കണ്ണിനു കാഴ്ച ഇല്ലാത്തതുകൊണ്ട് എവിടെ പോയാലും ആ അമ്മയുടെ വലതു കൈപിടിയിൽ അവളും ഉണ്ടാകും ...
അവളുടെ കൊഞ്ചലുകളും, അവളുടെ ചോദ്യങ്ങളും ഒന്നും കേള്‍ക്കാൻ പാവം ആ അമ്മയ്ക്ക് നേരമില്ലായിരുന്നു...ജീവിക്കാനുള്ള ഓട്ടമാണ്... മകളെ സുരക്ഷിതമാക്കണം...
തെരുവിൽ കിടന്നുറങ്ങുമ്പോഴും മകളെ ചേർത്ത് കിടത്തിയിരുന്നു...
തെരുവിൽ കിടന്നുറങ്ങുമ്പോഴും മകളെ ചേർത്ത് കിടത്തിയിരുന്നു...
അമ്മയുടെ തേങ്ങലുകൾ ചില രാത്രികളിൽ അവള്‍ കേട്ടിരുന്നു..
എന്തിനാണ് അമ്മ കരയുന്നത് ? ദിവസവും രാവിലെ അമ്മ എന്നെയും കൊണ്ട് എങ്ങോട്ടാണ് പോകുന്നത് ? വൈകുന്നേരമാകുമ്പോൾ ഏതെങ്കിലും കട തിണ്ണയിൽ അന്തിയുറങ്ങും ... ഞങ്ങള്‍ക്കെന്താ വീടില്ലാത്തത് ? എന്‍റെ അച്ഛൻ എവിടെയാണ് ? അമ്മയുടെ കൈ പിടിച്ച് തെരുവിലൂടെ നടക്കുമ്പോഴും ആ കുഞ്ഞുമനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു ...
എല്ലാ ചോദ്യങ്ങളും കൂട്ടി ഒരിക്കൽ അവൾ അമ്മയോട് ചോദിച്ചു .." അമ്മെ ഈ ലോകത്തിന്‍റെ നിറം എന്താണ് .."?
അമ്മ ഒറ്റ വാക്കിൽ മറുപടി പറഞ്ഞു ... "കറുപ്പ്"...
പാവം കുട്ടി അവളുടെ ഇരുളടഞ്ഞ കണ്ണുപോലെയാണ് ഈ ലോകം എന്ന് വിശ്വസിച്ചു കാണും...
എന്താണ് ഈ ലോകത്തിന് കറുപ്പ് നിറമായത് ? കറുപ്പാണെങ്കിൽ തട്ടി തടഞ്ഞ് എല്ലാവരും വീഴില്ലേ ? അതോ അമ്മയുടെ കൈ പിടിച്ച് ഞാന്‍ നടക്കുന്ന പോലെ എല്ലാവരും കൈ പിടിച്ചാണോ നടക്കുന്നത്? അവളുടെ അടുത്ത ചോദ്യം?
അല്ല മോളെ ഈ ലോകം മനോഹരമായിരുന്നു ഒരുപാട് നാളുകൾക്ക് മുൻപ് .. നല്ല വർണ്ണങ്ങൾ നിറഞ്ഞതായിരുന്നു ..പക്ഷെ ഇപ്പോൾ ഇവിടെ ഒരു നിറമേ ഉള്ളു അത് കറുപ്പാണ്..ഒരാളെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്...
അമ്മ പറഞ്ഞതൊന്നും അവൾക്ക് മനസ്സിലായില്ല എങ്കിലും ഈ ലോകം ചീത്തയാണ് ..അതാണ് അമ്മ പറഞ്ഞതിന്‍റെ പൊരുൾ എന്ന് അവൾക്ക് തോന്നി ..
രാത്രിയായി തെരുവുവിളക്കുകള്‍ മിഴിച്ചു നില്ക്കുന്നു..ഏതോ കടത്തിണ്ണയില്‍ അവര്‍ ഉറങ്ങാനുള്ള ചട്ടം കൂട്ടി..
അമ്മയുടെ മടിയിൽ തലവച്ച് അവള്‍ വർണ്ണലോകത്തിലേയ്ക്ക് ഊളിയിട്ട് പോയി...ആ ലോകത്തിൽ നിറയെ വർണ്ണപൂക്കളും, ശലഭങ്ങളും, പക്ഷികളും, എല്ലാം എല്ലാം അവളുടെ സ്വപ്നലോകത്തിൽ ഉണ്ടായിരുന്നു....
പിന്നിട് എപ്പോഴോ സ്വപ്നത്തിൽ നിന്ന് ഉണർന്നപ്പോൾ അമ്മയുടെ കരച്ചിൽ കേള്‍ക്കാം....
