Wednesday, 18 January 2017

'അമ്മ '

കോടതിമുറിയിൽ അച്ഛൻറെ വക്കീലും അമ്മയുടെ വക്കീലും ചീറുകയാണ് . അവിടെ ഒന്നും മനസ്സിലാകാതെ പത്തു വയസ്സുള്ള ബാലൻ നില്ക്കുന്നു . എന്നാൽ അവന് ഒന്നു മാത്രമറിയാം അച്ഛനും അമ്മയും ഇവിടെ പിരിയുകയാണ് . തന്നോട് ചോദിക്കുന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ പറയാവു അതും അവനറിയാം .. ആ ചോദ്യത്തിൻറെ ഊഴം കാത്ത് അവൻ നില്ക്കുകയാണ് .
''മോൻറെ പേര് എന്താ?''.
''മാധവൻ ''.
''എന്തിനാ മോനിവിടെ വന്നതെന്നറിയാമോ ?''.
''അറിയാം ''.
''എന്തിനാ ?''.
മാധവൻ ഒന്നും മിണ്ടാതെ തലകുനിച്ചു .. തന്നോടുള്ള അവസാന ചോദ്യത്തിലേക്കുള്ള പുറപ്പാടാണെന്ന് മാധവന് തോന്നി .
''മോന് ആരെയാ ഇഷ്ട്ടം ?'' കോടതി മുറിയിൽ നിശബ്ദത തളം കെട്ടി .. അവൻ കരഞ്ഞു തളർന്നു നില്ക്കുന്ന അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി . എന്ത് ചെയ്യാം മാധവന് ഒന്നുമാത്രമേ പറയാൻ കഴിയു .. അങ്ങനെയാണ് പറഞ്ഞു പഠിപ്പിച്ചത് .. അവിടെ അമ്മയുടെ കണ്ണു നീരിന് വിലയില്ല .
''എനിക്ക് അച്ഛനെ മതി അമ്മയെ വേണ്ട ''.
ആ വാക്കുകൾ കേട്ട് തകർന്നുപോയി ആ പാവം അമ്മയുടെ ഹൃദയം .
അന്ന് ആ കോടതി മുറിയിലെ തേങ്ങലുകൾ ഇന്നോളം നെരിപ്പോട് പോലെ നീറിപുകഞ്ഞുകൊണ്ടേയിരിക്കുന്നു .
മറ്റൊരമ്മയെ തനിക്കായി തരുമ്പോഴും ''അമ്മ '' എന്ന ത്യാഗം അവിടെ തട്ടിത്തകർന്നു പോയിരുന്നു .
***********
വെള്ള പുതപ്പിച് , നെറ്റിയിൽ ചന്ദനം തൊടുവിച് ആരെയോ കിടത്തിയിരിക്കുന്നു ! തലയ്ക്കുമുകളിൽ കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിലെ തിരി ചിതയിലേക്കുള്ള ആളിക്കത്തലായ് മാറുന്നു . ഇരുവശങ്ങളിൽ വച്ചിരിക്കുന്ന നാളികേരത്തിലെ തിരികൾ ആർക്കോ വേണ്ടി തലതല്ലി കരയുന്നതുപോലെ തോന്നുന്നു . ബന്ധുക്കളെന്ന് പറയുന്നവർ അവിടിവിടെ മാറിനിന്ന് അടക്കം പറയുന്നു .
മാധവന് ഉറങ്ങാൻ കഴിയുന്നില്ല . അയാൾ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് .
ഇന്നെന്താണ് തനിക്ക് ഉറങ്ങാൻ കഴിയാത്തത് .. ആ കരയുന്ന മുഖം എന്തിനാണ് ഓർമ്മയിലേക്ക് വന്നത് ..
''അമ്മേ ..........'' ഉള്ളിലെ നീറ്റൽ.. ഒരലർച്ചയോടെ അയാൾ എഴുന്നേറ്റു .
പുറത്തെവിടെയോ ഇരുട്ടിൻറെ മറപറ്റിയിരുന്നു പുള്ളിക്കുറവൻ അലമുറയിടുന്നു . അയാളിൽ ഭയം നിഴലിച്ചു . അമ്മയുടെ വിയർപ്പിൻറെ മണം , തലമുടിയിൽ തേക്കുന്ന കാച്ചെണ്ണയുടെ സുഗന്ധം . ആ മുറിയിൽ എങ്ങും പരക്കുന്നതുപോലെ മാധവന് തോന്നി .
