ഞാനും ശരശയ്യയിൽ കിടക്കുകയാണ് .. !
മഹാനായ ഭീഷ്മരെപ്പോലെ ഇഷ്ടമുള്ളപ്പോൾ മരണത്തെ സ്വീകരിക്കാമെന്ന വരം കിട്ടിയിരുന്നെങ്കിലെന്ന് ഇപ്പോൾ ആഗ്രഹിക്കുന്നു ..
ജീവിക്കാൻ എത്രത്തോളം ആഗ്രഹമുണ്ടായിരുന്നു .. പക്ഷേ ആഗ്രഹങ്ങളും , മോഹങ്ങളും ഒരുപാട് തലയിലേന്തി വച്ചു ഞാൻ ..ഒന്നും സാധിക്കാതെ ..ഇവിടെ ഈ ICU വിൽ മനം മടുപ്പിക്കുന്ന മരുന്നുകളുടേയും, ലോഷനുകളുടേയും കുരുക്ഷേത്ര യുദ്ധത്തിൽ നിന്ന് രക്ഷനേടാൻ ഇനി എന്നാണ് എനിക്ക് വരം നൽകുന്നത് ..ഞാനും കാത്തുകിടക്കുകയാണ് എൻറെ വിജയത്തിനായി ..
ഈ സമയത്തും മനസ്സിൽ നിന്നും മാഞ്ഞുപോകാത്ത ചില ചിത്രങ്ങൾ അവയിൽ ചിതലരിക്കാൻ തുടങ്ങിയ ചായകൂട്ടുകളിലെവിടെയോ പതിഞ്ഞ ആ മുഖം ഞാൻ എങ്ങനെ മറക്കും ..
മരണത്തിൻറെ വരവ് കാത്തുകിടക്കുന്ന ഞാൻ ആ മുഖത്തെ ഒരു നോക്ക് കാണുവാൻ വേണ്ടിയാണോ ഇങ്ങനെ കിടക്കുന്നത് ....?
മായാത്ത ഓര്‍മ്മകളെ പല നിറത്തിലും രൂപത്തിലുമുള്ള മുത്തുകളാക്കി ചേലുള്ള നൂലില്‍ കോര്‍ത്തു തുടങ്ങി..
തിരയും തീരവും പോലെ അടുത്തും അകന്നും പോയ ഒരുപാട് ചിത്രങ്ങള്‍ തെളിയുന്നു .... !
അതിലൊന്നാണ് എവിടെയോ മറഞ്ഞുപോയി എന്ന് ഞാന്‍ കരുതിയ അയാളുടെ മുഖം ..
'കർണ്ണൻ ' അതായിരുന്നു അയാളുടെ പേര് ..
അയാൾ എൻറെ മാത്രം ഇഷ്ട്ട കഥാപാത്രമായിരുന്നു .. എന്ന് ഞാൻ വിശ്വസിച്ചു .. പക്ഷേ എൻറെ ധാരണയെ തെറ്റിക്കുന്നതുപോലെയായിരുന്നു. ... എല്ലാ പെണ്‍മുഖങ്ങളുടേയും ആരാധനാ പുരുഷന്‍ ..
എന്തായിരുന്നു അയാളിൽ കണ്ട പ്രത്യേകത ..പലപ്പോഴും ഞാൻ ആലോചിച്ചു നോക്കി ..അറിയില്ല ..
സൂതപുത്രനായ കർണ്ണനെ പോലെ ധീരനായി ഒരിക്കൽ കണ്ടു .. പിന്നീടെപ്പഴോ അർജ്ജുനനായി എൻറെ സ്വപ്നങ്ങളിൽ വന്നു ..
എന്തുകൊണ്ടോ പുരുഷകേസരികളെ ഇന്ന് ആരാധിക്കാൻ ഭയമാകുന്നു .. സ്ത്രീകളെ ബഹുമാനിക്കുന്ന ആരാധിക്കുന്ന ശക്തനായ ഭീഷ്മർക്കു പോലും ശാപമേൽക്കേണ്ടിവന്നു .. അപ്പോൾ ഇന്നത്തെ കാലത്ത് സ്ത്രീകളുടെ ശാപമേറ്റു വലയുന്ന പുരുഷന്മാരെ കണ്ടുമടുത്തു ..
