Thursday 7 April 2016

കഥ അറിയാതെ

വർഷങ്ങൾക്ക് ശേഷം ഒരു തിരിച്ചു പോക്ക് ...നാട്ടിൽ എന്റേതെന്നു പറയാൻ ആരെങ്കിലും ഉണ്ടോ എന്ന് തന്നെ അറിയില്ല .. എങ്കിലും പോകണം എന്ന ഉറച്ച തീരുമാനത്തോടെ ഞാൻ വണ്ടി കയറി ...

ട്രെയിനിൽ എൻറെ എതിർവശം ഇരുന്ന കുടുംബത്തിൻറെ ചലനങ്ങൽ എൻറെ കണ്ണിലുടക്കി .. അവരുടെ കൂടെ ഓമനത്തം തുളുമ്പുന്ന ഒരു കുഞ്ഞും ഉണ്ടായിരുന്നു.. ആ കുഞ്ഞിനെ എത്ര സ്നേഹത്തോടെയാണ് അവർ ലാളിക്കുന്നത് ..ശരിക്കും എനിക്ക് ലഭിക്കാതെ പോയ ആ സ്നേഹം ഞാൻ അവരിലൂടെ കണ്ടു ...
ആ കുഞ്ഞിൻറെ കളിയും, ചിരിയും, കൊഞ്ചലുകളും അവർ നിറഞ്ഞ മനസ്സോടെ ആസ്വദിക്കുകയാണെന്ന് അവരുടെ മുഖത്തെ ചിരി കാണുമ്പോൾ അറിയാം ...

വെറുതെ ഞാൻ എൻറെ ബാല്യത്തിലേയ്കും...ഒരു തിരനോട്ടം നടത്തി .. ഈ കുഞ്ഞിനെപോലെ എനിക്കും ഉണ്ടായിരുന്നു അച്ഛനും അമ്മയും വളരെ സന്തോഷകരമായിരുന്നു ഞങ്ങളുടെ ജീവിതം .. ഞാൻ വലുതാകുന്തോറും അച്ഛൻ എന്നിൽ നിന്നും അകലാൻ തുടങ്ങി ..ഞാൻ അടുത്തു ചെല്ലുന്നതോ , മിണ്ടുന്നതോ ഇഷ്ട്ടമില്ലാതായി ...

ഇത്രയും നാൾ ഞാൻ അനുഭവിച്ച ആ സ്നേഹം പെട്ടന്ന് നിഷേധിക്കപ്പെടുമ്പോൾ ഉള്ള വേദന എന്റെ മനസ്സില് ഒറ്റപ്പെടലിന്റെ വേലി തീർത്തു...അമ്മയേക്കാൾ എനിക്കിഷ്ട്ടം അച്ഛനോടായിരുന്നു , പെട്ടന്നുള്ള അച്ഛൻറെ ഭാവമാറ്റം ഞാൻ മറ്റാരോ ആണെന്ന തോന്നൽ വളർത്തി...എന്നെ ചൊല്ലി വീട്ടിൽ എന്നും വഴക്കായി ..ഇവരുടെ ഇടയിൽ കഥ അറിയാതെ ഞാൻ തളർന്നിരുന്നു...

എന്നും ഉള്ള ആ കലാപരിപാടി എനിക്കറിവായ നാളിലും തുടർന്നു. ഒരു ദിവസം ഞാൻ അച്ഛനോട് ചോദിച്ചു "എന്തിനാണ് എൻറെ പേര് പറഞ്ഞ് നിങ്ങൾ വഴക്ക് കൂടുന്നത് ?" അച്ഛൻ എന്നെ ദേഷ്യത്തോടെ നോക്കി " നീ എൻറെ മുന്നിൽ നിന്ന് പോകുന്നുണ്ടോ .. നിന്നെ എനിക്ക് കാണണ്ട ഞങ്ങളുടെ ഇടയിലേയ്ക്കു നിന്നെ കൂട്ടിയതാണ് ഞങ്ങൾക്ക് പറ്റിയ തെറ്റ് .." അച്ഛൻറെ ഈ വാക്കുകൾ എൻറെ മനസ്സിലേയ്ക്ക് ഒരു ഇടിമുഴക്കം പോലെ വന്നു വീണു...

