Sunday 11 December 2016

ഊഴം.....

''കാലം തെറ്റിപ്പെയ്യുന്ന ഈ മഴ സർവ്വനാശം വിതയ്ക്കുമല്ലോ .. എന്തൊരു മഴയാണ് .. ശ്യാമേ ദേ നോക്കിക്കേ മീനച്ചിലാറ് കരകവിഞ്ഞൊഴുകാറായി ..'' രതീഷ് പറഞ്ഞു .

സീറ്റിലേക്ക് ചാരിയിരുന്ന് ഉറങ്ങുകയല്ലെങ്കിലും ചെറിയ മയക്കത്തിലായിരുന്നു ശ്യാമ .. രതീഷിൻറെ സംസാരം കേട്ട് അവൾ മയക്കത്തിൽനിന്നും എഴുന്നേറ്റു ..

ശരിയാണ് രതീഷ് പറഞ്ഞത് ആരെയോ വിഴുങ്ങാൻ പോകുന്നതുപോലെ അലറിപ്പാഞ്ഞൊഴുകുകയാണ് മീനച്ചിലാറ് .. ശ്യാമ ഭീതിയോടെ ആ ഒഴുക്ക് നോക്കിയിരുന്നു ..
ശക്തമായ മഴ കാരണം രതീഷിന് ഡ്രൈവ് ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല .. അയാൾ വണ്ടി സൈഡ് ഒതുക്കി നിർത്തി ..
''ഏതു നേരത്താണോ ഇങ്ങനെയൊരുയാത്ര പ്ലാൻ ചെയ്തത് ?''.. എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു രതീഷിൻറെ മുഖത്ത് .
ശ്യാമ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .. കാരണം അമ്മയുടെ നാട്ടിലേക്ക് യാത്രപോകണം എന്നത് അവളുടെ മാത്രം ആഗ്രഹമായിരുന്നു ..അമ്മവീട്ടിൽ നിന്നു പഠിച്ച ശ്യാമയ്ക്ക് ഒരിക്കലും മറക്കാൻ കഴിയില്ലായിരുന്നു ആ നാട് .. ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു അവിടെ .. അവരെയൊന്നും അവൾക്ക് മറക്കാൻ കഴിയില്ല ..
പനയോലകൊണ്ട് ചെറിയ വീട് കെട്ടി അതിൽ കഞ്ഞിയും കറിയുംവച് കളിച്ചും , കാപ്പിത്തോട്ടങ്ങളിൽ സാറ്റെണ്ണി കളിച്ചും .. പച്ചപ്പട്ടുടുത്ത പാടത്ത് സ്വർണ്ണപ്പക്കിയെപിടിച്ചും .. അങ്ങനെ എന്തെല്ലാം രസങ്ങളായിരുന്നു ആ ബാല്യം എന്ന് അവളോർത്തു .. എന്നാലും ആ നല്ല നിമിഷങ്ങളുടെ ഇടയിലും മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു ആ നൊമ്പരം ..
അമ്മവീട്ടിൽ ഇപ്പോൾ അമ്മാവനും അമ്മായിയും മുത്തശ്ശിയുമാണ് ഉള്ളത് .. അമ്മാവൻറെ മക്കൾ പഠിക്കുകയാണ് , മുത്തശ്ശിയ്ക്ക് യാത്രയൊന്നും ചെയ്യാൻ വയ്യ , അതുകൊണ്ട് കുഞ്ഞിനെ മുത്തശ്ശിയെ കാണിക്കാൻ ആണ് ഇപ്പോഴുള്ള ഈ യാത്ര .
''ശ്യാമേ .നമുക്ക് തിരിച്ചു പോയാലോ ? .. ഇനിയും ഒരു മണിക്കൂർ ഉണ്ട് യാത്ര '' .. രതീഷ് അല്പം നീരസത്തോടെ തന്നെ ചോദിച്ചു ..
അതിന് മറുപടിയൊന്നും പറയാതെ ഗ്ളാസ്സിലേക്ക് വന്നു വീഴുന്ന വെള്ളത്തുള്ളികളുടെ ഒഴുക്കിനെ നോക്കി അവളിരുന്നു ... രതീഷിന് തുരുതുരാ ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു .
''നാശം ഈ മഴകാരണം മുന്നോട്ടു പോകാൻ കഴിയാതെ വണ്ടി വഴിയിൽ ഒതുക്കിയിരിക്കുകയാണ് .. എന്ത് ചെയ്യാനാ അവളുടെ നിർബന്ധമല്ലേ ..'' അങ്ങേ തലയ്ക്കൽ രതീഷിൻറെ അമ്മയാണെന്ന് ശ്യാമയ്ക്ക് മനസ്സിലായി ..
