ഇന്നലെയും ഞാൻ അവളെ കുറിച്ച് ഓർത്തു.. എന്നും മുടിയിൽ മുല്ലപ്പു ചൂടി വന്നിരുന്ന ആ സുന്ദരിയെ എങ്ങനെ മറക്കാൻ കഴിയും..
അവൾ എവിടെ നിന്നാണ് ട്രെയിനിൽ കയറുന്നത് എന്ന് അറിയില്ല ..പക്ഷെ എല്ലാ ദിവസവും ആ ലേഡീസ് കമ്പാർട്ട്മെന്റിൽ അവൾ ഉണ്ടായിരുന്നു...ആദ്യമൊന്നും ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല.. പിന്നെ പിന്നെ ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചു തുടങ്ങി ആരോടും ഒന്നും മിണ്ടാതെ എപ്പോഴും ട്രെയിനിൻറെ വിൻഡോയിൽ കൂടി പുറത്തേയ്ക്ക് നോക്കി ഇരിക്കുന്ന ആ കുട്ടിയുടെ കണ്ണുകൾക്ക് ഒരു പ്രത്യേക ഭംഗിയുള്ളത് പോലെ തോന്നി ...
എനിക്ക് തോന്നുന്നത് ആ ട്രെയിൻ യാത്ര എവിടെ നിന്ന് തുടങ്ങുന്നുവോ ആ തുടക്കം മുതൽ അവളും യാത്ര തുടങ്ങുകയാവാം...
സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോൾ എല്ലാവരും വേഗം ഇറങ്ങാനുള്ള തത്രപ്പാടിൽ ആയിരുന്നു .. പക്ഷെ ഈ കുട്ടിക്ക് മാത്രം ഒരു തിടുക്കവും ഞാൻ കണ്ടിരുന്നില്ല .. അവൾ അപ്പോഴും പുറത്തേയ്ക്ക് തന്നെ നോക്കിയിരിക്കും ... ഞാനും സ്റ്റേഷനിൽ ഇറങ്ങി നടന്നു ..ഇടയ്ക്കിടയ്ക്ക് ഞാൻ തിരിഞ്ഞു നോക്കി ..ആ സുന്ദരി അവിടെ ഇറങ്ങിയോ ? എങ്ങോട്ടാണ് പോകുന്നത് ? എന്നറിയാൻ ഒരു ആകാംക്ഷ ... പക്ഷെ വെറുതെ തിരിഞ്ഞു നോട്ടം മാത്രം മിച്ചം .. ആ കുട്ടി ഇറങ്ങുന്നതോ , എങ്ങോട്ടാണ് പോകുന്നതെന്നോ അറിയാൻ കഴിഞ്ഞില്ല..
ഞാനും എൻറെ സഹയാത്രികരും എന്തെല്ലാം തമാശകൾ പറഞ്ഞാലും ആ കുട്ടിയുടെ ഭാഗത്ത് നിന്ന് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല ..ഞങ്ങൾ പരസ്പരം ചോദിക്കാറുണ്ട് അവളെ പറ്റി.. ആർക്കും അവളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു...
ഒരിക്കൽ ട്രെയിൻ നേരത്തെ ട്രാക്കിൽ പിടിച്ചിട്ടു..ലേഡീസ് കമ്പാർട്ട് മെൻറ് ഏറ്റവും പുറകിലാണ്..ഞാൻ കമ്പാർട്ട് മെന്റിൽ കയറിയപ്പോൾ അവിടെ ഒറ്റയ്ക്കിരിക്കുന്നു ആ സുന്ദരി കുട്ടി... എനിക്ക് സന്തോഷമായി ആ കുട്ടിയോട് ഒന്ന് സംസാരിക്കണം എന്ന് ഉറപ്പിച്ചുതന്നെ ആ കുട്ടിയുടെ അരികിൽ പോയിരുന്നു.. എൻറെ സഹയാത്രികർ വരാൻ ഇനിയും സമയമുണ്ട് .. ഞാൻ ചെന്നിരുന്നപ്പോൾ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..എന്ത് മനോഹരമായ ചിരി .. അവളുടെ ആ കണ്ണുകൾക്ക് എന്തൊരു പ്രകാശമായിരുന്നു, തലമുടി നല്ല ഭംഗിയായി പിന്നി നിറയെ മുല്ലപ്പു വച്ചിട്ടുണ്ട്...
