മാലാഖയോട് എൻറെ അരികിലിരിക്കാൻ ഞാൻ ക്ഷണിച്ചു ..
'എന്താ മാം ?'
'നീയെൻറെ കൈയ്യിലൊന്നു തൊടു കുട്ടീ .. എൻറെ സിരകളിലൂടെ ഒഴുകുന്ന ചോരയ്ക്കിന്ന് കൂടുതൽ വേഗത തോന്നുന്നില്ലേ .. എങ്ങോട്ടോ പാഞ്ഞു പോകുന്ന പുഴകളെപ്പോലെ .. അല്ലെ .. എൻറെ കണ്ണിലേക്കൊന്നു നോക്കു മഴമേഘത്തെപ്പോലെ പെയ്യാൻ തുളുമ്പി നിൽക്കുകയല്ലേ .. വറ്റിവരണ്ട എൻറെ ഹൃദയതീരത്ത് ഇന്ന് ഒരുപാട് പനിനീർപ്പൂക്കൾ വിടർന്നു നിൽക്കുന്നു .. അവയിലൊരെണ്ണം പൊട്ടിച് ഞാൻ കാത്തിരിക്കുന്ന എൻറെ 'കർണ്ണന്' കൊടുക്കാൻ കഴിയുമോ ?'' ഇനി എനിക്ക് സാധിച്ചില്ലെങ്കിൽ ... !
'ഹോ ..കഴിയുന്നില്ല .. ബാക്കി പറയാനാവാതെ എൻറെ ശരീരത്തെ വിട്ട് പറന്നുപോകാൻ ആത്മാവ് വെമ്പൽ കൊള്ളുന്നു ..കറുത്ത പാതകളിൽ വെളിച്ചം വീണു .. ഞാനിതാ ആ വഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു .. ''
എൻറെ ശ്വാസം വളരെ വേഗതയിലായി .. ICU ൻറെ വാതിൽ തള്ളിത്തുറന്ന് എനിക്കുള്ള മൃതസഞ്ജീവനിയുമായി കൊച്ചുമാലാഖകളും എത്തി ..
ഞാൻ യാത്രയാവുകയാണ് .. എനിക്കായ് തീർത്ത മഞ്ചലിൽ ഒരു മണവാട്ടിയെപ്പോലെ ഞാൻ ഒരുങ്ങി കിടക്കുന്നു .. പക്ഷേ എൻറെ മൂക്കിലേക്ക് ഘടിപ്പിച്ച ജീവ വായു വീണ്ടുമെൻറെ ധമനികളെ പ്രവൃത്തിപ്പിച്ചു തുടങ്ങി ..
വേണ്ടിയിരുന്നില്ലാ .. എനിക്കും മരിക്കാൻ തിടുക്കമായി .. മറ്റൊരു ലോകത്തിരുന്നുകൊണ്ട് കഴിഞ്ഞ ഓർമ്മകളെ അയവിറക്കാമല്ലോ ..'
അതാ ആരോ എൻറെ അടുത്തേക്ക് നടന്നു വരുന്നു ..
അയാളുടെ ശരീരം നിറയെ ചുവന്ന നിറം .. അയാൾ എൻറെ അടുത്തെത്തിയിരിക്കുന്നു .. പതുക്കെ എൻറെ കൈകൾ അയാളുടെ കൈകളിൽ സ്പർശിച്ചു .. കൊഴുത്ത ദ്രാവകം എൻറെ വിരലുകളിൽ പറ്റിപ്പിടിച്ചു .. ഉളുമ്പ് മണക്കുന്ന ചോരയുടെ ഗന്ധം അവിടെമാകെ പരന്നു .. ഓക്കാനം വന്ന എൻറെ വായ പൊത്തിക്കൊണ്ടയാൾ ചോദിച്ചു ..
'ഇത്രയും കാലം എന്നെ തിരഞ്ഞു നടന്ന നിനക്കെൻറെ ചോരയുടെ ഗന്ധം സഹിക്കുന്നില്ലേ .. സ്നേഹം എന്നത് വെറും പാഴ്വാക്കല്ല അതിന് ചോരയുടെ നിറമാണ് ..ഗന്ധമാണെന്നറിയുക ''
'നിങ്ങൾ ആരാണ് ..?' അറിയാതെ എൻറെ നാവ് ചലിച്ചു .. ശരീരം തളരുന്നു .. ശ്വാസം നിലയ്ക്കാൻ തുടങ്ങുന്നു
വേഗം തന്നെ ഡോക്ടർ എത്തി .. ഏതൊക്കെ ട്യൂബുകൾ എൻറെ ശരീരത്തിലൂടെ ഇഴയുന്നു ..
പക്ഷേ ഒന്നിനും പ്രതികരിക്കാനാവാതെ അയാളുടെ ആ ചോരമണക്കുന്ന കൈകൾ എൻറെ കൈയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു ..
അയാൾ എന്നോട് ആക്രോശിക്കുകയാണ്
'ഇനി നീ എനിക്കുള്ളതാണ് .. നീ കാത്തുകിടന്ന ആ മുഖം അത് ഞാനാണ് ' മരണം ' .. എനിക്കുള്ളതാണ് നിൻറെ ഈ സൗന്ദര്യം .. വരൂ നമുക്ക് പോകാം ''
എൻറെ ഉള്ളിലെ ധമനികളിൽ വേദനയുടെ കൂരമ്പുകൾ തറയ്ക്കുന്നു ..പ്രണയത്തിൻറെ നീരുറവകൾ നിറഞ്ഞൊഴുകുന്ന എൻറെ ധമനികളെ അയാളുടെ കൈകൾ പൊട്ടിച്ചെറിയാൻ തുടങ്ങുന്നു ..
**
''വേണു .. അംബികയുടെ ബോഡി വളരെ വീക്ക് ആണ് .. ഒരു ഇഞ്ചക്ഷൻ എടുക്കാം അതിൽ പേഷ്യൻറ് റിയാക്റ്റ് ചെയ്യുകയാണെങ്കിൽ നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട് ..!'' അതല്ലങ്കിൽ ....!'' ഡോക്ടർ പാതി വഴിയിൽ നിർത്തി ...
''അപ്പോൾ ഞാൻ തയ്യാറാവണം .. എൻറെ ശരീരത്തെ ഉണർത്തണം .. പക്ഷേ ആ കൈകൾ എന്നെ വരിഞ്ഞു മുറുക്കാൻ തയ്യാറാകുന്നു .. നഷ്ടമാകുന്നു എൻറെ സ്വപ്‌നങ്ങൾ .. എന്നിലൂടെ ഇഴയുന്ന കൈകളിൽ ചോര മണക്കുന്നു .. എനിക്ക് പോകണ്ട മറ്റൊരു ലോകത്തേക്ക് .. എനിക്ക് തിരികെ വരണം .. എന്നെ വീടു ..''
ആരൊക്കെയോ എൻറെ നെഞ്ചിലേക്ക് കൈകൾ അമർത്തി ഇടിച്ചു .. പ്രണയതീരം സ്വപ്നം കണ്ട വഴികളിൽ തിരികെ നടക്കുന്നു എൻറെ ധീരനായ കർണ്ണൻ ... ഞാൻ ഇഴഞ്ഞു നീങ്ങുന്നു .. കഴിയില്ല എനിക്കവിടെയെത്താൻ .. ഒരലർച്ചയോടെ ഞാൻ കണ്ണ് തുറന്നു ...
എൻറെ അരുകിൽ ശാന്തനായ് ഉറങ്ങുന്നു .. പ്രിയപ്പെട്ട കർണ്ണൻ .. ഒരു ചെറിയ ചിരിയോടെ അദ്ദേഹത്തിൻറെ മാറിലേക്ക് ഞാൻ കിടന്നു .. ചിതറിയ ചിന്തകളുടെ ഭാണ്ഡക്കെട്ടുകൾ മറ്റൊരു സ്വപ്നലോകത്തിനായ് കരുതിവച്ചു ഞാൻ പ്രണയതീരത്തേക്ക് നിദ്രയുടെ കളിവള്ളത്തിൽ യാത്രതുടർന്നു .. !
''ഇനി ഒരു ജന്മം ഉണ്ടെങ്കിൽ തൂലികയിൽ വിടരുന്ന പ്രണയമാകണമെനിക്ക് .. അങ്ങനെ മനസ്സിൽ സൂക്ഷിക്കുന്ന പ്രണയ ചിത്രങ്ങളുടെ മാറ്റുകൂട്ടുന്ന വരികളായ് മാറണം .. ഞാൻ പറയാതെപോയ ആ വാക്കുകൾ തൂലികയിലൂടെ പുനർജ്ജനിക്കണം ..''
മഞ്ഞുപുതപ്പ് മൂടിയ ജാലകത്തിൽ വെറുതെ ഞാൻ കോറിയിട്ടു എൻറെ അടുത്ത ജന്മത്തിലെ ഈ സ്വപ്നങ്ങളെ ...!

