Friday, 15 April 2016

കന്യാകുമാരിയിൽ ഒരു കടങ്കഥ .............

വീണ്ടും ഇവിടെ എത്തണം എന്നത് ആരുടെ നിയോഗമാണ് ..കാലത്തിന്റെയോ അതോ പഴയ ഓർമ്മകളുടെ കടന്നു വരവോ? അറിയില്ല ..
ഈ കന്യാകുമാരിയുടെ തീരത്ത് നില്ക്കുമ്പോൾ ചില ഓർമ്മകൾ മായാതെ മനസ്സിൽ ഉണ്ടെന്ന് അവള്‍ മനസ്സിലാക്കി ..വീണ്ടും പുതിയൊരു പുലരിയുമായി തിരിച്ചു വരാൻ കടലിന്‍റെ മാറിലേയ്ക്ക് ചായുന്ന പകലോനെ കാണുമ്പോൾ, ഈ കടൽ കാറ്റ് ഏല്ക്കുമ്പോൾ എത്ര ദൃഡമായി മനസ്സിനെ പാകപ്പെടുത്തി എടുത്താലും ഒരു സ്ത്രീയുടെ മനസ്സ് എപ്പോഴും പഴയ ഓർമ്മകളെ ചികഞ്ഞെടുക്കുന്നു..അതുപോലെ തന്നെയാണ് താനും എന്ന് ഇന്ദുവിന് തോന്നി..
ജീവിതത്തിൽ എത്ര ഉയരത്തിൽ എത്തിയാലും പഴയകാലം മറക്കാതെ സൂക്ഷിക്കാൻ മനസ്സിൽ ഒരിടം ഉള്ളത് നാം എത്രത്തോളം ഉയർന്നു എന്നറിയാനുള്ള അളവുകോൽ ആവാം ..അതുകൊണ്ട് തന്നെയല്ലേ ഈ മണൽതരികളും തിരമാലകളും ഇന്ദുവിനെ തിരിച്ചറിഞ്ഞത് ...
ഇന്ന് വിജയത്തിന്‍റെ പാതയിൽ എത്തിയിട്ടുണ്ട് എങ്കിൽ അതിൻറെ പിന്നിൽ തന്‍റെ അമ്മയുടെ കരയുന്ന മുഖമുണ്ട് എന്ന് ഇന്ദുവിനറിയാം ..അച്ഛനെ കണ്ട ഓർമ്മ പോലും ഇന്ദുവിനില്ല , നന്നേ ചെറുപ്പത്തിലെ അച്ഛൻ മരിച്ചുപോയി ..പിന്നിട് ഒരുപാട് കഷ്ട്ടപെട്ടാണ് അവളുടെ അമ്മ അവളെ വളർത്തിയത് .പ്രണയ വിവാഹം ആയതുകൊണ്ട് ഇന്ദുവിന്റെ അച്ഛന്‍റെ വീട്ടുകാരോ അമ്മയുടെ വീട്ടുകാരോ അവരെ അന്വക്ഷിച്ചതുമില്ല , അങ്ങനെ ജീവിതത്തിൽ ഒറ്റ പെടലിന്റെ വേദന ഒരുപാട് അനുഭവിച്ചു അവർ ..
ഓർമ്മകൾ ഓരോന്നും അയവിറക്കി നേരം പോയത് അറിഞ്ഞില്ല ..
തിരികെ റൂമിലേയ്ക്ക് പോകുമ്പോഴും താൻ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന ആ മുഖം അവൾ തിരയുന്നുണ്ടായിരുന്നു .. 'രവി' അവനെ ഒരുപാട് ഇഷ്ട്ടമായിരുന്നു .. പക്ഷെ അവനോടുള്ള തൻറെ പ്രണയം തുറന്നു പറയാൻ അവൾക്ക് പേടിയായിരുന്നു , കാരണം അവളെ ഒരു പ്രണയിനിയായി അവൻ കാണുന്നില്ല എങ്കിൽ ..! ഇന്ദുവിൻറെ ഊഹം ശരിയായിരുന്നു അവൻ അവളെ അല്ല സ്നേഹിച്ചിരുന്നത് ഇന്ദുവിന്റെ പ്രിയ കൂട്ടുകാരിയെ ആയിരുന്നു.. അവരുടെ സന്തോഷത്തിനു വേണ്ടി തൻറെ പ്രണയത്തെ അവൾ മനസ്സിൽ കുഴിച്ചുമൂടി..