ഞാൻ അവളോട് ചോദിച്ചു "എന്താ കുട്ടിടെ പേര് ?" അവൾ എന്നെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല ..ഇനി ഈ കുട്ടി അന്യ നാട്ടുകാരിയാണോ , മലയാളം അറിയില്ലേ , അതോ ചെവി കേട്ടുടെ അങ്ങനെ പോകുന്നു എന്റെ ചിന്തകൾ...എൻറെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവൾ പറഞ്ഞു "രശ്മി അതാണ് എൻറെ പേര് ".. ഹാവു എനിക്ക് സമാധാനമായി മലയാളിയാണ് , ചെവിക്കും കുഴപ്പമൊന്നുമില്ല .. പിന്നെ ഞങ്ങൾ വളരെ കൂട്ടായി , അവൾ കാൻസർ രോഗവുമായി വിഷമിക്കുന്നവർക്ക് യോഗയും, അതുപോലെ മറ്റു സഹായങ്ങളുമൊക്കെ ചെയ്തു കൊടുക്കുന്ന ഒരു ട്രസ്റ്റിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ് ..
ശരിയാണ് അവളുടെ കണ്ണുകളിലേയ്ക്ക് നോക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി നമ്മളിലെയ്ക്ക് പ്രവഹിക്കുന്നതുപോലെ തോന്നും , അത്രയ്ക്ക് ഭംഗിയും നിഷ്കളങ്കതയും തോന്നുമായിരുന്നു അവളിൽ..രോഗത്താൽ വലയുന്നവർക്ക് അവൾ ഒരു ആശ്വാസം തന്നെയാവും എന്ന് ഞാൻ മനസ്സിൽ ഓർത്തു..."ഇതുപോലെ ട്രസ്റ്റിൽ അല്ല എങ്കിലും ഞാനും ചെറിയ ഒരു ആതുര സേവകയാണ്" ഞാൻ പറഞ്ഞു ..രശ്മിക്ക് അത് വളരെ സന്തോഷം തോന്നിയതുപോലെ അവളുടെ കണ്ണുകളിൽ നല്ല തിളക്കം..
രശ്മി : ചേച്ചി നിങ്ങൾ സംസാരിക്കുന്നതൊക്കെ ഞാൻ കേൾക്കാറുണ്ട് . പക്ഷെ എൻറെ മനസ്സ് എപ്പോഴും എൻറെ തണൽ ആഗ്രഹിക്കുന്ന ആ രോഗികളുടെ കൂടെ ആണ് , എൻറെ ഉപദേശം കൊണ്ടും , യോഗകൊണ്ടും അവരുടെ രോഗത്തിന് ഒരു ആശ്വാസം കിട്ടുമ്പോൾ അവരുടെ മുഖത്തെ ആ ചിരി അതാണ് എൻറെ സന്തോഷം ... മറ്റു സന്തോഷങ്ങൾ ഞാൻ കാണാറില്ല..
ഞാൻ വളരെ അത്ഭുതത്തോടെ അവളെ നോക്കി ..ഇത്ര ചെറുപ്പത്തിലെ ഈ കുട്ടി എത്ര പക്വതയോടെ സംസാരിക്കുന്നു .. എനിക്ക് അവളോട് കൂടുതൽ സ്നേഹം തോന്നി..
അങ്ങനെ മാസങ്ങൾ കടന്നു പോയി ...ഇത്രയും നാളുകൾ അവളെ കണ്ടതുകൊണ്ടാവാം അന്ന് അവളെ കാണാതായപ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമം ..അന്ന് ഞാനും എൻറെ സഹയാത്രികരോട് മിണ്ടാതെ അവളെപോലെ ട്രെയിനിൻറെ വിൻഡോയിൽ കൂടി പുറത്തേയ്ക്ക് നോക്കിയിരുന്നു ...അവൾ എവിടെ പോയതാവും , ഞാൻ ആലോചിച്ചു ..അവളുടെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല എനിക്ക് ആകെ സങ്കടമായി.. ഹോസ്പിറ്റലിൽ ചെന്നിട്ടു ജോലി ചെയ്യാൻ ഒരു സുഖവുമില്ലായിരുന്നു...കുറച്ചു ദിവസത്തേയ്ക്ക് അവളെ കണ്ടതെ ഇല്ല ..