സംരക്ഷിക്കൂ നമ്മുടെ ജീവരക്തത്തെ.....

നാം ഉൾപ്പെടുന്ന സമൂഹത്തെ അക്ഷരം കൊണ്ട് അഭിവാദ്യം ചെയ്യുന്നവർ എന്ന നിലയിൽ ആ സമൂഹത്തോട് നമുക്കും ഇല്ലേ ചില പ്രതിബദ്ധതകൾ. നമ്മളും നമ്മളെ പിന്തുടർന്നു വരുന്ന തലമുറയും അഭിമുഖീകരിക്കാൻ പോകുന്ന വലിയൊരു വിപത്തിന്റെ മുൻകാഴ്ച ആണിത്. ജലസംരക്ഷണം എന്ന ഏറ്റവും വലിയ പുണ്യപ്രവർത്തിയിലേക്കുള്ള ബോധവൽക്കാരണത്തിന്റെ ചുവട് വയ്പ്പിലേക്കായി ഞാനും പങ്കുചേരുന്നു ...!
'എനിക്ക് ദാഹിക്കുന്നു .. ഇത്തിരി ദാഹജലം തരൂ ...........!' ആരോ കരയുന്നതു പോലെ തോന്നുന്നില്ലേ ... ഉവ്വ് തോന്നുന്നുണ്ട് .. എനിക്ക് തോന്നുന്നുണ്ട് .. നിങ്ങളും കാതോർക്കു ... അപ്പോൾ കേൾക്കാം ... ദൂരെയൊന്നുമല്ല അടുത്തു നിന്ന് തൊട്ടടുത്തുനിന്ന് .. ഇല്ലേ കേൾക്കുന്നില്ലേ .... ? ഇനി തിരിഞ്ഞു നോക്കു .. അത് നമ്മൾ തന്നെയാണ് ... ഇങ്ങനൊരു കാലം വരാൻ അധികം മുന്നോട്ടു പോകണോ .. വേണ്ടാ .. എങ്ങും പോകേണ്ട കാര്യമില്ല ..
ഇതുപോലൊരു അവസ്ഥ .. ഇന്ന് കേരളത്തിലും ...ഉണ്ടാകുമെന്നതിന് ഉറപ്പ് നമ്മൾ തന്നെയാണ് ..
സത്യം .. ദാഹജലത്തിനായി കേഴുന്ന ലക്ഷ കണക്കിന് ജനങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട് .. അവരെയൊക്കെ മാധ്യമത്തിലൂടെയും മറ്റും കാണുന്നുമുണ്ട് ..പക്ഷേ അവർക്കായി എന്തെങ്കിലും സഹായം നമുക്ക് ചെയ്യാൻ കഴിയുന്നില്ല എന്ന് മാത്രമല്ല .. നമുക്ക് നമ്മുടെ ജലസ്രോതസ്സുകളെ സംരക്ഷിക്കാനും കഴിയുന്നില്ല എന്നത് വസ്തുതാപരമായ കാര്യമാണ് ..
അവർക്കല്ലേ ജലമില്ലാത്തത് അതിന് നമുക്കെന്ത് ചെയ്യാൻ കഴിയും .. എന്ന് ചിന്തിക്കുന്നവരും ഉണ്ട് .. നമ്മൾ പാഴാക്കുന്ന ഓരോ തുള്ളി ജലത്തിനും പിന്നീട് നമ്മൾ കണക്ക് പറയേണ്ടിവരും എന്ന സത്യം മറച്ചുവച്ചുകൊണ്ടുതന്നെ നമ്മുടെ ജലസ്രോതസ്സുകളെ മലീമസമാക്കുകയും അവയെ ദുരുപയോഗം ചെയ്യുകയാണ് ഞാനും നിങ്ങളുമെല്ലാം ചെയ്യുന്നത് ..
ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു .. അതിൽ ഏറ്റവും അവസാന ഘടകമാണ് മനുഷ്യർ .. എന്നാൽ ബുദ്ധിയും , ചിന്താശീലവുമുള്ളവർ തന്നെ ഇങ്ങനെ പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങിയാൽ .. വെള്ളമില്ലാതെ ചത്തൊടുങ്ങുന്ന ജീവികളുടെ കൂട്ടത്തിൽ നമ്മളും ഉണ്ടാകും . ..
കഴിഞ്ഞ ദിവസം റേഡിയോയിൽ കേട്ടതാണ് .. ഏതോ ഒരു സ്ഥലത്ത് വന്യജീവികൾക്ക് ജലമെത്തിച് കൊടുക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പ്രകൃതി സ്നേഹിയെപ്പറ്റി ... പേരൊന്നും ഓർമ്മയില്ല .. എങ്കിലും അയാൾ ചെയ്യുന്ന പുണ്യ പ്രവൃത്തിയെക്കുറിച് ഒന്നാലോചിച്ചു നോക്കു .. എല്ലാ ദിവസവും അയാൾ ജലം ട്രക്കുകളിലായി കാട്ടിലെ ജീവജാലങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നു .. ഇതറിഞ്ഞ ഒരുപാട് നല്ല മനസ്സുകൾ അയാളോടൊപ്പം ചേർന്നു എന്നും പറയുന്നു ..
നമ്മുടെ നല്ല സമ്പത്തിനെ നമ്മൾ സൂക്ഷിക്കുക .. അവയെ സംരക്ഷിക്കുക .. അല്ലെങ്കിൽ ഇങ്ങനെയൊരു തലമുറ ജീവിച്ചിരുന്നു എന്ന് പറയേണ്ടിവരുന്ന കാലം ഏറെ ദൂരെയാണോ കൂട്ടുകാരേ ...
ഓരോ തുള്ളി ജലവും നമ്മുടെയെന്നതുപോലെ സഹജീവികളുടേയും ജീവശ്വാസമാണെന്ന് കരുതി വിനിയോഗിക്കുക .. നമ്മൾ മനുഷ്യർ മാത്രമല്ല ഈ പ്രകൃതിയിലെ ഓരോ വസ്തുവിനും അവകാശികൾ എന്നും അറിയുക ...
ഈ ചിത്രത്തിലേക്ക് നോക്കു .. നാളെ ഞാനും /നിങ്ങളും ഇതുപോലെ നിൽക്കേണ്ട അവസ്ഥ വരാതിരിക്കണമെങ്കിൽ സംരക്ഷിക്കൂ നമ്മുടെ ജീവരക്തത്തെ ...