പക്ഷേ ഞാൻ കണ്ട ആ മനുഷ്യനിൽ ശക്തമായ കഥാപാത്രങ്ങള്‍ എന്നും അയാളുടെ കൈകളില്‍ സുരക്ഷിതമായിരുന്നു ... അയാളുടെ വാക്കുകള്‍ എഴുത്തിനേക്കാള്‍ ശക്തമായിരുന്നു .. ഒരിക്കലും ഇളക്കിമാറ്റാന്‍ കഴിയാത്ത വിധം ഹൃദയത്തിലേക്ക് അവ തറച്ചു കയറി...
എന്നെങ്കിലുമൊരിക്കൽ കോളേജിന്റെ ഇടനാഴിയില്‍ വച്ച് ഒറ്റയ്ക്ക് അയാളോട് സംസാരിക്കാന്‍ എന്റെ മനസ്സ് കൊതിച്ചിരുന്നു .. എന്നാല്‍ അയാളുടെ കണ്ണുകളിലെ തീഷ്ണത എന്നില്‍ ഭയം ഉണര്‍ത്തി .. ഏതോ ഒരു മഹാനെപോലെ ദൂരെ നിന്നുള്ള ആരാധനയായിരുന്നു എനിക്ക് പ്രിയം .. എന്റെ കൂട്ടുകാരികള്‍ എപ്പോഴും അയാളോട് കളിചിരികള്‍ പറയുമെങ്കിലും മൗനമായി ആ കണ്ണുകളിലൂടെ അയാളുടെ ഉള്ളം ഞാന്‍ തിരഞ്ഞുകൊണ്ടേയിരുന്നു ..
ഇടയ്ക്കെപ്പഴോ അദ്ദേഹത്തിൻറെ മൗനം അരികിലില്ല അകലെയെങ്ങോ ആണെന്ന ബോധം എന്നില്‍ ഉണര്‍ത്തിയിരുന്നു..അന്നു മുതല്‍ തിരയുകയായിരുന്നു ..ആ മുഖത്തെ ഒരു നോക്ക് കാണാൻ ..
എൻറെ ഉള്ളിലെ കർണ്ണനായ് അയാൾ പുനർജ്ജനിക്കുമെങ്കിൽ ..സൂതപുത്രനല്ല നിങ്ങൾ സൂര്യപുത്രനാണ് എന്ന് വിളിച്ചുപറഞ്ഞു ഞാനാ മാറിലേക്ക് തല ചായ്ക്കുമായിരുന്നു ...!
*****
*****
'ആ ..എനിക്ക് വേദനിക്കുന്നു '
'സാരമില്ല മാം ..ദാ കഴിഞ്ഞു ''
എൻറെ സ്വപ്നങ്ങളെ തകർക്കാൻ എത്തിയ ഏയ്ഞ്ചലിനെ പോലെ ഞാൻ അവരെ നോക്കി ...
'' എൻറെ ശരീരത്തിലേക്ക് ജീവിക്കാനുള്ള അമൃതാണോ നിങ്ങൾ കുത്തി നിറയ്ക്കുന്നത് .. എന്തിനാണ് കുട്ടി ..വേണ്ടാ ഇനി അതിൻറെ ആവശ്യമില്ല .. എൻറെ ശരീരത്തിലെ ധമനികളിൽ ഞാൻ പ്രണയത്തിൻറെ നീരുകൾ നിറച്ചു എൻറെ വേദനകളെ മധുരമാക്കുകയാണ് ഇപ്പോൾ .... ''
എൻറെ ഭ്രാന്ത് കേട്ടിട്ടാവണം ആ കൊച്ചുമാലാഖ അലസമായ് ചിരിച്ചുകൊണ്ട് വാതിൽ തുറന്നു പുറത്തിറങ്ങി ..
ഇപ്പോൾ ഇവിടെ ഞാനും എൻറെ നുറുങ്ങു ചിത്രങ്ങളും മാത്രം ..
ICU ൻറെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ .. എനിക്ക് വേണ്ടി പ്രാർത്ഥിച്ചു നിക്കുന്ന മുഖങ്ങളിൽ ഭയം നിഴലിക്കുന്നത് ഞാൻ കാണുന്നു ..
എന്നെ സ്നേഹിക്കാൻ എൻറെ ജീവനെ സംരക്ഷിക്കാൻ എനിക്ക് ചുറ്റും നിൽക്കുന്നവരോട് അവസാനമായുള്ള എൻറെ ആഗ്രഹത്തെ സാധിപ്പിച്ചു തരാൻ പറഞ്ഞാലോ ..
കൈമെല്ലെ പൊക്കി ഞാൻ ആരെയോ അകത്തേക്ക് വിളിച്ചു .. എന്നെ ശുശ്രുക്ഷിക്കുന്ന കുഞ്ഞു മാലാഖയോട് എൻറെ അരികിലിരിക്കാൻ ഞാൻ ക്ഷണിച്ചു ..