താൻ അനാഥൻ ആണെന്നും മക്കളില്ലാത്ത ദുഖത്താൽ തന്നെ എടുത്തു വളർത്തിയതാണ് എന്നും അച്ഛൻറെ സുഹൃത്തിൽ നിന്നും ഞാൻ അറിഞ്ഞു . അതോടെ എൻറെ മനസ്സിൽ ഞാൻ അനാഥൻ ആണെന്ന ലേബൽ എഴുതി ..അത് എൻറെ പഠനത്തെയും ബാധിച്ചു , പഠിത്തത്തിൽ ശ്രദ്ധയില്ലാതെ ഒരു താന്തോന്നി ആയി വളരാൻ വേണ്ട എല്ലാ സാഹചര്യങ്ങളും ഞാൻ തന്നെ ഒരുക്കിയെടുത്തു , അതിൽ ഏറ്റവും കൂടുതൽ വിഷമിച്ചത് എൻറെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു ..മകന്റെ തോന്ന്യവാസ നടത്തത്തെ കുറിച്ച് അവർ അച്ഛനെ അറിയിച്ചു.." ഇവൻ എൻറെ മകൻ അല്ല..ഇവനെ ഞങ്ങൾ എടുത്തു വളർത്തിയതാണ് ..അപ്പോൾ ഇവൻ ഉണ്ടായത് എങ്ങനെയോ ആ ഗുണം അല്ലെ കാണിക്കു .. ഇനി ഇവന്റെ കാര്യം പറഞ്ഞ് എന്നെ വിളിപ്പിക്കരുത് .." അച്ഛൻ ടീച്ചറോട് കയർത്തു.. അത് എൻറെ മനസ്സിലേയ്ക്ക് പ്രതികാരത്തിന്റെ അഗ്നി ആളികത്താനുള്ള കൊടുങ്കാറ്റായി മാറി .

അന്ന് ഞാൻ തിരികെ വീട്ടിലേയ്ക്ക് മടങ്ങിയില്ല നാടും വീടും ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ യാത്രയായി .. പക്ഷെ പോകുമ്പോഴും എൻറെ മുന്നിൽ അമ്മയുടെ കൈയ്യിലിരുന്ന് തന്നോട് കൊഞ്ചുന്ന കുഞ്ഞനിയത്തിയുടെ മുഖം ഉണ്ടായിരുന്നു, വലുതാകുമ്പോൾ ഞാൻ അവളുടെ ആരുമല്ല ഒരു അനാഥ ചെക്കൻ ആയിരുന്നു എന്നറിയുമ്പോൾ അവളും തന്നെ വെറുക്കും....

എല്ലാം മറന്ന് പലവഴിയിലൂടെ ഞാൻ സഞ്ചരിച്ചു.. അവസാനം ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണമെന്നും അനാഥനെന്ന് മുദ്ര കുത്തപ്പെട്ടവരുടെ മുന്നിൽ ഒരു മേൽവിലാസം ഉള്ളവനാകണമെന്നും ഉള്ള വാശി എപ്പഴോ മനസ്സിൽ കടന്നു കൂടി ..

ഓരോന്ന് ഓർത്ത്‌ മയങ്ങിപോയി , ഏതോ സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ എൻറെ എതിർഭാഗത്തിരുന്ന കുടുംബം അവിടെ ഇറങ്ങി ..അവരെ സ്വീകരിക്കാനായി സ്റ്റേഷനിൽ അവരുടെ ബന്ധുക്കൾ ആരൊക്കെയോ ഉണ്ടായിരുന്നു .. എല്ലാവരും കുഞ്ഞിനെ ആദ്യമായി കാണുന്നപോലെ മാറി മാറി എടുക്കുന്നു , ഞാൻ അവരുടെ ആഹ്ലാദം കണ്ടിരുന്നു അപ്പോൾ കൂട്ടത്തിൽ ആരോ ചോദിക്കുന്നു .. "ഈ കുഞ്ഞിനെ സ്വീകരിച്ചപ്പോൾ എല്ലാ നിയമ നടപടികളും തീർത്തല്ലൊ അല്ലെ ? ഇനി ഇവളെ അന്വക്ഷിച്ചു ആരും വരില്ല എന്നുറപ്പല്ലേ ..?"