അവരുടെ സംസാരം ശ്രദ്ധിക്കാത്തതുപോലെ അവൾ കുഞ്ഞിന് തണുപ്പടിക്കാതെ സ്വെറ്ററിനുള്ളിൽ പൊതിഞ്ഞു ..
മഴ ശകലമൊന്നു ശമിച്ചപ്പോൾ അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു .. വീണ്ടും യാത്ര തുടർന്നു ..
''ശ്യാമേ ദേ ..ഒരുകാര്യം പറഞ്ഞേക്കാം .. അവിടെ ചെന്നാൽ അധികസമയം നിൽക്കരുത് . പെട്ടന്നു തന്നെ തിരിച്ചു പോരണം . ഇതുപോലെ മഴയാണെങ്കിൽ രാത്രിയിൽ ഒരുപാട് വൈകും തിരികെയെത്താൻ ''. രതീഷ് യാത്രയുടെ ആവലാതികൾ ശ്യാമയെ ബോധിപ്പിക്കാൻ ശ്രമിച്ചു .
''രതീഷേട്ടാ നമുക്ക് രണ്ടു ദിവസം കഴിഞ്ഞു പോരാമെന്നേ .. മുത്തശ്ശിക്കും അതൊരു സന്തോഷമാകും ..''
'' നീ എന്താ ഈ പറയുന്നത് ? അപ്പോൾ ഞാൻ ഇത്രയും നേരം പറഞ്ഞതൊന്നും നീ ശ്രദ്ധിച്ചില്ലേ ?'' . രതീഷിന് ദേഷ്യം വന്നു .. ശ്യാമ വെറുതെ ചിരിച്ചു .
വണ്ടി വീട്ടിൽ എത്തി . മുത്തശ്ശി വാതുക്കൾതന്നെ ഇരിപ്പുണ്ടായിരുന്നു ..
''ആരാ അത് ?'' ..അവരെ കണ്ടതും ദൂരെക്കാഴ്ചയില്ലാത്ത മുത്തശ്ശി .. കണ്ണിനുമീതെ കൈമറച്ചുപിടിച് ചോദിച്ചു .
അപ്പോഴേയ്ക്കും ശ്യാമയുടെ അമ്മാവൻ പുറത്തേക്ക് ഇറങ്ങിവന്നു ..
'' അമ്മേ ഇത് നമ്മുടെ ശ്യാമയും രതീഷുമാണ് ''.
മുത്തശ്ശിക്ക് സന്തോഷമായി ..
''അകത്തേക്ക് വരൂ .. എന്ത് തോന്നി ഇങ്ങോട്ടൊക്കെ ഇറങ്ങാൻ ?'' .. അമ്മാവൻറെ മുനവച്ചുള്ള ചോദ്യം രതീഷിന് അത്രസുഖിച്ചില്ലെങ്കിലും അത് പുറത്തുകാട്ടാതെ അയാൾ ചിരിച്ചു ..
ശ്യാമ കുഞ്ഞിനേയുംകൊണ്ട് മുത്തശ്ശിയുടെ അരികിൽ തന്നെയിരുന്നു , നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പറഞ്ഞു സമയം പോയത് അറിഞ്ഞില്ല .. രതീഷിനും ആദ്യമൊക്കെ ഒരു അകൽച്ചയായിരുന്നുവെങ്കിലും പിന്നീട് അമ്മാവൻറെ കൂടെ കൂടി .. അപ്പോഴും പുറത്ത് മഴയുടെ ശക്തി കൂടി വരുന്നതല്ലാതെ കുറയുന്ന ഭാവം കാണുന്നില്ല ..
''ഇന്നിനി യാത്ര വേണ്ട രതീഷേ .. നല്ല മഴയാണ് നിങ്ങൾ തിരികെയെത്തുമ്പോൾ ഒരുപാടു വൈകും .. നല്ല കാറ്റുമുണ്ട് ..നാളെ പോയാൽ മതി .'' അമ്മാവൻ പറഞ്ഞു .
''അയ്യോ അമ്മാവാ ..ഇന്ന് തന്നെ ചെല്ലണം .. വീട്ടിൽ അങ്ങനെ പറഞ്ഞാണ് പോന്നത് ..''
ഇത് കേട്ട് മുത്തശ്ശിയും അമ്മായിയും അമ്മാവൻറെ അഭിപ്രായത്തോട് യോജിച്ചു നില്ക്കുകയാണ് .. എന്ത് ചെയ്യാം മുതിർന്നവർ പറയുന്നത് കേട്ടില്ലെങ്കിൽ അത് അഹങ്കാരമാവില്ലേ .. അതുകൊണ്ട് മനസ്സില്ലാമനസ്സോടെ രതീഷിന് അവരുടെ തീരുമാനത്തിന് വഴങ്ങേണ്ടി വന്നു ..