Friday, 10 February 2017

മാപ്പ് ...............!
ജോലിയുടെ ഭാഗമായി അച്ഛന് ഊട്ടിയിലേയ്ക്ക് സ്ഥലം മാറ്റം....അച്ഛൻ അവിടെ ചെന്ന് quarters റെഡിയാക്കി ഒരുമാസം കഴിഞ്ഞപ്പോൾ ഞങ്ങളേയും കൊണ്ടുപോയി. railway station-ൻറെ തൊട്ടടുത്ത്‌ തന്നെ ആയിരുന്നു quarters... തൊട്ടടുത്ത്‌ താമസിക്കുന്നവർ അച്ഛൻറെ സുഹൃത്തുക്കളും അവരുടെ ഫാമിലിയും ആയിരുന്നു. അവരുടെ മക്കൽ ഞങ്ങളുമായി പെട്ടന്നു തന്നെ അടുത്തു.

quarters ആണെങ്കിലും ഒരുപാട് സ്ഥലം ഉണ്ടായിരുന്നു ഞങ്ങൾ കുട്ടികൾക്ക്‌ കളിക്കാൻ, നസീമയും, ഫാത്തിമയും , ഞങ്ങളേക്കാൾ കുറച്ചുകൂടി മുതിർന്ന കുട്ടികൾ ആയിരുന്നു.. കഞ്ഞിയും കറിയും വെച്ച് കളിക്കുക, ഒളിച്ചു കളിക്കുക, അങ്ങനെ അങ്ങനെ ഒരുപാട് രസകരമായ നിമിഷങ്ങളിലൂടെ ഓരോദിവസവും കടന്നു പോയി..

ഒരിക്കൽ ഞങ്ങൾ  ഒളിച്ചു കളിക്കുമ്പോൾ ഒരു സംഭവം ഉണ്ടായി.. quarters-ൻറെ അടുത്ത് കുറച്ച് അകലെ ആയി കല്ക്കരി കൂട്ടിയിടുന്ന സ്ഥലം ഉണ്ട്. അന്ന് ഞാൻ പോയി ഒളിച്ചത് അവിടെ ആയിരുന്നു. എൻറെ കാല് വഴുതി ഞാൻ താഴേയ്ക്ക് പോയി, എന്താ ചെയ്യുക ആരും ഇക്കാര്യം അറിയുന്നില്ല, train വരാൻ സമയമായി. ചൂട് കല്ക്കരി തുപ്പാൻ തയ്യാറെടുത്താവും ട്രെയിനിൻറെ വരവ്. ഞാൻ കരയാൻ തുടങ്ങി എൻറെ കരച്ചിൽ ആരും കേൽക്കുന്നില്ല..പക്ഷെ ഞാൻ അപകടത്തിൽ പെടുന്നത് ഒരാൾ കാണുന്നുണ്ടായിരുന്നു.. 'സുന്ദരി' അതായിരുന്നു അവളുടെ പേര്.. പേരുപോലെ തന്നെ എണ്ണകറുപ്പിൻറെ അഴകായിരുന്നു അവൾക്ക്, ഞാൻ കരയുമ്പോൾ അവൾ എന്നോട് കൈകൊണ്ടു എന്തൊക്കെയോ ആംഗ്യം കാണിക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഒരാളെകൂട്ടി വന്നു. അയാളുടെ കൈയ്യിൽ വലിയ കയർ ഉണ്ടായിരുന്നു. എൻറെ നേരെ ആ കയർ ഇട്ട് എന്തോ അയാൾ പറഞ്ഞു. ഒന്നും മനസിലായില്ല എങ്കിലും, അയാൾ ഇട്ടു തന്ന ആ കയറിൽ പിടിച്ച് ഞാൻ മുകളിലേയ്ക്ക് കയറി.. എന്നെ രക്ഷപ്പെടുത്തിയതിന്റെ സന്തോഷം അപ്പോൾ തന്നെ പ്രകടമാക്കി, ഓടിചെന്ന് അവളെ കെട്ടിപിടിച്ച് കുറേ ഉമ്മ കൊടുത്തു.. അപ്പോഴും അവൾ എന്തോ ആംഗ്യം കാണിച്ചു. അപ്പോഴാണ് ആ സത്യം ഞാൻ തിരിച്ചറിഞ്ഞത് എൻറെ സുന്ദരിയ്ക്ക് സംസാര ശേഷി ഇല്ല എന്ന്..

അന്നു മുതൽ എൻറെ ഏറ്റവും അടുത്ത കൂട്ടുകാരി 'സുന്ദരി' ആയിരുന്നു. അതിൽ നസീമയ്ക്കും , ഫാത്തിമയ്ക്കും ചെറിയ ഇഷ്ട്ടക്കേട്‌ ഉണ്ടായിരുന്നു..ഞാൻ അത് കാര്യമാക്കിയില്ല. പിന്നിട് എല്ലാദിവസവും ഞാൻ അവളുടെ വീട്ടിലും അവൾ എൻറെ വീട്ടിലും വരുമായിരുന്നു.. അങ്ങനെ മാസങ്ങൾ കഴിഞ്ഞു, ഊട്ടിയിലെ കാലാവസ്ഥ അനിയത്തിക്ക് ഒട്ടും പിടിക്കുന്നില്ലായിരുന്നു, എന്നും അസുഖം അവളെയും കൊണ്ട് എപ്പോഴും ആശുപത്രിയിൽ പോകാനേ അച്ഛന് നേരമുള്ളു. എന്നും ഇങ്ങനെ അസുഖമായതുകൊണ്ട് തിരിച്ച് നാട്ടിലേയ്ക്ക് പോരാൻ അമ്മ തീരുമാനിച്ചു.. ആ തീരുമാനം എന്നെ ഒരുപാട് സങ്കടപ്പെടുത്തി. എൻറെ കൂട്ടുകാരിയെ എന്നേയ്ക്കുമായി നഷ്ട്ടപ്പെടാൻ പോകുന്നു..