അവള്‍ റൂമിലെത്തി ഫ്രഷ്‌ ആയി , ഫയലുകള്‍ മറിച്ചു നോക്കുന്നതിനിടയിൽ റൂം ബോയ്‌ വന്ന് ബെല്ലടിച്ചു.. അവള്‍ റൂം തുറന്നു... പെട്ടന്ന് അവൾക്ക് തോന്നി ഇത് താൻ അന്വക്ഷിച്ചു നടന്ന അല്ലെങ്കിൽ ഒരിക്കൽ കൂടി കാണാൻ ആഗ്രഹിച്ച ആ മുഖമല്ലേ ...? അവളുടെ ചിന്തകളെ മുറിച്ചു കൊണ്ട് അയാൾ ചോദിച്ചു .."മാഡം എന്താണ് കഴിക്കാൻ കൊണ്ടുവരേണ്ടത് ...?" "ഒരു ജൂസ് അതുമതി " അവള്‍ പറഞ്ഞു ...അയാള്‍ തിരികെ പോയി..
വീണ്ടും ഫയലുകള്‍ മറിച്ചുകൊണ്ടിരുന്നു ..എങ്കിലും അവള്‍ രവിയെ കുറിച്ച് ആലോചിച്ചു .. ഇനി വരുമ്പോൾ അവന്‍റെ പേര് ചോദിക്കണം അവള്‍ തീരുമാനിച്ചു..
അവൻ ജുസുമായി വന്നു .. എവിടെയോ കണ്ടു മറന്നപോലെ ചെറിയൊരു ചിരി അവൻ അവൾക്ക് നല്കി , ഇന്ദു ഉടനെ അവനോട് ചോദിച്ചു ..."നിങ്ങളുടെ പേര് എന്താണ്..?"
'രവി' അവൻ പറഞ്ഞു ..പേര് കേട്ടതും അവള്‍ സന്തോഷംകൊണ്ട് കുറച്ച് നേരത്തേയ്ക്ക് അങ്ങനെ നിന്നു ..."വീട്ടിൽ ആരോക്കെയുണ്ട് ?" അവള്‍ വീണ്ടും ചോദിച്ചു.. "ഭാര്യയും , 2 കുട്ടികളും.." അവൻ മറുപടി നല്കി ..
രവി : "നിങ്ങളുടെ പേര് എന്താ ?"
ഇന്ദു ഒരു നിമിഷം ആലോചിച്ചു എന്ത് പറയണം ..താൻ ആ പഴയ കൂട്ടുകാരി ഇന്ദു ആണെന്ന് പറയണോ അതോ പേര് മാറ്റി പറയണോ ..
പെട്ടന്ന് രവി പറഞ്ഞു "എനിക്ക് നിങ്ങളെ പോലെ തന്നെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു അവള്‍ ഇപ്പോൾ എവിടെ ആണെന്നറിയില്ല പണ്ട് കുടി ഒഴിപ്പിക്കൽ വന്നപ്പോൾ അവളും അമ്മയും ഇവിടെ നിന്ന് തിരിച്ച് അവരുടെ അമ്മയുടെ നാട്ടിലേയ്ക്ക് പോയി പിന്നിട് അവളെ കണ്ടിട്ടില്ല, നിങ്ങളെ കണ്ടപ്പോൾ ഇന്ദുവിനെപോലെ തോന്നി അതാ ചോദിച്ചേ..."
"അല്ല എൻറെ പേര് സാവിത്രി എന്നാണ്" . അപ്പോൾ അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്...അവൻ ചെറുതായി ചിരിച്ചിട്ട് തിരിച്ചു പോയി...
അവൾ ഇഷ്ട്ടപെട്ടിരുന്നവളെ അവർപോലും അറിയാതെ കണ്ട് തിരിച്ചു പോകണം എന്നാണ് അവൾ ആഗ്രഹിച്ചത്‌ ..അതാവാം അവൾ പേര് മാറ്റി പറഞ്ഞത് ....
