Friday 22 April 2016

പെയ്തൊഴിയാതെ ആ സ്നേഹം .......



'ജാസ്മിൻ' അതായിരുന്നു അവളുടെ പേര് ..പേര് പോലെ തന്നെ സുന്ദരി ആയിരുന്നു അവള്‍ ... കൂട്ടുകാരുടെ ഇടയിലും അവളെ ഇഷ്ട്ടമില്ലാത്തവർ ആരും തന്നെയില്ല ...വലിയ വട്ടപൊട്ടും തൊട്ട് വരുന്ന ആ സുന്ദരിയെ ഞങ്ങൾക്ക് പെരുത്തിഷ്ട്ടമായിരുന്നു ...ആ വലിയ വട്ടപൊട്ട് അതായിരുന്നു അവളിലെ പ്രത്യേകത ... ഇപ്പോൾ നിങ്ങള്‍ ചോദിക്കും ഇതിലെന്താ പ്രത്യേകത എന്ന് ..കാര്യമുണ്ട് അതൊരു പ്രതികാരത്തിൻറെ ചിന്ഹമായാണ് ആ വലിയ പൊട്ട് ..ഒരു പൊട്ടിൽ കൂടി പ്രതികാരമോ എന്ന് നിങ്ങള്‍ ചോദിക്കാം ....അങ്ങനെയും ഉണ്ട് ഒരു പ്രതികാരം എന്ന് അവള്‍ പറഞ്ഞപ്പോഴാണ് ഞാനും അറിഞ്ഞത്..
ജാസ്മിൻ എന്ന പേര് കേട്ടപ്പോള്‍ ഞാൻ കരുതി അവൾ ക്രിസ്ത്യാനി ആണെന്ന് , തലയിൽ കൂടി ഷാൾ പുതച്ചപ്പോൾ അവള്‍ മുസ്ലീം ആണെന്ന് തോന്നി.. പിന്നെ അവളുടെ ആ വലിയ പൊട്ട് അത് കണ്ടപ്പോള്‍ എനിക്ക് തോന്നി മുസ്ലീം അല്ല അവർ ഇതുപോലെ വലിയ പൊട്ട് തൊട്ട് ഞാൻ കണ്ടിട്ടില്ല ..ഇവളിലെ ഈ പ്രത്യേകതകൾ എന്നെ എന്നും അത്ഭുതപ്പെടുത്തികൊണ്ടിരുന്നു ...വലിയ പൊട്ട് തൊട്ട് തലയിൽ കൂടി ഷാൾ പുതച്ചു വരുന്ന ആ സുന്ദരിയ്ക്കും ഉണ്ടായിരുന്നു ..ഒരു കണ്ണ് നീരിൻറെ കഥ പറയാൻ......
എന്നും അവളുടെ മുഖത്ത് സങ്കടത്തിന്റെ നിഴലാട്ടം ഞാൻ ശ്രദ്ധിച്ചിരുന്നു...ഒരു ദിവസം ഞാൻ അവളോട്‌ ചോദിച്ചു.. "ജാസ്മിൻ നീ എന്താ എപ്പോഴും മൌനമായിരിക്കുന്നത് ? എന്താ നിനക്ക് ഇത്ര സങ്കടം?"..
അവൾ എന്നെ നോക്കി .... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു .. ആ കണ്ണ് നീർ മുത്തുകൾ ഞാൻ തുടച്ച് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു . അവൾ എൻറെ കൈയ്യിൽ പിടിച്ച് പറഞ്ഞു .." എൻറെ കഥ ഞാൻ നിന്നോട് പറയാം ..."
ഈ കഥയിൽ ഇനി ഞാൻ ആരുമല്ല ഇനി ജാസ്മിന്റെ ലോകം മാത്രം....
സമൂഹത്തിൽ തരക്കേടില്ലാത്ത രണ്ടു കുടുംബമായിരുന്നു ജാസ്മിന്റെ അച്ഛന്റെയും അമ്മയുടെയും.. നമുക്കെല്ലാവർക്കും അറിയാം ഈ ഭൂമി ഉണ്ടായ കാലം മുതൽ പ്രണയവും ഉണ്ടായിരുന്നു എന്ന് .. ആ പ്രണയം ജാസ്മിന്റെ അച്ഛനിലും, അമ്മയിലും പ്രതിഫലിച്ചു. പ്രണയിക്കുമ്പോൾ അതും ആത്മാർഥ പ്രണയമാണെങ്കിൽ അവിടെ ജാതിയോ മതമോ ഒരു തടസ്സമാകുന്നില്ല , കാരണം അങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ഒരു ഒളിച്ചോട്ടമാണ് ഉണ്ടാവുക. അതുപോലെ തന്നെ ഇവിടെയും സംഭവിച്ചു . ഇരു കൂട്ടരും വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടവർ . ഒരു കാരണവശാലും വീട്ടുകാർ മാത്രമല്ല, സമൂഹംപോലും അവരെ വിലക്ക് കല്പ്പിക്കുന്ന കാലം, അപ്പോൾ പിന്നെ അവർക്ക് ഒളിച്ചോടി പ്രണയ സാഫല്യം വരുത്താനേ കഴിയു.. അങ്ങനെ അതും സംഭവിച്ചു..
അവർ മറ്റൊരു നാട്ടിലേയ്ക്ക് ചേക്കേറി .. വളരെ സന്തോഷകരമായ ജീവിതം, അവിടെ ആരും അവർക്ക് വിലക്ക് കല്പ്പിച്ചില്ല..അവരുടെ ജീവിതത്തിലേയ്ക്ക് 'ജാസ്മിൻ' എന്ന മോളും ജനിച്ചു.. നമ്മുടെ പഴമക്കാർ പറയുന്നതുപോലെ ചിലർ ജനിക്കുമ്പോൾ ചില നഷ്ട്ടങ്ങൾ കുടുംബത്തിൽ ഉണ്ടാകുന്നു, അത് ജനിച്ച കുട്ടിയുടെ ദോഷമാണ് എന്നൊക്കെ കേട്ടിട്ടില്ലേ.. അതുപോലെ ഇവിടെയും സംഭവിച്ചു, ചെറിയ ഏതോ കമ്പനിയിൽ ജോലി ഉണ്ടായിരുന്ന ജാസ്മിന്റെ അച്ഛന് ജോലി നഷ്ട്ടപ്പെട്ടു, സന്തോഷമായ ആ ജീവിതം പെട്ടന്ന് നിരാശയുടെ വക്കിൽ അകപ്പെട്ടതുപോലെയായി.. ജനിച്ച കുട്ടിയുടെ ദോഷം എന്ന പഴമയുടെ വാക്കുകൾ വെറുതെ അന്ധവിശ്വാസം ആണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ജാസ്മിന്റെ അച്ഛൻ അത് അപ്പടിയേ വിശ്വസിച്ചു..സത്യത്തിൽ ഈ കമ്പനി നേരത്തെ പൂട്ടണ്ടതായിരുന്നു.. ജാസ്മിന്റെ കഷ്ട്ടകാലം എന്നെ പറയേണ്ടു, അവളുടെ ജനന ശേഷമാണ് അത് സംഭവിച്ചത് എന്ന് മാത്രം.. അതോടെ അവളുടെ അച്ഛന് അവളോടും , അമ്മയോടും വെറുപ്പായി തുടങ്ങി..പലപ്പോഴും ജോലി തേടിപോകുന്നു എന്നമട്ടിൽ വീട്ടിൽ നിന്ന് പോകുമായിരുന്നു, പിന്നെ കുറെ നാളുകൾക്കു ശേഷമേ തിരിച്ചു വരികയുണ്ടായിരുന്നുള്ളൂ ..അങ്ങനെ കുറെ കാലം കഴിഞ്ഞപ്പോൾ അയാള് പോയിട്ട് വന്നതേ ഇല്ല..
മറുനാട്ടിൽ ഒരു പെൺകുട്ടിയെയും കൊണ്ട് ഒറ്റയ്ക്ക് താമസിക്കാൻ കഴിയാതെ ജാസ്മിനും അമ്മയും തിരികെ നാട്ടിലേയ്ക്ക് പോന്നു.. അവിടെ വന്നപ്പോൾ ജാസ്മിന്റെ അച്ഛൻ വേറെ വിവാഹം കഴിച്ചു എന്നും , അയാള് ഗൾഫിൽ പോയി എന്നും ആരോ പറഞ്ഞറിഞ്ഞു..ജാസ്മിനെയും കൊണ്ട് നാട്ടിലേയ്ക്ക് വന്നപ്പോൾ ഒരുപാടു പ്രതീക്ഷ ആയിരുന്നു അവളുടെ അമ്മയ്ക്ക് , ഭർത്താവിനെ കുറിച്ച് അന്വക്ഷിക്കണമെന്നും എന്തേലും ജോലി ചെയ്തു ജീവിക്കാം എന്നൊക്കെ..പക്ഷെ എല്ലാം വെറുതെ ആയി, നടുക്കടലിൽ പെട്ടപോലെയായി ജാസ്മിന്റെ അമ്മയുടെ അവസ്ഥ..