ആ തീരുമാനം ശ്യാമയ്ക്കും സന്തോഷമായി ..
സമയം സന്ധ്യ കഴിഞ്ഞു .. ഇരുട്ടായി തുടങ്ങി . ശ്യാമ കുഞ്ഞിനെ ഉറക്കിയിട്ട് റൂമിലെ ജനലിൽ കൂടി പുറത്തേക്ക് നോക്കിയിരുന്നു . രതീഷ് ഇതിനിടയിൽ എന്തൊക്കെയോ വന്നു പറഞ്ഞു .. എന്നാൽ തട്ട് തട്ടായുള്ള കയ്യാലയ്ക്ക് മുകളിലെ തോമസിൻറെ വീട്ടിലായിരുന്നു ശ്യാമയുടെ ശ്രദ്ധ .
നാടും അവിടെയുള്ള വീടുകളും വികസിച്ചെങ്കിലും തോമസിൻറെ വീട് മാത്രം ഇന്നും പഴയ സ്മാരകംപോലെ നില്ക്കുന്നു .. വാതുക്കൽ 60 വാട്ടിന്റെ ബൾബ് മിന്നാമിനുങ്ങിൻറെ നുറുങ്ങു വെട്ടംപോലെ കത്തി നില്പ്പുണ്ട് ..
മേരിക്കുട്ടിചേച്ചിയും , മാത്യുസ് ചേട്ടനും എന്തായിരിക്കും വിശേഷങ്ങൾ ? ആൻസിയുടെ കല്യാണം കഴിഞ്ഞിട്ടുണ്ടാകും ? തോമസുകുട്ടി ..! അവൻ മാത്രം ഇന്നില്ല .. ശ്യാമ ഓർത്തു .
രതീഷ് ആരെയോ ഫോൺ ചെയ്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട് .. പുറത്ത് സൈക്കിളിൻറെ ബെല്ലടിക്കുന്നത് കേട്ട് ശ്യാമ വാതുക്കലേക്ക് ചെന്നു.. രതീഷും സംസാരം അവസാനിപ്പിച് അങ്ങോട്ടു ചെന്നു .
മാത്യുസ് ചേട്ടൻ ..പ്രായത്തിലും കൂടുതൽ വയസ്സായതുപോലെ അവൾക്ക് തോന്നി .. തലമുടിയിൽ ഒരു കറുപ്പ് നിറംപോലുമില്ല , മുഴുവൻ നരച്ചിരിക്കുന്നു .. വല്ലാതെ ക്ഷീണിച്ചിട്ടുണ്ട് ..ശ്യാമ അയാളെത്തന്നെ നോക്കി നിന്നു .. തന്നെ മനസ്സിലായിക്കാണുമോ ? അതോ ഓർമ്മയുടെ ശകലങ്ങളും മാഞ്ഞുപോയിട്ടുണ്ടാവുമോ ? ശ്യാമ ഓരോന്ന് ചിന്തിച്ചു നിന്നു .
'' ഇതാരാ പിള്ളേച്ചാ .. നിങ്ങളുടെ വീട്ടിൽ പുതിയ അതിഥികൾ ?'' . മാത്യുസ് ചോദിച്ചു .
''നീയറിയില്ലേ ഇവളെ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ ?''..
'' ആ എനിക്കറിയില്ല .. ലേശം കഴിച്ചിട്ടുണ്ടേ .. അതുകൊണ്ട് ഇപ്പോൾ ആരാണെന്ന് ചോദിച്ചാൽ ഞാൻ എങ്ങനെ പറയാനാ എൻറെ പിള്ളേച്ചാ ''.
'' അതുശരിയാ .. ഈ പതിവ് തുടങ്ങിയിട്ട് കാലം കുറെ ആയല്ലോ .. എന്നാൽ ശരി മഴ വരുന്നുണ്ട് .. ഇനി ഈ സൈക്കിളും തള്ളി അങ്ങ് മുകളിൽവരെ എത്തണ്ടേ .. മഴയും വരുന്നുണ്ട് .. വേഗം വിട്ടോ .. അവിടെ മേരിക്കുട്ടി വിഷമിച്ചിരിക്കുന്നുണ്ടാവും ..'' അമ്മാവൻ പറഞ്ഞു .
'' ഹാ.. എന്നാലും ഇവർ ആരെന്ന് പറയൂ പിള്ളേച്ചാ ..'' മാത്യുസ് ചേട്ടൻ പോകാനുള്ള പ്ലാൻ ഇല്ല ..
'' എടാ ഇത് നിൻറെ ശ്യാമക്കുഞ്ഞാണ് .. അവളുടെ കെട്ടിയോൻ ആണ് കൂടെ നില്ക്കുന്നത് ..''