ആ ചോദ്യം എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു .. ആ കുട്ടിയും എന്നെപ്പോലെ ഒരു അനാഥ ആണെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയപ്പോഴേയ്ക്കും ട്രെയിൻ സ്റ്റേഷനിൽ നിന്നും നീങ്ങാൻ തുടങ്ങിയിരുന്നു .. പാവം കുട്ടി അവൾക്ക് ഒരിക്കലും എൻറെ ഗതി ആവരുതെ എന്ന് പ്രാർത്ഥിച്ചു..

തൊട്ടടുത്ത സ്റ്റേഷനിൽ ആയിരുന്നു എനിക്ക് ഇറങ്ങേണ്ടിയിരുന്നത് . സ്റ്റേഷനിൽ വണ്ടി എത്തിയപ്പോൾ സമയം ഏകദേശം സന്ധ്യയോട് അടുത്തിരുന്നു.. താൻ ഇവിടുന്നു പോയതിലും ഒരുപാട് മാറിയിരിക്കുന്നു തൻറെ നാട്. ഒരു പച്ചപരിഷ്കാരിയുടെ തലയെടുപ്പോടെ ഒരുപാട് കെട്ടിടങ്ങൾ തല ഉയർത്തി നില്ക്കുന്നു..നിരത്തിലൂടെ നടന്നു പോകുന്നവർ മംഗ്ലീഷ് ചുവയിൽ സംസാരിക്കുന്നു, നാട്ടിൽ കാലുകുത്തിയപ്പോൾ മുതൽ ആകെ ഒരു അപരിചിതത്ത്വം..

ഈ നേരത്ത് ഇനി എങ്ങനെ തൻറെ വീട് കണ്ടു പിടിക്കും , അതുമാത്രമല്ല അവിടെ വീട് ഉണ്ടാകുമോ അതോ അതെല്ലാം ഇടിച്ചുപൊളിച്ചു ഫ്ലാറ്റ് കെട്ടിയിട്ടുണ്ടാകുമോ ? ഞാൻ ഓർത്തു..

അന്വക്ഷണം പിറ്റേന്ന് ആകാമെന്ന് കരുതി ഞാൻ ടൌണിൽ തന്നെ ഒരു മുറിയെടുത്തു..

രാത്രി മുഴുവൻ അച്ഛൻ, അമ്മ , അനിയത്തി ഇവരെ കുറിച്ച് ഉള്ള ചിന്തകൾ ആയിരുന്നു.. തൻറെ കൂടെ വരുമെങ്കിൽ ഒരു ദിവസമെങ്കിലും അവരെ കൂടെ കൊണ്ടുപോയി താമസിപ്പിക്കണം എന്നും ആഗ്രഹിച്ചു ...
പിറ്റേന്ന് വീട് അന്വക്ഷിച്ചു ഞാൻ ഇറങ്ങി അവിടെ ആ പഴയ തറവാട് ഉണ്ടായിരുന്നില്ല , പകരം രണ്ട് നില കെട്ടിടം പക്ഷെ വീട്ടുപേര് 'പഴയ മഠം ' എന്ന് തന്നെ ആയിരുന്നു...

കാളിംഗ് ബെൽ അടിച്ചപ്പോൾ ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു.. ആ വീടിൻറെ പരിഷ്കാരത്തിനു ചേർന്ന വേഷമായിരുന്നില്ല അവളുടേത്‌ ..ആ വീട്ടിലെ വേലക്കരിയാണ് എന്ന് വിളിച്ചു പറയുന്നതുപോലെയായിരുന്നു വേഷം.. പെട്ടന്ന് അവൾ "ആരാണ് ? എന്ത് വേണം ? ആരെ കാണാനാണ് ?:" അങ്ങനെ ഒറ്റ ശ്വാസത്തിൽ ഒരുപാടു ചോദ്യം .