ഒരു മുസ്ലീമിന്റെ കൂടെ ഇറങ്ങിപോയതുകൊണ്ട് ഹിന്ദുവായ അമ്മയെ അവരുടെ വീട്ടുകാർ അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു..ഭർത്താവിൻറെ വീട്ടിലേയ്ക്ക് പ്രവേശനം നിഷേധിച്ചിരുന്നു..ആരുടെയൊക്കെയോ കരുണകൊണ്ട് അവർ നാട്ടിൽ തന്നെ ഒരു വാടക വീടെടുത്ത് താമസമാക്കി..അമ്മയുടെ അച്ഛൻ ഇവരെ ആരുമറിയാതെ അന്വക്ഷിക്കുന്നുണ്ടായിരുന്നു... അതിൽ ചെറിയൊരു ആശ്വാസം തോന്നി ..എന്നാൽ ജീവിക്കാൻ വളരെ ബുദ്ധിമുട്ടായിതുടങ്ങി . അങ്ങനെയിരിക്കെ അവളുടെ അമ്മയ്ക്ക് ഗൾഫിൽ ഏതോ ഒരു വീട്ടിലെ അടുക്കളക്കാരിയുടെ വേഷം അണിയാൻ അവസരം ലഭിച്ചു..നാട്ടിൽ നരകിക്കുന്നതിനേക്കാൾ ഭേദം മറ്റൊരു നാട്ടിൽ ഈ വേഷം കെട്ടുന്നതാണെന്ന് അമ്മയ്ക്ക് തോന്നി.. പക്ഷെ ജാസ്മിൻ , അവളെ നോക്കാൻ ആരുമില്ല..എന്നാൽ അവളെ വളർത്തണമെങ്കിൽ ജോലിക്ക് പോകണം..അമ്മയുടെ ആങ്ങള ഒരു കാരണവശാലും ജാസ്മിനെ തറവാട്ടിൽ താമസിക്കാൻ സമ്മതിച്ചില്ല.. പിന്നെയും ഭേദം അമ്മയുടെ ചേച്ചി ആയിരുന്നു.. അവർ അവളെ നോക്കാമെന്ന് ഏറ്റു. അങ്ങനെയാണ് അവൾ എൻറെ നാട്ടിലെ സ്കൂളിൽ പഠനം ആരംഭിച്ചത്. അവളുടെ അമ്മ കടൽ കടന്നു പോവുകയും ചെയ്തു.. ആദ്യം അച്ഛൻ പോയി , ഇപ്പോൾ അമ്മയും ആ കുഞ്ഞുമനസ്സിൽ നിറയെ സങ്കടം മാത്രം.. ആരുമില്ലാതെ ബാല്യത്തിന്റെ വസന്തം അവൾക്ക്‌ വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ പോലെയായി..
അമ്മയുടെ ചേച്ചിയിൽ നിന്നും , മക്കളിൽ നിന്നും അനിയത്തിയുടെ മകൾ എന്നൊരു പരിഗണന മാത്രമേ അവൾക്ക്‌ ലഭിച്ചിരുന്നുള്ളൂ, അതായത് ആ വീട്ടിലെ എല്ലാ ജോലിയും അവൾ തന്നെ ചെയ്യണമായിരുന്നു.. അത്ഭുതം മറ്റൊന്നാണ് ആ വീട്ടിലെ എല്ലാ ജോലിയും കഴിഞ്ഞാണ് അവൾ പഠിക്കുന്നത് .എന്നാലും ക്ലാസ്സിൽ ടോപ്‌ അവളായിരുന്നു..ഞങ്ങൽക്കൊക്കെ എത്ര നേരം കിട്ടിയാലും പുസ്തകം തുറന്നു രണ്ടക്ഷരം പഠിക്കാമെന്ന് വിചാരിക്കാരെ ഇല്ല ..അത്രയും നേരം കൂടി ഉറങ്ങാമല്ലോ എന്ന് കരുതും..