അയാളുടെ കണ്ണിൽ കണ്ണുനീർ തുള്ളികൾ ഉരുണ്ടുകൂടുന്നു ..അവയിൽ മഴവിൽ ചിത്രങ്ങൾ തെളിഞ്ഞു വന്നു ..
''എൻറെ ശ്യാമകുഞ്ഞാണോ ഇത് ..? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ..'' മാത്യുസ് പറഞ്ഞു .
''രതീഷ് അറിയുമോ മാത്യുസിനെ ?'' അമ്മാവൻ ചോദിച്ചു .
''ഇല്ല .. എന്നാലും ശ്യാമ എപ്പഴോ പറഞ്ഞിട്ടുണ്ട് ഈ പേര് ''.
''എന്താ ശ്യാമക്കുഞ്ഞേ വിശേഷങ്ങൾ ? എൻറെ കൂട്ടുകാരൻ മാധവേട്ടൻ എന്തുപറയുന്നു ? സുഖമല്ലേ അദ്ദേഹത്തിന് ?''
'' അച്ഛൻ ..! '' ശ്യാമ പകുതിയിൽ നിർത്തി ..
'' എടാ നീ എന്താ ഈ ചോദിക്കുന്നേ? .. മാധവൻ മരിച്ചുപോയത് നീ അറിഞ്ഞില്ലേ ? അതെങ്ങനാ ഓർമ്മകളെ കെടുത്തുന്ന സാധനമല്ലേ ദിവസവും ഉള്ളിലേക്ക് കൊടുക്കുന്നത് .'' അമ്മാവന് ചെറുതായി ദേഷ്യം വന്നുവെന്ന് ശ്യാമയ്ക്ക് തോന്നി ..
''ഓ അതോർത്തില്ല പിള്ളേച്ചാ .. എല്ലാം മറക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ കുടിക്കുന്നത് ..കുടിക്കാതിരുന്നാൽ ഓരോന്ന് ഓർത്തു കിടക്കും ഉറക്കം വരില്ല പിള്ളേച്ചാ .. എൻറെ തോമസുകുട്ടി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ശ്യാമക്കുഞ്ഞിന്റെ അത്രയും ആയേനെ .. എന്നാ ചെയ്യാനാ കർത്താവ് അവനെ നേരത്തേയങ്ങു വിളിച്ചു ..'' മാത്യുസ് ചേട്ടൻ പഴയതൊക്കെ പറയാൻ തുടങ്ങി .
''മതി മതി നീ വേഗം വീട്ടിൽ ചെല്ല് ..ദേ അടുത്ത മഴ വരുന്നുണ്ട് .. ഇവര് നാളയെ പോകു ..'' അമ്മാവൻ പറഞ്ഞു .
നിലത്തുറയ്ക്കാത്ത കാലുമായി സൈക്കിളിൽ അള്ളിപ്പിടിച്ചു പോകുന്ന മാത്യുസിനെ ശ്യാമയും രതീഷും നോക്കി നിന്നു ..മഴ ആർത്തലച്ചു വന്നു ..പെട്ടന്ന് കറന്റ്‌ പോയി .. എങ്ങും ഇരുട്ട് , മാത്യുസ് ചേട്ടൻറെ പാട്ട് ഉച്ചത്തിൽ കേൾക്കാം.. കർത്താവിനോടുള്ള എണ്ണിപ്പെറുക്കലാണ് ആ പാട്ടിൽ നിറയെ .. രതീഷ് ആ പാട്ട് ശ്രദ്ധിച്ചങ്ങനെ നിന്നു ..
മെഴുകുതിരി വെളിച്ചവുമായി അമ്മായി എത്തി ..
''എന്താ അമ്മാവാ .. മാത്യുസ് ചേട്ടൻറെ തോമസുകുട്ടിക്ക് പറ്റിയത് ?''. രതീഷ് ചോദിച്ചു ..
''നാളെ തോമസിൻറെ ആണ്ടാണ് .. അതാ മാത്യുസിന് ഇത്രയും സങ്കടം .. പാവം എന്ത് ചെയ്യാനാ എല്ലാം വിധിയുടെ വിളയാട്ടം അല്ലെ ..''
അമ്മാവൻ ഓരോന്ന് പറഞ്ഞു നെടുവീർപ്പിട്ടു ..
''ശരിയാണ് ഇങ്ങനെ കാലം തെറ്റി പെയ്ത മഴയാണ് ആ ദുരന്തത്തിന് കാരണം .'' ശ്യാമ പിറുപിറുത്തു ..
രതീഷ് ശ്യാമയെ നോക്കി .. '' എന്താ ശ്യാമേ ..?'' . രതീഷ് ചോദിച്ചു .
''അവൾക്കും അറിയാം രതീഷേ അന്ന് സംഭവിച്ചത് .. കാരണം ഇവരെല്ലാം അതിന് ദൃക്‌സാക്ഷികളാണ് ''..