"മാധവൻ നായരുടെ വീടല്ലേ ..?" ഞാൻ ചോദിച്ചു .

അവൾ അതിനു മറുപടി പറയാതെ അകത്തേയ്ക്ക് നോക്കി ഉച്ചത്തിൽ .."കൊച്ചമ്മേ ദേ ആരോ കാണാൻ വന്നിരിക്കുന്നു .."

വളരെ തിരക്കിട്ട് ഫോണിൽ സംസാരിച്ചു കൊണ്ട് ഒരു ലേഡി പുറത്തേയ്ക്ക് വന്ന് .. അവളുടെ കവിളിലെ കക്കപുള്ളി കണ്ടപ്പോൾ തന്നെ അവൾ എൻറെ അനിയത്തിയാണെന്ന് മനസ്സിലായി. പക്ഷെ അവൾക്ക് എന്നെ തിരിച്ചറിയാൻ കഴിയില്ല കാരണം അവളുടെ ഓർമ്മയിൽ പോലും ഈ ചേട്ടൻറെ മുഖം വരുന്നതിനുമുന്നെ നാട് വിട്ടതാണ് ഞാൻ ..ഒരുപക്ഷെ അവൾക്ക് അറിവ് വച്ചപ്പോഴും ഇങ്ങനെ ഒരു ചേട്ടൻ ഉള്ളതായിട്ട് അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ടാവില്ല ..

" ആരാ മനസ്സിലായില്ല ..?" അവൾ ചോദിച്ചു


"മാധവൻ നായരെ ഒന്ന് കാണാൻ വന്നതാ .." ഞാൻ പറഞ്ഞു.

"അച്ഛൻ ഇവിടെ ഇല്ല .." തല കുനിച്ചുകൊണ്ട് അവൾ പറഞ്ഞു . "എവിടെ പോയി ..? ഞാൻ ചോദിച്ചു ..
"അമ്മ മരിച്ചപ്പോൾ അച്ഛൻ ഒറ്റപ്പെട്ടതുപോലെ ആയി , ജീവിതത്തിന്റെ തിരക്കുകാരണം ഞങ്ങൾക്ക് മക്കളെ പോലും നോക്കാൻ പറ്റാതെ ബോർഡിംഗ് ആക്കിയിരിക്കുകയാണ് , അച്ഛൻറെ ചിട്ടവട്ടങ്ങൾ അനുസരിച്ച് ഞങ്ങൾക്ക് പൊരുത്തപ്പെടാൻ പറ്റുന്നില്ല , അച്ഛനും ഞങ്ങളോട് പൊരുത്തപ്പെട്ടു പോകാൻ കഴിയുന്നില്ല ...." അത്രയും പറഞ്ഞ് അവൾ നിർത്തി..എന്നിട്ട് ഒരു വിസിറ്റിംഗ് കാർഡ്‌ എൻറെ കൈയ്യിൽ തന്നു ..അത് അവിടെ അടുത്തുള്ള ഒരു വൃദ്ധസദനത്തിന്റെ വിലാസം ആയിരുന്നു .. ഞാൻ അത് വായിച്ചിട്ട് അവളെ നോക്കി ..

"ഇപ്പോൾ അച്ഛൻ അവിടെ ആണ് ഉള്ളത് .." അവൾ പറഞ്ഞു...

ഞാൻ ഒന്നും പറയാതെ അവിടെ നിന്ന് ഇറങ്ങി നേരെ പോയത് ആ വൃദ്ധസടനത്തിലെയ്ക്ക് ആയിരുന്നു ..അവിടെ ചെന്നപ്പോൾ എൻറെ കണ്ണ് നിറഞ്ഞു , ഒരുപാട് മാതാ പിതാക്കൾ മക്കളെ വളർത്തി വലുതാക്കിയതിന്റെ കൂലിയെന്നോണം അനാഥരെ പോലെ ചിരിക്കാനും കരയാനും മറന്നുപോയ കുറെ ജീവിതങ്ങൾ ..