പിന്നെ അവളെ കണ്ടപ്പോൾ എൻറെ സങ്കടമെല്ലാം അവളെ വഴക്ക് പറഞ്ഞു തീർത്തു .. എന്നാൽ അവളോ അതെല്ലാം പുഞ്ചിരിയോടെ കേട്ടിരുന്നു..പിന്നെ ഒന്നും പറയാൻ തോന്നിയില്ല..മൌനമായി ഞങ്ങൾ രണ്ടുപേരും കുറച്ചു നേരം ഇരുന്നു ...
രശ്മി : ചേച്ചിയുടെ വിഷമം എനിക്ക് മനസ്സിലായി , ഇന്നല്ലെങ്കിൽ നാളെ നമ്മളെല്ലാവരും പിരിഞ്ഞുപോകും , അത് കുറച്ചു നേരത്തെ ആവണം എന്നതിന്റെ ഒരു ട്രയൽ ആയിരുന്നു എൻറെ ആ കുറച്ചു ദിവസത്തെ മാറി നില്ക്കൽ..
അവൾ പറഞ്ഞത് ഒന്നും എനിക്ക് മനസ്സിലായില്ല..എങ്കിലും അതൊന്നും ഭാവിക്കാതെ ശരിയാണെന്ന് മൂളി..
അവൾ ലീവ് കഴിഞ്ഞു വന്നതിനു ശേഷം അവളിൽ ഒരു ക്ഷീണവും വിളർച്ചയും കണ്ടു , അതിനെ പറ്റി ഞാൻ അവളോട് പറഞ്ഞെങ്കിലും അത് യാത്രയുടെ ആവാം എന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി...
എനിക്ക് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റം വന്നു .. അവളുമായുള്ള ആ ഫ്രണ്ട്ഷിപ് ഞങ്ങൾ ഫോൺ വിളിയിലൂടെ മുന്നോട്ടു കൊണ്ടുപോയി ..
ഒരിക്കൽ അവൾ പറഞ്ഞു എന്നെ കാണണം എന്ന് , പക്ഷെ അവൾ പറഞ്ഞ ദിവസം എനിക്ക് വേറൊരു പ്രോഗ്രാം വന്നത് കൊണ്ട് അവളെ കാണാൻ കഴിഞ്ഞില്ല ..പിന്നെ ഒരിക്കൽ പോലും അവൾ എന്നെ വിളിച്ചിട്ടില്ല ..ഞാൻ അവളെ കോണ്ടാക്റ്റ് ചെയ്യാൻ ഒരുപാടു ശ്രമിച്ചു നിരാശ ആയിരുന്നു ഫലം ..
അങ്ങനെ ദിവസങ്ങൾ കടന്നു പോയി .. അവളുടെ തിളക്കമുള്ള കണ്ണുകളും , ആ സ്വരവും എല്ലാം നീര് വറ്റി ഉണങ്ങിയ ഓർമ്മകൾ പോലെ ജീവനില്ലാതെ മനസ്സിൽ കിടന്നു ..
എപ്പോഴും ജനലിൽ കൂടി പുറത്തേയ്ക്ക് നോക്കി ഇരിക്കുന്ന ഒരു രോഗിയെ എനിക്ക് ഹോസ്പിറ്റലിലും കാണാൻ കഴിഞ്ഞു , ആ കാഴ്ച വീണ്ടും രശ്മിയെകുറിച്ചുള്ള ഓർമ്മകളിലേയ്ക്ക് എന്നെ കൂട്ടികൊണ്ടുപോയി .. മൂന്നാല് ദിവസമായി ഞാൻ ആ രോഗിയെ അങ്ങനെ തന്നെ കാണുന്നു ..ആരാണെന്നറിയാൻ മുറിയിലേയ്ക്ക് ചെന്നു ..തലയിൽ കൂടി അവളുടെ ചുരിദാറിന്റെ ഷാൾ ഇട്ടിരുന്നു , അതുകൊണ്ട് മുഖം വ്യക്തമല്ലായിരുന്നു , ഞാൻ മുറിയിലേയ്ക്ക് ചെന്നത് അറിഞ്ഞ് അവൾ തിരിഞ്ഞു നോക്കിയപ്പോൾ , അവളുടെ തലയിൽനിന്നും ഷാൾ ഊർന്ന് താഴെ വീണു ..ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി , മുടിയെല്ലാം പോയി ആകെ ക്ഷീണിത ആയിട്ട് എൻറെ രശ്മികുട്ടി...
എന്നെ കണ്ടതും അവൾ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു , പുഞ്ചിരി മാത്രം നിറഞ്ഞിരുന്ന ആ മുഖത്ത് അന്ന് ഞാൻ കണ്ടത് ദുഖത്തിന്റെ കടലായിരുന്നു ..