എന്താണ് സംഭവിച്ചതെന്ന് രതീഷ് വീണ്ടും ചോദിച്ചു ..
അമ്മാവൻ പറഞ്ഞു തുടങ്ങി ..'' അന്ന് ശ്യാമയുടെ അച്ഛൻ ജോലിസ്ഥലത്തായിരുന്നു ഇവളുടെ അമ്മയും അനിയത്തിയും ഇവളുടെ അച്ഛൻവീട്ടിൽ ആയിരുന്നു താമസം .. ശ്യാമയെ ഇവിടെ നിർത്തിയാണ് പഠിപ്പിച്ചത് ..
എന്നും രാവിലെ മാത്യുസ് കടയിൽ പോകുമ്പോൾ ശ്യാമയേയും , തോമസുകുട്ടിയെയും സൈക്കിളിൽ സ്കൂളിൽ ആക്കുമായിരുന്നു.. വൈകിട്ട് ഇവർ നടന്നു പോരും ..
വിവാഹം കഴിഞ്ഞു ഒത്തിരി വർഷം കഴിഞ്ഞാണ് തോമസുകുട്ടി ഉണ്ടായത് .. മാത്യുസ് എപ്പോഴും പറയുമായിരുന്നു കർത്താവിന്റെ മുന്നിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു കിട്ടിയതാണെന്നും അതുകൊണ്ട് അവനെ അച്ഛൻ പട്ടത്തിന് വിടണം എന്നൊക്കെ .. എന്നാൽ മേരിക്കുട്ടിക്ക് അതിഷ്ടമായിരുന്നില്ല .. അതെ ചൊല്ലി മിക്ക ദിവസങ്ങളിലും അവിടെ നിന്നും പൊട്ടലും ചീറ്റലും കേൾക്കാറുണ്ട് ..എല്ലാ കാര്യങ്ങളും തോമസുകുട്ടി ശ്യാമയോട് പറയുമായിരുന്നു .. നല്ലകൂട്ടുകാരായിരുന്നു ഇവർ.
ഏത് ആഘോഷങ്ങളിലും ശ്യാമയും , തോമസും ഇവരുടെ കൂടെ കുറെ കൂട്ടുകാരും ഉണ്ടാവും .. വികൃതികൾ ഒരുപാടു കാട്ടിയിരുന്നു .. നാട്ടുകാരുടെ പരാതി തീർക്കാനേ എനിക്കന്ന് നേരമുണ്ടായിരുന്നുള്ളു .. അങ്ങനെ എല്ലാ വികൃതികളും ആഘോഷമാക്കി മാറ്റി ഇവരുടെ ബാല്യം .. തോമസുകുട്ടി പഠിത്തത്തിൽ മിടുക്കനായിരുന്നു .. അതുപോലെ തന്നെ സംഗീതം മറ്റു ആക്ടിവിറ്റീസ് എന്തിന് അധികം പറയുന്നു ഒരു സർവ്വ കാലാവല്ലഭനായിരുന്നു .
ഒരിക്കൽ അവനെന്നോട് ഒരാഗ്രഹം പറഞ്ഞു .. അവനൊരു വയലിൻ വാങ്ങി കൊടുക്കണമെന്ന് . സ്കൂളിൽ വയലിൻ പഠിപ്പിക്കുന്നുണ്ട് ..പക്ഷേ അവനു മാത്രം വയലിൻ ഇല്ല .. അവന്റെ അപ്പച്ചന്റെ കൈയ്യിൽ വയലിൻ വാങ്ങാനുള്ള കാശില്ല എന്നവനറിയാമായിരുന്നു .. അവന്റെ പിറന്നാളിന് വയലിൻ സമ്മാനമായി നല്കണമെന്ന് ഞാനും തീരുമാനിച്ചു .. എന്നാൽ അക്കാര്യം ഞാൻ അവനോടു പറഞ്ഞിരുന്നില്ല .. ഓരോ ദിവസവും ഞാൻ ജോലികഴിഞ്ഞു വരുമ്പോൾ അവൻ എന്റെ അരികിലേക്ക് ഓടിവരുമായിരുന്നു .. വയലിന്റെ കാര്യം ചോദിക്കും , അപ്പോഴൊക്കെ ഞാൻ തരാമെന്നു പറഞ്ഞു പ്രതീക്ഷ കൊടുത്തു.. കുറച്ചു ദിവസം കഴിഞ്ഞാൽ അവന്റെ പിറന്നാൾ ആയിരുന്നു .. ഇതിനിടയിൽ അവൻ ശ്യാമയോട് വയലിൻ വാങ്ങി കൊടുക്കാത്തതിന് പരാതി പറഞ്ഞുവെങ്കിലും അന്ന് ഞാനത് ചിരിച്ചു തള്ളി .. പിന്നീട് അവൻ അതെപ്പറ്റി ചോദിച്ചില്ല .. എന്നാൽ അവന്റെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ അവന് വയലിൻ വാങ്ങി വച്ചിട്ടുണ്ടെന്നും പിറന്നാളിന് തരാമെന്നും പറയണമെന്നുണ്ടായിരുന്നു .. അന്ന് ഞാനത് പറഞ്ഞിരുന്നെങ്കിൽ അവന്റെ ചിരിക്കുന്ന മുഖം ഇന്നും എന്റെ മനസ്സിൽ തെളിഞ്ഞു നില്ക്കുമായിരുന്നു.. പക്ഷേ എന്തോ അന്നെനിക്കത് പറയാൻ തോന്നിയില്ല ..