''എന്താ മാധവേട്ടാ .?''. അയാളുടെ ഭാര്യ എഴുന്നേറ്റ് ലൈറ്റ് ഇട്ടു .
''അമ്മ ! എൻറെ അമ്മയെ ഞാൻ കണ്ടു ''. മാധവൻ ചുറ്റിനും നോക്കി . അന്തരീക്ഷത്തിൽ അപ്പോഴും കാച്ചെണ്ണയുടെ മണം അയാൾക്ക്‌ മാത്രം അനുഭവപ്പെട്ടു .
''എടാ മാധവാ ''. പുറത്തു നിന്നും അച്ഛൻ വിളിക്കുന്നു . അയാൾ എഴുന്നേറ്റ് കതകു തുറന്നു .
''എന്താടാ എന്തുണ്ടായി ?''.
''അമ്മയെ സ്വപ്നം കണ്ടു . എൻറെ അരികിൽ വന്നിരുന്നു . എൻറെ തലയിൽ തലോടി .. അമ്മയുടെ വിയർപ്പിന് അടുപ്പിലെ പുകയുടെ മണം ഉണ്ടായിരുന്നു .. പാവം ഇപ്പോഴും അടുക്കളയിൽ തീ ഊതി കഷ്ട്ടപ്പെടുകയാവും .'' മാധവൻറെ കണ്ണുകൾ നിറഞ്ഞു .
''എന്താ മാധവാ നീ പറയുന്നത് . നിൻറെ അമ്മയല്ലേ ഈ നില്ക്കുന്നത് ? പിന്നെ ഏത് അമ്മയാണ് നിൻറെ അടുത്ത് വന്നത് .''
മാധവൻ അച്ഛന്റെയരികിൽ ഒന്നും മനസ്സിലാകാതെ നിൽക്കുന്ന ചെറിയമ്മയെ സൂക്ഷിച്ചു നോക്കി . ഇല്ല ചെറിയമ്മയല്ല സ്വപ്നത്തിൽ വന്നത് . പെറ്റമ്മയോളം വരുമോ പോറ്റമ്മയുടെ സ്നേഹമണം . മാധവൻ ഒന്നും മിണ്ടാതെ നിന്നു .
''കിടക്കുന്നതിന് മുൻപ് നാമം ചൊല്ലണം എന്ന് പറഞ്ഞാൽ കേൾക്കില്ല , എന്നിട്ട് രാത്രിയിൽ ഇങ്ങനെ ഓരോന്ന് കാണുക ''. മാധവൻറെ ചെറിയമ്മ മുഖം ചുളിച്ചു .
''ശരിയാണച്ഛാ ഈ നിൽക്കുന്നതാണ് എൻറെ 'അമ്മ . അങ്ങനെയേ വിശ്വസിക്കാവു , പറയാവു . അതായിരുന്നു അച്ഛൻറെ തീരുമാനം . എന്നും ഞാൻ അതനുസരിച്ചിട്ടേയുള്ളു . എന്നാൽ എൻറെ സിരകളിൽ ഓടുന്നത് ഈ നിൽക്കുന്ന ചെറിയമ്മയുടെ ചോരയല്ല എന്ന കാര്യം അച്ഛൻ മറന്നിരിക്കുന്നു .'' മാധവൻ വല്ലാതെ വികാരാധീനനായി പറഞ്ഞു .
''മാധവേട്ടാ എന്തൊക്കെയാണ് ഈ പറയുന്നത് .. അച്ഛനോടാണെന്ന ഓർമ്മവേണം '' ഭാര്യയുടെ വക ഉപദേശത്തോടുകൂടിയ ശാസനവന്നു . മാധവൻ പിന്നെ ഒന്നും പറഞ്ഞില്ല .
അച്ഛൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു . അപ്പോഴും അവിടെ വീശിയ കാറ്റിൽ കാച്ചെണ്ണയുടെ മണം പരന്നു .
മാധവൻ ഉറക്കം നഷ്ട്ടപ്പെട്ടവനെപ്പോലെ ഉമ്മറത്തെ ചാരുകസേരയിലിരുന്നു . ഇരുട്ടിനെ വകഞ്ഞു മാറ്റി അമ്മയുടെ ഓർമ്മകളിലേക്ക് ഓടിയെത്തി .
തൻറെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ സാന്നിധ്യം ഉപേക്ഷയില്ലാതെ ഉണ്ടായിരുന്നു . മുഖമൊന്നു വാടിയാൽ , ഒരസുഖം വന്നാൽ അമ്മയ്ക്ക് സഹിക്കില്ലായിരുന്നു . അച്ഛനോടും എന്ത് സ്നേഹമായിരുന്നു അമ്മയ്ക്ക് . പെട്ടന്നാണ് ഒരു മാറ്റം അവിടെ ഉണ്ടായത് . അന്ന് കാര്യങ്ങളൊന്നും മനസ്സിലായില്ലായെങ്കിലും അമ്മയിലേക്കുള്ള ദൂരം കൂട്ടാൻ പെട്ടന്ന് അച്ഛൻ ശ്രമിച്ചുകൊണ്ടിരുന്നു . അതാവുമല്ലോ താനും ആ കോടതിമുറിയിൽ അമ്മയെ തളർത്തുന്ന മറുപടി പറഞ്ഞതും . മാധവൻ ഓരോന്ന് ഓർത്ത് കണ്ണ് നനഞ്ഞു .
''ഈശ്വരാ ഒരിക്കലും തിരുത്താൻ കഴിയാത്ത ഒരപരാധമല്ലേ താൻ ചെയ്തത് .''
ഇന്ന് എല്ലാരുമുണ്ടെങ്കിലും എന്നിലെ യഥാർത്ഥ അവകാശിയെപ്പറിച്ചെറിഞ്ഞ ഞാൻ തെറ്റുകാരൻ തന്നെയാണ് . ഇനി അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചോ ?. എൻറെ തിരിച്ചുവരവ് 'അമ്മ ആഗ്രഹിക്കുന്നുണ്ടാവുമോ ? എന്തിനായിരിക്കും 'അമ്മ എൻറെ അരികിൽ വന്നത് ? . ആ വെള്ളത്തുണിയിൽ പൊതിഞ്ഞു കിടത്തിയിരുന്നത് ആരെയാണ് ? ആ മുഖം ഓർത്തെടുക്കാൻ അയാൾ ശ്രമിച്ചു . അപ്പോഴും തെക്കുവശത്തെ മാവിൻ കൊമ്പിലിരുന്ന് പുള്ളിക്കുറവൻ കരഞ്ഞു .
''മാധവേട്ടാ എന്തിനായിങ്ങനെ ഇരുന്ന് നേരം വെളുപ്പിക്കുന്നത് വന്നു കിടക്കു '' ഭാര്യയുടെ ശബ്ദം മുറിയിൽ നിന്നും ഉയർന്നു കേട്ടു .
അയാൾ അച്ഛൻറെ മുറിയിലേക്ക് നോക്കി . അവിടെ വെളിച്ചം അണഞ്ഞിരുന്നു .
ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ അയാൾ ഉറങ്ങാൻ കിടന്നു .
''മാധവേട്ടാ എന്തിനാ നിങ്ങളുടെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചേ ?''.
'' ഒരിക്കൽ അമ്മ അടുക്കളയിൽ തളർന്നു വീണു . എല്ലാവരും ചേർന്ന് അമ്മയെ ഹോസ്പിറ്റലിൽ എത്തിച്ചു . ഒരുപാട് നേരത്തെ പരിശോധനയ്ക്ക് ശേഷവും ഡോക്ടർക്ക് ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല . അന്ന് ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങി വന്ന അച്ഛൻറെ മുഖം വല്ലാതെ കറുത്തിരുണ്ടിരുന്നു . ദേഷ്യമായിരുന്നു അച്ഛൻറെ മുഖത്ത് . ആരോടും ഒന്നും പറയാതെ അച്ഛൻ എന്നെയും വിളിച് വീട്ടിലേക്ക് പോന്നു . അമ്മയുടെ രോഗവിവരം അറിയാനോ പിന്നീട് അമ്മയെ അന്വഷിക്കാനോ അച്ഛൻ തയ്യാറായില്ല . അമ്മയിൽ ഏതോ മാറാ രോഗം ഒളിഞ്ഞു കിടന്നിരുന്നു . അത് തലമുറകളായി അമ്മയുടെ കുടുംബത്തിലെ പെൺകുട്ടികളിൽ മാത്രം ഉണ്ടാകുന്ന രോഗമാണ് . വൈദ്യ ശാസ്ത്രം ഇത്രയും പുരോഗമിച്ചെങ്കിലും ഈ പാരമ്പര്യരോഗത്തിന് മരുന്ന് കണ്ടുപിടിച്ചില്ല . ഈ അസുഖം വന്നാൽ ശരീരം മുഴുവൻ വേദനയും തളർച്ചയുമാണ് . പിന്നെ മരണം വരെ വേദനയും തളർച്ചയും ഉണ്ടാകും . ഇത് മറച്ചുവെച്ചാണ് അമ്മയുടെ വീട്ടുകാർ വിവാഹം കഴിപ്പിച്ചത് . അതിൽ വല്ലാതെ അമർഷമുണ്ടായി അച്ഛനും അച്ഛൻ വീട്ടുകാർക്കും അതോടെ ബന്ധം പിരിയാനുള്ള തയ്യാറെടുപ്പിലായിരുന്നു അച്ഛൻ . ഇതാണ് കാരണമെന്ന് അറിവ് വെച്ചപ്പോഴാണ് അറിഞ്ഞത് . ''
'അമ്മ ഒരു ദിവസം എന്നെ കാണാൻ വന്നപ്പോൾ അമ്മയുടെ അരികിലേക്ക് പോകാൻ ആരും എന്നെ അനുവദിച്ചില്ല . അതോടെ ഞാനും അകന്നു തുടങ്ങി .''
''അതെന്തസുഖമാണ് മാധവേട്ടാ ..ഇനി നമ്മുടെ കുട്ടികൾക്കും !''.
''ശ്ശെ നീ എന്താ പറയുന്നെ അങ്ങനെയൊന്നും വരില്ല ''
ദേവു തൻറെയരികിൽ ഉറങ്ങുന്ന മോളെ ചേർത്ത് കിടത്തി നെറുകയിൽ ഉമ്മകൊടുത്തു .
പിറ്റേന്ന് പതിവിലും നേരത്തെ മാധവൻറെ അച്ഛൻ എഴുന്നേറ്റു . മാധവൻ അത്ഭുതത്തോടെ അച്ഛൻറെ അരികിൽ ചെന്നു . പത്രത്തിൽ കാര്യമായിട്ടെന്തോ വായിക്കുകയാണെന്ന് മനസ്സിലായി . ഒരിക്കൽപോലും ചരമക്കോളം നോക്കിയിട്ടില്ലാത്ത അച്ഛൻ ചരമക്കോളത്തിലെ ഫോട്ടോയിൽനിന്നും കണ്ണെടുത്തില്ല .
''അച്ഛാ ..'' മാധവൻ വിളിച്ചു .
അച്ഛൻറെ കണ്ണടയുടെ ഇടയിലൂടെ കണ്ണു നീർ ഒഴുകിയിറങ്ങുന്നത് മാധവൻ കണ്ടു .
''നീ പറഞ്ഞത് ശരിയാണ് മോനേ ..നിനക്ക് മാത്രം അവകാശപ്പെട്ട നിൻറെ 'അമ്മ ഈ ലോകത്തു നിന്ന് മറഞ്ഞിരിക്കുന്നു . ഒരിക്കൽപോലും നിനക്കോ എനിക്കോ ശല്യമാകാതെ ജീവിത വേദനയും രോഗവേദനയും കടിച്ചമർത്തി അവൾ ഇന്നലെ യാത്രയായി .''
മാധവൻറെ കണ്ണുകൾ നിറഞ്ഞൊഴുകി .. ആ വെള്ളത്തുണിയിൽ പൊതിഞ്ഞ രൂപം തൻറെ അമ്മയുടെ ആയിരുന്നോ . എൻറെ 'അമ്മ .!
അയാൾ യാത്രയായി ..കാലങ്ങൾക്ക് ശേഷം തൻറെ അമ്മയെ അവസാനമായി കാണാൻ ..
''ആരാ ? എവിടുന്നു വരുന്നു ? .''അവിടെ നിന്ന ആരോ മാധവനോട് ചോദിച്ചു .
മാധവൻ എന്ത് പറയണം എന്നറിയാതെ നിന്നു . അമ്മയാണെന്ന് പറഞ്ഞാൽ ഇവർ വിശ്വസിക്കുമോ ? ജീവിച്ചിരുന്നപ്പോൾ അന്വഷിക്കാത്ത മകൻ മരിച്ചപ്പോൾ എന്തിന് വന്നു എന്ന് കരുതില്ലേ .. അതുകൊണ്ട് മാധവൻ പറഞ്ഞു .