'എന്താ മാം ?'
'നീയെൻറെ കൈയ്യിലൊന്നു തൊടു കുട്ടീ .. എൻറെ സിരകളിലൂടെ ഒഴുകുന്ന ചോരയ്ക്കിന്ന് കൂടുതൽ വേഗത തോന്നുന്നില്ലേ .. എങ്ങോട്ടോ പാഞ്ഞു പോകുന്ന പുഴകളെപ്പോലെ .. അല്ലെ .. എൻറെ കണ്ണിലേക്കൊന്നു നോക്കു മഴമേഘത്തെപ്പോലെ പെയ്യാൻ തുളുമ്പി നിൽക്കുകയല്ലേ .. വറ്റിവരണ്ട എൻറെ ഹൃദയതീരത്ത് ഇന്ന് ഒരുപാട് പനിനീർപ്പൂക്കൾ വിടർന്നു നിൽക്കുന്നു .. അവയിലൊരെണ്ണം പൊട്ടിച് ഞാൻ കാത്തിരിക്കുന്ന എൻറെ 'കർണ്ണന്' കൊടുക്കാൻ കഴിയുമോ ?'' ഇനി എനിക്ക് സാധിച്ചില്ലെങ്കിൽ ... !
'ഹോ ..കഴിയുന്നില്ല .. ബാക്കി പറയാനാവാതെ എൻറെ ശരീരത്തെ വിട്ട് പറന്നുപോകാൻ ആത്മാവ് വെമ്പൽ കൊള്ളുന്നു ..കറുത്ത പാതകളിൽ വെളിച്ചം വീണു .. ഞാനിതാ ആ വഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു .. ''
എൻറെ ശ്വാസം വളരെ വേഗതയിലായി .. ICU ൻറെ വാതിൽ തള്ളിത്തുറന്ന് എനിക്കുള്ള മൃതസഞ്ജീവനിയുമായി കൊച്ചുമാലാഖകളും എത്തി ..
ഞാൻ യാത്രയാവുകയാണ് .. എനിക്കായ് തീർത്ത മഞ്ചലിൽ ഒരു മണവാട്ടിയെപ്പോലെ ഞാൻ ഒരുങ്ങി കിടക്കുന്നു .. പക്ഷേ എൻറെ മൂക്കിലേക്ക് ഘടിപ്പിച്ച ജീവ വായു വീണ്ടുമെൻറെ ധമനികളെ പ്രവൃത്തിപ്പിച്ചു തുടങ്ങി ..
വേണ്ടിയിരുന്നില്ലാ .. എനിക്കും മരിക്കാൻ തിടുക്കമായി .. മറ്റൊരു ലോകത്തിരുന്നുകൊണ്ട് കഴിഞ്ഞ ഓർമ്മകളെ അയവിറക്കാമല്ലോ ..'
അതാ ആരോ എൻറെ അടുത്തേക്ക് നടന്നു വരുന്നു ..
അയാളുടെ ശരീരം നിറയെ ചുവന്ന നിറം .. അയാൾ എൻറെ അടുത്തെത്തിയിരിക്കുന്നു .. പതുക്കെ എൻറെ കൈകൾ അയാളുടെ കൈകളിൽ സ്പർശിച്ചു .. കൊഴുത്ത ദ്രാവകം എൻറെ വിരലുകളിൽ പറ്റിപ്പിടിച്ചു .. ഉളുമ്പ് മണക്കുന്ന ചോരയുടെ ഗന്ധം അവിടെമാകെ പരന്നു .. ഓക്കാനം വന്ന എൻറെ വായ പൊത്തിക്കൊണ്ടയാൾ ചോദിച്ചു ..
'ഇത്രയും കാലം എന്നെ തിരഞ്ഞു നടന്ന നിനക്കെൻറെ ചോരയുടെ ഗന്ധം സഹിക്കുന്നില്ലേ .. സ്നേഹം എന്നത് വെറും പാഴ്വാക്കല്ല അതിന് ചോരയുടെ നിറമാണ് ..ഗന്ധമാണെന്നറിയുക ''
'നിങ്ങൾ ആരാണ് ..?' അറിയാതെ എൻറെ നാവ് ചലിച്ചു .. ശരീരം തളരുന്നു .. ശ്വാസം നിലയ്ക്കാൻ തുടങ്ങുന്നു
വേഗം തന്നെ ഡോക്ടർ എത്തി .. ഏതൊക്കെ ട്യൂബുകൾ എൻറെ ശരീരത്തിലൂടെ ഇഴയുന്നു ..