നമ്മൾ ഒന്ന് ചിന്തിക്കുന്നു ദൈവം മറ്റൊന്ന് വിധിക്കുന്നു .. ദൈവത്തിന്റെ വിധി ഇന്നതാണെന്ന് ആർക്കാണ് മുൻകൂട്ടി അറിയാൻ കഴിയുക .. എല്ലാം അറിയാനുള്ള കഴിവ് തന്നിരുന്നുവെങ്കിൽ മനുഷ്യനും ദൈവവും തമ്മിൽ എന്താണ് വ്യത്യാസം അല്ലെ .. 'വിധി' എന്ന വാക്കും നിഘണ്ടുവിൽ ഉണ്ടാകില്ലായിരുന്നു .
വിധി എന്ന് പറയുന്നത് ഇതാണ് കാരണം , കടലിൽ ന്യുന മർദ്ദം ശക്തമായകാറ്റും മഴയും , കുട്ടികൾ വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോൾ പുഴയുടെ ഒഴുക്ക് ഇവർക്കൊരു രസമായി തോന്നി .. ബുക്കിൻറെ താളുകൾ കീറിയെടുത്ത്‌ ചെറിയ വള്ളങ്ങൾ ഉണ്ടാക്കി ഒഴുക്കിക്കളിക്കുന്നതിനടിയിൽ തോമസുകുട്ടിയുടെ കാൽ വഴുതി അവൻ പുഴയിൽ വീണു .. മഴ ശക്തമായിരുന്നു ..പുഴയിലെ ജലനിരപ്പ് കൂടി വന്നു . ശ്യാമയും മറ്റു കുട്ടികളും പേടിച്ചുപോയി . അവർ എൻറെ അടുത്തു വന്ന് ഇക്കാര്യം പറയുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കുഴങ്ങി .. ഒരു തിരച്ചിൽ നടത്താൻ മലവെള്ളപ്പാച്ചിലിൽ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല .. അവനുവേണ്ടി ഈ നാടുമുഴുവൻ പ്രാർത്ഥനയിൽ ആയിരുന്നു .. പക്ഷേ വിധി മറ്റൊന്നായിരുന്നു ..! അവൻ ഒഴുക്കിൽപ്പെട്ട മൂന്നാം നാൾ തൊട്ടടുത്ത കുറ്റിക്കാട്ടിൽ പുഴയുടെ താണ്ഡവത്തിൽ ചവച്ചുതുപ്പിയതുപോലെ ചേതനയറ്റ അവൻറെ കുഞ്ഞു ശരീരവും കിട്ടി .. അന്ന് അവൻറെ പിറന്നാൾ ആയിരുന്നു ..!
എന്നോട് ആദ്യമായി ആവശ്യപ്പെട്ട വയലിൻ അവൻറെ കുഴിമാടത്തിനു മുകളിൽ വയ്ക്കാനെ സാധിച്ചുള്ളു . ഒരുപക്ഷേ അവൻ സ്വർഗ്ഗത്തിലുരുന്നു വയലിൻ വായിക്കുന്നുണ്ടാവും .. ഇന്നും എനിക്ക് ആ ദിവസം മറക്കാൻ കഴിയുന്നില്ല .. '' അമ്മാവൻ എല്ലാം പറഞ്ഞവസാനിച്ചപ്പോൾ .. എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞു .. ശ്യാമ ഏങ്ങലടിച് കരയുകയായിരുന്നു .. രതീഷിനും സങ്കടമായി ..