''എൻറെ അമ്മയെപ്പോലെയാണ് ''.
''മോനെങ്കിലും വന്നല്ലോ .. ഇവർക്ക് ഒരു മകൻ ഉണ്ടായിരുന്നു . എവിടെയാണെന്ന് ആർക്കും അറിയില്ല . പാവം അവസാന കാലത്ത് മകനെ കാണണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു . എന്ത് ചെയ്യാം എല്ലാം അവരുടെ വിധിയാണ് .''
അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . മാധവൻ അമ്മയുടെ ചിതയ്ക്കരികിൽ നിന്ന് കുറേ നേരം കരഞ്ഞു . ആരോടും ഒന്നും പറയാതെ അയാൾ നടന്നകന്നു .
തിരികെ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്തെ തിണ്ണയിൽ വെള്ളപുതപ്പിച് തലയ്ക്കുമുകളിൽ വിളക്ക് കത്തിച് അച്ഛനെ കിടത്തിയിരിക്കുന്നു . ജീവിതത്തിൽ ഒറ്റയ്ക്കായിരുന്ന അമ്മയ്‌ക്കൊപ്പം മരണത്തിൽ കൂട്ടായി അച്ഛനും പോയിരിക്കുന്നു . !
മാധവൻറെ ഇത്രയും നാളത്തെ നീറുന്ന വേദനയെല്ലാം അച്ഛൻറെ ചിതയിൽ എരിഞ്ഞടങ്ങി . ഒരു ദീർഘനിശ്വാസത്തോടെ മാധവൻ നദിയിൽ മുങ്ങി കയറി . !

4 comments:

 1. കല പ്രിയേഷിന്റെ രചനകളിൽ കാതലായ മാറ്റം സംഭവിച്ചിരിയ്ക്കുന്നു..കൂടുതൽ ഗൗരവത്തോടെ എഴുത്ത്‌ മാറിയിരിയ്ക്കുന്നു. എനിയ്ക്കു നന്നായി ഇഷ്ടപ്പെട്ടു ഈ മാറ്റം..എല്ലാ ആശംസകളും..  ReplyDelete
  Replies
  1. എന്താണ് വിളിക്കേണ്ടത് എന്നറിയില്ല ..അതുകൊണ്ടാണ് അഭിസംബോധന ചെയ്യാത്തത് അതിന് ആദ്യമേ മാപ്പ് ചോദിക്കുന്നു .. ഇവിടെ വന്നതിനും എൻറെ കഥ വായിച്ചതിനും , ഈ അഭിപ്രായത്തിനും .. ..സന്തോഷം..

   Delete
 2. നന്നായിട്ടുണ്ട് കേട്ടോ കലാ

  പിന്നെ തുടരെ തുടരെ പോസ്റ്റുകൾ
  എഴുതിയിടുന്നതിനേക്കാൾ ഉചിതം , ഒരു നിശ്ചിത ഇടവേളകൾക്ക്
  ശേഷമാണെങ്കിൽ പലർക്കും ആയതു വിശദമായി എത്തി നോക്കുവാൻ സാധിക്കും കേട്ടോ

  ReplyDelete
  Replies
  1. ഈ അഭിപ്രായത്തിന് ആദ്യമേ നന്ദി പറയട്ടേ .. എൻറെ മുപ്പതോളം രചനകൾ ഇപ്പോൾ പ്രതിലിപി മലയാളം എന്ന ഓൺലൈൻ മാഗസിനിൽ വന്നു കഴിഞ്ഞു .. അവയൊന്നും എൻറെ ബ്ലോഗിൽ ചേർത്തിട്ടില്ല .. എല്ലാം 'കല പ്രിയേഷ്‌ ' എന്ന മുഖപുസ്തകത്തിൽ മാത്രമേ ഉള്ളു .. അവ ഓരോന്നും എൻറെ ബ്ലോഗിലേക്ക് മാറ്റാനുള്ള ശ്രമം ആണ് .. അതാട്ടോ ..അല്ലാതെ പോസ്റ്റിട്ട് വെറുപ്പിക്കുകയല്ല .. ക്ഷമിക്കണം .. മുരളി ചേട്ടൻ പറഞ്ഞത് ശരിയാണ് .. അഭിപ്രായം ഞാൻ മാനിക്കുന്നു ..

   Delete