ആരോടും ഒന്നും പറയാതെ അവൾ എല്ലാവരിൽ നിന്നും ഉൾവലിഞ്ഞു സ്വയം അന്തർമുഖിയായി മാറിയത് ഇവിടെയ്ക്ക് വരാൻ വേണ്ടിയായിരുന്നോ ? ഞാൻ സ്വയം ചോദിച്ചു...
"എന്താ മോളെ ഇത് ഞാൻ എത്ര പ്രാവശ്യം വിളിച്ചു എന്തിനാണ് നീ ആരോടും ഒന്നും പറയാതെ പോന്നത് .. നിന്റെ കൂടെ ആരും ഇല്ലേ ?"
"അമ്മ ഇല്ല എന്ന് ചേച്ചിക്ക് അറിയാമല്ലോ , പിന്നെ അസുഖത്തിന്റെ കെട്ടുകളിൽ ഉഴലുന്ന പാവം അച്ഛനെ എൻറെ അസുഖത്തെ കുറിച്ച് പറഞ്ഞു വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി ."
അവൾ പറയുന്നത് എല്ലാം ഞാൻ കേട്ടിരുന്നു ..
"ഇനിയിപ്പോൾ എനിക്ക് ഒറ്റ ആഗ്രഹമേ ഉള്ളു .. ഒരൊറ്റ മരണത്തിലൂടെ മോക്ഷം പ്രാപിക്കണം , എൻറെതായി ഒന്നും ഈ ഭൂമിയിൽ ബാക്കി വയ്കാതെയുള്ള മരണം , ഞാൻ പോകുമ്പോൾ ഇവിടം ശൂന്യമാകണം , എന്നെ ഒർമ്മിക്കാനൊ എനിക്ക് വേണ്ടി കൊച്ചു കൊച്ചു കണ്ണീർ പുഷ്പങ്ങൾ അർപ്പികാനൊ ഉള്ള ശക്തമായ ബന്ധങ്ങൾ ഒന്നും തന്നെ ഞാൻ ഉണ്ടാക്കി വയ്ക്കുന്നില്ല " രശ്മിയുടെ ഈ വാക്കുകൾ എന്നെ വല്ലാതെ തളർത്തി..
ഇനിയും ജീവിതത്തിലേയ്ക്ക് തിരിച്ചു വരില്ല എന്ന ഉറച്ച വിശ്വാസം ഉള്ളതുപോലെയാണ് ആ കണ്ണുകൾ പറയുന്നത് ..
ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ..പക്ഷെ അതൊന്നും അവളിലെ ആ വിശ്വാസത്തെ തിരുത്താനുള്ള മാർഗമായിരുന്നില്ല..
"എത്രയോ പേരെ ഞാൻ യോഗയിലുടെ സുഖപ്പെടുത്തിയിരിക്കുന്നു ചേച്ചി ..എന്നിൽ അസുഖത്തിൻറെ ആരംഭം കണ്ടപ്പോൾ മുതൽ ഞാൻ തളർന്നുപോയി.. മരണത്തെ ഞാൻ അടുത്ത് കാണാൻ തുടങ്ങിയിരിക്കുന്നു .." അവൾ പറഞ്ഞു .
ഞാൻ അവിടെ നിന്നും പോകാൻ തുടങ്ങുമ്പോൾ എൻറെ കൈയ്യിൽ പിടിച്ച് അവൾ പറഞ്ഞു " നാളെ ഞാൻ ഡിസ്ചാർജ് ആകും കാണാൻ പറ്റുമോ ?"..
സത്യത്തിൽ അന്ന് എനിക്ക് ഡ്യൂട്ടി ഇല്ലായിരുന്നു എങ്കിലും വരാമെന്ന് പറഞ്ഞു പോന്നു ..അന്നും എന്തോ കാരണത്താൽ അവളെ കാണാൻ കഴിഞ്ഞില്ല ..
പിറ്റേന്ന് ഹോസ്പിറ്റലിൽ ഒരു കത്ത് എല്പ്പിച്ചിരുന്നു ... അതിൽ "ഇനി എന്നെ കാണാൻ പറ്റുമോ എന്നറിയില്ല ..ചിലപ്പോൾ ഫോൺ വിളിച്ചാൽ മറുതലയ്ക്കൽ എടുക്കാൻ ആരും ഉണ്ടാകില്ല , ഞാൻ പോകുമ്പോൾ എന്നിലുള്ള ബന്ധങ്ങൾ എല്ലാം ശൂന്യ മാകണം എന്ന് രശ്മി ", ഇങ്ങനെ എഴുതിയിരുന്നു ..