പക്ഷേ ഒന്നിനും പ്രതികരിക്കാനാവാതെ അയാളുടെ ആ ചോരമണക്കുന്ന കൈകൾ എൻറെ കൈയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു ..
അയാൾ എന്നോട് ആക്രോശിക്കുകയാണ്
'ഇനി നീ എനിക്കുള്ളതാണ് .. നീ കാത്തുകിടന്ന ആ മുഖം അത് ഞാനാണ് ' മരണം ' .. എനിക്കുള്ളതാണ് നിൻറെ ഈ സൗന്ദര്യം .. വരൂ നമുക്ക് പോകാം ''
എൻറെ ഉള്ളിലെ ധമനികളിൽ വേദനയുടെ കൂരമ്പുകൾ തറയ്ക്കുന്നു ..പ്രണയത്തിൻറെ നീരുറവകൾ നിറഞ്ഞൊഴുകുന്ന എൻറെ ധമനികളെ അയാളുടെ കൈകൾ പൊട്ടിച്ചെറിയാൻ തുടങ്ങുന്നു ..
**
**
''വേണു .. അംബികയുടെ ബോഡി വളരെ വീക്ക് ആണ് .. ഒരു ഇഞ്ചക്ഷൻ എടുക്കാം അതിൽ പേഷ്യൻറ് റിയാക്റ്റ് ചെയ്യുകയാണെങ്കിൽ നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട് ..!'' അതല്ലങ്കിൽ ....!'' ഡോക്ടർ പാതി വഴിയിൽ നിർത്തി ...
''അപ്പോൾ ഞാൻ തയ്യാറാവണം .. എൻറെ ശരീരത്തെ ഉണർത്തണം .. പക്ഷേ ആ കൈകൾ എന്നെ വരിഞ്ഞു മുറുക്കാൻ തയ്യാറാകുന്നു .. നഷ്ടമാകുന്നു എൻറെ സ്വപ്‌നങ്ങൾ .. എന്നിലൂടെ ഇഴയുന്ന കൈകളിൽ ചോര മണക്കുന്നു .. എനിക്ക് പോകണ്ട മറ്റൊരു ലോകത്തേക്ക് .. എനിക്ക് തിരികെ വരണം .. എന്നെ വീടു ..''
ആരൊക്കെയോ എൻറെ നെഞ്ചിലേക്ക് കൈകൾ അമർത്തി ഇടിച്ചു .. പ്രണയതീരം സ്വപ്നം കണ്ട വഴികളിൽ തിരികെ നടക്കുന്നു എൻറെ ധീരനായ കർണ്ണൻ ... ഞാൻ ഇഴഞ്ഞു നീങ്ങുന്നു .. കഴിയില്ല എനിക്കവിടെയെത്താൻ .. ഒരലർച്ചയോടെ ഞാൻ കണ്ണ് തുറന്നു ...
എൻറെ അരുകിൽ ശാന്തനായ് ഉറങ്ങുന്നു .. പ്രിയപ്പെട്ട കർണ്ണൻ .. ഒരു ചെറിയ ചിരിയോടെ അദ്ദേഹത്തിൻറെ മാറിലേക്ക് ഞാൻ കിടന്നു .. ചിതറിയ ചിന്തകളുടെ ഭാണ്ഡക്കെട്ടുകൾ മറ്റൊരു സ്വപ്നലോകത്തിനായ് കരുതിവച്ചു ഞാൻ പ്രണയതീരത്തേക്ക് നിദ്രയുടെ കളിവള്ളത്തിൽ യാത്രതുടർന്നു .. !
''ഇനി ഒരു ജന്മം ഉണ്ടെങ്കിൽ തൂലികയിൽ വിടരുന്ന പ്രണയമാകണമെനിക്ക് .. അങ്ങനെ മനസ്സിൽ സൂക്ഷിക്കുന്ന പ്രണയ ചിത്രങ്ങളുടെ മാറ്റുകൂട്ടുന്ന വരികളായ് മാറണം .. ഞാൻ പറയാതെപോയ ആ വാക്കുകൾ തൂലികയിലൂടെ പുനർജ്ജനിക്കണം ..''
മഞ്ഞുപുതപ്പ് മൂടിയ ജാലകത്തിൽ വെറുതെ ഞാൻ കോറിയിട്ടു എൻറെ അടുത്ത ജന്മത്തിലെ ഈ സ്വപ്നങ്ങളെ ...!