'' സംസാരിച്ചിരുന്ന് നേരം ഒരുപാട് ആയി .. പോയി കിടന്ന് ഉറങ്ങിക്കോളൂ .. നാളെ രാവിലെ പോകേണ്ടതല്ലേ ''. അമ്മാവൻ മുറിയിലേക്ക് പോയി .. അപ്പോഴേയ്ക്കും കറന്റും വന്നിരുന്നു ..മുറിയുടെ ജനലിലൂടെ രതീഷ് കയ്യാലക്ക് മുകളിൽ ഒറ്റപ്പെട്ട് നില്ക്കുന്ന തോമസുകുട്ടിയുടെ വീട്ടിലേക്ക് നോക്കി .. അവിടെ മിന്നാമിനുങ്ങിൻറെ വെളിച്ചം പോലെ പ്രകാശം കുറഞ്ഞ ബൾബ് കത്തി നില്പ്പുണ്ടായിരുന്നു ..
എങ്ങു നിന്നോ വയലിൻ വായന കേൾക്കുന്നതുപോലെ രതീഷിന് തോന്നി .. പിറ്റേന്ന് രാവിലെ നേരത്തെ ഉണർന്ന രതീഷ് പേപ്പർ വെട്ടിയെടുത്ത് കുറെ കളിവള്ളങ്ങൾ ഉണ്ടാക്കി വച്ചു .. അപ്പോഴും പുറത്ത് നല്ല മഴപെയ്യുന്നുണ്ടായിരുന്നു ..കാലം തെറ്റിപ്പെയ്യുന്ന മഴ .!
ശ്യാമയെ വിളിച്ചുണർത്തി .. തോമസുകുട്ടിയുടെ അപ്പന്റേയും അമ്മച്ചിയുടേയും കൂടെ അവരും പള്ളിയിൽ പോയി തോമസുകുട്ടിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു ..
തിരികെ വന്ന് എല്ലാവരോടും യാത്രപറഞ്ഞുപോകുമ്പോൾ രതീഷ് ആ കളിവള്ളങ്ങൾ എടുക്കാൻ മറന്നില്ല .. ശ്യാമ എന്താണെന്ന് മനസ്സിലാകാതെ രതീഷിനെ നോക്കി .. അവൻ മറുപടിയൊന്നും അവൾക്ക് കൊടുത്തില്ല .. മീനച്ചിലാറിൻറെ കരയിലൂടെ കാറ് പതുക്കെ നീങ്ങി .. ശ്യാമയുടെ മുഖത്ത്‌ എന്തോ അത്ഭുതം സംഭവിക്കുന്നതുപോലൊരു ഭാവമായിരുന്നു .. ഇന്നലെ വരെ വെളുപ്പിന് പോകണമെന്ന് പറഞ്ഞയാൾ ഇന്ന് വളരെ ശാന്തം എന്താവും ഇത് ? ശ്യാമ ഓർത്തു .
രതീഷ് കാറ് മീനച്ചിലാറിൻറെ തീരം ചേർത്ത് നിർത്തി .. കാറിൽ നിന്നും അയാളുണ്ടാക്കിവച്ച കളിവള്ളങ്ങൾ ആർത്തലച്ചൊഴുകുന്ന പുഴിയിലേക്ക് ഓരോന്നായി ഒഴുക്കിവിട്ടു .. പുഴയുടെ ഓളങ്ങളിൽ അവയോരോന്നും ഒഴുകിയകലുന്നത് അയാൾ നോക്കി നിന്നു .. അതിൽ ഒരു കളിവള്ളം പുഴയുടെ ആഴങ്ങളിലേക്ക്‌ കറങ്ങി താഴാൻ തുടങ്ങി .. അവിടെ രണ്ട് കുഞ്ഞു കൈകൾ 'രക്ഷിക്കൂ ..' എന്ന് പറയുന്നതുപോലെ അയാൾക്ക് തോന്നി .. രതീഷിന് തലകറങ്ങുന്നതുപോലെ .. ആ ചുഴി തന്നെ മാടി മാടി വിളിക്കുന്നതുപോലെ ..! അയാൾ വേച്ചു വീഴാൻ തുടങ്ങിയപ്പോൾ ദൈവത്തിൻറെ കരങ്ങൾപോലെ ആരോ അയാളെ താങ്ങി .. രതീഷ് തിരിഞ്ഞു നോക്കിയപ്പോൾ അത് മാത്യുസ് ആയിരുന്നു .. തോമസുകുട്ടിയുടെ അപ്പച്ചൻ ..
''മോനെ സൂക്ഷിക്കണം .. ഈ ജീവിതം കുറച്ചേയുള്ളു . എൻറെ തോമസുകുട്ടിയെപ്പോലെയാണ് എനിക്ക് ശ്യാമക്കുഞ്ഞും . അവളേയും കുഞ്ഞിനേയും അനാഥരാക്കരുത് .. പോകു .. ഇനിയും കാലം തെറ്റിവരുന്ന വിധിയെ തടുക്കാൻ ദൈവം നിനക്ക് ശക്തി തരട്ടെ ..'' അയാൾ പറഞ്ഞു .