"അമ്മെ ..." അവൾ അലറികരഞ്ഞു അപ്പോഴേയ്ക്കും അവളുടെ വായ ആരോ വന്നു പൊത്തി.. മിണ്ടാതെ ഇരുന്നോണം അല്ലെങ്കില്‍ നിന്നെയും ഞങ്ങള്‍ ശരിയാക്കും.. അയാള്‍ അവളുടെ നേരെ അലറി പറഞ്ഞു....പേടിച്ച് അവൾ മിണ്ടാതെ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ അവളുടെ അരികിൽ വന്നു.. അവളെ കെട്ടിപ്പിടിച്ച് ഒരുപാടു കരഞ്ഞു...
പിറ്റേന്ന് അവളെയും കൊണ്ട് എങ്ങോട്ടോ പോകാൻ , തെരുവിലൂടെ നടക്കുകയാണ് .... "എങ്ങോട്ടാണ് അമ്മെ നമ്മള്‍ പോകുന്നത് ?"
അവൾ ചോദിച്ചു.. അമ്മ ഒന്നും മിണ്ടാതെ അവളെയും കൊണ്ട് വേഗത്തിൽ നടന്നു...നടക്കുന്നതിനിടയിലും ആ സ്ത്രീ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു... പക്ഷെ ഒന്നുമാത്രം അവൾ കേട്ടു..."ഈ നശിച്ച ലോകത്ത് നിന്നും എന്‍റെ മകളെ രക്ഷിക്കണം..."
അമ്മ വല്ലാതെ ഭയപ്പെട്ടിരുന്നു..മകളെ ഈ ലോകത്തെ രക്ത പിശാചുക്കൾ കശാപ്പ് ചെയ്യുന്നതിന് മുൻപ് അവൾ എന്നോട് കൂടി തീരണം, താൻ ഇല്ലാത്ത ഈ ലോകത്ത് കാഴ്ചപോലും ഇല്ലാത്ത ഈ പൊന്നുമോള്‍ എങ്ങനെ ജീവിക്കും...? ചിന്തകളുടെ വേലിയേറ്റങ്ങള്‍ക്കൊടുവിൽ മരണമെന്ന സത്യത്തെ സ്വീകരിക്കാൻ ആ അമ്മ തയ്യാറായി...
കടലിന്‍റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങുമ്പോഴും അമ്മയുടെ കൈയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് അവൾ ചോദ്യം ആവർത്തിച്ചു...
"അമ്മെ ഈ കടല് കാണാൺ നല്ല ഭംഗിയാണോ....?" എനിക്ക് എന്നെങ്കിലും ഈ കടല് കാണാൺ പറ്റുമോ..?"
ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... മകളുടെ ചോദ്യം ആ അമ്മയെ മരണത്തിൽ നിന്നും തിരിച്ച് വിളിച്ചു...
അവള്‍ മകളെയും കൊണ്ട് തിരികെ നടന്നു ജീവിക്കണം എന്ന ഉറച്ച തീരുമാനത്തോടെ... കാഴ്ചയില്ലാത്ത മകളെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്ക് നയിക്കാമെന്ന വിശ്വാസത്തോടെ... ആരും ഇല്ലാത്തവർക്ക് ദൈവം തുണയായുണ്ട് എന്ന വചനത്തോടെ .......
തെരുവിൽ ജീവിക്കുന്നവർ രാത്രിയിൽ മാത്രം വിരിയുന്ന നിശാഗന്ധി പൂവല്ല..എന്ന് ഈ ലോകത്തോട് വിളിച്ച് പറഞ്ഞ് കൊണ്ട് അവള്‍ ജീവിതത്തിലേയ്ക്ക് പൊരുതാൻ തയ്യാറായി നിന്നു... അന്നുമുതൽ മകളുടെ കളിയിലും ചിരിയിലും അവളും പങ്കുചേർന്നു...ഭയമില്ലാതെ മകളെയും കൊണ്ട് ജീവിക്കാൻ അവള്‍ മറ്റൊരു തെരുവിലേയ്ക്ക് യാത്രയായി...
ഇനിയെന്താകുമോ എന്തോ!!!
ReplyDeleteനല്ലത് തന്നെ സംഭവിയ്ക്കട്ടെ!!
അത് പിന്നെ അങ്ങനെ അല്ലെ സംഭവിക്കു..
Deleteതെരുവിൽ ജീവിക്കുന്നവർ
ReplyDeleteരാത്രിയിൽ മാത്രം വിരിയുന്ന നിശാഗന്ധി പൂവല്ല..
എന്ന് ഈ ലോകത്തോട് വിളിച്ച് പറഞ്ഞ് കൊണ്ട് അവള്‍
ജീവിതത്തിലേയ്ക്ക് പൊരുതാൻ തയ്യാറായി നിന്നു... ഇനിയെന്താകുമോ എന്തോ ?