ഓഫീസ് സംബന്ധമായ മീറ്റിംഗ് ആയതിനാൽ ഇനി തനിക്ക് തിരിച്ച് പോകാൻ രണ്ടു ദിവസം കൂടി ഉണ്ട് അതിനുള്ളിൽ രവിയോട് പറഞ്ഞ് തൻറെ പഴയ ഓർമ്മകളുടെ മേച്ചിൽ പുറങ്ങളിൽ ഒരിക്കൽ കൂടി ഒന്ന് പോകണം എന്ന് ആഗ്രഹിച്ചു..
പിറ്റേന്ന് രവിയെ കൂട്ടി അവള്‍ എല്ലാടവും പോയി , അപ്പോഴെല്ലാം രവി തന്‍റെ പഴയ കൂട്ടുകാരി ഇന്ദുവിനെകുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു..രവിയുടെ ഭാര്യ ഇന്ദുവിന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു എന്നും അവൻ കൂട്ടിച്ചേർത്തു..അവൻ പറയുന്നതെല്ലാം അവൾ സന്തോഷത്തോടെ കേട്ടിരുന്നു...
തിരിച്ചു പോരുമ്പോൾ അവള്‍ രവിയോട് പറഞ്ഞു "നാളെ ഉച്ചയോടു കൂടി എന്‍റെ ഇവിടുത്തെ ജോലി തീരും..മറ്റന്നാള്‍ ഞാൻ തിരിച്ച് പോകും..അതുകൊണ്ട് നാളെ വൈകുന്നേരം കന്യാകുമാരിയിൽ പോയി അസ്തമയം കാണണം എന്നുണ്ട് എന്താ രവി വരുമോ ...?
രവി : വരാം
ഇന്ദു : വരുമ്പോൾ ഭാര്യയെയും മക്കളെയും കൊണ്ട് വരണം .
രവി: ശരി കൊണ്ട് വരാം
അങ്ങനെ ഒരിക്കൽ കൂടി കന്യാകുമാരിയുടെ തീരത്ത് ആ തിരമാലകൾക്കും , മണൽതരികൾക്കും, ഇന്ദുവിനും മാത്രം അറിയാവുന്ന ആ സുഹൃത്ത് സംഗമം സന്തോഷത്തോടെ കന്യാകുമാരിയുടെ തീരങ്ങള്‍ ആസ്വദിച്ചു....
പിറ്റേന്ന് രവി ഹോട്ടലിൽ എത്തിയപ്പോള്‍ റിസപ്ഷനിൽ ഒരു കവർ ഇന്ദു എല്പ്പിച്ചിരുന്നു ..
അതിൽ ഇങ്ങനെ എഴുതിയിരുന്നു ....
"കന്യാകുമാരിയിലെ ഒരു കടങ്കഥപോലെ അവശേഷിക്കട്ടെ നമ്മുടെ സൗഹൃദം ....
എന്ന് നിങ്ങളുടെ പ്രിയ കൂട്ടുകാരി ഇന്ദു ......"
രവിയുടെ കണ്ണുനീർ തുളളികൾ ആ വെള്ളപേപ്പറിൽ വീണ് മഷിപടർത്തി ....

4 comments:

 1. നല്ല കഥ.


  രവിയോട്‌ നേരിട്ട്‌ പറയാതിരുന്നത്‌ തന്നെ ഇക്കഥയുടെ ഭംഗി.

  ഇനിയും വരാം.

  ReplyDelete
  Replies
  1. സന്തോഷം ഈ വായനയ്ക്ക്....

   Delete
 2. നല്ല കഥ.ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാതിരിക്കലും നല്ലതാണു...

  ReplyDelete
  Replies
  1. സന്തോഷം ഈ വായനയ്ക്ക്....

   Delete