അങ്ങനെ വർഷങ്ങൾ കടന്നുപോയി തിളക്കമുള്ള കണ്ണുകളും , മനോഹരമായ ചിരിയും നീണ്ട കാർകുന്തൽ നിറയെ മുല്ലപൂക്കൾ വെച്ചിരുന്ന ആ സുന്ദരി കുട്ടിയെ ഞാനും മറന്നു തുടങ്ങിയോ ?
നല്ല നിലാവുള്ള ഒരു രാത്രിയിൽ ആകാശത്ത് കണ്ണ് ചിമ്മി പ്രാർത്ഥിക്കുന്ന നക്ഷത്രകൂട്ടങ്ങളിൽ ഏതെങ്കിലുമൊന്നിൽ രശ്മിയുടെ മുഖം ഉണ്ടാകുമോ ? ഞാൻ വിചാരിച്ചു .
പെട്ടന്നാണ് എൻറെ ഫോൺ റിംഗ് ചെയ്തത് അറിയാത്ത നമ്പർ. ഞാൻ ഫോൺ എടുത്തു . അങ്ങേ തലയ്ക്കൽ നിന്നും " ചേച്ചി ..ഞാൻ രശ്മിയാണ് " എനിക്ക് ഒന്നും മിണ്ടാൻ കഴിയുന്നില്ല എൻറെ നാവ് ഇറങ്ങി പോയോ ?
വീണ്ടും " എന്താ ചേച്ചി ഒന്നും മിണ്ടാത്തെ" ഞാൻ ഒരു 'ഹലോ' മാത്രം പറഞ്ഞു ..
അവൾ ആകാശത്തല്ല ഭൂമിയിൽ ഇന്നും ശോഭയുള്ള നക്ഷത്രമായി ജ്വലിച്ചു നില്ക്കുന്നു എന്നറിഞ്ഞപ്പോൾ എൻറെ സന്തോഷത്തിന് അതിരില്ലായിരുന്നു ..
"നാളെ നമ്മുടെ പഴയ ആ പാസ്സിഞ്ചെരിൽ ഒന്ന് വരുമോ ചേച്ചി .." ഞാൻ പറഞ്ഞു "വരാം.."
ഒരിക്കൽ കൂടി അതെ പാസ്സിന്ചെറിൽ ഞാൻ യാത്ര ചെയ്തു ..ലേഡീസ് കമ്പാർട്ട്മെന്റിൽ അവൾ ഉണ്ടായിരുന്നില്ല .. സ്റ്റേഷനിൽ വണ്ടി നിർത്തി ഞാൻ പുറത്തിറങ്ങി , അവളെ കാണാൻ പറ്റിയില്ല എന്ന വിഷമം മനസ്സിൽ നീറി പുകഞ്ഞു ..ഇനി എൻറെ തോന്നൽ ആയിരുന്നോ ഇതെല്ലാം , ചിന്തകൾ മുറവിളികൂട്ടി ഞാൻ നിൽക്കുമ്പോൾ തൊട്ടടുത്ത കമ്പാർട്ട്മെന്റിൽ നിന്നും അവൾ ഇറങ്ങുന്നു ..
അവൾ നേരത്തെതിലും സുന്ദരിയായി തോന്നി , അവളുടെ കൈയ്യിൽ തൂങ്ങി ഒരു കൊച്ചു സുന്ദരി കുട്ടിയും , തൊട്ടുപുറകെ കാണാൻ ഒരു ചന്ദമൊക്കെയുള്ള ഒരു പയ്യനും .. എന്നെ കണ്ടതും അവർ അരികിലേയ്ക്ക് വന്നു ..
ആ വരവ് കണ്ണിന് ആനന്ദം നല്കുന്നതായിരുന്നു , ശൂന്യത മാത്രം അവശേഷിപ്പിച്ചു പോകാൻ തുടങ്ങിയവൾ ഇന്ന് ഒരുപാടു രോഗികൾക്ക് തണലുകൾ നല്കാൻ ജീവിതത്തിലേയ്ക്ക് തിരികെ വന്നിരിക്കുന്നു ... ദൈവം വലിയവൻ തന്നെ ......!