S .S .L .C പരീക്ഷ വരുന്നു..എല്ലാവരും തകൃതിയായി പഠനം... എൻറെ കൂട്ടുകാരി മാത്രം എപ്പോഴും ചിന്തയിൽ ആയിരുന്നു..എന്താണെന്ന് അവളോട്‌ ചോദിക്കാനും പറ്റില്ല കാരണം പെട്ടന്ന് ദേഷ്യം വരുന്ന ഒരു പ്രകൃതമായിരുന്നു . അതുകൊണ്ട് ഞങ്ങൾ ആരും അവളെ ശല്യം ചെയ്യാറില്ല. അവളും അവളുടെ ചിന്തകളും മറ്റൊരു ലോകത്തിൽ വിഹരിച്ചിരിക്കുമ്പോൾ ഞങ്ങൾ പരീക്ഷയുടെ പരവേശചൂടിലാവും.. അങ്ങനെ പരീക്ഷ കഴിഞ്ഞു. കുറച്ചു നാളത്തെ കാത്തിരിപ്പിന് ശേഷം റിസൾട്ട്‌ വന്നു .. സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് ജാസ്മിനായിരുന്നു..എല്ലാവരും വളരെ അത്ഭുതപ്പെട്ട ആ നിമിഷം .. ബുക്ക്‌ വാങ്ങാൻ സ്കൂളിൽ ചെന്നപ്പോൾ അവളെ കണ്ടതും ഞാൻ ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു .. അന്ന് ആദ്യമായി എൻറെ ജാസ്മിൻ ചിരിച്ചു .. അത് എന്നെ ഒരുപാട് സന്തോഷിപ്പിച്ചു.
ഇനിയും കാണാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞു ..പക്ഷെ എൻറെ പ്രതീക്ഷ വെറുതെ ആയി അവളെ കാണാൻ കഴിഞ്ഞതെയില്ല..
ഇനി കഥയുടെ ഗതി മാറുകയാണ്...... എൻറെ ഒരു അനുമാനം ... അതിങ്ങനെ ആവാൻ ഞാൻ ആഗ്രഹിക്കുന്നു...
ഈ സമയത്ത് ജാസ്മിന്റെ അച്ഛൻ നാട്ടിൽ വരുന്നത് . തന്റെ മകളാണ് ജാസ്മിൻ എന്നും അവൾക്കാണ് ഏറ്റവും കൂടുതൽ മാർക്ക് എന്നറിയുന്നു ... ജാസ്മിന്റെ വിജയം അവളുടെ അച്ഛനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നു .. മകളെ കാണാൻ ചെല്ലുമ്പോൾ തന്നെയും അമ്മയെയും ദുരിതത്തിൽ തള്ളി വിട്ട് സ്വന്തം കാര്യം നോക്കിയ ആ മനുഷ്യൻ തനിക്ക് ആരുമല്ല എന്ന് പറഞ്ഞു.. അച്ഛനോടും കുടുംബത്തോടും ഉള്ള പ്രതികാരമാണത്രേ ആ വലിയ വട്ട പൊട്ട്.. ഒരു കൊച്ചു കുട്ടിയുടെ മുഖത്തിന് ഒട്ടും ഇണങ്ങുന്നതായിരുന്നില്ല ആ വലിയ പൊട്ട് ......
വർഷങ്ങൾ കഴിഞ്ഞു ജാസ്മിൻ ഒരു യുവതിയായിവിവാഹ ആലോചനകൾ ഓരോന്ന് വന്നു തുടങ്ങി.. ആരും തന്നെ ഈ ബന്ധം അംഗീകരിക്കാൻ തയ്യാറായില്ല.. അവളുടെ അമ്മ വിഷമത്തിലായി..ജാസ്മിന് അതിൽ ഒരു വിഷമവും തോന്നിയില്ല, അവൾക്ക്‌ ഒരു തരം വാശി ആയിരുന്നു.. വിവാഹം കഴിച്ചില്ലെങ്കിലും സാരമില്ല ഒരു ജോലിയുള്ളതുകൊണ്ട് ആരെയും കൂസാതെ ജീവിക്കാമെന്ന വാശി... പക്ഷെ ഒരമ്മയ്ക്ക് അത്രയ്ക്ക് വാശിപിടിക്കാൻ കഴിയില്ലല്ലോ .. പെൺകുട്ടിയല്ലേ ആരുടെയെങ്കിലും കൈയ്യിൽ എല്പ്പിച്ചിട്ടു വേണ്ടേ പാവം ആ അമ്മയ്ക്ക് കണ്ണടയ്ക്കാൻ...