അവളോട്‌ ഞാൻ ഇക്കാര്യം അറിയിച്ചു, നിശബ്ദമായി അവൾ കരഞ്ഞു..

പോകുന്നതിന് രണ്ട് ദിവസം മുൻപ് അച്ഛൻറെ വിവാഹമോതിരം കാണാതെ പോയി, എല്ലാവരും എൻറെ സുന്ദരിയെ സംശയിച്ചു, പാവം അവളെന്നെ ദയനീയമായി നോക്കി, അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് എനിക്കറിയാമായിരുന്നു , കുട്ടിയായ എൻറെ വാക്കുകളെ ആരാണ് കേൾക്കാൻ തയ്യാറാവുക..

അവളെ അടിച്ചിറക്കുന്നപോലെ തന്നെ എല്ലാവരും പെരുമാറി..ഊമ ആയതുകൊണ്ട് അവളുടെ നിരപരാധിത്വം കണ്ണുനീരായി ഒഴുകികൊണ്ടേ ഇരുന്നു...

എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ നടന്നുപോയി...പിന്നിടൊരിക്കലും അവളെ ഞാൻ കണ്ടിട്ടില്ല.. ഞാൻ കാരണം കള്ളിയെന്ന പരിവേഷം അണിയേണ്ടി വന്നവൾ....ഇന്ന് നീ എവിടെയാണ് ..? എനിക്ക് മാപ്പ് തരു പ്രിയ കൂട്ടുകാരി.....