ഞാൻ അവിടെ ചെന്ന് മാധവൻ നായരെ അന്വക്ഷിച്ചു അവിടുത്തെ ഒരു അന്തെവാസി എന്നെ അച്ഛൻറെ അടുക്കലേയ്ക്ക് കൂട്ടികൊണ്ട് പോയി ..

"പിള്ളേച്ചാ ദേ നിങ്ങളെ കാണാൻ ആരോ വന്നിരിക്കുന്നു .." അയാൾ പറഞ്ഞു ..

അച്ഛൻ കിടക്കുകയായിരുന്നു ..അയാളുടെ സംസാരം കേട്ട് അച്ഛൻ കട്ടിലിൽ എഴുന്നേറ്റിരുന്നു .. എന്നെ നോക്കി ..

ഞാൻ ആരാണെന്ന് മനസ്സിലായിട്ടാണോ അതോ തന്നെ കാണാൻ ആരോ വന്നു എന്ന സന്തോഷത്തിലാണോ എന്നറിയില്ല അച്ഛൻറെ കണ്ണുകൾ നിറഞ്ഞൊഴുകി ...

"മോനെ " അച്ഛൻ എന്നെ വിളിച്ചു ... അദ്ദേഹം എന്നെ മനസ്സിലാക്കിയിരിക്കുന്നു ...എൻറെ കണ്ണുകളിലും സന്തോഷത്തിന്റെ അശ്രുകണങ്ങൾ പൊടിഞ്ഞു ...

"മോനെ നീ എന്നെ കാണാൻ വന്നല്ലോ ..നീ അനാഥൻ ആണ് എന്നധിക്ഷേപിച്ച ഈ അച്ഛനെ നീ മറന്നില്ലല്ലോ .. ഇപ്പോൾ ഞാൻ അറിഞ്ഞു മോനെ അരുമില്ലാത്തവന്റെ അവസ്ഥ ..."

ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു എൻറെ കൂടെ പോരാൻ അച്ഛനെ നിർബന്ധിച്ചു .പക്ഷെ അച്ഛൻ വരാൻ തയ്യാറായില്ല ..

"എൻറെ മോനോട് ചെയ്ത ദ്രോഹത്തിന് ഈശ്വരൻ തന്ന ശിക്ഷയാണിത് . ഞാനിത് അനുഭവിച്ച് തന്നെ തീർക്കണം ..അതുകൊണ്ട് മോൻ പോകണം ..." അച്ഛൻ പറഞ്ഞു ..

ഞാൻ മനസ്സില്ലാ മനസ്സോടെ തിരിച്ചു പോരുമ്പോൾ ആ വൃദ്ധസദനത്തിന്റെ മുറ്റത്ത്‌ ഒരു കാർ വന്നു നിന്നു ...അതിൽ നിന്നും പ്രായമായ ദമ്പദികൾ ഇറങ്ങി..അവരുടെ മുന്നിലായി മകനാണെന്ന് തോന്നുന്നു ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു ..അയാളുടെ പുറകെ തലയും കുനിച്ച് രണ്ടുപേരും ആ അനാഥ മന്ദിരത്തിലെയ്ക്കു നടന്നു കയറി....

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഹോ.വിഷമമായല്ലോ!!
    അനിയത്തിയും കൂടി തിരിച്ചറിഞ്ഞിരുന്നെങ്കിൽ വായന പൂർണ്ണസന്തോഷമായേനേ!!!!

    ReplyDelete
    Replies
    1. സന്തോഷം ഈ വായനയ്ക്ക്.... അനിയത്തിയ്ക്ക് തിരിച്ചരിവാകുന്നതിനു മുന്നേ ചേട്ടൻ പോയതാണ് ....

      Delete