ഈ സമയത്താണ് ജാസ്മിന്റെ അച്ഛൻ ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വരുന്നത്.. രണ്ടാം ഭാര്യയിൽ ഉണ്ടായ മകളുടെ വിവാഹം ഏകദേശം ഉറച്ച രീതിയിൽ ആയി .. അപ്പോഴാണ്‌ ജാസ്മിന്റെ വിവരം അയാൾ അറിഞ്ഞത്.. അയാളിലെ അച്ഛൻ ഉണർന്നു .. മകളെ തന്റെ സമുദായത്തിലെ ആളെകൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായി.. അമ്മയ്ക്കും ജാസ്മിനും അത് സമ്മതമല്ലായിരുന്നു..ഇത്രയും നാൾ ഇല്ലാത്ത അച്ഛന്റെ അധികാരം ഇക്കാര്യത്തിൽ വേണ്ട എന്നായിരുന്നു അവളുടെ മറുപടി.. അങ്ങനെ പിന്നെയും ദിവസങ്ങൽ ഓടിക്കൊണ്ടേയിരുന്നു..ജാസ്മിന്റെ അമ്മയ്ക്ക് ആഗ്രഹം സാധിക്കാതെ ആറടി മണ്ണിലേയ്ക്കു മടങ്ങേണ്ടി വന്നു. അവൾ വീണ്ടും ഒറ്റപ്പെട്ടു എന്ന് നിങ്ങളെ പോലെ തന്നെ ഞാനും കരുതി എന്നാൽ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു...
ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറിന് ജാസ്മിനെ ഒരുപാട് ഇഷ്ട്ടമായിരുന്നു, അന്നുമുതലേ അവളിൽ ഒരു ശ്രദ്ധ ആ ടീച്ചർ അവൾക്ക്‌ കൊടുത്തിരുന്നു ..
സ്കൂൾ പഠനം കഴിഞ്ഞിട്ടും അവളെ ടീച്ചർ സസുക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു എന്ന് പിന്നീടു അവളെ അറിഞ്ഞപ്പോൾ മനസ്സിലായി... ടീച്ചർ അവളെ ഏറ്റെടുത്തു.. വെറുതെ അല്ല കേട്ടോ അവരുടെ മകൻറെ ജീവിതത്തിലേയ്ക്ക് അവളെ ക്ഷണിച്ചു.. ജാസ്മിന്റെ അമ്മയുടെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും...
അവളുടെ ജീവിതം സന്തോഷകരമായി പോകുമ്പോഴും അവളുടെ അച്ഛനോടുള്ള പ്രതികാരം തുടരുന്നുണ്ടാവും എന്ന് നിങ്ങളും ഞാനും വിചാരിക്കണ്ട.. ചെറുപ്പത്തിലെ ആവേശത്തിന്റെ പുറത്ത് അച്ഛൻ ജാസ്മിനെയും അമ്മയെയും ഉപേക്ഷിച്ചു എങ്കിലും വാർദ്ധക്യത്തിൽ ഒറ്റപ്പെടലിന്റെ താക്കോൽ കൂട്ടം എടുത്ത് നമ്മുടെ ഓരോരുത്തരുടെയും കൈകളിൽ തരുന്നു...
അങ്ങനെ ജാസ്മിന്റെ അച്ഛനെയും വാർദ്ധക്യം പിടികൂടി.. അവിടെ ജാസ്മിൻ അവളുടെ പ്രതികാരമെല്ലാം മറന്നു..രക്ത ബന്ധത്തിന് ഏതൊരു പ്രതികാരത്തെയും ഇല്ലാതാക്കാൻ കഴിയുമെന്ന് അവൾ അറിഞ്ഞു..അച്ഛനോടുള്ള ദേഷ്യമെല്ലാം മറന്ന് സ്നേഹമുള്ള ഒരു മകളായി ജാസ്മിൻ ജീവിക്കുന്നു....