Wednesday, 8 February 2017

കോമരം

പുഴക്കരയിലെ ഭഗവതിക്കാവിൽ ഇന്ന് നല്ല ഭക്തജനത്തിരക്കാണ് .
വെള്ളിയാഴ്ചയാണ് അതിൻറെ മാത്രം തിരക്കല്ല .. ഇന്നാണ് കുമാരൻറെ കെട്ടിച്ചുറ്റ്‌ .. ആളുകൾ കൂടുതൽ വന്നു തുടങ്ങി .. (ഭഗവതിയുടെ കോമരമാകാന്‍ പോകുന്നയാള്‍ പട്ടും അരമണിയും ചിലമ്പുണിഞ്ഞ് പള്ളിവാളുമേന്തി പ്രാർത്ഥിച്ചുകൊണ്ട് നടയ്ക്കല്‍ നില്‍ ക്കും .ഭക്ത ജനങ്ങള്‍ മുഴുവനും “അമ്മേ ദേവീ ” എന്ന് വിളിച്ചു പ്രാർത്ഥിക്കും . തന്റെ കോമരമാകാന്‍ പ്രാപ്തനാണെങ്കില്‍ അമ്മ അയാളില്‍ പ്രവേശിക്കും കോമരം ഉറഞ്ഞ് തുള്ളും.).
കാവിലെ ഭഗവതി വിളിച്ചാൽ വിളിപ്പുറത്താണ് . ആ ബഹുമാനവും വിശ്വാസവും ഭക്തർ അവിടുത്തെ വെളിച്ചപ്പാടിനും നല്കിയിരുന്നു .
ഭഗവതിയുടെ ഇപ്പോഴത്തെ കോമരം കുമാരൻറെ അച്ഛൻ രാമുവാണ് . രാമുവിന് പ്രായമായിരിക്കുന്നു . ഭഗവതിയുടെ പ്രതിരൂപമാകാൻ കാവിൽ തുള്ളിയുറഞ്ഞാടാൻ രാമുവിന് ശക്തിയില്ലാതായിരിക്കുന്നു . ഇനി അത് തൻറെ മകൻ കുമാരനെ ഏൽപ്പിക്കാൻ രാമു തീരുമാനിച്ചു .
അത് മാത്രമല്ല മകനെ കുലത്തൊഴിൽ (തടിയിൽ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്നു) പഠിപ്പിച്ചു , ചിട്ടകളെല്ലാം പഠിപ്പിച്ചുവെങ്കിലും കോളേജിലെ പഠനം മകനെ മറ്റൊരു വഴിയിലേക്ക് നയിക്കുന്നു എന്ന തോന്നൽ രാമുവിൽ ആശങ്കയായിരുന്നു . പഴയകാലമല്ലല്ലോ ഇന്ന് ആരും ഇങ്ങനെയൊരു പാത പിന്തുടരാൻ തയ്യാറാവുകയില്ല . ദേവിയുടെ പ്രതിരൂപമാകുക എന്നത് അവകാശമാണ് . അത് മറ്റൊരാൾക്ക് തിരികെ നല്കാന് രാമുവിന് മനസ്സുവന്നില്ല .
പുഴക്കരയിൽ നിന്നും ഉറച്ച തീരുമാനത്തോടെ ഭഗവതിയെ പ്രാർത്ഥിച് രാമു കോലോത്തേക്കു നടന്നു . തമ്പുരാനെ തീരുമാനം അറിയിക്കണം .. അദ്ദേഹമാണ് കുമാരനെ അരിയും പൂവും ഇട്ടു അടുത്ത കോമരമായി വാഴിക്കേണ്ടത് .
''എന്താ രാമു ? പതിവില്ലാതെ ഈ വഴിയൊക്കെ ''?.
''ഞാൻ അങ്ങയോട് ഒരപേക്ഷയുമായി വന്നതാണ് ?''.
''അപേക്ഷയോ ? എന്താ രാമു കേൾക്കട്ടെ ?''.
''തമ്പുരാനേ എനിക്ക് ഇനി ദേവിയുടെ പ്രതിരൂപമാകാനുള്ള ശക്തിയില്ല .. ഞാൻ അത് എൻറെ മകൻ കുമാരനെ ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നു . ഇനി അവനിലൂടെ അറിയട്ടെ ദേവിയുടെ അരുളപ്പാടുകൾ , അങ്ങനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു . പ്രായമായിരിക്കുന്നു എനിക്ക് . ''
''ഹേയ് എന്താ ഈ പറയുന്നെ ..രാമുവിന് ആവതില്ലെന്നോ ? ശരി നിങ്ങളുടെ ആഗ്രഹം അതാണെങ്കിൽ കുമാരനെ വിളിപ്പിക്കുക ''.
''ശരി തമ്പുരാനേ ''.
ഇതൊന്നുമറിയാതെ കുമാരൻ അച്ഛൻ പെങ്ങളുടെ വീട്ടിൽ നിന്ന് പഠിക്കുകയായിരുന്നു . അയാൾ പതുക്കെ രാഷ്ട്രീയത്തിലേക്ക് നീങ്ങാൻ തുടങ്ങിയിരിക്കുന്നു . അച്ഛൻറെ അരികിൽ നിന്നും പോന്നപ്പോൾ ചിട്ടയും , അവകാശങ്ങളുമെല്ലാം മറന്ന് നിരീശ്വരവാദത്തിൻറെയും വിപ്ലവത്തിന്റേയും പാതയുടെ തുടക്കത്തിലേക്ക് പോകാൻ തുടങ്ങി . വെളിച്ചപ്പാടിൻറെ അരുളപ്പാടിലോന്നും വിശ്വാസമില്ലാതായി .
ഇതൊക്കെ രാമു അറിയുന്നുണ്ടായിരുന്നു . അതിനാലാണ് മകനെ തിരിച്ചു കൊണ്ടുവരാൻ രാമു തയ്യാറായതും . എങ്കിലും അച്ഛൻറെ ആജ്ഞ ധിക്കരിക്കാൻ കുമാരന് കഴിയുമായിരുന്നില്ല . കുമാരൻറെ ആഗ്രഹങ്ങൾ അവിടെ അവസാനിച്ചു .
കോലോത്തെ ക്ഷേത്രമായതിനാൽ അവിടുത്തെ വെളിച്ചപ്പാടിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല .
മുറപ്പെണ്ണിനെ വിവാഹം കഴിക്കാൻ അച്ഛൻ നിർബന്ധിച്ചു .. അതിനും എതിര് പറഞ്ഞില്ല .. അത് കുമാരൻറെയും ആഗ്രഹമായിരുന്നു . ബാല്യകാല സഖികൂടിയായിരുന്നു മാതു . അങ്ങനെ വിവാഹം കഴിഞ്ഞു .
മറ്റൊരു കാര്യമെന്താണെന്ന് വച്ചാൽ വിവാഹശേഷമേ കോമരമാകാൻ കഴിയു . അതാവാം കുമാരൻറെ അച്ഛൻ വിവാഹത്തിന് നിർബന്ധിച്ചതും .
മറ്റൊരാൾക്ക് പൂവിട്ട് വാഴിക്കുന്നതിന് മുൻപ് ഭഗവതിയുടെ അനുവാദം ചോദിക്കുന്ന ചടങ്ങുണ്ട് . തമ്പുരാൻ അതിനായി ഭഗവതിയോട് പ്രാർത്ഥിച്ചു .
രാമുവിൻറെ കൈയ്യിൽ നിന്നും ദേവിയുടെ അലങ്കാരങ്ങൾ തിരികെവാങ്ങി കുമാരന് നല്കി വാഴിച്ചു .
ഭഗവതിയുടെ പട്ടും ചിലമ്പും പള്ളിവാളും അരമണിയും അണിഞ്ഞു നടക്കൽ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു കുമാരൻ .
മേളം തുടങ്ങി . കുമാരൻറെ മുഖത്തെ രൗദ്രഭാവം , തീപാറുന്ന നോട്ടം എല്ലാവർക്കും ഭയം തോന്നി . രാമുവിന് മകൻറെ മുഖത്തേക്ക് നോക്കാൻ ശക്തിയില്ലായിരുന്നു . അത്രയ്ക്ക് രൗദ്രമായിരുന്നു ആ ഭാവം .
''ഒന്നുകൊണ്ടും വിഷമിക്കേണ്ട . ഞാൻ ഇവിടെ എൻറെ ഭക്തരുടെ കൂടെയുണ്ട് .. ഞാൻ നിങ്ങളിൽ സംപ്രീതയാണ് ''.. ദേവിയുടെ ആദ്യത്തെ അരുളപ്പാട് കുമാരനിലൂടെ പുറത്തു വന്നു . കുമാരൻ തുള്ളിയുറഞ്ഞാടി .
രാമുവിൻറെ മനസ്സ് ശാന്തമായി .. തൻറെ മകൻ ദേവിയുടെ പ്രതിരൂപമാകാൻ യോഗ്യൻ തന്നെ .. അയാളോർത്തു .
''രാമു കണ്ടില്ലേ കുമാരൻറെ മുഖത്തെ ആ തേജസ്സ് . ശരിക്കും ഇവൻ യോഗ്യൻ തന്നെ '' . തമ്പുരാൻ രാമുവിനോടായി പറഞ്ഞു .
രാമുവിന് സന്തോഷമായി . ദേവിയുടെ നടക്കലേക്ക് നീങ്ങി നിന്നു ..
'' എൻറെ ദേവി ഇത്രയും നാൾ അമ്മയുടെ പ്രതിരൂപമാകാൻ എനിക്ക് ഭാഗ്യം ഉണ്ടായി , ഇനി അത് എൻറെ മകനിൽ കാണാൻ ആഗ്രഹിച്ചു . ദേവി അവനിൽ അനുഗ്രഹിച്ചു എനിക്ക് സന്തോഷമായി . ഞാൻ പോകുന്നു . ഇനിയുള്ള കാലം തീർത്ഥയാത്രയാണ് . എൻറെ ഭഗവതിയോടുള്ള ആദരവ് എന്നും എൻറെ മനസ്സിൽ ഉണ്ടാവും ''.
തമ്പുരാൻ രാമുവിന് ദക്ഷിണ നല്കി യാത്രയാക്കി . തിരികെ പോരുമ്പോൾ രാമുവിൻറെ കണ്ണുകൾ നിറഞ്ഞൊഴുകി .
കുമാരൻ തളർന്നു വീണു .. പള്ളിവാളാൽ ആഞ്ഞു വീശി മുറിവേല്പ്പിച്ച നെറ്റിയിൽ മഞ്ഞൾപ്പൊടി വാരിപ്പൊത്തി . ആരൊക്കെയോചേർന്നു കുമാരനെ വീട്ടിൽ എത്തിച്ചു .
ഭഗവതിയുടെ കെട്ടിചുറ്റൽ കഴിഞ്ഞാൽ ഒരു വർഷക്കാലം സ്ത്രീ സംസർഗ്ഗം പാടില്ല . അതുപോലെ ഉത്സവകാലങ്ങളിലും , പ്രദേശത്ത് മഹാവ്യാധി പടർന്നു പിടിക്കുമ്പോഴും കോമരം എപ്പോഴും വ്രതത്തിൽ ആയിരിക്കണം . ഇല്ലെങ്കിൽ ഭഗവതിയുടെ കോപം ഉണ്ടാകും എന്നാണ് വിശ്വാസം .
ദിവസവും രാവിലെ കുളിച് ദേവിയുടെ അലങ്കാരങ്ങൾ വച്ചിരിക്കുന്ന ചായ്പ്പിലാണ് കോമരത്തിൻറെ താമസം . മത്സ്യ മാംസാദികൾ കൂട്ടാൻ പാടില്ല ഒരു നേരം അരിയാഹാരം ഇങ്ങനെയൊക്കെയാണ് ഒരു വർഷക്കാലത്തെ ചിട്ടവട്ടങ്ങൾ . കുമാരനും ഇന്നുമുതൽ അങ്ങനെ വേണം കഴിയാൻ .
കുമാരനെ ഭർത്താവായി കിട്ടിയത് എന്തിലും വല്യ ഭാഗ്യമായി മാതു കരുതി . അതുകൊണ്ട് കോമരത്തിനേക്കാൾ വ്രതത്തിൽ ആയിരുന്നു മാതുവും . കുമാരൻ താമസിക്കുന്ന ചായ്പ്പിന് വെളിയിൽ മറഞ്ഞു നിന്നായിരുന്നു അവൾ സംസാരിച്ചിരുന്നത് . കുമാരന് വേണ്ട ആഹാരം മുറിയുടെ പുറത്ത് അടച്ചുവച്ചു . കുമാരൻറെ വൃതം മുടങ്ങാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു .
വിവാഹം കഴിഞ്ഞ ഉടനെ ആയിരുന്നു കുമാരൻറെ കെട്ടിച്ചുറ്റ്‌ .
മാതു കുമാരനോടുള്ള സ്നേഹം ഉള്ളിലൊതുക്കി പ്രാർത്ഥനയോടെ നടന്നു . പക്ഷെ മാതുവിൻറെ സൗന്ദര്യം കുമാരനിലെ പുരുഷൻ ഉണർന്നു . കുമാരൻറെ ശക്തിയിൽ മാതുവിന് കുതറിമാറാൻ കഴിഞ്ഞില്ല . അവർ ശിവശക്തിപോലെ ലയിച്ചു .
തളർന്നുറങ്ങുകയായിരുന്നു കുമാരൻ .. ഇടിമുഴക്കംപോലെ ചിലമ്പൊലി ശബ്ദം കുമാരൻറെ കാതിൽ വന്നലച്ചു . അയാൾ തൻറെ നെഞ്ചിൽ തളർന്നുറങ്ങുന്ന മാതുവിനെ തള്ളിമാറ്റി . വൃതം മുടങ്ങിയതറിഞ്ഞു രണ്ടുപേരും ഞെട്ടിവിറച്ചു . ആരോ അടിച്ചിട്ടതുപോലെ കുമാരൻ നിലത്തു വീണു .
കുമാരൻ തളർന്നു , മാതു ഭയന്നു വിറച്ചു . താൻ ഇത്രയും കാലം കാത്തു സൂക്ഷിച്ച വൃതം മുടങ്ങിയിരിക്കുന്നു . ഇനി എന്തൊക്കെയാണോ ദേവീകോപത്താൽ ഉണ്ടാകാൻ പോകുന്നത് . കുമാരൻ പരവശനായി . ദേവിയുടെ അലങ്കാരങ്ങൾ വച്ചിരിക്കുന്ന ചായ്പ്പിലേക്ക് കയറാൻ കുമാരൻറെ മനസ്സ് മടിച്ചു .
''എൻറെ ദേവി ഞാൻ തെറ്റ് ചെയ്തുപോയല്ലോ .. എന്നോട് ക്ഷമിക്കണേ ..!'' അയാൾ മനമുരുകി കരഞ്ഞു . മാതുവും ഭഗവതിയെ വിളിക്കാത്ത നേരമില്ലായിരുന്നു .. അച്ഛൻ പറഞ്ഞു തന്ന ചിട്ടകളെല്ലാം തെറ്റിയിരിക്കുന്നു .
പിറ്റേന്ന് കോലോത്തു നിന്ന് ആളെ വിട്ട് കുമാരനെ വിളിപ്പിച്ചു . കാവിൽ ഉത്സവം തുടങ്ങാൻ ഇനി ഒരു മാസമേ ഉള്ളു . പ്രദേശത്ത് അറിയിപ്പ് നല്കണം . കുമാരൻ മേളത്തോടെ വീടുകൾ തോറും കയറി . ദേവിയുടെ പ്രതിരൂപമായി വരുന്ന കോമരത്തെ എല്ലാവരും ഭക്തിയോടെ സ്വീകരിച്ചു . പക്ഷെ കുമാരനിലെ മനസ്സ് ഉരുകുകയായിരുന്നു .
കാവിൽ കൊടികയറി .. കുമാരൻ കഠിന വൃതം തുടങ്ങി . ഈ സമയത്ത് ഒരു സന്തോഷവാർത്ത കുമാരൻറെ കുടുംബത്തിൽ ഉണ്ടായി . മാതു അമ്മയാകുന്നു . പക്ഷെ കുമാരന് സന്തോഷത്തേക്കാൾ ഭയമായിരുന്നു . നാട്ടുകാരറിഞ്ഞാൽ , തമ്പുരാനറിഞ്ഞാൽ അവർ തന്നെ അവിശ്വസിക്കില്ലേ .. കാരണം കെട്ടിച്ചുറ്റ് കഴിഞ്ഞു ഒരുകൊല്ലം കഴിയുന്നതിന് മുന്നേ താൻ ഒരച്ഛനായാൽ .! മാതുവിനും ഭയം തോന്നി . ആരേയും അറിയിക്കാതെ കുമാരൻ മാതുവിനെ പുഴക്കക്കരെയുള്ള അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചു .
മനസ്സില്ലാമനസ്സോടെയാണ് മാതു വീട്ടിലേക്ക് പോയത് .
കുമാരൻ ഒറ്റയ്ക്കായി ! നീറുന്ന ഒരുപാട് ചിന്തകൾ മാത്രം അയാൾക്ക് കൂട്ടായി . ഉത്സവകാലം കഴിഞ്ഞു . കുമാരൻറെ മനസ്സ് നിറയെ മാതുവായിരുന്നു . കുമാരൻ മാതുവിനെ കാണാനുള്ള തിടുക്കത്തോടെ പുഴ കടന്നു . അവരുടെ സങ്കടങ്ങൾ കരഞ്ഞും പറഞ്ഞും തീർത്തു . തിരികെപോരുമ്പോൾ രണ്ടുപേരുടേയും മനസ്സിൽ ഉണ്ടാകാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ ആയിരുന്നു .
'' ദേവി ..! എൻറെ കാലം കഴിയുമ്പോൾ അമ്മയുടെ പ്രതിരൂപമാകാൻ എനിക്കൊരാൺകുഞ്ഞിനെ തരണേ ..! ''. കുമാരൻ പോകുന്ന വഴിക്ക് കാവിൽ കയറി പ്രാർത്ഥിച്ചു .
പ്രദേശമാകെ മഹാവ്യാധി പടർന്നു പിടിച്ചു . ജനങ്ങൾ വലഞ്ഞു . ദേവിയുടെ കോപമാണെന്നും അതിന് പ്രതിവിധി നടത്തി നിറമാല ചാർത്തണമെന്നും ദേവി തമ്പുരാന് സ്വപ്നദർശനം കൊടുത്തു .
ഈ തെറ്റിനെല്ലാം കാരണം താനൊരുത്തനാണെന്ന് കുമാരന് അറിയാമായിരുന്നു . അതിൽ അയാൾ നന്നേ വിഷമിച്ചു .
ഓരോന്ന് ആലോചിച് പുഴക്കരയിലെ മണലിൽ കുമാരൻ കിടന്നു . നേരം സന്ധ്യ കഴിഞ്ഞു . പുഴക്കക്കരെ നിന്നും കത്തിച്ച ചൂട്ടുകെട്ട് ആഞ്ഞു വീശി ആരൊക്കെയോ കടവിലേക്ക് വരുന്നു . അവർ ആരെയോ താങ്ങി വള്ളത്തിൽ കയറ്റുന്നത് കുമാരൻ കണ്ടു . ആരാവും അത് ? കുമാരൻറെ മനസ്സിൽ കൊള്ളിയാൻ മിന്നി . തൻറെ പ്രിയതമയ്ക്ക് ഇത് ഏഴാം മാസമാണ് . സമയം ആയില്ല എന്നാലും എന്തൊക്കെയോ ശകുനപ്പിഴകൾ തോന്നുവല്ലോ ദേവി ..! അയാൾ മനസ്സിൽ പിറുപിറുത്തുകൊണ്ടിരുന്നു .
കുമാരൻറെ ചെവിയിൽ ശംഖ് ഊതി , പുഴക്കരയിലെ ആഞ്ഞിലിമരത്തിലിരുന്ന് പുള്ളുകൂവുന്നു . കുമാരനിൽ ഒരു വിറയൽ , ഇരുട്ടിന് ഘനം വച്ചത് പോലെ .. ഒന്നും കാണാൻ വയ്യാത്ത അവസ്ഥ .. അരുതാത്ത ചിന്തകളാലുള്ള ഭയം കുമാരനെ വല്ലാതെ വേട്ടയാടി ..
വള്ളം കടവത്ത്‌ അടുത്തു .. കുമാരൻ വള്ളത്തിന്റെ അരികിലേക്ക് ഓടിയെത്തി ..
ഒന്നേ നോക്കിയുള്ളു , അപ്പോഴേക്കും അയാൾ തളർന്നു പോയി .. ചോരയൊലിപ്പിച് ബോധരഹിതയായി വള്ളത്തിൽ കിടത്തിയിരിക്കുന്നു കുമാരൻറെ ഭാര്യ മാതുവിനെ .. കുമാരൻ ഒരലർച്ചയോടെ മാതുവിനെ കോരിയെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്കോടി .. പക്ഷേ വിധിയെ തടുക്കാൻ ആർക്കാണ് കഴിയുക ?.. കുമാരൻറെ അവകാശികൾ ഈ ലോകത്തുനിന്നും കൂടുവിട്ട് പോയിക്കഴിഞ്ഞു ..
ചടങ്ങുകൾക്ക് ശേഷം ദേവിയുടെ പ്രതിരൂപമായി വിശ്വാസികളോട് അരുളപ്പാട് ചെയ്യാൻ പിന്നീട് കുമാരൻ കാവിലേക്ക് പോയില്ല .. എല്ലാം നഷ്ട്ടപ്പെട്ട് ഒരു ഭ്രാന്തനെപ്പോലെ അലയുകയായിരുന്നു .
ഒരിക്കൽ കുമാരൻ ക്ഷേത്രനടയിലെ ആൽത്തറയിൽ കിടന്നുറങ്ങുകയായിരുന്നു . ഭൂമികുലുങ്ങുന്നതുപോലെ ഉപ്പൂറ്റി നിലത്തൂന്നി അരമണികിലുക്കി ചുവടുകൾ വച്ച് ആരോ അയാളുടെ അടുത്തേക്ക് വരുന്നു . കൈയ്യിൽ ഒരു ചോരക്കുഞ്ഞുമുണ്ടായിരുന്നു .
''എൻറെ പ്രദേശമാകെ നശിക്കാൻ തുടങ്ങിയിരിക്കുന്നു . എൻറെ പ്രതിരൂപമായി നീ വിശ്വാസികളോട് എൻറെ അരുളപ്പാടുകൾ ചെയ്യണം .. ഇനി നിൻറെ കാലശേഷം ഇവനാവണം അത് തുടരേണ്ടത് ..'' ആ രൂപം മറഞ്ഞു . കുമാരൻ ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്നു .
സ്വപ്നമായിരുന്നുവെങ്കിലും തൻറെ അരികിൽ കൈകാലിട്ടടിക്കുന്ന കുഞ്ഞിനെ കണ്ട് അയാൾ ഞെട്ടി ..പിന്നീട് ആ ഞെട്ടൽ കരുണയായി മാറി .. തനിക്ക് നഷ്ട്ടപ്പെട്ട കുഞ്ഞിനെ ദേവി തിരികെ തന്നിരിക്കുന്നു . അയാൾ സന്തോഷത്തോടെ കുഞ്ഞിനെ വാരിയെടുത്ത് മാറോടു ചേർത്തു ..
കുമാരൻ ആ കുഞ്ഞിനെ സന്തോഷത്തോടെ വളർത്താൻ തീരുമാനിച്ചു . അയാൾ ആ കുഞ്ഞിനേയും കൊണ്ട് അടുത്തുള്ള സത്രത്തിൽ അഭയം പ്രാപിച്ചു . അച്ഛൻ പഠിപ്പിച്ച കുലത്തൊഴിൽ ചെയ്ത് അവർ ജീവിച്ചു .. ആ കുട്ടിക്ക് 'ദേവൻ' എന്ന് പേര് കൊടുത്തു . അവൻ വളരുന്തോറും അവനിലെ ഐശ്വര്യം കൂടി വന്നു . കുമാരൻ അവനെ എഴുത്ത് പഠിപ്പിച്ചു. കൊത്തുപണികൾ പഠിപ്പിച്ചു ... ചെറിയ മന്ത്രങ്ങളും ദേവീസ്തുതികളുമൊക്കെ പഠിപ്പിച്ചു . അവൻ എല്ലാ കാര്യങ്ങളും വേഗം ഗൃഹസ്ഥമാക്കുന്നതായി കുമാരൻ മനസ്സിലാക്കി . ഇനി അവന് ഒരു വീട് വേണം . അവനെ എല്ലാ ചിട്ടകളോടും കൂടി പഠിപ്പിക്കണം . കുമാരൻ അവനേയുംകൊണ്ട് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു .

നാടാകെ മാറിയിരിക്കുന്നു .. ശോചനീയമായ അവസ്ഥയിലാണ് നാട് .. ദേവിയുടെ കോപമാണെന്ന് നാട്ടുകാർ വിശ്വസിച്ചു .
കുമാരന് സങ്കടമായി .. ഈ അവസ്ഥ മാറണം ദേവിയുടെ അരുളപ്പാടുകൾ എന്താണെന്ന് വിശ്വാസികളിൽ എത്തിക്കണം , ഞാൻ ചെയ്ത തെറ്റിന് ശിക്ഷ ഞാനായിരുന്നു അനുഭവിക്കേണ്ടത് .. അതിന് ഈ നാട് ഉപേക്ഷിച്ചു പോയത് ഞാൻ ചെയ്ത പാപമാണ് .. കോലോത്ത് ചെന്ന് തമ്പുരാനേ കാണണം . താൻ തിരിച്ചു വന്നുവെന്ന കാര്യം അറിയിക്കണം . ദേവിയുടെ മുന്നിൽ ചെന്ന് എല്ലാതെറ്റുകളും ഏറ്റുപറയണം . തനിക്ക് ദേവി തന്ന അവകാശിയെ ദേവിയുടെ നടയിൽ അടിമ കിടത്തണം .. തൻറെ കാലശേഷം ഇവനിലൂടെ ദേവിയുടെ ശക്തി വിശ്വാസികളിൽ എത്തണം .. കുമാരൻ എല്ലാ തീരുമാനങ്ങളും എടുത്ത് കോലോത്തെക്കു നടന്നു .
കുമാരൻ കോലോത്ത് എത്തി .. കൂടെ അയാളുടെ വളർത്തു പുത്രനും ഉണ്ടായിരുന്നു .
കുമാരനെ കണ്ടപ്പോൾ തമ്പുരാന് സന്തോഷമായി ..
''ആഹാ വരൂ കുമാരാ ! എവിടായിരുന്നു നീ ഇത്രയും കാലം . ? ഇതാരാ കുമാരാ കൂടെ ഒരു കുട്ടി ?''.
'' എൻറെ വളർത്തു പുത്രനാണ് തമ്പുരാനേ .. എനിക്ക് ഇവിടുത്തെ ദേവി തന്നതാണ് ഇവനെ .. എൻറെ കാലശേഷം ഇവൻ ആവണം അടുത്ത കോമരം ''.
തമ്പുരാൻ വാത്സല്യത്തോടെ ആ കുട്ടിയെ നോക്കി . ശരിയാണ് കുമാരൻ പറഞ്ഞത് , ഇവനെ ഭഗവതി കൊടുത്തത് തന്നെ . എന്തൊരു തേജസ്സാണ് ആ മുഖത്ത് . തമ്പുരാൻ ഓർത്തു .
''കുമാരാ നാളെ കാവിൽ ഒരു നിറമാല ചാർത്തലുണ്ട് .. നീ വരില്ലേ ?''.
'' ആയിക്കോട്ടെ തമ്പുരാനേ ഞാൻ വരും .. എനിക്ക് ദേവിയുടെ മുന്നിൽ തുള്ളിയുറയണം ''.
'' എന്നാൽ വരു കുമാരാ എന്തെങ്കിലും കഴിച്ചിട്ട് വീട്ടിലേക്ക് പോകു .''
തമ്പുരാൻ കുമാരൻറെ പുത്രനെ നോക്കി .. അവൻ അത്ഭുതത്തോടെ തമ്പുരാനെ നോക്കിയിരിക്കുകയായിരുന്നു .
''എന്താ കുട്ടി നിൻറെ പേര് ?''.
''ദേവൻ '' അവൻ പറഞ്ഞു .
'' ആഹാ നല്ല പേരാണല്ലോ ..'' തമ്പുരാന് അവൻറെ സംസാരം നന്നേ ബോധിച്ചു .
കുമാരൻ മകനേയുംകൊണ്ട് വീട്ടിൽ എത്തി .. പഴയ ഓർമ്മകളിൽ കുമാരൻറെ കണ്ണു നിറഞ്ഞു . കുളിച്ചു ശുദ്ധമായി ദേവിയുടെ അലങ്കാരങ്ങൾ ഇരിക്കുന്ന ചായ്പ്പിൽ വിളക്ക് തെളിയിച് പ്രാർത്ഥിച്ചു . തെറ്റുകൾ പൊറുക്കണമെന്ന് അപേക്ഷിച്ചു .
പിറ്റേന്ന് നിറമാലയ്ക്കായി കാവൊരുങ്ങി ..
ചായ്പ്പിൽ വച്ചിരുന്ന ചെമ്പട്ടുടുത്ത് അരമണിയും കെട്ടി ചിലമ്പണിഞ്ഞു പള്ളിവാളുമേന്തി കുമാരൻ ക്ഷേത്രത്തിലേക്ക് നടന്നു . കുമാരനിൽ ജ്വലിക്കുന്ന തേജസ്സ്, ആ നടപ്പിന് തന്നെ ഒരു രൗദ്രഭാവം , കണ്ണുകളിൽ അഗ്നിപാറുന്നതുപോലെ ..
നിറമാല ചാർത്തലിന് മേളം തുടങ്ങി . ഭക്തരായ വിശ്വാസികൾ തൊഴുകൈയ്യോടെ പ്രാർത്ഥനയിൽ മുഴുകി . ദേവി സംപ്രീതയായിരിക്കുന്നു . മണ്ണിൽ ഉപ്പൂറ്റി ഊന്നി ഭൂമികുലുങ്ങുമാറ്‌ കുമാരൻ തുള്ളിയുറഞ്ഞാടുകയാണ് . ''ദേവി സന്തുഷ്ടയായെന്നും എല്ലാവരേയും കാത്തുരക്ഷിച്ചും ഇവിടെ കുടിയിരിക്കാമെന്നുമായ അരുളപ്പാടുകൾ കുമാരൻ തുള്ളി പറഞ്ഞു .
നെറ്റിയിലും തലയിലും വാളുകൊണ്ട് ആഞ്ഞു വീശി മുറിവേൽപ്പിച്ചു . കുമാരൻറെ ശരീരം തളർന്നു . ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവമായിരുന്നു കുമാരനിൽ .
ആകാശം ചുവന്നു .. ഉത്സവത്തിന് കോപ്പുകൂട്ടുന്നതുപോലെ പായുകയാണ് മേഘങ്ങൾ . ചിലമ്പൊലിയുടെ മുഴക്കത്തോടെ തുള്ളിയുറഞ്ഞാടാൻ തുടങ്ങുന്നു മഴത്തുള്ളികൾ , അഗ്നിപാറുന്ന വാളുവീശി ചോരയൊലിപ്പിക്കുന്നു ആകാശകോമരങ്ങൾ ..
കാറ്റ് ആഞ്ഞു വീശി . കുമാരൻ ദേവിയുടെ നടയ്ക്കൽ തളർന്നു വീണു . ആരൊക്കെയോ കുമാരനെ താങ്ങിപ്പിടിച്ചു . നെറ്റിയിലെ മുറിവിൽ മഞ്ഞൾപ്പൊടി വാരിപ്പൊത്തി .
ഇതെല്ലാം കണ്ട് പേടിയോടെ കുമാരൻറെ മകൻ അടുത്ത് നിന്നു കരഞ്ഞു .
''എൻറെ ദേവീ ..'' !.. വിളിയോടെ കുമാരൻറെ കണ്ണുകൾ അടഞ്ഞു .
ഇതായിരുന്നു കുമാരൻറെ വിധി .. സ്വയം ദേവിക്ക് സമർപ്പിച്ചിരിക്കുന്നു . ഇനിയുള്ള കാലം കുമാരൻ കോമരത്തിൻറെ അരുളപ്പാടുകൾ അവിടെ മുഴങ്ങി നില്ക്കും ..
ഒന്നുമറിയാത്ത കുമാരൻറെ കുഞ്ഞിനെ തമ്പുരാൻ തന്നിലേക്ക് ചേർത്തു നിർത്തി .. എല്ലാം ദേവിയുടെ ഇങ്കിതമെന്ന് വിശ്വാസികൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു .
കുമാരൻറെ ചിത കത്തിയെരിയുമ്പോൾ ആകാശത്ത് രണ്ട് നക്ഷത്രങ്ങൾ കണ്ണ് ചിമ്മി തെളിഞ്ഞു വന്നു ....!