രതീഷ് കാറിൽ കയറി തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരേയും കണ്ടില്ല .. സത്യത്തിൽ അത് മാത്യുസ് ചേട്ടൻ ആയിരുന്നോ ? അതോ അദ്ദേഹത്തിൻറെ ദൈവമായ കർത്താവായിരുന്നോ ?.. അതോ ഞാൻ വിളിക്കുന്ന ദൈവങ്ങളാണോ ?. ആരായിരിക്കും അത് ? രതീഷ് ഓരോന്നാലോചിച് ഡ്രൈവ് ചെയ്തുകൊണ്ടേയിരുന്നു ..
ശ്യാമ ഇതൊന്നുമറിയാതെ പാതിമയക്കത്തിലേക്ക് വഴുതി വീണിരുന്നു ..
അപ്പോഴും പുറത്ത് കാലം തെറ്റിപ്പെയ്യുന്ന മഴയുടെ ഗർജ്ജനം നിലച്ചിരുന്നില്ല .. ..... !

8 comments:

  1. ഒരു വയലിൻ വായന കേട്ടതുപോലെ ഒരു തോന്നൽ.

    ഹൃദ്യം കേട്ടോ!!!!!

    ReplyDelete
  2. ആസ്വാദ്യകരമായ വായനയിലേക്ക് കൂട്ടിക്കൊണ്ടുപോയി..
    മനോഹരമായിട്ടുണ്ട് ആഖ്യാനശൈലി.
    അവസാനഭാഗത്തെ സംഭവങ്ങള്‍ ഒഴിവാക്കണമെന്നാണ് ഞാന്‍ പറയുക...
    "കാലം തെറ്റിപ്പെയ്യുന്ന മഴ .!"സന്ദര്‍ഭാനുസരണം ഇവിടെവെച്ച് നിര്‍ത്തിയാല്‍ കഥയ്ക്ക്‌ ഒന്നുകൂടി തിളക്കമേറുമെന്നാണ് എന്‍റെ അഭിപ്രായം.
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം ഈ വായനയ്ക്കും അഭിപ്രായത്തിനും ..

      Delete
  3. വിധിയുടെ താണ്ഡവത്തിൽ മറഞ്ഞ്
    പോയവന് ഇതിൽ പരം അനുസ്മരണം
    കൊടുക്കുവാൻ വേറെ എന്ത് ... അല്ലെ

    ReplyDelete
  4. അതേ .. സന്തോഷം ഇവിടെ വന്നതിനും , അഭിപ്രായത്തിനും

    ReplyDelete
  5. രതീഷിന്റെ മനം മാറ്റത്തിന് യുക്തിസഹമായ ഒരു കാരണം കണ്ടു പിടിക്കാൻ വായനക്കാരന് കഴിയുന്നില്ല. കഥയിൽ യുക്തി വേണ്ടെങ്കിലും കഥയോട് യോജിക്കുന്ന കാരണം പോലും കിട്ടുന്നില്ല. തോമസിന്റെ കഥയ്ക്ക് ആവശ്യതിലേറെ പ്രാധാന്യം നൽകിയതും കഥയുടെ ബാക്കി ഭാഗത്തോട് നീതി പുലർത്തുന്നില്ല. ഇനി തോമസിനെയും ശ്യാമയെയും പണ്ടേ സംശയിച്ചിരുന്നവെങ്കിൽ ഇതൊക്കെ ഒരു പരിധി വരെ സാധൂകരിക്കാമായിരുന്നു. അത് കൊണ്ട് കഥ മൊത്തത്തിൽ അത്ര നന്നായി എന്ന് പറയാൻ കഴിയില്ല

    ReplyDelete
    Replies
    1. തോമസിനേയും ശ്യാമയേയും അവിടെ സംശയിക്കേണ്ട കാര്യമുണ്ടോ സുഹൃത്തേ .. ? ബാല്യത്തിൽ സംഭവിച്ച ഒരു അപകടം .. വർഷങ്ങൾക്ക് ശേഷം ഒരു ഓർമ്മപ്പെടുത്തൽ പോലെയല്ലേ തോന്നുന്നത് .. പിന്നെ രതീഷിന് സംഭവിച്ചത് .. നടന്ന സംഭവം വിശദീകരണത്തിലൂടെ കേൾക്കുന്ന ഏതൊരു വ്യക്തിക്കും അത് മനസ്സിൻറെ ഉൾത്തടങ്ങളിൽ കൊള്ളുകയാണെങ്കിൽ അയാൾക്കുണ്ടാകുന്ന മനം മാറ്റമേ ഞാൻ ഇവിടെ പറഞ്ഞുള്ളു .. അവിടെ ബാല്യകാല സുഹൃത്തുക്കളെ എന്തിനാ സംശയിക്കുന്നത് ... അഭിപ്രായത്തിന് നന്ദി .

      Delete