10 comments:

  1. കൊള്ളാം.പക്ഷേ കഴിഞ്ഞ കഥകൾ പോലെ ആയോ എന്നൊരു സംശയം മാത്രം.!!!!

    ReplyDelete
  2. ഹ..ഹ ..ആണോ ഓരോ പ്രാവശ്യവും ഓരോ രീതികൽ അല്ലെ ..അതാവാം ..എപ്പോഴും ഒരേപോലെ എഴുതിയാൽ എന്റെ ഫാൻസ്‌ എന്നെ തല്ലില്ലേ....എന്തായാലും സന്തോഷം ഉണ്ട് തങ്ങളുടെ അഭിപ്രായത്തിന് കൂടുതൽ മെച്ചമാക്കാൻ ശ്രമിക്കാട്ടോ ...

    ReplyDelete
  3. ഒന്നൂടി നന്നാക്കാം എന്ന് തോന്നി... :) ആശംസകള്‍

    ReplyDelete
  4. ഒന്നൂടി നന്നാക്കാം എന്ന് തോന്നി... :) ആശംസകള്‍

    ReplyDelete
  5. തീർച്ചയായും ഇനിയും നന്നാക്കാൻ ശ്രമിക്കാട്ടോ ...സന്തോഷം ആർഷ ഈ വായനയ്ക്ക്

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete
  7. bloglink brought me here .....good ... but edit again.

    ReplyDelete
    Replies
    1. തീർച്ചയായും ഇനിയും നന്നാക്കാൻ ശ്രമിക്കാട്ടോ ...സന്തോഷം ഈ വായനയ്ക്ക്...htt:/snehaveena.blogspost.in

      Delete